ഏ.ആർ.റഹ്മാന്റെ വരവ് ഇളയരാജയെ താഴെയിറക്കാൻ കാരണമായതെങ്ങനെ ?

153

Nikhil Venugopal

ഇറക്കത്തിന്റെ നാൾവഴികൾ…

ഒരു സിനിമാ/സംഗീത വ്യവസായത്തെ തന്നെ നിയന്ത്രിക്കുന്ന നിലയിൽ താരപ്പകിട്ടോടെ, ഇതിഹാസതുല്യമായ പരിവേഷത്തോടെ നില നിന്നു പോരുക, എന്നാൽ തികച്ചും അപ്രതീക്ഷിതമായി വേറെ താരോദയങ്ങളുണ്ടാവുക്, മുൻനിരയിൽ നിന്നും മാറ്റി നിർത്തപ്പെടുക.
ഇതിന്‌ ഇന്ത്യൻ സിനിമയിൽ സമാനതകളില്ലാത്ത രണ്ട് അദ്ധ്യായങ്ങളുണ്ട്(എന്റെ അറിവിൽ). ഒന്ന് റഫിയിൽ നിന്ന് കിഷോർ കുമാറിലേക്കുള്ള പരിണാമം.

മറ്റൊന്ന് ഇളയരാജയിൽ നിന്നും ഏ.ആർ.റഹ്മാനിലേക്കുള്ള പരിണാമം.ഒരു പാട് നിരീക്ഷകരും സംഗീതവിദഗ്ധരും നിരവധി പഠനങ്ങൾ നടത്തിയിട്ടുള്ള ഒരു വിഷയമാണ്‌ 1992 നു ശേഷമുള്ള ഇളയരാജയുടെ ഗാനങ്ങളുടെ നിലവാരവ്യതിയാനങ്ങൾ.ഈ വിഷയത്തിൽ എനിക്ക് വ്യക്തിപരമായി അനുഭവപ്പെട്ട ചില കാര്യങ്ങൾ, അതിനെക്കുറിച്ചാണ്‌ ഈ എഴുത്ത്.

Image result for ilayaraja and ar rahmanതിർച്ചയായും ഏ.ആർ.റഹ്മാന്റെ വരവ് തന്നെയാണ്‌ തമിഴ് സംഗീതത്തിന്റെ അവസാനവാക്ക് എന്ന സ്ഥാനത്തു നിന്ന് ഇളയരാജയെ താഴേക്ക് ഇറക്കുന്നത്. കവിതാലയയുടെ ബാനറും മണിരത്നത്തിന്റെ ബ്രാൻഡ് വാല്യൂവും ആദ്യത്തെ ദേശീയ അവാർഡും ഒക്കെ ചേർന്ന് റഹ്മാന്‌ സാമാന്യം നല്ലൊരു പ്ലാറ്റ്ഫോം ഉണ്ടാക്കിക്കൊടുത്തു. ആ പ്ളാറ്റ്ഫോമിൽ നിന്നു കൊണ്ട് തമിഴ് സംഗീതത്തിന്‌ അടുത്ത രണ്ടു വർഷത്തേക്ക് വ്യത്യസ്തതയുടെ പുതിയ മാനങ്ങൾ അദ്ദേഹം കാണിച്ചു കൊടുത്തു. ആദ്യ വർഷങ്ങളിലെ സ്ഥിരതയാർന്ന പ്രകടനം കമ്മേർസ്യൽ സ്പേസിൽ നിന്ന് ഇളയരാജയെ പിന്നോട്ടടിക്കാൻ പര്യാപ്തമായിരുന്നു.

എന്തൊക്കെ മാറ്റങ്ങളാണ്‌ റഹ്മാൻ കൊണ്ടു വന്നത്?

