ഇളയരാജ-എസ്.പി.ബി എന്നത് ഏറെ വിറ്റുവരവുണ്ടായിരുന്ന, ഇന്നും ഏറെ ആരാധകരുള്ള ഒരു ഉല്പന്നം തന്നെയാണ്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
23 SHARES
279 VIEWS

Nikhil Venugopal

ചരിത്രം ഇളയരാജയിലൂടെ:- എസ്. പി. ബാലസുബ്രഹ്മണ്യം

ഒരദ്ധ്യായം കൂടെ എഴുതണമെന്നു കരുതിയതല്ല, പക്ഷെ എസ്. ജാനകിയെക്കുറിച്ച് പ്രത്യേകമായി തന്നെ പറഞ്ഞപ്പോൾ, എസ്. പി. ബാലസുബ്രഹ്മണ്യത്തെക്കുറിച്ചും എഴുതേണ്ടതാണ് എന്നു തോന്നി. ഇളയരാജയുടേയും എസ്. പി. ബിയുടേയും ബന്ധം കേവലം സംഗീതപരമായ ഒരു കഥ മാത്രമല്ല. അത് അപൂർവ്വമായ ഒരു സൗഹൃദത്തിന്റെ കഥ കൂടിയാണ്.

ഇളയരാജയും സഹോദരന്മാരും സിനിമാലോകത്തെ ഭാഗ്യാന്വേഷികളായി മദ്രാസ് നഗരത്തിൽ എത്തിയ കാലം. ഒരു മലേറിയ ഹെൽത്ത് ഇൻസ്പെക്ടർ ആയിരുന്ന, തേനിയിലെ അല്ലിനഗരം സ്വദേശിയായ ചിന്നസ്വാമി എന്ന ഭാരതിരാജയാണ് പാവ്‌ലർ സഹോദരങ്ങളെ എസ്. പി. ബാലസുബ്രഹ്മണ്യം എന്ന ഗായകനു പരിചയപ്പെടുത്തുന്നത്. ഇളയരാജയുടെ കഴിവുകളിൽ മതിപ്പു തോന്നിയ എസ്. പി. ബി പാവ്‌ലർ സഹോദരങ്ങളെ തന്റെ ട്രൂപ്പിന്റെ ഭാഗമാക്കി.

തുടർന്നുള്ള മദ്രാസ് ജീവിതത്തിൽ, “അന്നക്കിളി“ വരെയുള്ള കാലഘട്ടത്തിൽ, എസ്.പി.ബി യോടൊത്ത് അനേകം ഗാനമേളകളിൽ ഉപകരണസംഗീതം വായിച്ചിട്ടുണ്ട് ഇളയരാജ.ദക്ഷിണേന്ത്യൻ സിനിമാസംഗീതത്തിന്റെ തലവര തന്നെ മാറ്റിയെഴുതിയ രണ്ടു കലാകാരന്മാരുടെ സഹയാത്ര അവിടെ ആരംഭിക്കുകയായിരുന്നു.എസ്.പി.ബി എന്ന ഗായകന് അക്കാലത്ത് താരപരിവേഷം ലഭിച്ചിട്ടില്ല. തമിഴിൽ ടിം.എം.സൗന്ദർരാജൻ കൊടി കുത്തി വാഴുന്ന കാലമാണ്. എങ്കിലും എം. എസ്. വിശ്വനാഥൻ, കെ. വി മഹാദേവൻ, വി. കുമാർ, വിജയഭാസ്കർ, രാജൻ നാഗേന്ദ്ര, ജി. കെ വെങ്കിടേഷ് എന്നിങനെ നിരവധി പ്രമുഖ സംഗീതജ്ഞരുടെ ഗാനങ്ങൾ ആലപിച്ച് അവഗണിക്കാനാകാത്ത ഒരു സാന്നിധ്യമായി എസ്.പി.ബി ദക്ഷിണേന്ത്യൻ പിന്നണി ആലാപന രംഗത്ത് സജീവമായിക്കഴിഞ്ഞിരുന്നു.

