വാണിജയറാം – A Retrospective
Nikhil Venugopal
വാണിജയറാമിൻ്റെ പാട്ടു കേൾക്കുമ്പോഴെല്ലാം രണ്ടു കാര്യങ്ങളാണ് പ്രധാനമായും ഓർമ്മ വരിക.
ഒന്ന്, നിരവധി ഗാനങ്ങൾക്ക് ജീവൻ പകർന്ന അവരുടെ ശബ്ദമാധുര്യം. മറ്റൊന്ന്, നിരന്തരമായ അവഗണനകളേറ്റു വാങ്ങേണ്ടി വന്നെന്നു ധ്വനിപ്പിക്കുന്ന, നിരാശത നിറഞ്ഞു നിൽക്കുന്ന നിരവധി അഭിമുഖങ്ങൾ. മൂന്ന് തവണ ദേശീയ പുരസ്കാരം നേടിയ ഒരു ഗായികയായിരുന്നിട്ടു പോലും നിരാശ കലർന്ന് വാക്കുകൾ നിരവധി തവണ അവർ പങ്കു വച്ചപ്പോൾ, ഒരു സാധാരണ അഭിമുഖപരാമർശത്തിൽക്കവിഞ്ഞ ഒരു പ്രാധാന്യമതിനുണ്ടായിരുന്നു എന്നൊന്നും അന്നു കരുതിയിരുന്നില്ല.
എന്നാൽ, അവരുടെ നിരാശതയിൽ അല്പം വാസ്തവമുണ്ടായിരുന്നു എന്നതല്ലേ സത്യം.?
സിനിമയിലേയും സിനിമാസംഗീതത്തിലേയും വിജയമെന്നു പറയുന്നത് ഉചിതമായ സ്ഥലത്ത് ഉചിതമായ സമയത്ത് പ്രത്യക്ഷപ്പെടേണ്ടുന്ന ഒരു കൺകെട്ടു വിദ്യയാണ്. കഴിവുകളുടെ അംഗീകാരങ്ങൾ ഒരു ഘടകമാണെങ്കിലും ഒരു പ്രത്യേക സഖ്യത്തിൻ്റെ ഭാഗമാകുക എന്നതാണ് സുസ്ഥിരമായ വിജയത്തിന് നിദാനം. മറ്റുള്ളവർക്കു പ്രവേശനം നിഷിദ്ധമായ ഒരു കർമ്മ മേഖല രൂപപ്പെടുത്തിയെടുക്കുന്നതും വളരെ പ്രധാനമാണ്.
വാണിജയറാം നിരന്തരമായി പറയാൻ ശ്രമിച്ചതുമതാണ്. അവരുടെ പരിധിയ്ക്കു പുറത്തുള്ള സംഭവവികാസങ്ങളും അവയുരുത്തിരിഞ്ഞു വന്ന സമയക്രമങ്ങളുമാണ് വാണിജയറാം എന്ന ഗായികയ്ക്ക് പലപ്പോഴും തിരിച്ചടികൾ സമ്മാനിക്കുകയുണ്ടായത്.അവരുടെ സംഗീതജീവിതത്തിൻ്റെ നാൾവഴികളിലേക്കൊന്നു തിരിഞ്ഞു നോക്കൂ.ഏതൊരു ഗായികയും ആഗ്രഹിക്കുന്ന, സ്വപ്നതുല്യമായ ഒരു തുടക്കമായിരുന്നു ഹിന്ദിയിൽ വാണിജയറാമിനു ലഭിച്ചത്. “ബോലേ രേ പാപ്പി ഹരാ” എന്ന ഒരൊറ്റ ഗാനം മാത്രം മതിയായിരുന്നു വാണിജയറാമിന് ഹിന്ദിയിൽ സ്ഥാനമുറപ്പിക്കാൻ. പക്ഷെ അവസരങ്ങളുടെ പെരുമഴ തീർക്കുന്നതിനു പകരം ആ ഗാനം പലപ്പോഴും ഓർക്കപ്പെടുന്നത് ലതാ മങ്കേഷ്കർ ഉൾപ്പെട്ടിട്ടുണ്ട് എന്ന് വിശ്വസിക്കപ്പെടുന്ന ഒരു കഥയുടെ പേരിലാണ്. അത് ചിലപ്പോൾ വാസ്തവവുമായിരുന്നിരിക്കാം, കാരണം ഹിന്ദിയിൽ പിന്നീട് വാണിജയറാമിനെ നാം അധികം കേട്ടിട്ടില്ല.
