റായൽസീമയിലെ സൂര്യകിരണങ്ങൾ

നിഖിൽ വേണുഗോപാൽ എഴുതിയ യാത്രാവിവരണം
*
നിങ്ങൾ എന്നാണ് ആദ്യമായി കേരളത്തിനു പുറത്തേക്ക് യാത്ര ചെയ്തത്? ആദ്യമായി കേരളസംസ്ഥാനം വിട്ട് പുറത്തു വന്നപ്പോൾ കണ്ട കാഴ്ചകൾ നിങ്ങളെ എങ്ങിനെ സ്വാധീനിച്ചു എന്ന് ഓർക്കുന്നുണ്ടോ? സാംസ്കാരികമായ തരംഗവ്യതിയാനങ്ങളോടൊപ്പം ഭൂപ്രകൃതിയിലെ വ്യത്യാസങ്ങളെയും എങ്ങിനെ നോക്കിക്കണ്ടു എന്നു നിങ്ങൾക്ക് ഓർമ്മയുണ്ടോ?

Nikhil Venugopal
Nikhil Venugopal

ഇന്നത്തെ ഈ ചെറിയ ലോകത്ത്, പല കാഴ്ചകളും അനുഭവങ്ങളും നമുക്ക് വിരൽത്തുമ്പിൽ ലഭ്യമാണ്. പക്ഷെ ഇരുപത്തി അഞ്ചു വർഷങ്ങൾക്ക് മുൻപ് വരേയ്ക്കും അതായിരുന്നില്ല അവസ്ഥ. ആദ്യമായി കേരളത്തിനു പുറത്തേക്കു യാത്ര ചെയ്യുന്നവരെ വരവേറ്റിരുന്നത് അനുഭവങ്ങളുടെ ഒരു നിര തന്നെ ആയിരുന്നു.
പത്താം ക്ളാസ്സ് പരീക്ഷയും കഴിഞ്ഞ് കോളേജ് തുറക്കുന്നതും കാത്തിരിക്കുന്ന കൗമാരപ്രായത്തിലെ ഒരു ആഗസ്റ്റ് മാസത്തിലാണ് ഞാൻ ആദ്യമായി കേരളത്തിനു പുറത്തുള്ള ലോകം കാണുന്നത്. (ഊട്ടി, കൊടൈക്കനാൽ, കന്യാകുമാരി എന്നിങ്ങനെ കേരളത്തോട് ചേർന്നു കിടക്കുന്ന പ്രദേശങ്ങളിലേക്കുള്ള യാത്രകൾ കണക്കാക്കുന്നില്ല.) അങ്ങ് ഗുജറാത്തിലെ സൂറത്ത് നഗരത്തിലേക്കാണ് യാത്ര.

അന്ന് കൊങ്കൺ പാത നിലവിലില്ല. ആഴ്ചയിൽ മൂന്ന് തീവണ്ടികളാണ് അന്ന് ഗുജറാത്തിലേക്കുള്ളത് – കൊച്ചിൻ-രാജ്കോട്ട്, തിരുവനന്തപുരം രാജ്കോട്ട്, നാഗർകോവിൽ-ഗാന്ധിധാം എക്സ്പ്രസ്സുകൾ. അന്നത്തെ പ്രായത്തിൽ ദീർഘദൂരയാത്രകളൊക്കെ നന്നെ വിരളമായിരുന്നു എന്നതിനാൽ വളരെ ആവേശത്തോടെയാണ് ഈ യാത്രയ്ക്കുള്ള തയ്യാറെടുപ്പുകൾ ഞാൻ നടത്തിയത്. സന്തസഹചാരിയായ പഴകിയ ഒരു മാപ്പ്, റയിൽവേ സമയവിവരപ്പട്ടിക എന്നിവ ചേർത്തു വച്ച് വിശദമായ പഠനം തന്നെ ഞാൻ നടത്തി. അങ്ങിനെ തീവണ്ടിയുടെ പാത – കോയമ്പത്തൂർ-സേലം-ബാംഗ്ളൂർ-ഗുണ്ടക്കൽ-ഷോലാപൂർ-പൂനെ-കല്യാൺ-സൂറത്ത് എന്ന പാത കയ്യിലെ ഡയറിയിൽ കുറിച്ചു വച്ചു. ഈ പാതയിൽ വരുന്ന പ്രധാന പട്ടണങ്ങൾ, നദികൾ, തീവണ്ടി അവിടങ്ങളിൽ എത്തുന്ന സമയം എന്നിവയെല്ലാം വ്യക്തമായി കുറിച്ചു വച്ചു.