“അന്നക്കിളി“ യിലൂടെ ഇളയരാജ ഒരു സ്വതന്ത്രസംഗീതസംവിധായകനാകുന്നു.പക്ഷെ എസ്. ജാനകിയുടേതിനെ അപേക്ഷിച്ച് ഇളയരാജാ ഗാനങ്ങക്കളിൽ സ്വപ്നതുല്യമായ, ആഘോഷപരമായ ഒരു ആരംഭമായിരുന്നില്ല എസ്.പി.ബിയുടേത്. ഇളയരാജയുടെ ആദ്യകാലഗാനങ്ങളുടെ പ്രസക്തി പൊതുവെ ഗ്രാമീണഗാനങ്ങളിൽ ഒതുങ്ങി നിന്നു എന്നതാണ് അതിന് ഒരു പ്രധാന കാരണം. “അന്നക്കിളി“ യിലെ ഒരു ഗാനത്തിലും എസ്.പി.ബി യുടെ സാന്നിധ്യമില്ല. ഇളയരാജയുടെ അടുത്ത ചിത്രങ്ങളായ “ഉറവാടും നെഞ്ചം“, “പാലൂട്ടി വളർത്ത കിളി“ എന്നീ ചിത്രങ്ങൾ മുതലാണ് എസ്. പി. ബി ഇളയരാജയ്ക്കു വേണ്ടി പിന്നണി പാടുവാൻ ആരംഭിക്കുന്നത്. “നാൻ പേസ വന്തേൻ“, അല്ലെങ്കിൽ “ഒരു നാൾ ഉന്നോട് ഒരു നാൾ“ ഇവയിൽ ഒരെണ്ണമാണ് ഈ സഖ്യത്തിന്റെ ആദ്യഗാനം.

പക്ഷെ ഈ ഗാനങ്ങൾ തമിഴ് സിനിമാസംഗീതത്തിൽ കാര്യമായ ഒരു സ്വാധീനവും ചെലുത്തുകയുണ്ടായില്ല.
ഇളയരാജ-എസ്. പി. ബി എന്നിവരെ നാം ഏറെ ഇഷ്ടപ്പെട്ടിട്ടുള്ളത് തികഞ്ഞ പാശ്ചാത്യസ്പർശമുള്ള പ്രണയഗാനങ്ങൾ/ഡിസ്കോ ഗാനങ്ങൾ, അല്ലെങ്കിൽ “നിലാവേ വാ“ പോലുള്ള ലളിതമായ വോക്കൽ മെലഡികൾ എന്നിവയിലുടെയാണ്. ആദ്യകാലത്ത് അത്തരം ഗാനങ്ങൾ തീരെ വിരളമായിരുന്നു എന്നതു കൊണ്ടു തന്നെ ഒരല്പം സമയമെടുത്തു, എസ്. പി. ബിയ്ക്ക് ഇളയരാജയുടെ പ്രധാനശബ്ദമുഖമാകാൻ. മാത്രമല്ല, ഫോക് ഗാനങ്ങളിൽ മലേഷ്യാ വാസുദേവൻ, ജയചന്ദ്രൻ, മറ്റു മെലഡികളിൽ യേശുദാസ് എന്നിവരും സജീവമായി തന്നെ രംഗത്തുണ്ടായിരുന്നു.

”16 വയതിനിലേ“ എന്ന ചിത്രത്തിലെ രണ്ടു ഗാനങ്ങൾ എസ്.പി.ബിയ്ക്കായി മാറ്റി വച്ചിരുന്നു ഇളയരാജ. പക്ഷെ ദേഹാസ്വാസ്ഥ്യം മൂലം അദ്ദേഹത്തിന് പാടാൻ കഴിയാതെ വന്നതു കൊണ്ട് മലേഷ്യാ വാസുദേവനാണ് ആ ഗാനങ്ങൾ ആലപിക്കുകയുണ്ടായത്.പക്ഷെ പതിയെ പതിയെ, എസ്. പി. ബി-ഇളയരാജാ സഖ്യം അവരുടെ വ്യക്തിത്വം പ്രകടിപ്പിച്ചു തുടങ്ങി. തുടർന്നു വന്ന “എൻ കണ്മണീ ഉൻ കാതലി“(ചിട്ടുക്കുരുവി), “ഒരേ നാൾ ഉനൈ നാൻ“, “എന്നടി മീനാക്ഷി“(ഇളമൈ ഊഞ്ചലാടുകിറത്) എന്നീ ഗാനങ്ങൾ ഹിറ്റ് ചാർട്ടുകളിൽ സ്ഥാനം നേടി.