അതേത്തുടർന്ന് മദ്രാസ്സിലേക്ക് ജീവിതം പറിച്ചു നട്ടപ്പോൾ തമിഴ് സിനിമാസംഗീതം അവരെ ഇരു കയ്യും നീട്ടീ സ്വീകരിക്കുകയുണ്ടായി. തലമുറമാറ്റം ആസന്നമായിരുന്ന തമിഴ് സംഗീതത്തിൽ പി.സുശീലയ്ക്കു പകരം വയ്ക്കാവുന്ന ഒരു ഗായികയുടെ ആവശ്യമുണ്ടായിരുന്നു. ശബ്ദമാധുരിയും ആലാപനത്തികവുമൊത്തു ചേർന്ന വാണിജയറാമിൻ്റെ സാന്നിധ്യം ആ ഒഴിവു നികത്തുന്നതിനു വലിയൊരളവു വരെ സഹായകരമായി. അവരുടെ ആലാപനജീവിതത്തിൻ്റെ സുവർണ്ണകാലം അവിടെ ആരംഭിക്കുകയായിരുന്നു. “ദീർഘ സുമംഗലി” എന്ന ചിത്രത്തിൽ എം.എസ്.വിശ്വനാഥൻ ഈണം പകർന്ന “മല്ലികൈ എൻ മന്നൻ മയങ്കും” എന്ന ഗാനം വാണിജയറാമിന് തമിഴിൽ വ്യാപകമായ പ്രചാരം നേടി നൽകി.
തുടർന്ന് ഹിറ്റുകളുടെ ഒരു പരമ്പര തന്നെ പ്രത്യക്ഷപ്പെടുകയുണ്ടായി. “അപൂർവ്വ രാഗങ്ക” ളിലെ “ഏഴു സ്വരങ്കളുക്കുൾ” എന്ന ഗാനത്തോടെ വാണിജയറാം തൻ്റെ ആദ്യത്തെ ദേശീയ പുരസ്കാരം കരസ്ഥമാക്കി. പിന്നാലെ വന്ന “മൂണ്ട്ര് മുടിച്ച്” എന്ന ചിത്രത്തിൽ പി.ജയചന്ദ്രനോടൊത്തു പാടിയ “ആടി വെള്ളി തേടി ഉന്നൈ”, “വസന്തകാല നദികളിലേ” തുടങ്ങിയ ഗാനങ്ങൾ ഇന്നും വ്യാപകമായി ഓർക്കപ്പെടുന്നവയാണ്. യേശുദാസിനും ജയചന്ദ്രനുമൊപ്പം നിരവധി ഗാനങ്ങൾ ആലപിക്കുകയുണ്ടായി ഇക്കാലയളവിൽ വാണിജയറാം. “അന്തമാനൈ പാരുങ്കൾ അഴക്”, “നിനൈവാലെ സിലൈ” (അന്തമാൻ കാതലി), “ഗംഗൈ നദി ഓരം” (വരപ്രസാദം), തുടങ്ങിയ ഗാനങ്ങൾ മറക്കുവതെങ്ങിനെ?