അറുപതുകളിലേയും എഴുപതുകളിലേയും അച്ഛന്റെ അഹമ്മദാബാദ് യാത്രാനുഭവങ്ങളായിരുന്നു എന്റെ പ്രധാന മൂലധനം. അക്കാലത്ത് ബോംബേക്കു പോലും കേരളത്തിൽ നിന്ന് നേരിട്ട് വണ്ടിയില്ല. ത്രൂ കോച്ചുകൾ അങ്ങ് മദ്രാസ്സിനടുത്ത് ആർക്കോണം വരെ ചെന്ന് വിഘടിപ്പിക്കുകയും, മദ്രാസ്സ്-ബോംബെ മെയിലിനോട് ഘടിപ്പിക്കുകയുമായിരുന്നു ചെയ്തിരുന്നത്. കടപ്പയിൽ നിന്നുള്ള ഉച്ചയൂണ്, ഗുജറാത്ത് മെയിലിനായി ബോംബേയിൽ രാത്രി വരെയുള്ള കാത്തിരിപ്പ് എന്നിവയൊക്കെ ഈ യാത്രയുടെ ഭാഗമായിരുന്നു. ഈ ത്രൂ കോച്ചുകളാണ് പിന്നീട് കേരളത്തിലെ ഒരു തലമുറയെത്തന്നെ ബോംബേ മഹാനഗരത്തിലേക്ക് വഹിച്ചു കൊണ്ടു പോയ ജയന്തി-ജനത എക്സ്പ്രസ്സ് ആയി പരിണമിക്കുന്നത്.

 

പടിഞ്ഞാറൻ തീരത്തു സ്ഥിതി ചെയ്യുന്ന ബോംബേയ്ക്ക് പോകുവാൻ എന്തിനാണ് ജയന്തി ജനത അങ്ങ് ആർക്കോണം വരെ പോകുന്നത് എന്ന് ഞാൻ ആലോചിച്ച് തല പുകയ്ക്കാറുണ്ട്. മറ്റൊന്നും കൊണ്ടല്ല, അന്ന് നിലവിലുള്ള ഒരേ ഒരു ബ്രോഡ് ഗേജ് പാത അതു മാത്രമായിരുന്നു. പിന്നീട് എൺപതുകളിലാണ് ഗുണ്ടക്കൽ-ബാംഗ്ളൂർ പാത ബ്രോഡ്ഗേജ് ആയി ഉയർത്തുന്നത്. അതിനു ശേഷം ഏർപ്പെടുത്തിയ കുർള എക്സ്പ്രസ്സ്, ഗുജറാത്ത് വണ്ടികൾ എന്നിവയെല്ലം ദൂരക്കുറവുള്ള ഈ പാതയിലൂടെയായിരുന്നു സഞ്ചരിച്ചിരുന്നത്. (ജയന്തി ഇന്നും പഴയ വഴിക്കു തന്നെ. ആർക്കോണത്തിനു പകരം തിരുപ്പതി വഴി ആണെന്നു മാത്രം).

ഏതായാലും ഈ വിവരങ്ങളെല്ലാം കൈമുതലാക്കി, ആവേശഭരിതനായി രാത്രി ഏഴരയ്ക്ക് തൃശ്ശൂർ നിന്ന് നാഗർകോവിൽ-ഗാന്ധിധാം എക്സ്പ്രസ്സിൽ കയറി. പാലക്കാട് കഴിഞ്ഞപ്പോഴേക്കും ബർത്തിൽ കയറി കിടന്നെങ്കിലും ആദ്യ യാത്രയുടെ ആവേശത്തിൽ രാത്രി തീരെ ഉറങ്ങിയതേ ഇല്ല. പിന്നിടുന്ന സ്റ്റേഷനുകളിലെ അനൗൺസ്മെൻ്റുകൾ കേട്ട് കയ്യിലുണ്ടായിരുന്ന പുസ്തകത്തിൽ സമയം കുറിച്ചു വച്ചു. പാതിരാത്രിയ്ക്ക് ഈറോഡ് ജംഗ്ഷൻ പിന്നിട്ടപ്പോൾ, കാവേരിപ്പാലം പിന്നിടുന്നത് കേൾക്കാൻ കാതുകൾ കൂർപ്പിച്ചിരുന്നു. (പഴയ ഉരുക്ക് ഗർഡറുകൾ കൊണ്ട് നിർമ്മിച്ചിട്ടുള്ള റയിൽപ്പാലത്തിൽ വണ്ടി കയറുമ്പോൾ ഒരു പ്രത്യേക ശബ്ദമാണ്. ആ ശബ്ദത്തിൻ്റെ ദൈർഘ്യത്തിൽ നദിയുടെ വീതി ഞാൻ ഏകദേശം കണക്കു കൂട്ടി).
ഇടയ്ക്കെപ്പഴോ ചെറുതായി ഒന്ന് മയങ്ങിപ്പോയി. കണ്ണു തുറക്കുമ്പോൾ കൃഷ്ണരാജപുരം സ്റ്റേഷനാണ്. അന്ന് അത് ഒരു ചെറിയ സ്റ്റേഷനാണ്. ബാംഗ്ളൂർ ഔട്ടർ റിംഗ് റോഡ് നിലവിലില്ലാത്ത കാലം. ബാംഗ്ളൂർ തണുപ്പ് ജനൽപ്പാളികൾക്കിടയിലൂടെ അരിച്ചിറങ്ങുന്നുണ്ടായിരുന്നു.

