ഗന്ധർവ്വന്റെ ഹിന്ദി ഉച്ചാരണം മോശമാണെന്നു ഹിന്ദിക്കാർ പറഞ്ഞിട്ടില്ല, പക്ഷെ ഒരു പാട് മലയാളികൾ അതു പറഞ്ഞിട്ടുണ്ട്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
26 SHARES
306 VIEWS

ഭക്തി, ആരാധന, ആസ്വാദനം, വിമർശനം, വ്യക്തിഹത്യ..

Nikhil Venugopal

കലാസൃഷ്ടികളുടെയും കലാകാരന്മാരുടെയും സ്വീകാര്യതയ്ക്ക് അളവുകോലിന്റെ രൂപം നൽകിയാൽ ഏകദേശം ഇതു പോലിരിക്കും.സിനിമാ-സംഗീത ലോകത്ത് പിറന്നു വീഴുന്ന ഓരോ സൃഷ്ടികളും അവലോകനത്തിന് പാത്രമാകാറുണ്ട്. മുൻ കാലങ്ങളെ അപേക്ഷിച്ച് സമൂഹമാധ്യമങ്ങൾ പ്രചുരപ്രചാരം നേടിയ ഈ കാലഘട്ടത്തിൽ ഏതൊരാൾക്കും (ഞാനുൾപ്പടെ) അവരവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും ചിന്തകൾ പങ്കു വയ്ക്കാനും നിരവധി വേദികൾ ലഭ്യമാണ്. പരിമിതമായ ഏതാനും വേദികളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന ഭൂരിപക്ഷം വരുന്ന ആസ്വാദകർക്കും അവലോകനങ്ങൾക്കും വിമർശനങ്ങൾക്കും അനന്തമായ സാധ്യതകളുണ്ട്.

 

ഈ അവലോകനപരതയെ എപ്പൊഴെങ്കിലും, ആരെങ്കിലും അവലോകനപരമായി സമീപിച്ചിട്ടുണ്ടോ?
ഞാൻ സമീപിച്ചിട്ടുണ്ട്. ഒരു കലാകാരനോടും കലാസൃഷ്ടിയോടും ഉള്ള മലയാളികളുടെ പൊതുവായ സമീപനമെന്തെന്ന് മനസ്സിലാക്കാൻ സമൂഹമാധ്യമങ്ങളിലെ ഇടപെടലുകൾ ഏറെ സഹായിച്ചിട്ടുണ്ട്. ഈ സമീപനങ്ങൾ ഈയ്യടുത്ത കാലത്തായി വളർത്തി എടുത്ത ചില പൊതുബോധങ്ങളും നിർമ്മിതകളുമുണ്ട്. അത്തരം പൊതുബോധങ്ങൾ കലയോടും ചില സമയങ്ങളിലെങ്കിലും കലാകാരനോടും നീതി പുലർത്തുന്നതല്ല എന്നത് ഖേദപൂർവ്വം പറയേണ്ടതുണ്ട്. വിലയിരുത്തലുകളിലെ ശരിതെറ്റുകളോ ഔചിത്യബോധങ്ങളോ പ്രസക്തമല്ലാത്ത,അത്രയ്ക്ക് ആഴത്തിൽ പതിഞ്ഞു പോയിട്ടുള്ള ചില പൊതു ബോധങ്ങൾ.

ആ പൊതുബോധങ്ങളുടെ ശസ്ത്രക്രിയയ്ക്ക് വിധേയരായ രണ്ടു കലാകാരന്മാരെക്കുറിച്ചാണ്…
കലാലോകത്തിന് അമൂല്യമായ സംഭാവനകൾ നൽകിയിട്ടുള്ള അതുല്യ കലാകാരന്മാരാണ് രണ്ടു പേരും. തങ്ങളുടെ മേഖലയിൽ എതിരാളികളില്ലാതെ തിളങ്ങിയവർ, കുത്തകവൽക്കരണത്തിനു കാരണമായവർ, അതിലുപരി സ്വന്തം കലാസപര്യയുടെ കച്ചവടമൂല്യമെന്തെന്ന് വളരെ കൃത്യമായി തിരിച്ചറിഞ്ഞവർ, സംഗീതനിർമ്മാണം ബിസിനസ്സ് സംരംഭമായി നടത്തിയവർ..ഇവർ വിമർശനത്തിനതീതരാണെന്ന വാദം എനിക്കില്ല.പക്ഷെ വിമർശനത്തിന്റെ മാനദണ്ഡം എന്താണ് അല്ലെങ്കിൽ എന്തായിരിക്കണം?