തെലുങ്കിലും കന്നഡത്തിലും വാണിജയറാം പ്രശസ്തയാകുന്നതും ഇതേ വർഷങ്ങളിലാണ്. “പൂജ” എന്ന ചിത്രത്തിൽ രാജൻ-നാഗേന്ദ്ര ഈണം പകർന്ന “എന്നെന്നോ ജന്മലബന്ധം” എന്ന യുഗ്മഗാനം തെലുങ്കിൽ വാണിജയറാമിന് വലിയ സ്വീകാര്യത നേടിക്കൊടുക്കുകയുണ്ടായി. അതോടൊപ്പം തന്നെ ഇതേ ഗാനത്തിൻ്റെ കന്നഡ പതിപ്പും “ബായലു ദാരി” എന്ന ചിത്രത്തിലെ “കനസലു നീനെ മനസ്സലു നീനെ” എന്ന യുഗ്മഗാനവും അവരെ കന്നഡ പ്രേക്ഷകരുടേയും പ്രിയങ്കരിയാക്കി മാറ്റി.വാണിജയറാമിൻ്റെ സംഗീതജീവിതത്തിലെ ഏറ്റവും തിളക്കമാർന്ന വർഷങ്ങളായിരുന്നു അത്.എന്നാൽ തുടർന്ന് തമിഴ് സംഗീതത്തിൽ ഉരുത്തിരിഞ്ഞു വന്ന സംഭവവികാസങ്ങൾ വാണിജയറാമിൻ്റെ മുന്നോട്ടുള്ള യാത്ര ഏറെ ദുഷ്കരമാക്കുകയുണ്ടായി. ഇളയരാജയെന്ന സംഗീതജ്ഞൻ്റെ താരോദയമായിരുന്നു അതിലാദ്യത്തേത്. “അന്നക്കിളി” യുടേയും “16 വയതിനിലേ” യുടേയും സംഗീതത്തിൻ്റെ പ്രഭാവം എസ്.ജാനകിയെ തമിഴിലെ പ്രധാന ഗായികയായി അവരോധിച്ചു.
ഇളയരാജ വാണിജയറാമിനെ പരിഗണിക്കാതിരുന്നില്ലെങ്കിലും അദ്ദേഹത്തിൻ്റെ സംഗീതത്തിൻ്റെ താരത്തിളക്കം ഗുണം ചെയ്തത് പ്രധാനമായും എസ്.ജാനകിയ്ക്കു തന്നെയായിരുന്നു. എസ്.ജാനകിയും പി.സുശീലയും പിറകേ വന്ന ജെൻസി ആൻ്റണി, എസ്.പി.ഷൈലജ തുടങ്ങിയ പുതുമുഖ ഗായികമാരും ശക്തമായ മൽസരത്തിനു കളമൊരുക്കിയപ്പോൾ വാണിജയറാമിൻ്റെ അവസരസാധ്യതകൾക്ക് കാര്യമായ മങ്ങലേൽക്കുകയുണ്ടായി. എങ്കിൽ പോലും ഇളയരാജയുടെ “ഒരേ നാൾ ഉനൈ നാൻ” (ഇളമൈ ഊഞ്ചലാടുകിറത്) തുടങ്ങിയ ഗാനങ്ങളിലൂടെ അവർ തൻ്റെ പ്രതിഭ തെളിയിച്ചു കൊണ്ടേയിരുന്നു.
“ശങ്കരാഭരണം” ഒരു തരംഗമാകുകയും വാണിജയറാമിന് തൻ്റെ രണ്ടാമതു ദേശീയ പുരസ്കാരം ലഭിക്കുകയും ചെയ്തെങ്കിലും അവരുടെ സംഗീതജീവിതം ഇതിനകം ഒരു പീഠഭൂമിയെ അഭിമുഖീകരിച്ചു കഴിഞ്ഞിരുന്നു എന്നത് വാസ്തവമാണ്.
1982 വാണിജയറാമിനെ സംബന്ധിച്ചിടത്തോളം അത്ര നല്ലതായിരുന്നില്ല. “പയണങ്കൾ മുടിവതില്ലൈ”, “നിനൈവെല്ലാം നിത്യ” തുടങ്ങിയ ചിത്രങ്ങളിലൂടെ എസ്.പി.ബി തമിഴിലെ പ്രധാന ഗായകനായി മാറിയപ്പോൾ എസ്.പി.ബി-എസ്.ജാനകി സഖ്യം തെന്നിന്ത്യയിലെ ഏറ്റവും തിളക്കമാർന്ന യുഗ്മഗാനജോഡിയായി മാറി. തുടർന്നുള്ള നാലു വർഷങ്ങളിൽ എസ്.പി.ബി-എസ്.ജാനകി യുഗ്മഗാനങ്ങളുടെ ഒരു നീണ്ട നിര തന്നെ തമിഴിൽ പ്രത്യക്ഷപ്പെടുകയുണ്ടായി. മിക്കവയും ഇളയരാജ ഈണം പകർന്നവ.