 

വണ്ടി ഓടുന്നത് ഇലക്ട്രിക് എഞ്ചിനിലാണ് എന്ന് അപ്പോഴാണ് എനിക്കു മനസ്സിലായത്. ജീവിതത്തിൽ ആദ്യമായാണ് ഇലക്ട്രിക് എഞ്ചിൻ കാണുന്നത്. (ബാംഗ്ളൂർ/മദ്രാസ്സ് വണ്ടികളിലെല്ലാം ഈറോഡ് മുതൽ ഇലക്ട്രിക് എഞ്ചിനാണ്). ബാംഗ്ളൂർ സിറ്റി ജംഗ്ഷനിൽ എഞ്ചിൻ മാറ്റുന്നത് കാണാൻ ഒരു കൊച്ചു കുട്ടിയുടെ കൗതുകത്തോടെ ഇറങ്ങി ഓടി. സ്റ്റേഷനിൽ നിന്ന് ചുറ്റും കാണുന്ന ബാംഗ്ളൂർ നഗരത്തെ പറ്റാവുന്നത്രയും നോക്കിക്കണ്ടു. തൃശ്ശൂരും പാലക്കാടും മാത്രം കണ്ടു ശീലിച്ച ഞാൻ ജീവിതത്തിൽ ആദ്യമായി കാണുന്ന മഹാനഗരമായിരുന്നു ബാംഗ്ലൂർ. (പിൽക്കാലത്ത് ഇതേ നഗരത്തിൽ തന്നെ ജീവിതമന്ദിരവും പണിതുയർത്തും എന്നൊന്നും സ്വപനത്തിൽ പോലും അന്ന് വിചാരിച്ചിരുന്നില്ല).

ബാംഗ്ളൂരിൽ ഷണ്ടിങ്ങിനിടെ ചെറിയ ഒരപകടമുണ്ടായി. ബോഗിയിലുണ്ടായിരുന്ന ഏതാനും പേർക്ക് നിസ്സാരപരിക്കുകളും പറ്റി. അതിനു ശേഷം മൂന്നര മണിക്കൂറോളം വൈകിയാണ് വണ്ടി ബാംഗ്ളൂർ നഗരം വിട്ടത്. തലേദിവസത്തെ ക്ഷീണം കാരണം പകൽ നേരമായിട്ടും ഉറക്കത്തിലേക്ക് വഴുതി വീണു.
കണ്ണു തുറക്കുമ്പോൾ ഹിന്ദുപൂർ സ്റ്റേഷനാണ്.

വണ്ടി ആന്ധ്രയിൽ പ്രവേശിച്ചിരിക്കുന്നു. ബാംഗ്ളൂർ തണുപ്പ് എവിടെയോ മാഞ്ഞു പോയിരിക്കുന്നു.
അന്ന് സ്വപ്രയത്നത്താൽ തെലുങ്ക് അക്ഷരമാല ചെറിയ തോതിൽ വായിക്കാൻ ശീലിച്ചിരുന്നു. അത് പ്രയോഗത്തിൽ വരുത്താൻ കിട്ടിയ ആദ്യത്തെ അവസരമായിരുന്നു ഈ യാത്ര. സ്റ്റേഷന്റെ ബോർഡ്, കടകൾ എന്ന് തുടങ്ങി സകല തെലുങ്ക് എഴുത്തുകളും വായിച്ചു നോക്കി ഭാഷാപരിചയം പുതുക്കി.
ഹിന്ദുപ്പൂരിൽ നിന്നാണ് ഉച്ചഭക്ഷണം. പാൻ്റ്രി കാർ എന്ന വസ്തു നിലവിൽ ഉണ്ട് എന്ന് ആദ്യമായി മനസ്സിലാക്കുന്നത് അപ്പോഴാണ്. ജീവിതത്തിൽ ആദ്യമായി ട്രെയിനിൽ നിന്ന് ഊണ് വാങ്ങിക്കഴിക്കുന്നതും ഹിന്ദുപൂരിൽ നിന്നു തന്നെ.

ഹിന്ദുപൂർ കഴിഞ്ഞ് വണ്ടി മുന്നോട്ട് കുതിച്ചു, അല്പനേരത്തിനകം ധർമ്മവാരം ജംഗ്ഷനിലേക്ക് പ്രവേശിച്ചു. ഈ പാതയിലെ ഒരു പ്രധാന സ്റ്റേഷനാണ് ധർമ്മവാരം. അന്ന് പുട്ടപർത്തിക്ക് നേരിട്ടുള്ള തീവണ്ടിപ്പാത സജ്ജമായിട്ടില്ല. പ്രശാന്തിനിലയം സന്ദർശിക്കുന്നവർക്കുള്ള പ്രവേശനകവാടമായിരുന്നു ധർമ്മവാരം സ്റ്റേഷൻ.

 

ഒരു പ്രവാസയാത്രയുടെ ആദ്യത്തെ ഷോക്ക് ലഭിക്കുന്നത് ഇവിടം മുതലാണ്. പച്ചപ്പ് നിറഞ്ഞ കേരളം മാത്രം കണ്ടു ശീലിച്ച എനിക്ക് ആന്ധ്രയുടെ വിരിമാറിലൂടെ നട്ടുച്ചയ്ക്കുള്ള യാത്ര ഭാവനയുടെ സകല അതിരുകളും ലംഘിക്കുന്നതായിരുന്നു. പാറക്കെട്ടുകൾ നിറഞ്ഞ മൊട്ടക്കുന്നുകൾ, ചുവപ്പു നിറമുള്ള മണ്ണിൽ പ്രതിഫലിക്കുന്ന ഉച്ചവെയിൽ, ജനൽപ്പാളികളിലൂടെ അടിച്ചു കയറുന്ന ചുടുകാറ്റ് – ശരീരം മാത്രമല്ല, മനസ്സും തളർന്നു പോകുന്ന ഒരു അനുഭവമായിരുന്നു ഈ യാത്ര.

