പി.ജയന്ദ്രൻ എന്ന തമിഴ് ഗായകൻ

നിഖിൽ വേണുഗോപാൽ

മലയാളത്തിൽ പാട്ടു കേൾക്കാൻ തുടങ്ങിയതും ഏതാണ്ട് അവസാനിപ്പിച്ചതുമൊക്കെ യേശുദാസോടു കൂടിയാണ്. അത് അങ്ങിനയല്ലാതെ വരില്ലല്ലോ.അപ്പോൾ ജയചന്ദ്രനോ എന്നൊരു ചോദ്യം വരാം.

അദേഹത്തിന്റെ മലയാളഗാനങ്ങൾ ഇഷ്ടമല്ല എന്നു പറയുവാൻ കഴിയില്ല. “ശിശിരകാല മേഘ” വും “നീലഗിരിയുടെ സഖി” കളും “പാലാഴിപ്പൂമങ്ക” യും “ശരദിന്ദു മലർദീപ” വും സുഖസുഷുപ്തിയിലേക്കു നയിച്ച രാത്രികളുടെ എണ്ണം ഒരിക്കലും ചെറുതല്ല. അവയെ മാറ്റി നിർത്തി മലയാളഗാനങ്ങൾ ആസ്വദിക്കുക സാധ്യമല്ലല്ലോ.പക്ഷെ പി.ജയചന്ദ്രൻ എന്ന മലയാളഗായകനേക്കാൾ എന്നെ സ്വാധീനിച്ചത് പി.ജയചന്ദ്രൻ എന്ന തമിഴ് ഗായകനാണ്.

ഇളയരാജയെക്കുറിച്ചുള്ള പരമ്പരയിൽ ജയചന്ദ്രന്റെ ഏറ്റവും മികച്ച ആലാപനകാലം 1974 മുതൽ 1984 വരെയുള്ള വർഷങ്ങളാണെന്നു സൂചിപ്പിച്ചിക്കുകയുണ്ടായിരുന്നു. പഴയ തമിഴ് ഗാനങ്ങൾ കേൾക്കുന്തോറും, അവയെ അറിയുന്തോറും ആ വസ്തുത ഏറെക്കുറെ ശരിയാണെന്ന് വീണ്ടും വീണ്ടും ബോധ്യമാകുന്നു.
യേശുദാസ് മലയാളത്തിൽ ഒരു താരകമായി ഉദിച്ചുയർന്ന് കത്തി ജ്വലിച്ചു നിൽക്കുന്ന കാലം. “കാതലിക്ക നേരമില്ലൈ” പോലുള്ള ചിത്രങ്ങളിലൂടെ തമിഴിലും ഒരു തരംഗമാകാൻ തുടങ്ങിയ കാലത്താണ് യേശുദാസ് സാക്ഷാൽ എം.എസ്.വിശ്വനാഥന്റെ റിക്കാർഡിംഗിനിടയിൽ ഉണ്ടായ ഒരു ധാരണാപ്പിശകിന്റെ പേരിൽ അദ്ദേഹവുമായി അകൽച്ചയിലാകുന്നത്.

സ്വാഭാവികമായും എം.എസ്.വിശ്വനാഥന്റെ ശ്രദ്ധ ജയചന്ദ്രനിൽ പതിയുന്നു. മലയാളത്തിൽ ഇവരുടെ കൂട്ടുകെട്ടിൽ നിരവധി ഹിറ്റുകൾ പിറക്കുന്നു. തുടർന്ന് “മെല്ലിസൈ മന്നർ” ജയചന്ദ്രനെ തമിഴിലേക്കും ക്ഷണിച്ചു വരുത്തുന്നു. “മണിപ്പയൽ” (1973) എന്ന ചിത്രത്തിലെ “തങ്കച്ചിമിഴ് പോൽ” എന്ന ഗാനത്തിലൂടെ അദ്ദേഹം തമിഴിൽ അരങ്ങേറ്റം കുറിക്കുന്നു.