  • ടോണൽ ക്വാളിറ്റി – ഉപകരണങ്ങളുടെ ശബ്ദവിന്യാസത്തിൽ വരുത്തിയ വിപ്ലവമാണ്‌ ഇതിൽ ഏറ്റവും പ്രധാനം.ഇളയരാജയുടേതായ ഒരു സിംഫോണിക്, ക്ളാസ്സികൽ വെസ്റ്റേർൺ ശൈലിയിൽ കിടന്നു കറങ്ങിയിരുന്ന തമിഴ് സംഗീതത്തിലേക്ക് അതു വരെ കേൾക്കാത്ത വ്യത്യസ്തമായ ഉപകരണ ശബ്ദങ്ങൾ കടന്നു വന്നു. ബേസും റിഥം പാഡുമൊക്കെ അഭൂതപുർവ്വമായ ചില ശബ്ദ്ങ്ങൾ പൂരപ്പെടുവിക്കാൻ തുടങ്ങി. ആ ശബദ്ങ്ങൾക്ക് പുതുമയുണ്ടായിരുന്നു. ഈ നൂതന ശബ്ദസങ്കല്പമാണ്‌ അതു വരെയുണ്ടായിരുന്ന തമിഴ് സിനിമാസംഗീതത്തിന്റെ ഘടനയുടെ നടുവൊടിച്ചത്.
  • താളഘടന: റിഥം പാറ്റേർണുകളിൽ ഒരു വലിയ വിപ്ലവം തന്നെയാണ്‌ റഹ്മാൻ സൃഷ്ടിച്ചത്. റഹ്മാന്റെ സിന്തറ്റിക്, പ്രോഗ്രാംഡ് റിഥം പാറ്റേർണുകൾ ഇളയരാജ അതു വരെ അവതരിപ്പിച്ച ശൈലികളിൽ നിന്ന് ബഹുദൂരം മുന്നിലായിരുന്നു. ഈയൊരു മേഖലയിൽ വലിയൊരു ആശയദാരിദ്ര്യം ഇളയരാജ നേരിട്ടിരിക്കണം. 1993 നു ശേഷമുള്ള ഇളയരാജാ ഗാനങ്ങളിൽ ഏറ്റവുമധികം അനുഭവപ്പെടുന്നത് ലക്ഷ്യബോധമില്ലാത്ത റിഥം പാറ്റേർണുകളാണ്‌. “തിരുടാ തിരുടാ” യും “ജെന്റിൽമാനും” ഒക്കെ വന്നതോടെ ബീറ്റുകൾ ഇഷ്ടപ്പെടുന്ന വലിയൊരു വിഭാഗം ആരാധകരെ തന്നോടൊപ്പം കൂട്ടാൻ റഹ്മാനു കഴിഞ്ഞു.

ഗായകർ:- സ്ഥിരമായി കേട്ടു വന്നിരുന്ന പിന്നണി ശബ്ദങ്ങളുടെ ഉപയോഗം കുറച്ച് ഒരു ആൽബത്തിൽ തന്നെ പല തരം വ്യത്യസ്ത പിന്നണി ഗായകരെ ഉപയോഗിക്കുക എന്ന രീതിയാണ്‌ റഹ്മാൻ അവതരിപ്പിച്ചത്. അതിൽ പലരും തമിഴ് സിനിമയുടെ മുൻനിരയിൽ എവിടെയും ഇല്ലാത്തവരായിരുന്നു. ഇളയരാജയുടെ 1991-92 കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ തെലുങ്കു ഗാനങ്ങളിൽ ഏറെക്കുറെ എസ്.പി.ബി മാത്രമാണ്‌ പാടിയിട്ടുള്ളത്. തമിഴിലാണെങ്കിൽ മനോ, യേശുദാസ്, എസ്.പി.ബി എന്നിവരും. എന്നാൽ ജെന്റിൽമാൻ വന്നതൊടെ ഉണ്ണിമേനോൻ, സുരേഷ് പീറ്റേർസ്, ഷാഹുൽ ഹമീദ്, ഉണ്ണികൃഷ്ണൻ എന്നിങ്ങനെ നിരവധി ഗായകരുടെ വ്യത്യസ്തമായ ശബ്ദങ്ങൾ ഗാനങ്ങളിൽ അവതരിക്കാൻ തുടങ്ങി.

