മലയാളസിനിമയിലെ തൃശ്ശൂരും “തൃശ്ശൂരിസവും”
കേരളത്തിലെ ആദ്യത്തെ സിനിമാ തിയ്യെറ്ററാണ് തൃശൂർ ജോസ്.മലയാളത്തിലെ ആദ്യത്തെ നിയോ-റിയലിസ്റ്റിക് ചിത്രമായ “ന്യൂസ് പേപർ ബോയ്” സംവിധാനം
232 total views

Nikhil Venugopal
മലയാളസിനിമയിലെ തൃശ്ശൂരും “തൃശ്ശൂരിസവും”
കേരളത്തിലെ ആദ്യത്തെ സിനിമാ തിയ്യെറ്ററാണ് തൃശൂർ ജോസ്.മലയാളത്തിലെ ആദ്യത്തെ നിയോ-റിയലിസ്റ്റിക് ചിത്രമായ “ന്യൂസ് പേപർ ബോയ്” സംവിധാനം ചെയതത് തൃശ്ശൂർക്കാരനായ പി.രാംദാസ് ആണ്. ഔട്ട്ഡോർ ഷോട്ടുകൾ കുറേയൊക്കെ ഷൂട്ട് ചെയ്തത് തൃശ്ശൂർ പട്ടണത്തിലും.
തീർന്നു.
പിന്നീട് കുറേക്കാലം സിനിമാക്കാര് തൃശ്ശൂർക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. തൃശ്ശൂരിൽ ഷൂട്ട് ചെയ്ത ചിത്രങ്ങൾ വളരെ വളരെ വിരളം ആണെന്നാണ് അറിവ്. തൃശ്ശൂരെന്ന് ഉദ്ദേശിച്ചത് പഴയ തൃശ്ശൂർ മുനിസിപ്പൽ പരിധിയാണ്. കൊടുങ്ങല്ലൂർ-തൃപ്രയാർ-ചേറ്റുവ-ഗുരുവായൂർ-കുന്ദംകുളം-വടക്കാഞ്ചേരി-പാഞ്ഞാൾ-മായന്നൂർ-തിരുവില്വാമല എന്നിവയൊന്നും ഉദ്ദേശിച്ചിട്ടില്ല.
മോഹന്റെ ചില ചിത്രങ്ങളിൽ തൃശ്ശൂരിന്റെ ഒളിവെട്ടങ്ങൾ കണ്ടിട്ടുണ്ട്.(മോഹൻ തൃശ്ശൂർക്കാരൻ ആണല്ലോ). “ഇളക്കങ്ങ” ളിൽ പൂങ്കുന്നം റെയിൽവേ സ്റ്റേഷൻ കാണാം. “ആലോല” ത്തിലെ പൂരം ഷൂട്ട് ചെയ്തത് ചാത്തക്കുടം അമ്പലത്തിലോ മറ്റോ ആണെന്നാണ് ഓർമ്മ.
അത്രയേ ഉള്ളൂ.
തിയ്യറ്ററുകളാകട്ടെ, വെറും മൂന്ന് പ്ലസ് ഒന്ന് തിയ്യറ്ററുകളാണ് തൃശ്ശൂരിൽ തലയെടുപ്പുള്ള റിലീസിംഗ് സെന്ററുകൾ. ജോസ്, രാഗം, രാംദാസ്, പിന്നെ സപ്ന എന്ന പഴയ രാമവർമ്മ. പലപ്പോഴും ഉൽസവ സീസൺ ഒക്കെ വരുമ്പോൾ ചില സിനിമകൾക്ക് തൃശ്ശൂരിൽ റിലീസിംഗ് തിയ്യറ്റർ കിട്ടാത്ത സംഭവങ്ങൾ ഉണ്ടാകാറുണ്ട്. മാത പുനരുദ്ധരിച്ച് ബിന്ദു ആയെങ്കിലും “കിലുക്കം” അല്ലാതെ ഓർമ്മിക്കത്തക്കതായ ചിത്രങ്ങളൊന്നും അവിടേയും കണ്ടിട്ടില്ല.