“ഇളമൈയെനും പൂങ്കാറ്റ്ര്“ (പകലിൽ ഓർ ഇരവ്) ആണ് ഈ സഖ്യത്തിന്റെ ആദ്യത്തെ സോളോ ഹിറ്റ്. ഒരു ഇളയരാജാ-എസ്.പി.ബി ഗാനത്തിൽ നിന്നും നാം എന്തു പ്രതീക്ഷിക്കുന്നോ, ആ ഘടകങ്ങളെല്ലാം ഒത്തിണങ്ങിയ ആദ്യത്തെ ഗാനമാണിത്. മെലഡിയുടെയും ഓർക്കസ്റ്റ്രയുടേയും ഘടന, ആലാപനത്തിലെ മോഡുലേഷൻ എന്നിവയിലെല്ലാം ഈ രണ്ടു കലാകാരന്മാരുടെയും മുദ്രകൾ ഈ ഗാനത്തിലുണ്ട്. ടി. എം. എസ് കാലഘട്ടത്തിലെ റസ്റ്റിക് ആയ ആലാപനശൈലിയിൽ നിന്നും മാറി, ശബ്ദത്തിലെ മാധുര്യത്തിലൂന്നിക്കൊണ്ടുള്ള, തൻ്റേതായ ഒരു ശൈലിയിലേക്ക് എസ്. പി. ബി യുടെ ആലാപനം പതിയെ ചുവടു മാറുകയായിരുന്നു.

ഡിസ്കോ/നൃത്തം (“സൊർഗം മധുവിലെ“, “മടൈ തിറന്ത്“), എസ്. ജാനകിയോടൊത്തുള്ള പ്രണയ-യുഗ്മഗാനങ്ങൾ (“എങ്കെങ്കോ സെല്ലും“, “പൂന്തളിരാട“, “ജർമ്മനിയിൻ സെന്തേൻമലരേ“, “പേരൈ ചൊല്ലവാ“), സോളോ മെലഡികൾ (“വാ പൊന്മയിലേ“, “ചിന്നപ്പുറാ ഒണ്ട്ര്) എന്നിങ്ങനെ ഫോക്ക് ഓഴിച്ചുള്ള ഇളയരാജാ ഗാനങ്ങളിൽ നിറ സാന്നിധ്യമായി എസ്.പി.ബി മാറി.1982 ലെ “ഇളയനിലാ“‌, “പനിവിഴും മലർ വനം“ തുടങ്ങിയ ഗാനങ്ങളാണ് ഇളയരാജയേയും എസ്.പി.ബി യേയും തമിഴ് സിനിമാസംഗീതചരിത്രത്തിലെ ഏറ്റവും അനശ്വര കൂട്ടുകെട്ടുകളിലൊന്നാക്കി മാറ്റുന്നത്. ഈ ഗാനങ്ങൾക്കു ലഭിച്ച പോപ്പുലാരിറ്റി മറ്റു ഗായകരെയെല്ലാം പിന്നിലാക്കി ഇളയരാജയുടെ പ്രധാന പുരുഷശബ്ദമായി എസ്.പി.ബിയെ പ്രതിഷ്ഠിച്ചു. പിന്നീടുള്ള ഒരു ദശാബ്ദക്കാലം തമിഴ് സിനിമാസംഗീതമെന്നാൽ ഇളയാരാജ-എസ്.പി.ബി-എസ്.ജാനകി എന്നിവർ മാത്രമെന്ന സമീകരണം ഏറെക്കുറെ സത്യമായിരുന്നു എന്നു തന്നെ പറയാം. ഈ മൂന്ന് സംഗീതജ്ഞരുടേയും സംഗീതജീവിത്തിലെ ഏറ്റവും തിളക്കമാർന്ന അദ്ധ്യായം തന്നെ ആയിരുന്നു ഈ കൂട്ടുകെട്ട്. എസ്. ജാനകിയെക്കുറിച്ച് എഴുതിയതിൽ പലതും എസ്.പി.ബി യോടും ചേർത്തു വയ്ക്കാവുന്നതാണ്.
(1982 മുതൽ 1986 വരെയുള്ള കാലഘട്ടത്തിൽ നിരവധി ഹിറ്റുകളാണ് ഇളയരാജ-എസ്.പി.ബി-എസ്.ജാനകി സഖ്യം സംഭാവന ചെയ്തിട്ടുള്ളത്.ആ വർഷങ്ങളുടെ യഥാക്രമമുള്ള അദ്ധ്യായങ്ങളിൽ കേൾക്കേണ്ട മികച്ച ഗാനങ്ങളുടെ ലിസ്റ്റ് ഉൾക്കൊള്ളിച്ചിട്ടുണ്ട്).