ഈ ഗായകന്റെ പാട്ട് എനിക്കിഷ്ടമല്ല, അത് അദ്ദേഹം പാടുന്നതിലെ X, Y, Z പോരായ്മകൾ മൂലമാണ് എന്ന് പറയുന്നത് ക്രിയാത്മക വിമർശനമാണ്. പക്ഷെ അങ്ങിനെ പറയുന്ന എത്ര പേരെ നിങ്ങൾക്ക് കാണാൻ സാധിക്കും? നന്നെ കുറവാണ്.പക്ഷെ ആ ഗായകൻ സെൽഫി എടുക്കാത്തതിനെ വിമർശിക്കും, ചായ കുടിച്ച ഗ്ളാസ്സ് കഴുകി വച്ചില്ല എന്ന് ആക്ഷേപിക്കും, സ്റ്റേജിൽ ചിരിച്ചു സംസാരിക്കുന്നില്ല എന്ന് ആരോപിക്കും.
അത്തരം സമീപനത്തിലെ പൊള്ളത്തരമാണ് നാം തിരുത്തേണ്ടത്.

ഒരു കലാകാരനെ നമുക്ക് പരിചയം അദ്ദേഹത്തിന്റെ കലാസൃഷ്ടികളിലൂടെ മാത്രമാണ്. ആ കലാകാരൻ സമൂഹത്തോട് സംവദിക്കുന്ന ബിന്ദുക്കളിൽ മാത്രമേ അദ്ദേഹത്തെ വിലയിരുത്താൻ നമുക്കവകാശമുള്ളൂ. അല്ലാതെ ഒരു കലാകാരന്റെ വ്യക്തിത്വത്തെയും സ്വകാര്യഇടപെടലുകളേയും വിചാരണയ്ക്കു വയ്ക്കാൻ നമുക്ക് എന്ത് അവകാശമാണുള്ളത്?

“ബഹുജനം പലവിധം“ എന്നൊരു ചൊല്ലുണ്ട്. കലാകാരന്മാരെ സംബന്ധിച്ചിടത്തോളവും ഇത് വളരെ ശരിയാണ്. നാനാവിധത്തിലുള്ള മനുഷ്യസഹജമായ സ്വഭാവഗുണഗണങ്ങൾ പ്രകടിപ്പിക്കുന്നവരാണ് ഈ കലാകാരന്മാരത്രയും. നമ്മൾ നമ്മുടെ ഭാവനയിൽ സൃഷ്ടിച്ചു വച്ചിട്ടുള്ള ഉദാത്തമധുരമനോജ്ഞവിനയാന്വിത വ്യക്തിത്വത്തിന്റെ ചട്ടക്കൂടുകളിൽ ഇവർ ഒതുങ്ങി നിൽക്കണം എന്ന് നാം വാശി പിടിക്കുന്നത് എന്തിനാണ്? നമ്മളിൽ പലരും പല വിധത്തിലുള്ള സ്വഭാവക്കാരല്ലെ, നമ്മുടെ സ്വകാര്യത നൽകുന്ന സുരക്ഷയ്ക്കകത്തിരുന്നു കൊണ്ട് പൊസിറ്റീവായ കാരണങ്ങൾ കൊണ്ട് ഓർക്കപ്പെടേണ്ട കലാകാരന്മാരെ വ്യക്തിവിചാരണ നടത്തുന്നത് യുക്തിക്കു നിരക്കുന്നതാണോ?