ആലേഖനം: റിക്കാർഡു ചെയ്യപ്പെടുന്ന ഓരോ നോട്ടും അതിന്റെ പരമാവധി പൊലിമയിൽ, ഭംഗിയിൽ, സ്പഷ്ടതയിൽ, വ്യക്തതയിൽ ശ്രോതാക്കളിലേക്ക് എത്തിച്ചേരണം എന്ന റഹ്മാന്റെ നിർബ്ബന്ധ ബുദ്ധി അദ്ദേഹത്തിന്റെ ഗാനങ്ങളുടെ സ്വീകാര്യതയെ മറ്റൊരു നിലയിലേക്കെടുത്തിയർത്തി എന്നു പറയാതെ വയ്യ. നേരത്തെ പറഞ്ഞ ഉപകരണങ്ങളുടെ ടോണൽ ക്വാളിറ്റിയുടെ വ്യത്യാസവും കുറച്ചൊക്കെ ആലേഖനനിലവാരവുമായി ബന്ധപ്പെട്ടു കിടക്കുന്നു. പറയാതെ വയ്യ, ഇളയരാജ തീരെ ശ്രദ്ധ നൽകാതിരുന്ന(അല്ലെങ്കിൽ വളരെയധികം ചിത്രങ്ങൾക്ക് സംഗീതം നൽകുന്ന തിരക്കുകൾക്കിടയിൽ ശ്രദ്ധ നൽകാൻ കഴിയാതിരുന്ന) ഒരു മേഖലയാണിത്. ഒരേ വർഷം തന്നെ ഇറങ്ങിയിട്ടുള്ള പല പാട്ടുകൾ എടുത്തു നോക്കൂ അവയ്ക്കൊക്കെ യാതൊരു സ്ഥിരതയുമില്ലാത്ത ആലേഖനനിലവാരമായിരുന്നു ഉണ്ടായിരുന്നത്(ഗീതാജ്ഞലി, ഗുണ തുടങ്ങിയ ഒട്ടനവധി ഉദാഹരണങ്ങളുണ്ട്). സാങ്കേതിക വിദ്യയുടേയും ടെക്നീഷ്യൻസിന്റേയും ദൌർലഭ്യമാണെന്ന് ഒരു പരിധി വരെ ആരോപിക്കാമെങ്കിലും ഈ സ്ഥിരതിയില്ലായ്മ മുഴച്ചു നിൽക്കുന്ന ഒരു വസ്തുത തന്നെ ആയിരുന്നു. കുറേയൊക്കെ റിക്കാർഡിംഗിന്റെ പരിമിതികൾ ആയിരുന്നെങ്കിൽ ബാക്കി ഇളയരാജയുടെ ഗാനങ്ങൾ വിപണിയിലെത്തിച്ചിരുന്ന എക്കോ, രാജാ മ്യൂസിക്, എക്നാഥ് ഓഡിയോ എന്നീ കമ്പനികളുടെ ഉത്തരവാദിത്വമില്ലായ്മയും കൂടി ആയിരുന്നു. (ഈ ഒരു കാര്യത്തിൽ മലയാളത്തിന്റെ തരംഗിണിയോട് കടുത്ത ബഹുമാനമുണ്ട്. തരംഗിണിയുടെ റിക്കാർഡിംഗ് അത്രയ്ക്ക് മേന്മയാർന്നതായിരുന്നു). പിൽക്കാലത്ത് സ്റ്റുഡിയോ റിക്കാർഡിംഗുകളുടെ സ്പൂൾ പതിപ്പിൽ നിന്നും പണി അറിയാവുന്ന പയ്യന്മാർ എം.പി.ത്രീ ആക്കി പൊലിപ്പിച്ചെടുത്തപ്പോഴാണ്‌ ഇളയരാജാ ഗാനങ്ങളുടെ യഥാർഥ ആഴം ശ്രോതാക്കൾക്ക് അനുഭവപ്പെടാൻ തുടങ്ങിയത്. ഇന്ന് ഇന്റർനെറ്റ് ലോകത്ത് ലഭ്യമായ പതിപ്പുകളിൽ ഏറെയും (പ്രത്യേകിച്ച് 1985 മുതൽ ഉള്ള പാട്ടുകൾ) സ്പൂളിൽ നിന്നും പകർത്തിയെടുത്തതാണ്‌. (ഈ വിഷയത്തെക്കുറിച്ചു മാത്രമായി എഴുതേണ്ടി വരും മറ്റൊരദ്ധ്യായം. തൽകാലം നിർത്തുന്നു)

ഈ മാറ്റങ്ങൾ ഇളയരാജയെ, അദ്ദേഹത്തിന്റെ ഉല്പ്പന്നങ്ങളുടെ വിറ്റുവരവിനെ എങ്ങിനെയാണ്‌ ബാധിച്ചത്?