കൊടും ചൂടിന് വിളികേട്ട ആന്ധ്രയിലെ “റായൽസീമ“ എന്ന പ്രദേശത്തു കൂടെയാണ് ഞാൻ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത് എന്ന് പിന്നീടാണ് ഞാൻ മനസ്സിലാക്കിയത്. ഡെക്കാൻ പീഠഭൂമിയുടെ രൗദ്രഭാവം മുഴുവൻ ഉൾക്കൊണ്ട ഒരു പ്രദേശമാണിത്. ബോംബേയ്ക്കാകട്ടെ, ഡെൽഹിയ്ക്കാകട്ടെ ഉത്തരേന്ത്യയുടെ ഏതു ഭാഗത്തേക്കുമുള്ള യാത്രകളിൽ കേരളത്തിൽ നിന്നുള്ള തീവണ്ടികളിൽ കയറിക്കിടന്നുറങ്ങുന്ന മലയാളികളെ അടുത്ത ദിവസം വരവേൽക്കുക ആന്ധ്രയിലെ ചുടുകാറ്റാണ്. വിജയവാഡ വഴിയുള്ള യാത്രയിൽ വിശാലമായ നെൽപാടങ്ങളെങ്കിലും കാണാം, പക്ഷെ റായൽസീമ തികച്ചും വരണ്ട ഒരനുഭവമാണ്. കണ്ണിനോ മനസ്സിനോ കാതുകൾക്കോ കുളിർമ്മയുള്ള ഒന്നും തന്നെ ഈ ഭാഗത്ത് നമുക്ക് കാണാനാകില്ല, അനുഭവിക്കാനാകില്ല. (നാട് വിട്ടു പോകുന്ന പ്രവാസികളുടെ ദു:ഖം ഇരട്ടിപ്പിക്കുന്നതിൽ ആന്ധ്രയിലെ തീവണ്ടിപ്പാതകൾക്കുള്ള പങ്ക് ചില്ലറയല്ല).

പണ്ട് പൊള്ളാച്ചി-പഴനി പാതയിലെ വരണ്ട കാലാവസ്ഥയെ പഴിച്ചതിന് ഞാൻ മനസാ മാപ്പു പറഞ്ഞു. ആന്ധ്രയുടെ സ്പന്ദനം അതിനൊക്കെ മേലെയാണ്.ഏതു തരം യാത്രയും ആസ്വാദ്യകരമാക്കാം എന്ന് അഹങ്കരിച്ചിരുന്ന എനിക്ക് ലഭിച്ച ആദ്യത്തെ ഷോക്കായിരുന്നു റായൽസീമ. അനന്തപൂർ സ്റ്റേഷനും പിന്നിട്ട് മുന്നോട്ട് കുതിക്കുന്ന വണ്ടിയിൽ, കൊടും ചൂടും സഹിച്ച്, കാഴ്ചകൾ കണ്ട് ഞാനിങ്ങനെ ഇരുന്നു.
നാം കണ്ടു ശീലിച്ചവയേക്കാൾ എത്രയോ കഠിനമാണ് ഇവിടങ്ങളിലെ ജീവിതസാഹചര്യങ്ങൾ. വരൾച്ചയും കൊടും ചൂടും ദാരിദ്ര്യവും നിറഞ്ഞു നിൽക്കുന്ന, ഉത്തരേന്ത്യയുടെ ഒരു പരിച്ഛേദം റായൽസീമയിലും നിങ്ങൾക്ക് കാണാം.

 