അതെന്താ സിനിമാക്കാരേ, തൃശ്ശൂരിനെ തവിടു കൊടുത്തു വാങ്ങിയതാണോ എന്ന് ചോദിക്കാൻ തോന്നിയിട്ടുണ്ട് പലപ്പോഴും.
പറയുമ്പോൾ ഒരു പാട് സിനിമാപ്രവർത്തകരെ സംഭാവന ചെയ്ത സ്ഥലമാണ് തൃശ്ശൂർ. തൃശ്ശൂരിന് സ്വന്തമായി ഒരു സത്യൻ അന്തിക്കാടും ഉണ്ട്. പക്ഷെ അദ്ദേഹത്തിനിഷ്ടം കോഴിക്കോടും പാലക്കാടും ആയിരുന്നു. നാടോടിക്കാറ്റിൽ മോഹൻലാൽ പറയുന്ന “എന്റെ വീട് തൃശ്ശൂർനട്ത്താണ്” എന്നു പറയുന്ന ഡയലോഗിൽ തീർന്നു അദ്ദേഹത്തിന്റെ സിനിമയിലെ തൃശ്ശൂർ. (കുറ്റം പറഞ്ഞതല്ലാട്ടോ…)
അങ്ങിനെ ഒരു പാടു കാലം മലയാള സിനിമയിൽ തൃശ്ശൂരും “തൃശ്ശൂരിസ” വും ഇല്ലാതിരുന്നു. (ടി.ജി.രവി, ഇന്നസെന്റ്, സി.ഐ.പോൾ, കലാഭവൻ മണി എന്നിവരുടെ തൃശ്ശൂർ ഭാഷയെ തൃശ്ശൂരിസത്തിൽ ഉൾപ്പെടുത്തുന്നില്ല.)
ആദ്യമായിട്ട് തൃശ്ശൂർക്കാർക്ക് “മ്മടെ സ്വന്തം” എന്നു പറയാൻ ഒരു സിനിമയുണ്ടാകുന്നത് “തൂവാനത്തുമ്പികൾ” ആണ്. അതിൽ തൃശ്ശൂരും തൃശ്ശൂരിസവും ഒക്കെ ധാരാളം ഉണ്ടായിരുന്നു. ഇന്ന് പലരും ക്ളാര-മഴ-ജോൺസൺ-ജയകൃഷ്ണൻ എന്നൊക്കെ പറഞ്ഞ് മഹത്വവൽക്കരിക്കുന്നുണ്ടെങ്കിലും ചിത്രം അത്ര കണ്ട് വിജയമായിരുന്നില്ല അക്കാലത്ത്.
പിന്നേം കുറേക്കാലം തൃശ്ശൂര് വരണ്ട കാലാവസ്ഥയായിരുന്നു.
തൃശ്ശൂർ പടം ഷൂട്ട് ചെയ്താൽ ഓടില്ല എന്നൊരു അന്ധവിശ്വാസം സിനിമാക്കാർക്കിടയിൽ ഉണ്ടായിരുന്നെന്നും അത് മാറ്റാൻ വെണ്ടി ബോധപൂർവ്വമാണ് “ചിന്താവിഷ്ടയായ ശ്യാമള” തൃശ്ശൂർ ഷൂട്ട് ചെയ്തത് എന്ന് ശ്രീനിവാസൻ പറഞ്ഞതായി ഞാൻ പണ്ടെവിടെയോ വായിച്ചിട്ടുണ്ട്. (അതിനും മുൻപ് “കല്യാണപ്പിറ്റേന്ന്” എന്ന ഒരു പടവും തൃശ്ശൂർ ഷൂട്ട് ചെയ്തത് ശരാശരി വിജയം നേടിയിരുന്നു).
എന്തായാലും ശ്യാമള ഹിറ്റായി. തൃശ്ശൂർക്കാരോടുള്ള സിനിമാക്കാരുടെ മനോഭാവത്തിന് ചെറിയ ഒരു മാറ്റമൊക്കെ വന്നു.
