യേശുദാസിന്റെ ഹിന്ദി ഉച്ചാരണവൈകല്യത്തെ ഏറ്റവും കൂടുതൽ എടുത്തു പറഞ്ഞിട്ടുള്ളത് മലയാളികൾ തന്നെയാണ്‌

106

Nikhil Venugopal

യേശുദാസും ഹിന്ദി സിനിമാസംഗീതവും

ഒരു പാട് എഴുത്തുകളും നെഗറ്റീവ് കമന്റുകളും അഭ്യൂഹങ്ങളും ഈയൊരു വിഷയത്തിൽ കാണാനിടയായിട്ടുണ്ട്.യഥാർത്ഥത്തിൽ ഹിന്ദി സിനിമാസംഗീതത്തിൽ യേശുദാസ് എന്ന ഗായകന്റെ സ്ഥാനം എന്തായിരുന്നു?മലയാള സംഗീതത്തിൽ അദ്ദേഹത്തെ പരിചയപ്പെടാനിടയായ, ഇന്ത്യ കണ്ട ഏറ്റവും മികച്ച കമ്പോസർമാരിൽ ഒരാളായ സലിൽ ചൌധരി ആണ്‌ യേശുദാസിനെ ഹിന്ദിയിലേക്ക് കൊണ്ടു വരുന്നത്.ആദ്യം റിക്കാർഡ് ചെയ്തത് “ആനന്ദ് മഹൽ” ആയിരുന്നെങ്കിലും പുറത്തിറങ്ങിയത് “ഛോട്ടി സി ബാത്” എന്ന ചിത്രത്തിൽ സാക്ഷാൽ ആശാ ഭോൺസ്ലേയുമൊത്തുള്ള “ജാനേമൻ ജാനേമൻ” എന്ന യുഗ്മഗാനമാണ്‌.പാട്ട് ഹിറ്റായി, ഹിന്ദി രംഗത്ത് യേശുദാസ് കുറച്ചൊക്കെ ശ്രദ്ധിക്കപ്പെടാൻ തുടങ്ങി.

പിന്നാലെ വന്നത് രവീന്ദ്ര ജയിൻ ഈണമിട്ട “ചിത് ചോർ”. സിനിമയും ഹിറ്റായി, പാട്ടുകൾ സൂപ്പർ ഹിറ്റുകളായി.ഈയൊരൊറ്റ സിനിമയോടെ യേശുദാസ് ഹിന്ദി ഗാനാസ്വാദകരുടെ ഇടയിൽ തന്റെ അനിഷേധ്യമായ സ്ഥാനം ഉറപ്പിച്ചു. ഉത്തരേന്ത്യൻ ഗാനലോകത്ത് ചിത് ചോറിലെ ഗാനങ്ങൾ ഒരു തരംഗം തന്നെ തീർക്കുകയുണ്ടായി. യേശുദാസിന്‌ തന്റെ മൂന്നാമത്തെ ദേശീയ പുരസ്കാരവും ചിത് ചോർ നേടിക്കൊടുത്തു.

യേശുദാസിന്‌ ചിത് ചോർ നൽകിയ പ്രശസ്തി ചില്ലറയൊന്നും ആയിരുന്നില്ല. ഗൊരി തെരാ ഗാവ് എന്ന ഗാനം പാടുന്നതിനിടയിൽ യേശുദാസിന്‌ ചുമ വരുന്നതും അത് ഒഴിവാക്കാൻ ഒരു മരുന്നു നിർദ്ദേശിക്കുന്നതുമായ ഒരു പരസ്യം പോലും ദൂരദർശനിൽ അക്കാലത്ത് ഇറങ്ങുകയുണ്ടായി.പക്ഷെ യേശുദാസിന്‌ ആ നിലയിലുള്ള ഒരു തുടർച്ച നൽകാൻ ചിത് ചോറിന്റെ സ്വീകാര്യതയ്ക്കും കഴിഞ്ഞില്ല. 1982 വരെ ഓരോ വർഷങ്ങളിലും വിരലിലെണ്ണാവുന്നത്ര ഗാനങ്ങൾ. അത്ര മാത്രം.