സ്കൂളിൽ എന്റെ ഇംഗ്ളീഷ് അദ്ധ്യാപകൻ പറഞ്ഞ ഒരു വാചകം ഞാൻ ഓർത്തു പോയി – “കേരളത്തിലെ കാലാവസ്ഥയുടെ ഗുണം അറിയണമെങ്കിൽ ഇവിടം വിട്ട് പുറത്തു പോകണം“. റായൽസീമ ആ വിശ്വാസം അരക്കിട്ടുറപ്പിച്ചു.ഉച്ച വെയിലിന്റെ കാഠിന്യം അല്പമൊന്നു കുറഞ്ഞ നേരത്ത് വൈകുന്നേരം അഞ്ചരയോടെ ഗുണ്ടക്കൽ സ്റ്റേഷനിലേക്ക് പ്രവേശിച്ചു. ബാംഗ്ളൂർ, ബെല്ലാരി, മദ്രാസ്സ്, ഹൈദരാബാദ്, ബോംബേ എന്നിങ്ങനെ അഞ്ചു ദിശകളിലേക്കുള്ള റയിൽപാതകൾ വഴി പിരിയുന്ന ഒരു പ്രധാനപ്പെട്ട ജംഗ്ഷനാണ് ഗുണ്ടക്കൽ. ബ്രിട്ടീഷ് ഭരണകാലത്ത് ഒരു പാട് റെയിൽവേ നഗരങ്ങൾ നിർമ്മിക്കപ്പെട്ടിട്ടുണ്ട്. അവയിൽ പ്രധാനപ്പെട്ട ഒന്നാണ് ഗുണ്ടക്കൽ. ദീർഘദൂര വണ്ടികളുടെ അറ്റകുറ്റപ്പണികൾക്കും എഞ്ചിൻ തണുപ്പിക്കുന്നതിനും എഞ്ചിൻ മാറ്റുന്നതിനുമൊക്കെയുള്ള സൗകര്യത്തിനാണ് ഗുണ്ടക്കൽ സ്റ്റേഷൻ പണികഴിപ്പിച്ചിരുന്നത്. ജലലഭ്യത, ചില പ്രദേശങ്ങളിലേക്കുള്ള പ്രവേശനകവാടങ്ങൾ, ഭൂശാസ്ത്രപരമായ മറ്റ് പ്രത്യേകതകൾ എന്നിവയും ഇത്തരം സ്റ്റേഷനുകളുടെ നിർമ്മാണത്തെ സ്വാധീനിച്ചിട്ടുണ്ട്. അതല്ലാതെ ഒരു പ്രത്യേകതയും ആ സ്ഥലത്തിനില്ല. (ജോലാർപേട്ട് ജംഗ്ഷൻ, ഷൊറണൂർ ജംഗ്ഷൻ എന്നിവയൊക്കെ പോലെ).

ബാംഗ്ളൂരിൽ വച്ച് വണ്ടി വൈകിയതു കൊണ്ട് വലിയ നഷ്ടമാണ് എനിക്കുണ്ടായത്. മന്ത്രാലയം റോഡ് സ്റ്റേഷനിൽ എത്തിയപ്പൊഴേക്കും നന്നേ ഇരുട്ടിയിരുന്നു. തെനാലി രാമൻ കഥകളിലൂടെയും ടിപ്പു സുൽത്താൻ കഥകളിലൂടെയുമൊക്കെ പരിചിതമായിരുന്ന മൂന്ന് മഹാ നദികൾ – കാവേരി, തുംഗഭദ്ര, കൃഷ്ണ – ഇവയൊന്നും തന്നെ പകൽവെളിച്ചത്തിൽ കാണാൻ സാധിക്കില്ല എന്നുറപ്പായി. രാത്രിഭക്ഷണം കഴിക്കുന്നതിനിടയിലാണ് വണ്ടി തുംഗഭദ്രാ പാലം കടക്കുന്നത്. കഠിനമായ നിരാശ തോന്നി.

 

 

വണ്ടി തിരികെ കർണ്ണാടകത്തിൽ പ്രവേശിച്ചിരുന്നു. റായ്ച്ചൂർ സ്റ്റേഷൻ വിട്ട് ഏതാനും നേരത്തിനുള്ളിൽ വണ്ടി കൃഷ്ണാനദിയും പിന്നിട്ടു. നല്ല നിലാവുണ്ടായിരുന്നതിനാൽ ചെറിയ ഒരു കാഴ്ചാനുഭവം കിട്ടി എന്നു തന്നെ പറയാം. ശേഷിച്ച ഭാഗങ്ങൾ ഭാവനയിൽ വരച്ചെടുത്ത്, ബർത്തിൽ ഉറക്കവും പ്രതീക്ഷിച്ചങ്ങിനെ കിടന്നു. സമയനഷ്ടം ഒരു കണക്കിന് അനുഗ്രഹമായി. അടുത്ത ദിവസം പുലർച്ചെ എന്നെ വരവേറ്റത് പൂനെ ജംഗ്ഷനാണ്. പ്രസിദ്ധമായ ബോർ ചുരങ്ങളിലൂടെ, തുരങ്കങ്ങളിലൂടെയുള്ള യാത്ര ആസ്വദിക്കുന്നതിന് അത് വഴിയൊരുക്കി. റായൽസീമയിലെ ചൂടിൽ നിന്ന് ലോനാവാലെയുടെ തണുപ്പിലേക്കുള്ള പരിണാമം ഒരു ആശ്വാസം തന്നെ ആയിരുന്നു.

രണ്ടാഴ്ചകൾക്കു ശേഷം തിരികെ വരുമ്പോഴും വണ്ടി ആറു മണിക്കൂറോളം വൈകി. ദൗണ്ട് ജംഗ്ഷൻ മുതൽ ഗുണ്ടക്കൽ ജംഗ്ഷൻ വരെയുള്ള പ്രദേശങ്ങളാണ് പകൽക്കാഴ്ചകളായി ലഭിച്ചത്. ഷോലാപൂർ, വാഡി, ഗുൽബർഗ എന്നീ പ്രദേശങ്ങളൊക്കെ ആദ്യമായി കാണുന്നു. ഡെക്കാൻ പീഠഭൂമി എന്ന പ്രതിഭാസം ഇന്ത്യയുടെ വലിയൊരു പ്രദേശത്തെ ജീവിതസാഹചര്യങ്ങളെ എങ്ങിനെ സ്വാധീനിക്കുന്നു എന്ന് ഞാൻ നോക്കിക്കാണുകയായിരുന്നു.

