ഡയലോഗുകളിലെ “ശ്രീനി“ ത്വം
Nikhil Venugopal
“പ്രീഡിഗ്രി അത്ര മോശം ഡിഗ്രിയൊന്നുമല്ല..“
“എടാ ദാസാ.. ഏതാ ഈ അലവലാതി…“
“പോളണ്ടിനെക്കുറിച്ചൊരക്ഷരം മിണ്ടരുത്…“
ശ്രീനിവാസൻ എഴുതി, ശ്രീനിവാസൻ തന്നെ പറഞ്ഞ്, ശ്രീനിവാസൻ തന്നെ അഭിനയിച്ച ഡയലോഗുകളിൽ ചിലതാണിവ.
ശ്രീനിവാസൻ എന്ന നടനെക്കുറിച്ച് ഇന്നും ശരാശരി അഭിപ്രായം മാത്രമേയുള്ളൂ. പക്ഷെ ഈ ഡയലോഗുകൾ ശ്രീനിയല്ലാതെ മറ്റൊരു നടൻ പറഞ്ഞിരുന്നെങ്കിൽ, അഭിനയിച്ചിരുന്നെങ്കിൽ, ഇത്രയും പ്രഭാവമുണ്ടാകുമായിരുന്നോ? തീർച്ചയായും ഇല്ല. ആ ഡയലോഗുകൾ ശ്രീനിവാസൻ എഴുതിയത് അദ്ദേഹത്തിലെ നടനു വേണ്ടി തന്നെയായിരുന്നിരിക്കണം.
സ്വന്തം തിരക്കഥകളിലഭിനയിച്ചപ്പോൾ തന്നെയാണ് ശ്രീനിവാസൻ ഏറ്റവും നന്നായി സ്കോർ ചെയ്തിട്ടുള്ളത്. ശ്രീനിവാസൻ്റെ ഏറ്റവും മികച്ച വേഷങ്ങൾ ഓർത്തെടുക്കുമ്പോൾ നമുക്കതു ബോധ്യമാകും. സ്വന്തം തിരക്കഥകളിലല്ലാതെ അഭിനയിക്കേണ്ടി വന്നപ്പോഴൊക്കെ, (പ്രിയദർശനെ ഒഴിച്ചു നിർത്തിയാൽ) ശ്രീനിവാസൻ്റെ ഡയലോഗ് ഡെലിവറികളിലും ശരീരഭാഷകളിലും പതർച്ചകളനുഭവപ്പെട്ടിട്ടുണ്ട്. ഹിസ് ഹൈനസ് അബ്ദുള്ളയിലും ഫ്രണ്ട്സിലുമൊക്കെ ശ്രീനിയെക്കാണുമ്പോൾ lack of conviction ഭയങ്കരമായി അനുഭവപ്പെട്ടിട്ടുണ്ട്. (പൊന്മുട്ടയിടുന്ന താറാവ് ഒഴിച്ചു നിർത്താം.)
പ്രിയദർശൻ ചിത്രങ്ങൾ അതിനൊരപവാദമാണ്. ഒരു പക്ഷെ ശ്രീനി എന്ന കലാകാരനെ ഏറ്റവും നന്നായി മനസ്സിലാക്കിയ സംവിധായകരിലൊരാളാണ് പ്രിയദർശൻ. അതു കൊണ്ടു തന്നെയായിരിക്കണം ചിത്രത്തിലെ തമ്പ്രാനും തേന്മാവിൻ കൊമ്പത്തിലെ അപ്പക്കാളയും മേഘത്തിലെ ഓണർ ഷണ്മുഖനുമൊക്കെ ശ്രീനിവാസൻ്റെ പരിചിതമായ ശരീരഭാഷകൾക്ക് ഏറെ അനുയോജ്യമായ കഥാപാത്രങ്ങളായിത്തീർന്നത്.
ബാലചന്ദ്രമേനോനെ അക്കാര്യത്തിൽ ശ്രീനിയുമായി താരതമ്യപ്പെടുത്താമെന്നു തോന്നുന്നു. സ്വന്തമായി എഴുതിയ ഡയലോഗുകൾ തന്നെയായിരുന്നല്ലോ അദ്ദേഹത്തിൻ്റേയും സെല്ലിംഗ് പോയിൻ്റ്.