പാടിയ ഗാനങ്ങളെല്ലാം എണ്ണം പറഞ്ഞവ… എന്നിട്ടും ഹിന്ദിയിൽ യേശുദാസിന്‌ സംഭവിച്ചതെന്താണ്‌?
വളരെ ശക്തമായ ഒരു കമ്മേർസ്യൽ ചട്ടക്കൂട് നിലനിന്നിരുന്ന കാലത്താണ്‌ യേശുദാസ് ഹിന്ദിയിൽ എത്തുന്നത്. അതായത് അമിതാഭ്-രാജേഷ് ഖന്ന-വിനോദ് ഖന്ന എന്നിങ്ങനെയുള്ള നായകരും കമ്മേർസ്യൽ സംഗീതത്തിൽ ആർ.ഡി.ബർമ്മനും കിഷോർ കുമാറും ഈ ചട്ടക്കൂടിനെ നിയന്ത്രിച്ചിരുന്ന കാലം. ഈ കമ്മേർസ്യൽ ഫോർമ്മറ്റിലേക്ക് കയറിച്ചെല്ലാൻ യേശുദാസിന്‌ കഴിഞ്ഞില്ല എന്നതാണ്‌ ഒരു കാരണം.ഓർക്കണം, അന്ന് കിഷോർ കുമാർ തന്റെ ജനപ്രീതിയുടെ ഔന്നത്യത്തിൽ നിൽക്കുന്ന കാലമാണ്‌. സാക്ഷാൽ മുഹമ്മദ് റഫിയെ പോലും ഏതാണ്ട് വിസ്മൃതിയിലേക്കു തള്ളി വിടാൻ മാത്രം ശക്തമായൊരു സ്വീകാര്യതയാണ്‌ അന്ന് കിഷോറിനുണ്ടായിരുന്നത്. സംഗീത സംവിധായകരുടേയും നായക നടന്മാരുടേയുമൊക്കെ തലമുറ മാറ്റം കൊണ്ട് കിഷോറിന്‌ തികച്ചും അനുകൂലമായൊരു കാലഘട്ടം.

യേശുദാസ് ഹിന്ദിയിലേക്ക് വരുന്നതോ? ഓഫ് ബീറ്റ് ചിത്രങ്ങളിലൂടെയും.യേശുദാസ് ഹിന്ദിയിൽ ആലപിച്ച മിക്ക ഗാനങ്ങളും ഓഫ്-ബീറ്റ് ചിത്രങ്ങളിലാണ്‌. അതായത് കാര്യമായ കമ്മേർസ്യൽ പിന്തുണയില്ലാത്ത, ലോ-ബഡ്ജറ്റ് ചിത്രങ്ങൾ. അവയാകട്ടെ അന്നത്തെ ഹിന്ദി സിനിമയിൽ എണ്ണം കൊണ്ട് കുറവും.പ്രത്യേകിച്ച് ഒരു ബാനറിന്റേയോ വൻകിട സംഗീതസംവിധായകരുടേയോ ഒന്നും ചിത്രങ്ങൾ അദ്ദേഹത്തിന്‌ ലഭിച്ചതുമില്ല. ബസു ചാറ്റർജ്ജി മാത്രമാണ്‌ യേശുദാസിന്‌ മിക്കവാറും അവസരങ്ങൾ നൽകിയ ഒരു സംവിധായകൻ. പിന്നെ സംഗീത സംവിധായകരായി രവീന്ദ്ര ജയിൻ, സലിൽ ചൌധരി, രാജ് കമൽ, ബപ്പി ലഹിരി എന്നിവർ. ഇതൊന്നും യേശുദാസിന്‌ സുസ്ഥിരമായ ഒരു അവസരത്തുടർച്ച നൽകാൻ പര്യാപ്തമായിരുന്നില്ല.

അതു പോലെത്തന്നെ ഏതെങ്കിലും ഒരു നടന്‌ അനുയോജ്യമായ ശബ്ദം എന്ന നിലയിലുള്ള ഒരു ചേർച്ചയും യേശുദാസിനുണ്ടായില്ല. ഏടുത്തു പറയാവുന്നത് അമോൽ പലേകർ എന്നൊരു നാമം മാത്രമാണ്‌. വളരെയേറെ ചർച്ച ചെയ്യപ്പെട്ട ഒരു കാര്യമാണ്‌ യേശുദാസിന്റെ ഉച്ചാരണം.മലയാളം ഒഴിച്ചുള്ള എല്ലാ ഭാഷകളിലും യേശുദാസിന്‌ ഉച്ചാരണ പ്രശ്നം ഉണ്ടായിരുന്നു. തമിഴിൽ “തിരുക്കോവിൽ” എന്നത് “തെരുക്കോവിൽ” എന്നുച്ചരിച്ചതിനെത്തുടർന്നുണ്ടായ പ്രശ്നങ്ങൾ ഓർക്കുക. പാടുന്നത് ഏത് ഭാഷയിലാണെങ്കിലും അതിൽ വ്യക്തമായ ഒരു മാതൃഭാഷാ സ്വാധീനം-മലയാള സ്വാധീനം, യേശുദാസിന്‌ ഉണ്ടായിട്ടുണ്ട്.