വൈകീട്ട് മൂന്നരയോടെ കൃഷ്ണാ നദീതടത്തിലെത്തി. കരുവന്നൂർ പുഴയും ഭാരതപ്പുഴയും കണ്ടിട്ടുള്ള അനുഭവത്തിൽ നിന്നും നേർ വിപരീതമായിരുന്ന കൃഷ്ണയുടെ പാറക്കെട്ടുകൾ നിറഞ്ഞ പ്രയാണപഥം. വെള്ളം തീരെ കുറവായിരുന്നു അന്ന്. ഒരു നദിയുടെ സാമീപ്യത്തിനു വേണ്ട പച്ചപ്പോ ഗാംഭീര്യമോ ഒന്നും ആ പ്രദേശത്തിന് അനുഭവപ്പെട്ടില്ല. തുംഗഭദ്രയും അതു പോലെ തന്നെ. വൈകാരികമായൊരു സംതൃപ്തിക്കപ്പുറം മറ്റൊന്നും പകർന്നു നൽകാൻ ഈ നദികളുടെ ആദ്യകാഴ്ചകൾക്കു കഴിഞ്ഞില്ല. (അടുത്ത ദിവസം രാവിലെ എട്ടു മണിക്ക് ഈറോഡിനടുത്ത് കാവേരി നദി ആദ്യമായി കണ്ടപ്പോൾ അല്പം കൂടെ സന്തോഷം തോന്നി. ജലസമൃദ്ധമായിരുന്നു കാവേരീ നദീതടം).

ഗുണ്ടക്കൽ ജംഗ്ഷനിലേക്ക് വണ്ടി പ്രവേശിക്കുമ്പോൾ നേരം നന്നെ ഇരുട്ടിയിരുന്നു.
വികസനത്തിന്റെയോ മാറ്റങ്ങളുടേയോ ചൂളം വിളികൾ ഒട്ടുമേ കടന്നു ചെല്ലാത്ത ഒരു റയിൽപാതയാണ്‌ മദ്രാസ്സ്‌- ബോംബെ. ബ്രിട്ടീഷുകാർ ഏർപ്പെടുത്തിയ മൂന്ന് ഡെയിലി എക്പ്രസ്സുകൾ തന്നെയാണ്‌ ഇപ്പൊഴും ഈ റൂട്ടിലെ പ്രധാന വണ്ടികൾ. വൈദ്യുതീകരണവും ഇരട്ടപ്പാതയും ഇത്‌ എഴുതുന്ന സമയത്തു പോലും പൂർത്തീകരിച്ചിട്ടില്ല എന്നാണറിവ്‌.
*****************

പതിനാറു വർഷങ്ങൾക്കു ശേഷമാണ് വീണ്ടുമൊരിക്കൽ റായൽസീമയിലൂടെ യാത്ര ചെയ്യുന്നത്. പഴയ പത്താം ക്ളാസ്സ് കൗമാരക്കാരനിൽ നിന്ന് നാലു വയസ്സുള്ള ഒരു കുഞ്ഞിന്റെ അച്ഛനായിരുന്നെങ്കിലും യാത്രയുടെ കൗതുകങ്ങൾക്ക് ഒരു കുറവും സംഭവിച്ചിരുന്നില്ല. ഡെൽഹിയിൽ നിന്ന് ബാംഗ്ളൂർക്ക് സമ്പർക്കക്രാന്തി എക്സ്പ്രസ്സിൽ ആയിരുന്നു യാത്ര. നല്ല പകൽ വെളിച്ചതിൽ കർണ്ണൂൽ നഗരത്തിനടുത്ത് വച്ച് വീണ്ടും കൃഷ്ണാ നദിയും തുംഗഭദ്രാ നദിയുമൊക്കെ നിർവ്വൃതിയോടെ നോക്കിക്കണ്ടു.

ഉച്ചമയക്കത്തിനു ശേഷം കണ്ണു തുറന്നപ്പോൾ ഗൂത്തി ജംഗ്ഷനും പിന്നിട്ട് വണ്ടി റായൽസീമയിലൂടെ കുതിക്കുകയാണ്.ശീതികരിച്ച ബോഗിയിൽ ആയിരുന്നു യാത്രയെങ്കിലും കാഴ്ചകൾ കാണാൻ കുറേ നേരം വാതിൽക്കൽ ചെന്നു നിൽക്കുന്ന ഒരു പതിവുണ്ട് എനിക്ക്. റായൽസീമയിൽ കാഴ്ചാനുഭവങ്ങൾക്ക് വർഷങ്ങൾക്കിപ്പുറവും യാതൊരു മാറ്റവും വന്നിട്ടില്ല എന്നു ഞാനോർത്തു. ധർമ്മവാരം സ്റ്റേഷൻ നല്ല വിസ്തൃതിയിൽ പുതുക്കിപ്പണിതിട്ടുണ്ട്. പുട്ടപർത്തിയിലേക്ക് പുതുതായി തീവണ്ടിപ്പാതയും വന്നിട്ടുണ്ട്. അതിനപ്പുറം എല്ലാം പഴയതു പോലെ തന്നെ. പടിഞ്ഞാറു നിന്ന്, സൂര്യനിൽ നിന്നുതിർന്നു വരുന്ന തീക്കനലുകൾ റായൽസീമയിലെ ചുവപ്പു സ്പർശമുള്ള മണ്ണിൽ തട്ടി, തീവ്രമായൊരു ആവാഹനശക്തിയോടെ, സംഹാരമനസ്സോടെ കണ്ണുകളിലേക്ക് ആഴ്ന്നിറങ്ങുന്നുണ്ടായിരുന്നു.