ഇളയരാജയ്ക്ക് ഉണ്ടായിരുന്ന മാസ്സ് അപ്പീൽ നഷ്ടപ്പെടാനിടയായി എന്നതായിരുന്നു ഈ മാറ്റത്തിന്റെ ആദ്യത്തെ പ്രതിഫലനം. ഗാനങ്ങളുടെ ഗുണനിലവാരത്തോടൊപ്പം തന്നെ ഒരു ശരാശരി തമിഴ് ആസ്വാദകന്റെ രസനകളെ പ്രചോദിപ്പിക്കുക മാത്രമല്ല, അവ നിർവ്വചിക്കുക കൂടി ചെയ്തിരുന്നു ഇളയരാജാ ഗാനങ്ങൾ. അതായത് അടുത്തതായി ആസ്വാദകർക്ക് എന്താണു വേണ്ടത്, അവർ എന്താണ്‌ കേൾക്കേണ്ടത് എന്ന് തീരുമാനിച്ചിരുന്നത് ഇളയരാജ ആയിരുന്നു. ആ സ്ഥിതിയിൽ വന്ന മാറ്റം ‘ഇളയരാജ’ എന്ന ബ്രാൻഡിനു സംഭവിച്ച വലിയോരു തിരിച്ചടി ആയിരുന്നു. അതായത്, ബേസ് ഗിറ്റാറിലെ നോട്ടുകൾ കേട്ട് അൽഭുതം കൂറുന്ന ഒരു സംഗിതവിദഗ്ദ്ധനേയും, വഴിയരികിൽ നിന്ന് ഈണം മൂളാൻ മാത്രം കഴിവുള്ള ഒരു ശരാശരി തമിഴ് ആസ്വാദകനേയും ഒരു പോലെ തൃപ്തിപ്പെടുത്തി വന്നിരുന്ന ഇളയരാജയ്ക്ക്, തമിഴ്നാട്ടിലെ വലിയൊരു വിഭാഗമായ ആ ശരാശരി ആസ്വദകനെ ഈ ഘട്ടം മുതൽ നഷ്ടമായി.

തമിഴിൽ ഒരു തലമുറ മാറ്റത്തിന്റെ സമയം കൂടി ആയിരുന്നു അത്. കമലഹാസൻ, രജനീകാന്ത് എന്നീ സൂപ്പർതാരങ്ങളുടെ ചിത്രങ്ങൾ നന്നേ കുറയുകയും പുതിയ നടന്മാർ രംഗത്തു വരികയും ചെയ്തു. മോഹൻ ആകട്ടെ പൊടുന്നനെ തമിഴിൽ നിന്നും അപ്രത്യക്ഷമായി.
നല്ല ചിത്രങ്ങൾ ചെയ്തിരുന്ന, ബാലു മഹേന്ദ്ര ഒഴിച്ചുള്ളവർ- ഭാരതിരാജ, കെ.ബാലചന്ദർ എന്നിവർ ഏ.ആർ.റഹ്മാനിലേക്കു മാറി. മഹേന്ദ്രൻ സജീവമല്ലാതായി.