സഹജീവികളെയോ സതീർത്ഥ്യരെയോ നാളിതു വരെ വേദനിപ്പിക്കാത്ത, കാശ് കൃത്യമായി കണക്കു പറഞ്ഞു വാങ്ങാത്ത, ഒരു ചെറിയ കസേരയെങ്കിലും സ്വന്തമായി പണി തീർത്താൽ അതിന്റെ പേരിൽ അഹങ്കരിക്കാത്ത, സ്റ്റേജിൽ കയറിയാൽ പ്രഭാഷണമികവു കാണിക്കുന്ന, നാലു പേർ പൊക്കിപ്പറഞ്ഞാൽ അതിലൊന്നും വീഴാത്ത വ്യക്തിത്വപൂർണ്ണതയുള്ളവരാണോ ഇവരൊഴിച്ചുള്ള നാം സാധാരണക്കാരത്രയും? ഓർക്കുക, നിങ്ങളുടെ സ്വകാര്യതയിൽ, തൊഴിലിടങ്ങളിൽ വികാരപ്രകടനങ്ങൾ നടത്തുമ്പോൾ നിങ്ങളുടെ മുഖത്തേക്ക് ഒരു ക്യാമറയും ഫോക്കസ് ചെയ്യപ്പെടുന്നില്ല. പക്ഷെ ഈ രണ്ടു പേർ ചെയ്യുന്ന പാതകങ്ങളത്രയും പലരും ഏറ്റു പിടിക്കുന്നതും ഗോസിപ്പ് കോളങ്ങൾ നിറയ്ക്കുന്നതും സ്റ്റുഡിയോയ്ക്കകത്തു നിന്ന് ഇവയൊക്കെ നേരിട്ട് കണ്ടനുഭവിച്ചത്രയും ആധികാരികതയിലാണ്.

അവയിൽ വാസ്തവമുണ്ടോ ഇല്ലെയോ എന്നതല്ല വിഷയം. അതു നിങ്ങളെ ബാധിക്കുന്നതെങ്ങിനെ, നിങ്ങൾക്കു പ്രസക്തമാകുന്നതെങ്ങിനെ, അതു മൂലം അവരുടെ കലാസൃഷ്ടികളുടെ മാറ്റു കുറയുന്നതെങ്ങിനെ എന്നതാണ് ചോദ്യം.ആ ഗായകൻ വളരെ മോശപ്പെട്ട മനുഷ്യനാണ് – നിങ്ങൾ X പറഞ്ഞതു കേട്ടിട്ടില്ലേ?, Y പറഞ്ഞതു കേട്ടിട്ടില്ലേ? ശരിയാണ്, അങ്ങിനെ പലരും പലതും പറഞ്ഞിട്ടുണ്ടാകും. അതിൽ വാസ്തവവുമുണ്ടാകും. പക്ഷെ അത് രണ്ടു വ്യക്തികൾ തമ്മിലുള്ള അഭിപ്രായവ്യതാസം മാത്രമാണ്. അതിൽ എതിർകക്ഷിക്ക് പറയാനുള്ളതെന്തെന്ന് നാം ഇതു വരെ അന്വേഷിച്ചിട്ടുണ്ടോ? അതു കേൾക്കാതെ X or Y പറയുന്നതു മാത്രം വിശ്വസിച്ച് വിധിയെഴുതുന്നത് ശരിയായ പ്രവണതയാണോ?

രസകരമായ വസ്തുത എന്തെന്നാൽ, നമ്മൾ മറ്റു പലർക്കും പലവിധത്തിലുള്ള ഇളവുകളും അനുവദിച്ചു കൊടുക്കുമ്പോഴാണ് ഗന്ധർവ്വനെയും രാഗദേവനേയും നിശിതമായി വിമർശിക്കുന്നത്. ഗന്ധർവ്വൻ പറയുന്നതിൽ അഹങ്കാരം കാണുന്ന നമ്മൾ ഭാവഗായകന്റെ രീതികൾ വകവച്ചു കൊടുക്കും. സംഗീതസൃഷ്ടിയിൽ രാഗദേവൻ തികഞ്ഞ അഹങ്കാരവും കണിശതയും കാണിക്കുന്നു എന്ന് ആരോപിക്കുന്ന നമ്മൾ ദേവരാഗങ്ങളുടെ രാജശില്പിയെ അതേ ഗുണത്തിന്റെ പേരിൽ വാഴ്ത്തിപ്പാടും. റോയൽറ്റി വിഷയത്തിൽ ഗന്ധർവ്വനെയും രാഗദേവനേയും കുറ്റപ്പെടുത്തുന്ന നമ്മൾ അതേ വിഷയത്തിൽ ഭാരതത്തിന്റെ വാനമ്പാടിയുടെ നിലപാടുകൾക്ക് ഇളവു നൽകും.