പക്ഷെ, അപൂർവ്വം ചില ഗാനങ്ങൾ മാത്രമെങ്കിലും വാണിജയറാമിനെ പൂർണ്ണമായും ഒഴിച്ചു നിർത്താൻ ഇളയരാജയ്ക്ക് സാധിക്കുമായിരുന്നില്ല. ഒരൊറ്റ സ്വരത്തിൽ, വ്യത്യസ്ത സ്ഥായിയിൽ പാടേണ്ട “വാ വാ പക്കം വാ” (തങ്കമകൻ), ആഭോഗി രാഗത്തിൽ ചിട്ടപ്പെടുത്തിയ “ഇൻട്രൈക്ക് ഏനിന്ത ആനന്ദമേ” (വൈദേഹി കാത്തിരുന്താൾ), എസ്.പി.ബിയോടൊത്തു പാടിയ “കാലം മാറലാം (വാഴ്കൈ) തുടങ്ങിയ ഗാനങ്ങളിലെല്ലാം വാണിജയറാമിൻ്റെ അനിഷേധ്യ സാന്നിധ്യമുണ്ടായിരുന്നു. യേശുദാസിനോടൊത്തു പാടിയ “ABC നീ വാസി”, “ഡിസ്കോ കിംഗ്” (ഇസൈ പാടും തെൻട്രൽ) തുടങ്ങിയ ഗാനങ്ങളും ശ്രദ്ധേയം.
ശങ്കർ-ഗണേഷ് ആയിരുന്നു ഇക്കലയളവിൽ വാണിജയറാമിന് നിരവധി അവസരങ്ങൾ നൽകുകയുണ്ടായത്. എൺപതുകളുടെ ആദ്യപകുതിയിൽ വാണിജയറാം ശബ്ദം പകർന്ന മികച്ച ചില ഗാനങ്ങൾ ഈ സംഗീതജ്ഞരുടെ സൃഷ്ടികളാണ്. “മേഘമേ മേഘമേ” (പാലൈവനച്ചോലൈ), “യാരത് സൊല്ലാമൽ” (നെഞ്ചമെല്ലാം നീയേ) തുടങ്ങിയ ഗാനങ്ങൾ വാണിജയറാമിനു വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ടവയായിരുന്നു.
അപ്പോഴാണ് “സിന്ധു ഭൈരവി” എന്ന സംഗീതചിത്രം തമിഴിലൊരുങ്ങുന്നത്.
“അപൂർവ്വ രാഗങ്കൾ” സംവിധാനം ചെയ്ത കെ.ബലചന്ദറിൻ്റെ സംഗീതപ്രധാനമായ മറ്റൊരു ചിത്രമായിരുന്നു “സിന്ധു ഭൈരവി”. സ്വാഭാവികമായും വാണിജയറാം തന്നെയയിരുന്നു “സിന്ധു ഭൈരവി” യുടെ പ്രധാന സ്ത്രീശബ്ദമാകേണ്ടിയിരുന്നത്.പക്ഷെ അതുണ്ടായില്ല.
തികച്ചും ആകസ്മികമായാണ് ഫാസിൽ ചിത്രത്തിൻ്റെ റിക്കാർഡിംഗിനിടെ ഇളയരാജ ചിത്രയുടെ പാട്ടു കേൾക്കാനിടയായത്. അങ്ങിനെ സിന്ധുഭൈരവിയിലെ “പാടറിയേൻ പഠിപ്പറിയേൻ”, “നാനൊരു സിന്ത്” തുടങ്ങിയ ഗാനങ്ങളിലൂടെ ചിത്ര തമിഴകത്ത് വരവറിയിച്ചു. ശേഷം സംഭവിച്ചത് ചരിത്രം.
