വിദ്യാഭ്യാസം ഇല്ലാത്ത മോദി പ്രധാനമന്ത്രി ആയപ്പോൾ തോന്നാതിരുന്ന ബുദ്ധിമുട്ട് മണി ജയിച്ചപ്പോൾ തോന്നുന്നു എങ്കിൽ അത് അസുഖം‌ വേറെയാണ്

247

Nikhil Raveendran എഴുതുന്നു.


“ലോകപ്രശസ്തനായ, വിദ്യാസമ്പന്നനായ ഇ ശ്രീധരനെ തോൽപ്പിച്ചു, നാലം ക്ലാസ് യോഗ്യത മാത്രമുള്ള മണിയെ ജയിപ്പിച്ചു ”
സകലയിടത്തും ബിജെപി അനുഭാവികളുടെ കരച്ചിലാണ് .

ഒന്നാമത്തെ വിഷയം, ഏത് മൂക്കില്ലാ ലോകത്താണ് ശ്രീധരൻ പ്രസിദ്ധൻ എന്ന് മനസിലാകുന്നില്ല. തന്റെ തൊഴിലിടത്തിൽ, അഴിമതി ഇല്ലാതെ, സമയബന്ധിതമായി തന്റെ ജോലി കൃത്യമായി ചെയ്യാൻ ശ്രമിച്ചൊരു പ്രൊജക്റ്റ് ഹെഡ് എന്നല്ലാതെ ലോകത്തിന്റെ മുന്നിലേക്ക് വച്ച് അഹങ്കരിക്കാൻ തക്കമുള്ള ഇന്റ്യയിലെ ഒരു പ്രസ്റ്റീജ്യസായ പ്രൊജക്റ്റും ശ്രീധരന്റെ കരിയർ റെക്കോർഡിൽ ഉള്ളതായി എന്റെ അറിവിലില്ല. ( കൊങ്കൺ എന്നൊന്നും പറഞ്ഞ് വരരുത്).

എത്ര വലിയ പ്രസ്റ്റീജിയസ് പ്രൊജക്റ്റ് ആണെങ്കിൽ പോലും ആ പ്രൊജക്റ്റ് മാനേജ് ചെയ്യുന്നവരെ ദൈവമാക്കുന്ന പരുപാടി ലോകത്തെവിടെയും കണ്ടിട്ടില്ല. ബോധമുള്ള ഒരുവനും അതിന്റെ മുഴുവൻ ക്രഡിറ്റും എടുത്ത് എട്ടുകാലി മമ്മൂഞ്ഞ് ചമയാറും ഇല്ല. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ബിൽഡിങ്ങ് ബുർജ് ഖലീഫ പണിത സാംസങ്ങ് C&T യുടെ പ്രൊജക്റ്റ് മാനേജരെയോ ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ സർദാർ സ്റ്റാച്യുവിന്റെ കൺസ്ട്രക്ഷൻ ചെയ്ത ലാർസർ ആൻ റ്റ്യൂബ്രോയുടെ മാനേജരെയോ , അത് സൂപ്പർവൈസ് ചെയ്ത കൺസോർഷ്യത്തിന്റെ മാനേജരെയോ ആഘോഷിക്കുന്നത് എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? അങ്ങനെ ആരെങ്കിലും ആഘോഷിക്കപ്പെടുന്നു എങ്കിൽ അത് ആ പ്രൊജക്റ്റിന്റെ ഡിസൈനർമാർ മാത്രമാണ്.

സർവേയും,പ്ലാനിങ്ങും, എഞ്ചിനീയറിങ്ങും, ഡിസൈനിങ്ങും, പ്രൊക്യുവർമെന്റും, കൺസ്ട്രക്ഷനും, കമ്മീഷനിങ്ങും, ഒക്കെയായി നിരവധി ആളുകളുടെ അധ്വാനം ഓരോ പ്രൊജക്റ്റിനുപിന്നിലും ഉണ്ട്. സക്സസ് ക്രഡിറ്റ് എന്നത് ഒരാൾക്ക് മാത്രം അവകാശപ്പെടാനാവുന്നതല്ല. പക്ഷെ ശ്രീധരൻ ചിലർക്ക് ദൈവമാണ്, സകല മേഖലകളിലെയും വിദഗ്ദനാണ്.. ഡാം തുറക്കുന്നതുമുതൽ ബഹിരാകാശത്തേക്ക് റോകറ്റ് വിടുന്നതിൽ വരെ ശ്രീധരനോട് അഭിപ്രായം ചോദിക്കണം.

സിവിൽ കൺസ്റ്റ്രക്ഷൻ എന്നത് വലിയൊരു മേഖലയാണ്, വീട് പണിയുന്നതും, കൊമേർഷ്യൽ ബിൽഡിങ്ങ് പണിയുന്നതും, , ബഹുനില കെട്ടിടങ്ങൾ പണിയുന്നതും, മറൈൻ ഫസിലിറ്റീസ് പണിയുന്നതും, ഡാം പണിയുന്നതും എല്ലാം സിമന്റുകൊണ്ടാണ് എന്ന് വച്ച് എല്ലാം ഒരു ടെക്കനോളജിയല്ല, തീർത്തും വ്യത്യസ്തമാണ്, നാഷണൽ ഹൈവേ പണിയുന്നതും, എയർപോർട്ട് റൺവേ പണിയുന്നതും ബിറ്റുമിൻ കൊണ്ടാണ് പക്ഷെ ഇതു രണ്ടും രണ്ട് സാങ്കേതികവിദ്യയിലാണ് പണിയുന്നത്. പറഞ്ഞ് വന്നത് ഏതൊരു മേഖലയിലും ദീർഘകാലം ജോലി ചെയ്തവരാണ് ആ മേഖലയിലെ വിദഗ്ദ്ധർ, അല്ലാതെ എല്ലാ മേഖലകൾക്കും കൂടി ഒരു ‘വിദഗ്ദൻ’ എന്നത് നിർമ്മാണ മേഖലയിൽ ഒരു താമാശയാണ്‌..

രണ്ടാമത്തെ വിഷയം വിദ്യാഭ്യാസമാണ്. ജനപ്രധിനിധികൾക്ക് വേണ്ടത് അക്കാദമിക് യോഗ്യതകൾക്കുപരി ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച് അവരുടെ പ്രശ്നങ്ങൾ മനസിലാക്കാനുള്ള കഴിവാണ്. അതുകൊണ്ട് തന്നെയാണ്‌, ഭരണഘടനാശിൽപ്പികൾ ഭരണഘടനയിൽ ഒരു ജനപ്രതിനിധിക്ക് വേണ്ട മിനിമം അക്കാദമിക് യോഗ്യതകൾക്ക് പരിധി നിശ്ചയിക്കാതിരുന്നത്. വിദ്യാഭ്യാസം ഇല്ലാത്ത മോദി പ്രധാനമന്ത്രി ആയപ്പോൾ തോന്നാതിരുന്ന ബുദ്ധിമുട്ട് മണി ജയിച്ചപ്പോൾ തോന്നുന്നു എങ്കിൽ അത് അസുഖം‌ വേറെയാണ്.. അതിന് ചികിൽസ വേണം.