ഈ രണ്ടു വ്യക്തികൾ മാത്രം പൊതുബോധങ്ങളിലെ അത്യുദാത്തമായ വ്യക്തിസങ്കല്പങ്ങളിൽ നിന്ന് അണുവിട വ്യതിചലിക്കരുതെന്ന് നാം വാശി പിടിക്കുന്നു. അവരുടെ സ്വകാര്യതകളിൽ പോലും (അങ്ങിനൊന്നില്ലല്ലോ പലപ്പോഴും) മനുഷ്യസഹജമായ ദൗർബല്യങ്ങളേതും പ്രകടിപ്പിക്കാതെ പൂർണ്ണതയാർജ്ജിച്ച വ്യക്തിത്വങ്ങളായി ഇടപഴകണമെന്നു നാം ആഗ്രഹിക്കുന്നു..
ഒരു പക്ഷെ മറ്റേതു കലാകാരന്മാരേക്കാളും ഇവർ തങ്ങളുടെ കലാജീവിതം തീവ്രമായ അഭിനിവേശത്തോടെ പരിപാലിച്ചിട്ടുണ്ട്, തദ്വാരാ അതിവിപുലമായ ജനസ്വീകാര്യതയിലും വിഗ്രഹവൽക്കരണത്തിലും കലാശിച്ചിട്ടുണ്ട്. അതാണോ നാം ഈ കലാകാരന്മാർക്ക് യാതൊരു ഇളവും അനുവദിച്ചു കൊടുക്കാതിരിക്കാൻ കാരണം?

കലാപരമായി വിമർശിക്കുവാൻ കഴിയാത്തതു കൊണ്ടല്ലേ നാം വ്യക്തിഹത്യയുടെ പാത പലപ്പോഴും സ്വീകരിക്കാറുള്ളത്? വിഗ്രഹവൽക്കരണത്തെ ഏതു വിധേനയും തച്ചുടയ്ക്കാൻ വേണ്ടില്ലേ വെറും ഗോസിപ്പ് നിലവാരമുള്ള ആരോപണങ്ങൾ നാം നിരന്തരം തൊടുത്തു വിടുന്നത്?
ഈ കലാകാരന്മാരാരും പൊതുബോധത്തിന് സ്വീകാര്യമാകും വിധം പബ്ളിക് റിലേഷൻസ് നിലനിർത്തി മഹാന്മാരായവരല്ല. സംഗീതം മാത്രമായിരുന്നു അവരുടെ കൈമുതൽ. ഗന്ധർവ്വഗായകന് അങ്ങ് ഹിന്ദിലോകത്ത് വരെ സ്വീകാര്യതയുണ്ടാക്കിക്കൊടുത്തത് അദ്ദേഹത്തിന്റെ ശുഭ്രവസ്ത്രത്തിന്റെ മഹിമയല്ല, മറിച്ച് അദ്ദേഹത്തിന്റെ ആലാപനമികവാണ്. രാഗദേവന്റെ സംഗീതം ലഭിക്കാനായി നിർമ്മാതാക്കളും സംവിധായകരും മണിക്കൂറുകളോളം ക്യൂ നിന്നതും അദ്ദേഹത്തിന്റെ ആദ്ധ്യാത്മികചിന്തകൾ കണ്ടിട്ടല്ല, ആ സംഗീതത്തിനു മൂല്യമുണ്ടായിരുന്നതു കൊണ്ടാണ്. ഏതു ഘട്ടത്തിലും അതു വേണ്ട എന്നു വയ്ക്കാനുള്ള അവകാശവും സൗകര്യവും സിനിമാലോകത്തിനും ആസ്വാദകലോകത്തിനും ഉണ്ടായിരുന്നല്ലോ.