 

വർഷങ്ങൾക്കു മുൻപ് ലഭിച്ച ആദ്യാനുഭവം, റായൽസീമ അതേ തീവ്രതയോടെ വീണ്ടുമൊരാവർത്തി കൂടി പകർന്നു നൽകുകയായിരുന്നു.കൊങ്കൺ പാത വന്നതിൽപ്പിന്നെ റായൽസീമയിലൂടെയുള്ള മലയാളികളുടെ യാത്ര ഇല്ലാതായി എന്നു തന്നെ പറയാം. നേത്രാവതിയും ഗുജറാത്ത് വണ്ടികളും ഇപ്പോൾ കൊങ്കൺ വഴിയാണ് യാത്ര. പഴയ ജയന്തി ജനത മാത്രം റെണിഗുണ്ട-കടപ്പ-ഗുണ്ടക്കൽ വഴി ഇന്നും ഓടിക്കൊണ്ടിരിക്കുന്നു. പക്ഷെ ബോംബേ സ്വപ്നങ്ങളുടെ ഭാണ്ഡങ്ങളും പേറി ഒരു മലയാളിയും ഇന്നതിൽ യാത്ര ചെയ്യാറില്ല.
എങ്കിലും മുൻപൊരു കാലത്ത്, ബോംബേ മഹാനഗരത്തിലേക്കും ഗുജറാത്തിലേക്കും പൂനയ്ക്കും ജീവിതസ്വപ്നങ്ങളുടെ സാക്ഷാൽക്കാരങ്ങളെ പിന്തുടർന്നു പോയ എത്രയെത്ര മനുഷ്യർ റായൽസീമയുടെ അസ്ംസ്കൃതജീവിതപരിസരങ്ങളും, ഗുണ്ടക്കൽ ജംഗ്ഷൻ, ധർമ്മവാരം, റെണിഗുണ്ട എന്നിവിടങ്ങളിലെ സിഗ്നൽ ലൈറ്റുകളും താണ്ടി യാത്ര ചെയ്തു പോയിരിക്കുന്നു!!!!

Leave a Reply
You May Also Like

സഹാറയുടെ ഹൃദയത്തിലൂടെ വന്യമായ 14 മണിക്കൂർ 700 km നിയമവിരുദ്ധ യാത്ര 

മൗറിട്ടാനിയ എന്ന പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യത്ത് നിന്നും ഇരുമ്പയിര് സഹാറ മരുഭൂമിയിലൂടെ ഒരു തുറമുഖത്തേക്ക് കൊണ്ട് പോകുന്ന ഈ 700 km യാത്രയിൽ നിങ്ങൾക്ക് തുടക്കത്തിൽ ചാടികയറാം.എല്ലാം നേരിടാൻ തയ്യാറാണ് എങ്കിൽ ഇത് ഫ്രീ ടിക്കറ്റ് ആണ്.

അന്നും ഇന്നും തലയെടുപ്പോടെ തളങ്കര

ഇന്ത്യയിലാദ്യമായി ഇസ്ലാംമത പ്രചാരണത്തിന്‌ മാലിക്‌ദീനാറും സംഘവും എത്തിച്ചേര്‍ന്ന സ്ഥലങ്ങളിലൊന്നാണ്‌ തളങ്കര. അവര്‍ കേരളത്തിലും കര്‍ണാടകത്തിലുമായി പണികഴിപ്പിച്ച പത്ത്‌ പള്ളികളിലൊന്ന്‌ ഇവിടെയാണ്‌. മാലിക്‌ദീനാര്‍ പള്ളി എന്നറിയപ്പെടുന്ന ഇന്നത്തെ തളങ്കര വലിയ ജമാഅത്ത്‌ പള്ളി. ഇന്ത്യയിലെ തന്നെ ഏറ്റവും പുരാതനവും ഏറെ പ്രശസ്‌തവുമായ മുസ്ലിം പള്ളികളിലൊന്ന്‌.