അത് തികച്ചും സ്വഭാവികമായ ഒന്നാണ്‌. കലയും സംഗീതവും ഭാഷയും സംസ്കാരവുമെല്ലാം വളരെ പരസ്പരപൂരകങ്ങളാണ്‌. എല്ലാ കലാരൂപങ്ങൾക്കും ഈ സ്വാധീനം ഉണ്ടാവും. ഇവ മറ്റു സംസ്കാരവൈവിധ്യങ്ങൾക്കിടയിലേക്ക് പറിച്ചു നടുക അത്ര എളുപ്പമല്ല. ഇളയരാജയുടെ “മാങ്കുയിലേ പൂങ്കുയിലേ” പോലൊരു ഗാനം ഹിന്ദിയിലോ, എന്തിന്‌ മലയാളത്തിലോ പോലും ഏടുത്താൽ നന്നാവില്ല. കാരണം ആ ഗാനം തമിഴ് ഭാഷയും സംസ്കാരവുമായി അത്രയേറെ ആഴത്തിൽ ബന്ധിക്കപ്പെട്ടിട്ടുണ്ട്.

മലയാളത്തിലെ ഉച്ചാരണസംസ്കാരവുമായി അത്രയേറെ ഇണങ്ങിക്കഴിഞ്ഞിരുന്ന യേശുദാസിന്‌ മറ്റു ഭാഷകളിലെ ഉച്ചാരണം പരിപൂർണ്ണമാകാത്തതിൽ അത്രകണ്ട് അതിശയിക്കാനൊന്നുമില്ല തന്നെ. (മറിച്ചൊന്നു ചിന്തിച്ചു നോക്കൂ, ഏതെങ്കിലുമൊരു അന്യഭാഷാ ഗായകന്‌ മലയാളത്തിൽ എന്തെങ്കിലുമൊരു ഇമ്പാക്ട് ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ടോ?)

വിചിത്രമായിത്തോന്നിയിട്ടുള്ള ഒരു വസ്തുത എന്താണെന്നാൽ, യേശുദാസിന്റെ ഹിന്ദി ഉച്ചാരണവൈകല്യത്തെ ഏറ്റവും കൂടുതൽ എടുത്തു പറഞ്ഞിട്ടുള്ളത് എന്റെ അനുഭവത്തിൽ മലയാളികൾ തന്നെയാണ്‌ എന്നതാണ്‌.ഹിന്ദി സിനിമാ ലോകത്ത് ഇന്നും യേശുദാസ് പാടിയ പാട്ടുകൾക്ക് ഒരുപാട് ആരാധകരുണ്ട്. അവർ ഓർക്കുന്നത് ആ പാട്ടുകളുടെ മാധുര്യമാണ്‌, അവയിലെ യേശുദാസിന്റെ ആലാപനമികവാണ്‌, മറിച്ച് ഉച്ചാരണവൈകല്യമല്ല. ആ ഒരു കുറവ് നില നിൽക്കെത്തന്നെയാണ്‌ ആ പാട്ടുകൾക്ക് ഇന്നും വ്യപകമായി ഓർക്കപ്പെടുന്നത്. സമൂഹമാധ്യമങ്ങളിൽ, പ്രത്യേകിച്ച് യൂട്യൂബിൽ അദ്ദേഹത്തിന്റെ ഗാനങ്ങൾക്കു താഴെ ലഭിക്കുന്ന മലയാളികൾ അല്ലാത്തവരുടെ കമന്റുകൾ വായിച്ചാൽ മതി, ഈ കാര്യം വ്യക്തമാവാൻ.