 

ബഹുഭൂരിപക്ഷം പേരും എന്തു കൊണ്ട് അതു ചെയ്തില്ല?.
ഈഗോ എന്നത് വ്യക്തിത്വത്തിന്റെ ഭാഗമാണ്, മനസ്സിന്റെ വ്യാപാരമാണ്. ആ ഈഗോയും ഒരു പക്ഷെ ഇവരുടെ സംഗീതശില്പങ്ങളെ മഹത്തരമാക്കുന്നതിൽ പങ്കു വഹിച്ചിട്ടുണ്ടാകാം. എല്ലാവരോടും സരസമായി പെരുമാറുന്ന, ധാർമ്മികതയുടെ അളവുകോലുകളിൽ കൃത്യമായി ഒട്ടിച്ചേർന്നു നിൽക്കുന്ന, നാളിതുവരെ കുറ്റങ്ങളോ കുറവുകളോ ഒന്നും ചൂണ്ടിക്കാണിക്കാനില്ലാത്ത ഒരു വ്യക്തി പാടുന്ന പാട്ടാണോ അതോ ഇതൊന്നും ഇല്ല എന്നു നാം ആരോപിക്കുന്ന ഗന്ധർവ്വന്റെ പാട്ടു കേൾക്കാനാണോ നാം ഇഷ്ടപ്പെടുക? Definitely I prefer the second, provided they meet the musical standards they had set. ഒരു സാധാരണ ആസ്വാദകനായ എന്നെ സംബന്ധിച്ചിടത്തോളം ഒരു കലാകാരൻ്റെ കലാസൃഷ്ടിയിലെ മൂല്യവും ഏറ്റക്കുറച്ചിലുകളുമാണ് എനിക്ക് പ്രധാനം, അല്ലാതെ അവർ പൊതു ഇടങ്ങളിൽ എന്തു സംസാരിക്കുന്നു, എങ്ങിനെ പെരുമാറുന്നു എന്നതല്ല.

അതിനർത്ഥം ഇവരാരും വിശുദ്ധരാണെന്നുമല്ല. ഇവരെ വിശുദ്ധവൽക്കരിക്കാനോ മഹത്വവൽക്കരിക്കാനോ ഒരുദ്ദേശവുമില്ല. വിമർശനാർഹമായ പല സമീപനങ്ങളും ഇവരുടെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ട്. അത്തരം സമീപനങ്ങളോടും നിലപാടുകളോടും എതിർപ്പ് പ്രകടിപ്പിക്കേണ്ടതുമുണ്ട്. ഇവരുടെ കലാസംഭാവനകൾ അതുല്യമാണെന്നതിന്റെ പേരിൽ അതിന്റെ ഉപോല്പന്നങ്ങളെയും അതേ രീതിയിൽ തന്നെ സ്വീകരിക്കേണ്ട ഒരു ബാധ്യതയും ആസ്വാദകനോ പൊതു സമൂഹത്തിനോ ഇല്ല. അതു പോലെ തന്നെ അന്ധമായ ആരാധനയുടെ ബാധ്യതയും നാം പേറേണ്ടതില്ല. ചെറിയ വിമർശനത്തെ പോലും വൈകാരികമായി കൈകാര്യം ചെയ്യുന്ന “ഭക്ത“ രീതികളോടും തീരെ യോജിപ്പില്ല. വ്യക്തിഹത്യയും ഭക്തിയും ഒരു പോലെ അപകടകരമാണ് – ആരോഗ്യകരമായ ഏതൊരു സംവാദത്തെയും, ചർച്ചയെയും അത് വഴി തിരിച്ചു വിടും.

ഇവരുടെ പാട്ടുകൾ എല്ലാവരും ഇഷ്ടപ്പെട്ടു കൊള്ളണം എന്ന് ഒരു നിർബന്ധവുമില്ല. നമ്മുടെ രസനകൾക്ക് ഉൾക്കൊള്ളാൻ കഴിയാത്ത എന്തെങ്കിലും ഇവരുടെ സംഗീതോല്പന്നങ്ങളിലുണ്ടെങ്കിൽ അതിന്റെ പേരിൽ നമുക്ക് വിയോജിക്കാം, ഇഷ്ടമല്ലെന്നു പറയാം, വിമർശിക്കാം, തള്ളിപ്പറയാം. പക്ഷെ കലയ്ക്കു പുറത്തുള്ള വിയോജിപ്പുകൾ മൂലം ഇവരുടെ സംഗീതം മോശമാണെന്നു പറയുന്ന രീതി നാം തീർച്ചയായും തിരുത്തേണ്ടതുണ്ട്. അത്തരത്തിലുള്ള പൊതുബോധം ഈ കലാകാരന്മാരുടെ നാളിതുവരെയുള്ള സംഗീതസംഭാവനകളെ റദ്ദു ചെയ്യുന്നതിനു തുല്യമാണ്. They deserve to be mentioned for good first, rest is secondary.
എന്തു തെരഞ്ഞെടുക്കണമെന്നത് നമ്മുടെ ചോയിസാണ്. ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും രക്തം തേടുന്നവരാകരുത് നമ്മൾ.