ഇളയരാജയുടെ ഗാനങ്ങൾക്കു വേണ്ടിയിരുന്ന പ്രകടനപരത ഏറ്റവും നന്നായി പ്രതിഫലിച്ചിരുന്നത് എസ്.പി.ബിയുടെയും എസ്.ജാനകിയുടേയും ശബ്ദങ്ങളിൽ തന്നെ ആയിരുന്നു എന്നത് തർക്കമില്ലാത്ത വസ്തുതയാണ്. ഇളയരാജ മനസ്സിൽ കാണുന്ന സ്വരവിന്യസനങ്ങളും ഭാവസ്പർശങ്ങളും കൃത്യമായി പുനരാവിഷ്കരിക്കുന്നതിൽ ഈ രണ്ടു പേർക്കും അസാധാരണമായൊരു പൊരുത്തമുണ്ടായിരുന്നു. അതു കൊണ്ടു തന്നെ ഈ സഖ്യം സൃഷ്ടിച്ചിട്ടുള്ള പ്രണയഗാനങ്ങളുടെ മാധുര്യം വാക്കുകളിൽ വിവരിക്കാവുന്നതല്ല. ഇളയരാജയുടെ ഡിസ്കോ ഗാനങ്ങൾക്കും എസ്.പി.ബിയുടെ ശബ്ദം ഒഴിവാക്കാനാകുമായിരുന്നില്ല. അഭിലാഷയിലെ “യുറേക്കാ..“ എന്ന അട്ടഹാസം, സകലകലാവല്ലവനിലെ “Wish you a happy new year” എന്ന പുതുവൽസരാശംസകൾ, “പൂ പോട്ട ദാവണി“ യിലെ രതിസ്പർശങ്ങൾ – ഇവ എസ്. പി. ബിയുടെ ശബ്ദത്തിലല്ലാതെ നമുക്ക് സങ്കൽപ്പിക്കാനാകുമോ?

ആദ്യത്തെ വോക്കൽ കൗണ്ടർ “എൻ കണ്മണീ ഉൻ കാതലീ“, ഗിറ്റാറിൽ മാന്ത്രികത സൃഷ്ടിച്ച “ഇളയനിലാ“, കമ്പ്യൂട്ടർ സംഗീതം (പുന്നകൈ മന്നൻ), ഇളയരാജ ആദ്യമായ ഗാനരചന നിർവ്വഹിച്ച “ഇദയം ഒരു കോവിൽ“, എം.എസ്.വിശ്വനാഥനുമായി ഒന്നിച്ച “മെല്ല തിറന്തത് കതവ്“, ശ്വാസം വിടാതെ പാടിയ “മണ്ണിൽ ഇന്ത കാതൽ“, ബിബിസിയുടെ പോളിൽ ലോകത്തെ നാലാമത്തെ പോപ്പുലർ ഗാനമായി തെരഞ്ഞെടുക്കപ്പെട്ട “അടി റാക്കമ്മാ കയ്യെത്തട്ട്..“ എന്നിങ്ങനെ ഇളയരാജാ സംഗീതം കടന്നു വന്ന പല നാഴികക്കല്ലുകളിലും എസ്.പി.ബി എന്ന ഗായകന്റെയും സാന്നിധ്യമുണ്ടായിരുന്നു. തന്റെ ഏറ്റവും മികച്ച സംഗീതസൃഷ്ടികൾ പലതും ഇളയരാജ എസ്.പി.ബിയ്ക്കു വേണ്ടി മാറ്റി വയ്ക്കുകയായിരുന്നു എന്നു പറഞ്ഞാൽ പോലും അതിൽ തെറ്റില്ല.
അപരശബ്ദത്തിൽ പാടിക്കാനും എസ്.പി.ബി തന്നെ വേണമായിരുന്നു ഇളയരാജയ്ക്ക്. “നച്ചിന ഫുഡ്ഡു“ (ഇന്ദ്രുഡു ചന്ദ്രുഡു), “ബോട്ടണീ പാഠമുന്തി“ (ശിവ), “രാത്തിരി നേരത്തിൽ“ (അഞ്ജലി) എന്നീ ഗാനങ്ങളെല്ലാം എസ്.പി.ബി യാണ് ആലപിച്ചിരിക്കുന്നത്.