അറബിക്കടലിനോട് കിന്നാരം പറഞ്ഞ് നെല്ലിക്കുന്ന്‌

കാസര്‍കോട്‌ നഗരത്തോട്‌ ചേര്‍ന്നുകിടക്കുന്ന പ്രദേശമാണ്‌ നെല്ലിക്കുന്ന്‌. ഏറെ പേരും പെരുമയുമുള്ള പ്രദേശം. ഒരുപാട്‌ സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖകര്‍ക്ക്‌ ജന്മം നല്‍കിയ നാട്‌. കാസര്‍കോട്‌ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന നിലവിലെ എം.എല്‍.എയാണ്‌ ഈ നാടിന്റെ ഇപ്പോഴത്തെ `ബ്രാന്റ്‌ അംബാസിഡര്‍’. തന്റെ നാടിന്റെ പേര്‌ സ്വന്തം പേരാക്കി മാറ്റിയ എന്‍.എ. മുഹമ്മദ്‌കുഞ്ഞിയെന്ന എന്‍.എ. നെല്ലിക്കുന്നിലൂടെ ഈ നാടിന്റെ കീര്‍ത്തി കേരള നിയമസഭയിലും എത്തിയിരിക്കുന്നു. ചരിത്രപരമായ ഒരുപാട്‌ വിശേഷണം കൊണ്ട്‌ ഏറെ കീര്‍ത്തികേട്ട നാടാണിത്‌. നൂറ്റാണ്ടുകളുടെ പഴക്കമുള്ള മുഹ്‌യുദ്ദീന്‍ ജുമാമസ്‌ജിദ്‌, ചരിത്രമുറങ്ങുന്ന തങ്ങള്‍ ഉപ്പാപ്പ മഖാം, അരയ സമുദായത്തിന്റെ ആരാധനാകേന്ദ്രമായ കുറുംബാ ഭഗവതി ക്ഷേത്രം, കാലങ്ങളുടെ പഴക്കമുള്ള അന്‍വാറുല്‍ ഉലൂം എ.യു.പി. സ്‌കൂള്‍, അറബിക്കടല്‍ സൗന്ദര്യമൊരുക്കുന്ന ബീച്ച്‌, ലൈറ്റ്‌ഹൗസ്‌… അങ്ങനെ നല്ലോണമുണ്ട്‌ നെല്ലിക്കുന്നിന്റെ വിശേഷം. കാസര്‍കോടിന്റെ വിദ്യാഭ്യാസ സ്വപ്‌നങ്ങള്‍ക്ക്‌ നിറം പകര്‍ന്ന പ്രശസ്‌ത സാമൂഹ്യ പരിഷ്‌കര്‍ത്താവായിരുന്ന മുഹമ്മദ്‌ ഷെറൂല്‍ സാഹിബ്‌ കാസര്‍കോടിന്റെ പല ഭാഗങ്ങളിലായി പണികഴിപ്പിച്ച സ്‌കൂളുകളിലൊന്നായിരുന്നു നെല്ലിക്കുന്ന അന്‍വാറുല്‍ ഉലൂം എ.എല്‍.പി. സ്‌കൂള്‍. 1926ലാണ്‌ സ്‌കൂള്‍ സ്ഥാപിച്ചത്‌. 1938ല്‍ സൗത്ത്‌ കാനറാ ഡി.ഇ.ഒ. അംഗീകാരം നല്‍കി. അഹമ്മദ്‌ ഷംനാട്‌ സാഹിബായിരുന്നു ആദ്യ മാനേജര്‍. അന്നുവരെ വിദ്യാഭ്യാസ രംഗത്ത്‌ ഏറെ പിന്നോക്കം നിന്നിരുന്ന പ്രദേശത്തിന്റെ പിന്നീടുള്ള വിദ്യാഭ്യാസ കുതിപ്പിന്‌ വഴിതുറന്നുകൊടുത്തത്‌ ഈ സ്‌കൂളായിരുന്നു. നിരവധി പ്രമുഖ വ്യക്തിത്വങ്ങളെ വാര്‍ത്തെടുക്കുന്നതിന്‌ നൂറ്റാണ്ടുകളോളം പഴക്കമുള്ള ഈ സ്‌കൂളിന്‌ സാധിച്ചിട്ടുണ്ട്‌

കാസര്‍കോട്‌- ചന്ദ്രഗിരി ചുറ്റി ഒഴുകുന്ന നഗരം

തായലങ്ങാടി ക്ലോക്ക്‌ ടവര്‍; ഇത്‌ ഖാന്‍ ബഹാദൂര്‍ മുഹമ്മദ്‌ ഷംനാട്‌ എന്ന ധീരനായ സാമൂഹ്യപരിഷ്‌കര്‍ത്താവിന്റെ പേരില്‍ 1955ല്‍, അഥവാ കേരളം രൂപീകരിക്കുന്നതിന്‌ മുമ്പ്‌ അന്നത്തെ മദ്രാസ്‌ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്ന കാമരാജ നാടാര്‍ ഉല്‍ഘാടനം ചെയ്‌ത സ്‌മാരകം. ഇവിടെ നിന്നാണ്‌ കാസര്‍കോട്‌ നഗരം ആരംഭിക്കുന്നത്‌. കാസര്‍കോട്‌ നഗരമാകുന്നതിന്‌ മുമ്പുള്ള കാസര്‍കോടിന്റെ പ്രധാന വാണിജ്യകേന്ദ്രം, കാസര്‍കോട്ടെ ആദ്യത്തെ ബസ്‌സ്റ്റാന്റും ഇവിടെയായിരുന്നുവത്രെ.