രാജേഷ് ശിവ
മോഡലിംഗിലും അഭിനയത്തിലും നൃത്തത്തിലും ആയോധനാഭ്യാസങ്ങളിലും എല്ലാം കഴിവു തെളിയിച്ച താരമാണ് ചാലക്കുടിക്കാരിയായ നിമിഷ ബിജോ. നിമിഷയെന്നും നിമ്മൂസ് എന്നുമൊക്കെ അറിയപ്പെടുന്ന താരം അനവധി ഷോർട്ട് ഫിലിമുകളിലും സിനിമകളിലും സീരിയലുകളിലും അഭിനയിച്ചു കഴിഞ്ഞു. അനവധി പ്രൊജക്റ്റുകളാണ് നിമിഷയെ തേടിയെത്തുന്നത്. ഒരു സാധാരണ നാട്ടിൻ പുറത്തുകാരിയായി എന്നും അറിയപ്പെടാൻ ആഗ്രഹിക്കുന്ന നിമിഷ ബോധപൂർവ്വമല്ലാതെ സംഭവിച്ച ചില വിവാദങ്ങളിൽ ക്രൂശിപ്പെട്ടതും വായനക്കാർ ഓർക്കുന്നുണ്ടാകും. പള്ളിയോടത്തിൽ ഫോട്ടോഷൂട്ട് നടത്തിയതിന്റെ പേരിലാണ് വിശ്വാസികളുടെ സൈബർ ആക്രമണം താരം ആഴ്ചകളോളം നേരിട്ടത്. എന്നാൽ ആക്രമണങ്ങളെ വളരാനുള്ള ആയുധമാക്കിയ നിമിഷ ഇപ്പോൾ അറിയപ്പെടുന്ന ഒരു താരത്തിലേക്കുള്ള വളർച്ചയുടെ പടവുകൾ താണ്ടുകയാണ്. സിനിമയ്ക്ക് വേണ്ടി ഗ്ലാമർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയുന്ന നിമിഷ അതൊക്കെ പ്രൊഫഷന്റെ ആവശ്യകതയാണ് എന്ന് തുറന്നുപറയുന്നുണ്ട്. സദാചാരവാദികളെ മൈൻഡ് ചെയ്യാതെ, തന്നെ പിന്തുണയ്ക്കുന്നവരുടെ പ്രോത്സാഹനങ്ങളിൽ സന്തോഷിക്കുകയാണ് നിമിഷ. കുടുംബത്തിന്റെ അകമഴിഞ്ഞ പിന്തുണയാണ് താരത്തിനുള്ളത്. പ്രത്യേകിച്ച് തന്റെ ഭർത്താവിന്റെ നിർലോഭമായ സഹകരണവും പിന്തുണയും തനിക്കൊരു മുതൽക്കൂട്ടാണ് എന്ന് നിമിഷ അഭിമാനത്തോടെ പറയുന്നുണ്ട്. ബൂലോകം ടിവി പ്രേക്ഷകരോട് നിമിഷയ്ക്കു പറയാനുള്ളത് എന്തെന്ന് വായിക്കാം. നിമിഷയെ ഇന്റർവ്യൂ ചെയ്തത് രാജേഷ് ശിവ.
അഭിനയത്തിലേക്കും കലയിലേക്കുമുള്ള വഴി നിമിഷ വ്യക്തമാക്കുന്നു
“ഞാൻ കോട്ടയം ജില്ലയിലെ ഒരു ചെറിയ ഗ്രാമത്തിലാണ് ജനിച്ചു വളർന്നത്. അവിടെ നിന്ന് ഞങ്ങൾ ചാലക്കുടിയിലേക്കു താമസം മാറുകയായിരുന്നു. ഡാൻസിനോടൊക്കെ പണ്ടേ വലിയ താത്പര്യമായിരുന്നു എങ്കിലും പ്രൊഫഷണൽ ആയി ഡാൻസ് പഠിക്കാനുള്ള സാമ്പത്തിക ശേഷി ഫാമിലിക്ക് ഇല്ലായിരുന്നു. അച്ഛൻ ഒരു സാധാരണ കൃഷിപ്പണിക്കാരൻ ആയിരുന്നു . അങ്ങനെ അവിടെനിന്നു ചാലക്കുടിക്കു വന്നു . ആർ എൽ വി രാമകൃഷ്ണൻ സാറിന്റെ (കലാഭവൻ മണിയുടെ അനുജൻ) അടുത്താണ് ഡാൻസ് പഠിക്കാനായി ചേർന്നത്.”