മറ്റു പല നടന്മാർക്കും യേശുദാസ്, ജയചന്ദ്രൻ, മലേഷ്യാ വാസുദേവൻ, മനോ തുടങ്ങിയ ഗായകരുടെ ശബ്ദത്തിൽ ഗാനങ്ങൾ ചിട്ടപ്പെടുത്തിയപ്പോഴും മോഹൻ, കമലഹാസൻ, ചിരഞ്ജീവി എന്നിവർക്കു വേണ്ടി ഇളയരാജ ഒരുക്കിയ മിക്ക ഗാനങ്ങൾക്കും എസ്.പി.ബി ഒരു അനിവാര്യത തന്നെ ആയിരുന്നു.
ഇണങ്ങിയും പിണങ്ങിയും, തങ്ങളുടെ കലാസപര്യയുടെ മാറ്റ് പരസ്പരം പതിന്മടങ്ങു വർദ്ധിപ്പിച്ചും ദക്ഷിണേന്ത്യയുടെ സംഗീതരംഗത്ത് സമാനതകളില്ലാത്ത ഒരു സഖ്യമായി ഇളയരാജ-എസ്.പി.ബി നിറഞ്ഞു നിന്നു. കൃത്യമായ കണക്കുകൾ ലഭ്യമല്ല, എങ്കിലും ഇളയരാജയുടെ ഗാനങ്ങൾ ഏറ്റവുമധികം ആലപിച്ചിട്ടുള്ള ഗായകൻ എസ്. പി. ബി തന്നെയാണ് – ഏകദേശം ആയിരത്തോളം ഗാനങ്ങൾ. ഇളയരാജാ ഗാനങ്ങൾ ആലപിച്ചതിൽ രണ്ടു തവണ – സാഗരസംഗമം, രുദ്രവീണ എന്നീ ചിത്രങ്ങൾക്ക് – എസ്. പി. ബി ദേശീയ പുരസ്കാരത്തിനർഹനായി. അതേ ചിത്രങ്ങൾക്കു തന്നെ ഇളയരാജയ്ക്കും പുരസ്കാരം ലഭിച്ചു എന്നതും ചരിത്രം.
തമിഴ്, തെലുങ്ക്, കന്നഡം, മലയാളം, ഹിന്ദി എന്നീ ഭാഷകളിലെല്ലാം ഇളയരാജയുടെ ഗാനങ്ങൾ എസ്.പി.ബി ആലപിച്ചിട്ടുണ്ട്. മലയാളത്തിൽ എസ്. പി. ബിയുടെ ഏറ്റവും ശ്രദ്ധേയമായ ഗാനം – “താരാപഥം ചേതോഹരം“ – ഇളയരാജയുടേതായിരുന്നു എന്നതും ഓർക്കുക.

2020 ഇൽ റിക്കാർഡ് ചെയ്യപ്പെട്ട “നീ താൻ എൻ കനവ്“ (ചിത്രം:തമിഴരസൻ) ആണ് ഇളയരാജയ്ക്കു വേണ്ടി എസ്.പി.ബി ആലപിക്കുന്ന അവസാനഗാനം.എസ്. പി. ബി തന്റെ ഗാനമേളകളിലും ഏറ്റവുമധികം ആലപിച്ചിട്ടുണ്ടാകുക ഒരു പക്ഷെ ഇളയരാജാ ഗാനങ്ങളായിരിക്കും. അതു പോലെ തന്നെ, എസ്. പി. ബിയുടെ സാന്നിധ്യമില്ലാത്ത ഇളയരാജ ഗാനമേളകളും അപൂർണ്ണമായിരിക്കും. ഇളയരാജ-എസ്.പി.ബി എന്നത് ഏറെ വിറ്റുവരവുണ്ടായിരുന്ന, ഇന്നും ഏറെ ആരാധകരുള്ള ഒരു ഉല്പന്നം തന്നെയാണ്.