ഇളയരാജയുടെ സംഗീതം സ്ഥിരമായി ഉപയോഗപ്പെടുത്തിയിരുന്ന കമ്മേർസ്യൽ സംവിധായകർ പലരും രംഗം വിടുകയോ കളം മാറ്റി ചവിട്ടുകയോ ചെയ്തു. എസ്.പി.മുത്തുരാമനു പകരം ശങ്കറിനെ പോലുള്ള പുതുതലമുറ രംഗത്തു വന്നു. ഇളയരാജയുടെ സംഗീതത്തിന്റെ പ്രധാന ഉപഭോക്താക്കളായിരുന്ന ആർ സുന്ദർരാജൻ, പി.വാസു, മണിവണ്ണൻ എന്നിവരും ചിത്രങ്ങൾ വളരെ കുറയ്ക്കുകയോ മറ്റു സംഗീതസംവിധായകരെ തേടിപ്പോകുകയോ ചെയ്തു. (മണിരത്നം ഈ രണ്ടു ഗണത്തിലും പെടില്ല, അതിനു മദ്ധ്യേ എവിടെയൊ ആണ്‌) .

തമിഴിൽ ഇളയരാജയുടെ ബ്രാൻഡ് വാല്യൂ നഷ്ടമാകാൻ ഇതൊക്കെ മതിയായ കാരണങ്ങളായിരുന്നു. “ഇസൈ: ഇളയരാജ” എന്ന ക്രെഡിറ്റ്സിന്‌ ചിത്രങ്ങളുടെയോ ഗാനങ്ങളുടെയോ വിറ്റുവരവിനെ സ്വാധീനിക്കാൻ കഴിയാത്ത ഒരു കാലം വന്നു ചേർന്നു.
തെലുങ്കിലും ഇതു തന്നെയായിരുന്നു സ്ഥിതിവിശേഷം. എണ്ണം കൊണ്ടു കുറവെങ്കിലും ചിരഞ്ജീവിയുടെ പല പ്രധാന ഹിറ്റു ചിത്രങ്ങളിലും ഇളയരാജയുടെ സംഗീതത്തിന്റെ മികവുണ്ടായിരുന്നു. എന്നാൽ “സ്റ്റുവർട്ടുപുരം പോലീസ് സ്റ്റേഷൻ” എന്ന ചിത്രത്തിന്റെ പരാജയത്തിനു ശേഷം, ഇളയരാജയുടെ അനിഷേധ്യപദവിക്ക് ഇടിവു തട്ടി. പുതിയ തരം ശബ്ദസങ്കലനവും ഗാനശൈലിയുമായി സജീവമായ എം.എം.കീരവാണിയുടെ പാതയാണ്‌ പിന്നീട് കുറച്ചു കാലത്തേക്ക് തെലുങ്ക് സിനിമാരംഗം പിന്തുടർന്നത്. “ഘരാനാ മൊഗഡു” വും “ക്ഷണ ക്ഷണ” വും തെലുങ്കിൽ അത്രയേറെ സ്വാധീനമുണ്ടാക്കി. കോദണ്ഡരാമിറേഡ്ഡിയും കെ.രാഘവേന്ദ്രറാവുമൊക്കെ ചിത്രങ്ങൾ നന്നേ കുറയ്ക്കുകയും പുതിയ സംഗീതസംസ്കാരത്തിന്റെ പുറകേ പോകുകയോ ചെയ്തു. തെലുങ്കിൽ ഇളയരാജയോടൊത്ത് കുറേ നല്ല ചിത്രങ്ങൾ ചെയ്തിരുന്ന വംശിയും “ഡിക്റ്ററ്റീവ് നാരദ” യുടെ പരാജയത്തിനു ശേഷം അല്പകാലം നിശബ്ദനായി.

ഇതോടൊപ്പം തന്നെ ഇളയരാജയുടെ ഗാനങ്ങളുടെ പൊതുവേയുള്ള നിലവാരവും വളരെ താഴ്ന്നു പോയി. ഒരേ തരത്തിലുള്ള ഈണങ്ങളുടെയും താളഘടനകളുടേയും ആവർത്തനം, ഗ്രാമീണഗാനങ്ങളിൽ അനുഭവപ്പെട്ട അലോസരപ്പെടുത്തുന്ന ശൂന്യതയും അലക്ഷ്യതയും, തീരെ അനുയോജ്യമല്ലാത്ത ഗായകർ, – ആധുനിക തരംഗത്തിനിടയിൽ കൃത്യമായ ഒരു “ഗ്രൂവ്” ലഭിക്കാതെ ഇളയരാജയിലെ കമ്മേർസ്യൽ കമ്പോസർ ബുദ്ധിമുട്ടുകയായിരുന്നു. അതു കണ്ടെത്താനുള്ള തീരെ ദയനീയമായ ഒരു ശ്രമവും ആയിപ്പോയി “രാസയ്യ”.(1995)