തുടർന്നുള്ള ഒരു ദശാബ്ദക്കാലം ജയചന്ദ്രന്റെ സുവർണ്ണ കാലഘട്ടമായിരുന്നു. ടി.എം.സൗന്ദർരാജനോടൊപ്പം യേശുദാസ്, എസ്.പി.ബി, മലേഷ്യാ വാസുദേവൻ തുടങ്ങിയ ഗായകർ അണി നിരന്ന സ്വരസാന്ദ്രമായ എഴുപതുകളിൽ തമിഴിലെ തിരക്കുള്ള ഗായകനായെന്ന് അവകാശപ്പെടുക വയ്യെങ്കിലും വിശിഷ്ടമായ, സ്വന്തമായ ഒരിടം ജയചന്ദ്രൻ സൃഷ്ടിച്ചെടുത്തു. എം.എസ്.വി യുടെ ഗാനങ്ങൾ തന്നെയായിരുന്നു അതിനു നിദാനമായിത്തീർന്നതും. വിഷ്ണുവർദ്ധൻ തമിഴിൽ അരങ്ങേറ്റം കുറിച്ച “അലൈകൾ” (1974) എന്ന ചിത്രത്തിൽ എം.എസ്.വിശ്വനാഥൻ ഈണം പകർന്ന “പൊന്നെന്ന പൂവെന്ന കണ്ണെ” എന്ന ഗാനം ജയചന്ദ്രന് തമിഴിൽ വലിയ സ്വീകാര്യത നേടിക്കൊടുത്തു.

തുടർന്ന് എത്രയെത്ര ഗാനങ്ങൾ!! യേശുദാസ് തമിഴിൽ വീണ്ടും സജീവമായെങ്കിലും ജയചന്ദ്രന് മികവാർന്ന ചില ഗാനങ്ങൾ എം.എസ്.വി നൽകി വന്നു. കെ.ബാലചന്ദറിന്റെ “മൂൻട്ര് മുടിച്ച്” (1976) എന്ന ചിത്രത്തിൽ വാണിജയറാമിനോടൊ ത്തു പാടിയ “ആടിവെള്ളി തേടി ഉന്നൈ”, “വസന്തകാലനദികളിലേ..” തുടങ്ങിയ മെലഡികൾ ആർക്കാണ് മറക്കാൻ കഴിയുക്?

“നാൻ രാമനൈ പോൽ ഒരു അവതാരം” (ആസൈക്കു വയസ്സില്ലൈ), “തിരുമുരുകൻ അരികിനിലേ വള്ളിക്കുറത്തി” (മേയർ മീനാക്ഷി), “പാലാഭിഷേകം സെയ്യവോ” (മുത്താന മുത്തല്ലവോ”), “മഴൈക്കാലമും പനിക്കാലമും” (സാവിത്രി), “കവിതൈ അരങ്കേറും നേരം” (അന്ത ഏഴു നാട്കൾ) തുടങ്ങിയവയെല്ലാം ജയചന്ദ്രൻ-എം.എസ്.വി കൂട്ടുകെട്ടിൽ പിറന്ന മികച്ച ഗാനങ്ങളാണ്.

എം.എസ്.വി മാത്രമല്ല, വി.കുമാർ എന്ന സംഗീതജ്ഞനും എണ്ണം പറഞ്ഞ ചില ഗാനങ്ങൾ ജയചന്ദ്രനു നൽകി. പി.സുശീലയോടൊത്തു പാടിയ “എന്നോട് എന്നെന്നവോ രഹസിയം” (തൂണ്ടിൽ മീൻ), “പെണ്ണല്ല നീ ഒരു ബൊമ്മൈ” (സൊന്തമടീ നീ എനക്ക്) തുടങ്ങിയവയെല്ലാം അസാധ്യ ഗാനങ്ങളാണ്.

ദക്ഷിണാമൂർത്തി സംഗീതം പകർന്ന “ഒരു കാതൽ സാമ്രാജ്യം” (നന്ദാ എൻ നിലാ) എന്ന ഗാനവും ശ്രദ്ധേയം.

എസ്.പി.ബി തമിഴ് സംഗീതത്തിൽ കത്തിപ്പടർന്ന, മനോ തുടങ്ങിയ ഗായകർ അവതരിച്ച എൺപതുകളുടെ രണ്ടാം പകുതി വരെ ഇളയരാജയിലൂടെയും ശങ്കർ-ഗണേഷിലൂടെയും ജയചന്ദ്രൻ തമിഴിലെ സജീവസാന്നിധ്യമായിത്തുടർന്നു. ജയചന്ദ്രൻ-ഇളയരാജാ ഗാനങ്ങളെക്കുറിച്ച് വിസ്തരിച്ച് പണ്ടെഴുതിയിട്ടുള്ളതിനാൽ ആവർത്തനത്തിനു മുതിരുന്നില്ല. “കൊടിയിലേ മല്ലിഗപ്പൂ”, “ചിത്തിരസെവ്വാനം സിരിക്ക കണ്ടേൻ”, “താലാട്ടുതേ വാനം”, “ഒരു വാനവിൽ പോലെ”, “തവിക്ക്ത് തയങ്ക്ത് ഒരു മനത്”, “മാഞ്ചോലൈ കിളി താനോ”, “നാൻ കാതലിൽ” തുടങ്ങിയ ഗാനങ്ങൾ കേൾക്കാതെ പോകരുത്.

ഏറെപ്പറഞ്ഞു പഴകിയ “രാസാത്തി” യുടെ കഥയും ഇവിടെ ആവർത്തിക്കുന്നില്ല.മിതത്വത്തെ ഉൽഘോഷിച്ചിക്കുന്ന മലയാളഭാഷയോടും പ്രകടനാത്മകത അന്തർലീനമായ തമിഴ് ഭാഷയോടും സംസ്കാരത്തോടും ഒരു പോലെ,അനയാസം ഇണങ്ങിച്ചേരുവാൻ ജയചന്ദ്രനിലെ ഗായകനു സാധിച്ചിരുന്നു എന്നാണ് മേൽപ്പറഞ്ഞ ഗാനങ്ങൾ കേൾക്കുമ്പോൾ തോന്നിയിട്ടുള്ളത്. ചെറുപ്പകാലത്ത് തമിഴ് ചിത്രങ്ങളും ഗാനങ്ങളും തന്നെ സ്വാധീനിച്ച കഥ പല അഭിമുഖങ്ങളിലും ജയചന്ദ്രൻ വെളിപ്പെടുത്തുകയുണ്ടായിട്ടുണ്ട്. ആ സ്വാധീനം തന്റെ ആലാപനത്തിൽ ജയചന്ദ്രൻ അയത്നലളിതമായി പ്രതിഫലിപ്പിച്ചിരുന്നു. ഉച്ഛാരണം, ഭാവപരത എന്നിവയിലെല്ലാം അതു വളരെ പ്രകടമാണ്.

ഇന്നലെ മേൽപ്പറഞ്ഞ തമിഴ് ഗാനങ്ങളെല്ലാം ഒരാവർത്തി കൂടെ കൂടെ കേൾക്കാനിടയായപ്പോൾ, ഇത്രയെങ്കിലും വെറുതെ ഒന്നു കുത്തിക്കുറിക്കണമെന്നു തോന്നി…

ചിത്രങ്ങൾക്ക് കടപ്പാട്.

Leave a Reply
You May Also Like

പുതിയ വീട്ടിൽ നിന്നും സ്റ്റണ്ണിങ് ലുക്കിൽ സോഫിയ അൻസാരി

സോഫിയ അൻസാരി ഒരു നർത്തകിയും ഡിജിറ്റൽ ഉള്ളടക്ക നിർമ്മാതാവും സോഷ്യൽ മീഡിയ സ്വാധീനിക്കുന്നവളുമാണ്. 1996 ഏപ്രിൽ…

കുഞ്ഞിലയുടെ പോരാട്ടം

ഫ്രീഡം ഫൈറ്റ് എന്ന ആന്തോളജി മൂവിയിൽ കുഞ്ഞില മാസിലാമണിയുടെ സെഗ്മെന്റ് ആയ ‘അസംഘടിതർ’ ശരിക്കും അസംഘടിതരുടെ…

ഇതേ ട്രാക്ക് ഫോളോ ചെയ്താൽ ഇനിയങ്ങോട്ട് തമിഴിൽ മുൻനിരയിൽ തന്നെ ഉണ്ടാവും ആത്മൻ സിലമ്പരസൻ

Denley Joseph “എന്ത് വില കൊടുത്തും ഈ സിനിമ തീയേറ്ററിൽ തന്നെ കാണണം” എന്ന് പറയുന്നത്…

ജോജു നായകനാകുന്ന ‘പീസ്’ ട്രെയിലർ പുറത്തിറങ്ങി

ജോജു നായകനാകുന്ന ‘പീസ്’ ട്രെയിലർ പുറത്തിറങ്ങി. ആഗസ്റ്റ് 26 ന് പീസ് പ്രക്ഷകരുടെ മുന്നിൽ എത്തുന്നു.…