തമിഴിൽ വാണിജയറാമിനു സ്വന്തമായുണ്ടായിരുന്ന, അവശേഷിച്ച ഒരേ ഒരിടം അങ്ങിനെ ഒഴിഞ്ഞു കൊടുക്കേണ്ടതായി വന്നു.വർഷങ്ങൾക്കിപ്പുറം പിറകിലേക്കു തിരിഞ്ഞു നോക്കുമ്പോൾ “സിന്ധു ഭൈരവി” എന്ന ചിത്രമായിരുന്നു വാണിജയറാമിനെ പൂർണ്ണമായും തമിഴ് സംഗീതത്തിൻ്റെ പിൻനിരയിലേക്ക് മാറ്റി നിർത്തിയതെന്നഭിപ്രായമുണ്ട്. ഒരനുമാനമാണ്, എങ്കിലും പറയട്ടെ – ചിത്രയുടെ പാട്ട് ഒരു പക്ഷെ ഇളയരാജ കേട്ടില്ലായിരുന്നുവെങ്കിൽ, വാണിജയറാം തന്നെയാകുമായിരുന്നില്ലേ “സിന്ധു ഭൈരവി” യിലെ ഗാനങ്ങൾക്കു ശബ്ദം പകർന്നിരിക്കുക?
പുന്നകൈ മന്നനിലെ “കവിതൈ കേളുങ്കൾ” എന്ന ഗാനത്തിനു ശേഷം ഓർത്തു വയ്ക്കത്തക്കതായ ഒന്നും വാണിജയറാം ഇളയരാജയുടെ സംഗീതത്തിൽ പാടിയിട്ടില്ല. ഇളയരാജയുടെ സംഗീതത്തിലെ സ്ത്രീശബ്ദങ്ങൾ എസ്.ജാനകിയിലേക്കും ചിത്രയിലേക്കുമായി ചുരുങ്ങി.ഇളയരാജ മാത്രമല്ല, മറ്റു സംഗീതജ്ഞരും ഇതേ പാത തന്നെ പിന്തുടർന്നു. “സ്വാതി കിരണം” എന്ന ചിത്രത്തിലൂടെ തൻ്റെ മൂന്നാമതു ദേശീയ പുരസ്കാരം ലഭിച്ചെങ്കിലും അവസരങ്ങളുടെ കണക്കിൽ വാണിജയറാം ഏറെ പിറകിലായിക്കഴിഞ്ഞിരുന്നു. സ്വർണ്ണലതയും മിന്മിനിയും ചിത്രയും സുജാതയും തിളങ്ങി നിന്ന തൊണ്ണൂറുകളിൽ വാണിജയറാം എന്ന ഗായികയ്ക്ക് എത്തിപ്പെടാൻ കഴിയുന്ന ഇടങ്ങളൊന്നും ബാക്കിയുണ്ടായിരുന്നില്ല.പി.സുശീലയ്ക്കും എസ്.ജാനകിയ്ക്കും ചിത്രയ്ക്കുമൊക്കെ തങ്ങളുടേതെന്നവകാശപ്പെടാവുന്ന ഒരു സംഗീതകാലം സ്വന്തമായുണ്ട്. വാണിജയറാം എന്ന ഗായികയ്ക്ക് അതിനുള്ള അവസരമുണ്ടായില്ല എന്നതാണു സത്യം.
നിരവധി അഭിമുഖങ്ങളിൽ, പൊതുവേദികളിൽ, വാണിജയറാം പങ്കു വച്ച നിരാശ കലർന്ന വാക്കുകൾ പൂർണ്ണമായും അസ്ഥാനത്തായിരുന്നു എന്നു പറയുക വയ്യ,
——————-
വാണിജയറാം പാടിയ പാട്ടുകളിൽ ഏറെയിഷ്ടം തോന്നിയ, പണ്ഡിറ്റ് രവിശങ്കറിൻ്റെ മരുമകനായ ശ്രീ ആനന്ദാ ശങ്കർ ഈണം പകർന്ന “യാരൊ എഴുതിയ കവിതൈ” എന്ന ചിത്രത്തിലെ ഈ ഗാനം കേൾക്കുക.