സമീപകാലത്ത് ഈ രണ്ടു കലാകാരന്മാരോടുമുള്ള മലയാളികളുടെ സമീപനം ഒരു നിർമ്മിതി ആയി മാറുന്നോ എന്ന സംശയം കൊണ്ടാണ് ഇത്രയും എഴുതിയത്. അവരുടെ പല നിലപാടുകളും അതിനു കാരണമായിട്ടുണ്ട് എന്ന് അംഗീകരിച്ചു കൊണ്ടു തന്നെ.നമ്മുടെ ബാല്യ-കൗമാര-യൗവ്വനങ്ങൾ ധന്യമാക്കിയ അതുല്യകലാകാരന്മാർ തന്നെയാണിവർ. അവർ അടുത്ത തലമുറയ്ക്കും പരിചിതരാകേണ്ടത് പൊസിറ്റീവായ രീതിയിൽ തന്നെയാണ്.അത് അവർ മറന്നു പോയാലും നാം മറക്കാൻ പാടുള്ളതല്ല.
************
നാളിതു വരെ ഒരൊറ്റ ഹിന്ദി ആസ്വാദകനും ഗന്ധർവ്വന്റെ ഹിന്ദി ഉച്ചാരണം മോശമാണെന്നു പറഞ്ഞു ഞാൻ കേട്ടിട്ടില്ല.പക്ഷെ ഒരു പാട് മലയാളികൾ അതു പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്. രാമനാഥന്മാർക്ക് ഹിന്ദി സാഹിത്യവും വശംണ്ടൊ?

Leave a Reply

Your email address will not be published. Required fields are marked *

LATEST

ശിവാജി ഭരിച്ചിരുന്നത് 1674 മുതൽ 1680 വരെ, എഡിസൺ വൈദ്യുത ബൾബ് കണ്ടു പിടിച്ചത് 1880 ൽ, അക്ഷയ്കുമാറിന്റെ ശിവാജിയെ ട്രോളുകാർ ഏറ്റെടുത്തു

മറാഠരുടെ അഭിമാനമായ ഛത്രപതി ശിവജിയെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ബോളീവുഡിന്റെ സ്വന്തം അക്ഷയ്കുമാർ.അക്ഷയ് കുമാര്‍

ആനക്കൊമ്പ് കേസ്, മോഹൻലാൽ നിയമലംഘനം നടത്തിയില്ലെന്ന് സർക്കാർ, ഒരു സാധാരണക്കാരന് ഈ ഇളവ് നൽകുമോ എന്ന് സർക്കാരിനോട് കോടതി

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസില്‍ സർക്കാർ മോഹൻലാലിന് അനുകൂലമായും ഹൈക്കോടതി സർക്കാരിനെ തിരുത്തിയും പറഞ്ഞതാണ്

“അച്ഛനമ്മാർ ഉണ്ടാക്കിയ സ്വർണമിട്ട് പട്ടുസാരിയും ഉടുത്ത് ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ ഇപ്പോഴും പെൺകുട്ടികൾക്ക് മനസ്സ് വരുന്നു ? ” സരയുവിന്റെ കുറിപ്പ്

അഭിനേത്രിയും ഹ്രസ്വ ചിത്ര സംവിധായകയുമാണ് സരയു മോഹന്‍.1990 ജൂലൈ 10ന് ജനനം. മോഹനന്‍,

“ഇന്ത്യൻ കോടതികളിൽ കെട്ടിക്കിടക്കുന്ന അരക്കോടി കേസുകൾക്ക് വേണ്ടി ഇത്രയും ഹൃദ്യമായി ഈ സിനിമയെടുത്തിരിക്കുന്നത് പോലീസുകാരനോ വക്കീലോ അല്ലാത്ത തരുൺ മൂർത്തിയാണ് “- കുറിപ്പ്

സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്ന് സൗദി വെള്ളക്കയെ പ്രകീർത്തിച്ച് സമൂഹ മാധ്യമങ്ങളിലെഴുതിയ