ഇളയരാജ നേരിട്ടു നടത്തിയിട്ടുള്ള ഗാനമേളകൾ കാണുന്നത് സുഖകരമായൊരനുഭവമാണ്. സ്റ്റുഡിയോ സംഗീതം ഏറെക്കുറെ പൂർണ്ണമായി, തനത് ഉപകരണങ്ങൾ ഉപയോഗിച്ചു തന്നെ പുന:സൃഷ്ടിക്കും എന്നതു തന്നെ അതിനു പ്രധാന കാരണം. പരസ്പരം നർമ്മസംഭാഷണങ്ങൾ നടത്തി, സംഗീതത്തെക്കുറിച്ച് സംസാരിച്ച്, തങ്ങളുടെ ഏറ്റവും മികച്ച ചില ഗാനങ്ങൾ എസ്. പി. ബിയും ഇളയരാജയും ചേർന്ന് അവതരിപ്പിക്കുമ്പോൾ, അതിലും മികച്ച ഒരു ഗാനമേളാനുഭവവും നമുക്ക് മറ്റെങ്ങു നിന്നും ലഭിച്ചു കാണില്ല.ഇളയരാജയോടുള്ള മതിപ്പും ഇഷ്ടവും ബഹുമാനവും എസ്.പി.ബി ഒരിക്കലും മറച്ചു വച്ചിട്ടില്ല. ലഭ്യമായ എല്ലാ അവസരങ്ങളിലും അദ്ദേഹം അതു പ്രകടിപ്പിച്ചിട്ടുമുണ്ട്. പരസ്പരമുള്ള സംബോധനകളിൽ “വാടാ പോടാ“ എന്ന് പറയുന്നത്രയും ആഴത്തിലുള്ള ബന്ധമുണ്ടായിരുന്നു ഈ കലാകാരന്മാർ തമ്മിൽ. (ദൂരദർശനു വേണ്ടി 1996ഇൽ എസ്. പി. ബി ഇളയരാജയുമായി നടത്തിയ അഭിമുഖം സാക്ഷി!!)

“Ilayaraja was born for me and I was born for Ilayaraja. The best musical combination that has happened in the Tamil music industry is SPB and Ilayaraja, there is no second thought about it..”
അഭിമുഖങ്ങളിൽ, ടെലിവിഷൻ പ്രോഗ്രാമ്മുകളിൽ എസ്. പി. ബി ഇങ്ങനെ പറഞ്ഞപ്പോൾ അത് ഒരു അഹങ്കാരമായി കരുതിയിരുന്നില്ല ആരും. കാരണം, അതൊരു സത്യം തന്നെ ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ശിവാജി ഭരിച്ചിരുന്നത് 1674 മുതൽ 1680 വരെ, എഡിസൺ വൈദ്യുത ബൾബ് കണ്ടു പിടിച്ചത് 1880 ൽ, അക്ഷയ്കുമാറിന്റെ ശിവാജിയെ ട്രോളുകാർ ഏറ്റെടുത്തു

മറാഠരുടെ അഭിമാനമായ ഛത്രപതി ശിവജിയെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ബോളീവുഡിന്റെ സ്വന്തം അക്ഷയ്കുമാർ.അക്ഷയ് കുമാര്‍

ആനക്കൊമ്പ് കേസ്, മോഹൻലാൽ നിയമലംഘനം നടത്തിയില്ലെന്ന് സർക്കാർ, ഒരു സാധാരണക്കാരന് ഈ ഇളവ് നൽകുമോ എന്ന് സർക്കാരിനോട് കോടതി

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസില്‍ സർക്കാർ മോഹൻലാലിന് അനുകൂലമായും ഹൈക്കോടതി സർക്കാരിനെ തിരുത്തിയും പറഞ്ഞതാണ്

“അച്ഛനമ്മാർ ഉണ്ടാക്കിയ സ്വർണമിട്ട് പട്ടുസാരിയും ഉടുത്ത് ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ ഇപ്പോഴും പെൺകുട്ടികൾക്ക് മനസ്സ് വരുന്നു ? ” സരയുവിന്റെ കുറിപ്പ്

അഭിനേത്രിയും ഹ്രസ്വ ചിത്ര സംവിധായകയുമാണ് സരയു മോഹന്‍.1990 ജൂലൈ 10ന് ജനനം. മോഹനന്‍,

“ഇന്ത്യൻ കോടതികളിൽ കെട്ടിക്കിടക്കുന്ന അരക്കോടി കേസുകൾക്ക് വേണ്ടി ഇത്രയും ഹൃദ്യമായി ഈ സിനിമയെടുത്തിരിക്കുന്നത് പോലീസുകാരനോ വക്കീലോ അല്ലാത്ത തരുൺ മൂർത്തിയാണ് “- കുറിപ്പ്

സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്ന് സൗദി വെള്ളക്കയെ പ്രകീർത്തിച്ച് സമൂഹ മാധ്യമങ്ങളിലെഴുതിയ