തൃശ്ശൂർക്കുള്ള സിനിമാക്കാരുടെ ഒഴുക്ക് ആരംഭിക്കുന്നത് പിന്നിട് 1999 ലാണ്. രണ്ട് സുപ്രധാന സംഭവങ്ങളാണ് ആ വർഷം ഉണ്ടായത്. ഒന്ന് – രണ്ടു പുതിയ തിയ്യറ്ററുകൾ -കൈരളി, ശ്രീ- റൌണ്ടിനോടു ചേർന്ന് പ്രവർത്തനമാരംഭിച്ചു. റിലീസിംഗ് സെന്ററുകൾ കിട്ടാത്ത പ്രശ്നത്തിന് അങ്ങിനെ ഒരു പരിഹാരമായി. രണ്ട് – സിറ്റി സെന്റർ എന്നൊരു ആധുനിക ലുക്കുള്ള, എസ്കലേറ്റർ ഒകെ ആദ്യമായി ഇൻസ്റ്റാൾ ചെയ്ത ഒരു ഷോപ്പിംഗ് മാൾ റൌണ്ട് വെസ്റ്റിൽ ഉല്ഘാടനം ചെയ്യപ്പെട്ടു.
അതിനു ശേഷം തൃശ്ശൂരിൽ ഷൂട്ട് ചെയ്യുന്ന ചിത്രങ്ങളുടെ എണ്ണം വർദ്ധിക്കാൻ തുടങ്ങി. സ്വയംവരപ്പന്തൽ, ഇഷ്ടം, നമ്മൾ – ഇതൊക്കെ ഏതാണ്ട് മുഴുവനായും തൃശ്ശൂരിൽ ഷൂട്ട് ചെയ്ത ചിത്രങ്ങളാണ്. ഇവയിലൊക്കെ തൃശ്ശൂർ ഉണ്ടായിരുന്നു, പക്ഷെ തൃശ്ശൂരിസം തീരെയുണ്ടായിരുന്നില്ല. തൂവാനത്തുമ്പികളിലെ അനുഭവത്തിനു ശേഷം ആ മേഖലയിൽ കൈ വയ്ക്കാൻ സിനിമാക്കാർക്ക് പൊതുവെ ഒരു മടി ഉണ്ടായിരുന്നതായി തോന്നിയിട്ടുണ്ട്.
പിന്നീട് ഒരല്പം തൃശ്ശൂരിസം തിരിച്ചു വന്നത് “കസ്തൂരി മാൻ” എന്ന ചിത്രത്തിലാണ്. ചില കഥാപാത്രങ്ങളെങ്കിലും സംസാരിക്കാൻ ശ്രമിച്ച തൃശ്ശൂർ ഭാഷയും, തൃശ്ശൂർ പട്ടണവും പരിസര പ്രദേശങ്ങളും ലൊക്കേഷനുകളായും അത്യാവശ്യം തൃശ്ശൂരിസം ആ ചിത്രത്തിൽ ഉണ്ടായിരുന്നു. പക്ഷെ പ്രമേയത്തിന്റെ ഗഹനത മൂലം അതിലെ തൃശ്ശൂരിസം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.
തൃശ്ശൂരിസത്തിന് പ്രേക്ഷകർക്കിടയിൽ ഒരു സ്വീകാര്യത ലഭിക്കാൻ “പ്രാഞ്ചിയേട്ടൻ” അവതരിക്കേണ്ടി വന്നു.
ഏതായാലും അതിനു ശേഷം മലയാള സിനിമയിൽ തൃശ്ശൂരിനോ തൃശ്ശൂരിസത്തിനോ ഒരു കുറവും ഉണ്ടായിട്ടില്ല. പുണ്യാളൻ അഗർബത്തീസ്, സപ്തമശ്രീ തസ്കരാഹ, പൊറിഞ്ചു മറിയം ജോസ്… എന്നിങ്ങനെ അത്യാവശ്യം ഹിറ്റ് സിനിമകളിൽ “തൃശ്ശിവപേരൂർ” പൊലിമ നിറഞ്ഞു നിന്നും.
അതോടു കൂടി ഞങ്ങള് തൃശ്ശൂക്കാർക്ക് സിനിമാക്കാരോടുള്ള പിണക്കവും മാറി….
233 total views, 1 views today