യേശുദാസ് ആലപിച്ച ചിത്രങ്ങളിൽ മികവയും കച്ചവടപരമായി വലിയ വിജയങ്ങളൊന്നും ആയിരുന്നില്ല. ചിലവ തീരെ ശ്രദ്ധിക്കപ്പെടുക പോലും ചെയ്തില്ല.മേൽപ്പറഞ്ഞ എല്ലാ പരിമിതകൾക്കുമുള്ളിൽ നിന്നു കൊണ്ടാണ്‌ വളരെ ചുരുങ്ങിയ ഗാനങ്ങൾ മാത്ര ആലപിച്ച യേശുദാസ് ഹിന്ദിയിൽ ഒരു ദേശീയ പുരസ്കാരം, ഒരു ഫിലിം ഫെയർ പുരസ്കാരം, 2 നോമിനേഷനുകൾ എന്നിവ നേടിയത്.ഹിന്ദിയിൽ നിന്നും അദ്ദേഹത്തെ ചില ലോബികൾ പുറത്താക്കിയതാണ്‌ എന്നൊക്കെയുള്ള വാദങ്ങൾ മലയാളികൾ സ്ഥിരമായി ഉന്നയിക്കാറുണ്ട്. അവയിൽ എന്തെങ്കിലും വസ്തുതകളുണ്ടോ എന്ന കാര്യത്തിൽ എനിക്കറിവില്ല. പക്ഷെ മേൽപ്പറഞ്ഞവ തന്നെ അദ്ദേഹം ഹിന്ദിയിൽ സജീവമാവാത്തതിന്‌ മതിയായ കാരണങ്ങളാണ്‌. മലയാളത്തിലും തമിഴിലും നിന്നു തിരിയാൻ സമയമില്ലാതിരുന്ന കാലത്ത് ഇടയ്ക്കിടെ ബോംബെയ്ക്കു പറന്ന് വളരെ കഷ്ടപ്പെട്ട് ഉച്ചാരണം ശരിയാക്കി ഹിന്ദി പാടേണ്ടി വരുന്നത് കൊണ്ട് ഹിന്ദിയിൽ തുടരാൻ യേശുദാസും ചിലപ്പോൾ വലിയ താല്പര്യം കാണിച്ചിരിക്കാനിടയില്ല. (അക്കാലത്ത് ഇൻഡ്യൻ എയർലൈൻസിന്റെ ഫ്രീക്വന്റ് ഫ്ളയർ അവാർഡ് യേശുദാസിനു ലഭിച്ചിരുന്നു എന്ന് കേട്ടിട്ടുണ്ട്)

പക്ഷെ യേശുദാസ് ഹിന്ദിയിൽ പാടിയ പാട്ടുകൾ എല്ലാം തന്നെയും മധുരതരങ്ങളാണ്‌. ആ ഗാനങ്ങളുടെ പേരിൽ അദ്ദേഹം ഇന്നും ഹിന്ദി സംഗീത ലോകത്ത് ബഹുമാനിക്കപ്പെടുന്നു.അദ്ദേഹത്തിന്റെ ഹിന്ദി ഗാനങ്ങളുടെ ഏറ്റവും വലിയ പ്രത്യേകതയായി എനിക്കു തോന്നിയിട്ടുള്ളത് എന്തെന്നാൽ യേശുദാസ് പാടിയ പാട്ടുകളും അവ ഉൾക്കൊള്ളുന്ന സിനിമകളും – അവയിൽ ഭൂരിഭാഗവും ഇന്ന് ഓർക്കപ്പെടുന്നത് യേശുദാസ് പാടിയ പാട്ടുകൾ/സിനിമകൾ എന്ന നിലയ്ക്കു മാത്രമാണ്‌. അദ്ദേഹത്തിന്‌ പാട്ടുകൾ നൽകിയ സംഗീത സംവിധായകരുടെ സംഭാവനകളെ ഒട്ടും കുറച്ചു കാണുന്നില്ല, എങ്കിൽ പോലും ആ പാട്ടുകൾ കേൾക്കുമ്പോൾ ആദ്യം നമ്മെ സ്വാധീനിക്കുന്നത് യേശുദാസിന്റെ ആലാപനമാണ്‌.“മാനാ ഹൊ തും” – ഒരു ഗാനം യേശുദാസിന്റെ പേരിൽ മാത്രം ഓർക്കപ്പെടുന്നതിന്റെ ഏറ്റവും നല്ല ഉദാഹരണം.അഭിപ്രായങ്ങളും അനുമാനങ്ങളും തികച്ചും വ്യക്തിപരം