പുതിയ ടെൻഡുകൾ മഹത്തരം ആയിരുന്നെന്നോ, ഇക്കാലയളവിലുള്ള ഇളയരാജയുടെ ഗാനങ്ങൾ വളരെ മോശമായിരുന്നെന്നോ ഒന്നും അതിനർഥമില്ല, പക്ഷെ 1997 ആയപ്പൊഴേക്കും തമിഴിൽ ഇളയരാജ, പഴയ ലെഗസി മാത്രം കൈമുതലായ, കൂട്ടത്തിലൊരാൾ മാത്രമായി മാറി എന്നതൊരു യാഥാർത്ഥ്യമാണ്‌, വസ്തുതയാണ്‌. താരപകിട്ടിൽ റഹ്മാനും, എണ്ണം കൊണ്ട് ദേവയുമൊക്കെ ആയി തമിഴിൽ നമ്പർ വൺ.

ഇവിടേയും ശ്രദ്ധേയമായ ഒരു ചോദ്യമുണ്ട്. ഇളയരാജ എന്ന സംഗീതജ്ഞന്റെ സർഗ്ഗാത്മകത അപ്പാടെ ഇല്ലാതായിപ്പൊയിരുന്നോ?
ഇല്ല എന്നു തന്നെയാണ്‌ ഉത്തരം. കാരണം ഈ കാലത്തും വ്യത്യസ്തമായ, പ്രചോദനപരമായ ചിത്രങ്ങൾ ലഭിച്ചപ്പോൾ അല്ഭുതകരങ്ങളായ ചില ഗാനങ്ങളും സംഗീതവും – “അവതാരം”, “കാലാപാനി”, “ഗുരു”, എന്നിവയൊക്കെ അദ്ദേഹം സൃഷ്ടിക്കുകയുണ്ടായി. പുതിയ ട്രെൻഡിനിടയിൽ ഇടയ്ക്കെങ്കിലും ഇളയരാജയിൽ നിന്നുണ്ടായ നല്ല ഗാനങ്ങൾക്ക് വേണ്ടത്ര സ്വീകാര്യതയോ ശ്രദ്ധയോ ലഭിച്ചില്ല എന്നതും ഒരു സത്യമാണ്‌.

ഇടയ്ക്ക് അവിടേയും ഇവിടേയും ഒക്കെ പ്രത്യക്ഷപ്പെടുന്ന ബ്രില്ല്യൻസിന്റെ ചില ഒളിവെട്ടങ്ങൾ ഒഴിച്ചു നിർത്തിയാൽ 1993 മുതൽ ഈ കാലയളവു വരെയുള്ള ഇളയരാജയുടെ സംഭാവനകൾ ശരാശരി മാത്രമാണ്‌(പിന്നേ വേറെ ആരുണ്ട് എന്ന ചോദ്യം ഇദ്ദേഹത്തെ സംബന്ധിച്ചിടത്തോളം പ്രസക്തമാണെന്ന് ഒരു കാലത്തും തോന്നിയിട്ടില്ല). അദ്ദേഹത്തിന്റെ മുൻകാല സൃഷ്ടികളോട് ചേർത്തു നിർത്തുമ്പോഴാണ്‌ ഈ വ്യതിയാനത്തിന്റെ ആഴം നമുക്ക് കൃത്യമായി മനസ്സിലാകുന്നത്.

കുറിപ്പ്: തികച്ചും വ്യക്തിപരമായ അഭിപ്രായങ്ങളാണ്‌. ഇത് ശരിയും തെറ്റും/നല്ലതും ചീത്തയും വേർതിരിച്ചെടുക്കാനുള്ള ഒരു എഴുത്ത് അല്ല. Just an attempt on factual narration and healthy discussions. ഫാൻ ഫൈറ്റ് ഒഴിവാക്കാൻ ശ്രദ്ധിക്കുമല്ലോ…