“നാട്ടിൻ പുറത്തു വളർന്ന ഞാൻ ഒരിക്കലും ചിന്തിച്ചിട്ടില്ല ഇങ്ങനെ ചാലക്കുടിക്കൊക്കെ വരുമെന്ന്. സത്യത്തിൽ ഞാൻ പുറംലോകം കാണാൻ തുടങ്ങിയത് ചാലക്കുടിയിൽ വന്നതിനു ശേഷമാണ്. ഡാൻസ് പഠനം ഒക്കെ അങ്ങനെ തുടങ്ങി കുറെ സുഹൃത്തുക്കളെയൊക്കെ കിട്ടി. അപ്പോൾ അവരൊക്കെ ചോദിച്ചു, നല്ലതുപോലെ ഡാൻസ് ചെയ്യുന്നുണ്ടല്ലോ കഴിവുള്ള കുട്ടിയാണല്ലോ ഷോർട്ട് ഫിലിമിൽ ഒക്കെ നോക്കിക്കൂടെ എന്ന്. പിന്നെ ഒന്നുരണ്ടു ഷോർട്ട് ഫിലിം ഒക്കെ ചെയ്തു, പിന്നെ ആൽബംസ് ചെയ്തു . അപ്പോൾ ഫൈറ്റ് പഠിക്കണം എന്ന ആഗ്രഹം തോന്നി.
റോൾ മോഡൽസ് ?
“എനിക്ക് പോലീസ് വേഷങ്ങളോട് ഭയങ്കര ഇന്റെറസ്റ്റ് ആയിരുന്നു. വാണിച്ചേച്ചി (വാണിവിശ്വനാഥ്) എന്റെ റോൾ മോഡലായിരുന്നു. അതുപോലെ തന്നെ വിജയശാന്തി. ഇവരെയൊക്കെ ഞാൻ വളരെയധികം ആരാധിച്ചിരുന്നു.”
ഏറ്റവും പിന്തുണ ഹസ്ബൻഡ്
“എന്റെ ഹസ്ബന്റിന്റെ പേര് ബിജോ എന്നാണു. ബിജോ ചേട്ടനാണ് എനിക്ക് ഏറ്റവും വലിയ സപ്പോർട്ട്. അദ്ദേഹം പറഞ്ഞു..നിനക്ക് ഡാൻസ് പഠിക്കണോ .. ഫൈറ്റ് പഠിക്കണോ … എങ്കിൽ പഠിച്ചോളൂ . നിന്റെ കൂടെ ഫുൾ സപ്പോർട്ട് ആയി ഞാനുണ്ട് എന്ന്. ഇപ്പോഴും ഞാൻ കരാട്ടെ പഠിക്കുന്നുണ്ട്. പർപ്പിൾ ബെൽറ്റ് ആണ് ഇപ്പോൾ. അങ്ങനെ മുന്നോട്ടു തന്നെ പോകുകയാണ്. എന്റെ മാതാപിതാക്കളെക്കാളും സപ്പോർട്ട് ആണ് ബിജോ ചേട്ടൻ . അത് ഞാൻ എവിടെയും പറയുന്ന കാര്യമാണ്. ബിജോ ചേട്ടൻ ഇല്ലെങ്കിൽ ഞാൻ ഈയൊരു പൊസിഷനിൽ എത്തുകയേ ഇല്ലായിരുന്നു”
ഇന്റർവ്യൂ ശബ്ദരേഖ
സിനിമയിൽ എത്തിയത്
“അങ്ങനെയിരിക്കെയാണ് ഒരു മൂവിയുടെ കാസ്റ്റിങ് കാൾ കണ്ടത്. ഞാൻ അങ്ങനെ ആ നമ്പറിൽ വിളിച്ചു. മമ്മി സാർ ആയിരുന്നു (മമ്മി സെഞ്ച്വറി ). അദ്ദേഹം എന്റെ കൂടെ പെരുമ്പാവൂരിൽ വരാൻ പറഞ്ഞു. അങ്ങനെ ഞാനും ബിജോ ചേട്ടനും കൂടി അവിടെ ചെന്നു . ആദ്യമായി ആണ് മമ്മി സാറിനെ കാണുന്നത്. അങ്ങനെ ഞങ്ങൾ അവിടെ ചെന്നു . മമ്മി സാറിന്റെ മൂവി ‘നോ എവിഡൻസ്’ അത് സ്റ്റാർട്ട് ചെയ്തിരുന്നു. അതിലൊരു ചെറിയ വേഷമേ ഉള്ളൂ എന്ന് അദ്ദേഹം പറഞ്ഞു. അത് സാരമില്ല ചെറിയ വേഷമെങ്കിലും ചെയ്യാം എന്ന് ഞാനും പറഞ്ഞു. ഞാനും ജാഫർക്കയുമായിരുന്നു (ജാഫർ ഇടുക്കി) കോമ്പിനേഷൻ . ആ സീൻ ഞാൻ നന്നായി ചെയ്തെന്നു മാണി സാർ പറഞ്ഞു. എന്താണ് ആഗ്രഹങ്ങൾ എന്ന് തമാശ മട്ടിൽ അദ്ദേഹം എന്നോട് ചോദിച്ചു. അപ്പോൾ ഞാൻ പറഞ്ഞു മമ്മീസാറെ എന്റെ ഏറ്റവും വലിയ ആഗ്രഹം … എനിക്കൊരു ഫൈറ്റ് മൂവി ചെയ്യണം എന്നതാണ്. ഫൈറ്റ് എനിക്ക് വലിയ ഇഷ്ടമാണ്.. ഡ്യൂപ്പ് ഒന്നും ഇല്ലാതെ തന്നെ അത് ചെയ്യണം. അത് ഞാൻ പറഞ്ഞപ്പോൾ, ഒകെ നമുക്ക് നോക്കാമെന്നു മമ്മി സാർ പറഞ്ഞു. അങ്ങനെ മാത്രമേ പുള്ളി പറഞ്ഞുള്ളൂ. എന്തെങ്കിലും അത്തരത്തിലൊരു വേഷം തരാമെന്നൊന്നും പറഞ്ഞില്ല. പിന്നെ കൊറോണയും കാര്യങ്ങളും ഒക്കെ ആയല്ലോ…ആ സമയത്തു നമുക്ക് ബുദ്ധിമുട്ടുകൾ ആയല്ലോ.. ആയിടയ്ക്ക് ഞാൻ വിനയൻ സാറിന്റെ ഒരു മൂവി ചെയ്തു, ‘പത്തൊൻപതാം നൂറ്റാണ്ട് ‘. അതിൽ ചെറിയൊരു വേഷം ചെയ്തു. പിന്നെ പ്രീസ്റ്റിൽ ചെറിയൊരു സംഭവം ചെയ്തു. പിന്നെ ആലീസ് ഇൻ പാഞ്ചാലിനാടിൽ ഒരു വേഷം ചെയ്തു. പിന്നെ കുറച്ചു സീരിയൽസ് ചെയ്തു. എന്റെ മാതാവ്, ഭാഗ്യജാതകം, കാർത്തികദീപം, എന്റെ കുട്ടികളുടെ അച്ഛൻ എന്നിങ്ങനെ കുറെ സീരിയൽസ്.”
ഫൈറ്റ് മൂവികളോട് കമ്പം
“പിന്നെ മമ്മീസാർ കുറച്ചു ദിവസം മുമ്പ് വിളിച്ചിട്ട് പറഞ്ഞു, “നിമിഷാ ഒരു മൂവിയുണ്ട് , അത് സ്റ്റാർട്ട് ചെയ്യാൻ പോകുകയാണ്…വലിയ സംഭവം ഒന്നുമല്ല…നായികാപ്രാധാന്യമുള്ള ഒരു വേഷമാണ് ..നിന്റെ ആഗ്രഹം പോലെ വലിയ ഫൈറ്റൊന്നും ഇല്ല. എന്നാൽ ചെറിയ ഫൈറ്റ് സീൻ ഒക്കെ ഉണ്ട്… ” . പിന്നെ ഞാൻ അവിടെ ചെന്നു. സ്റ്റോറി എന്നെ വായിച്ചുകേൾപ്പിച്ചു. അടിപൊളി സ്റ്റോറി ആയിരുന്നു. ‘അവഞ്ചേഴ്സ് ‘എന്നാണു മൂവിയുടെ പേര്. മൂവി പൂർത്തിയായി. അടുത്തമാസം (മാർച്ച് ) റിലീസ് ചെയുന്നു . എന്റെ ആഗ്രഹം പോലെ തന്നെ ഡ്യൂപ് ഒന്നും ഇല്ലാതെ ചെയ്യാൻ സാധിച്ചു. ഒരു ദിവസം മുഴുവൻ പെരുമ്പാവൂർ ടൗണിലൂടെ ഓടി. പ്രതിയെ പിടിക്കാനായി ഓടുന്ന സീൻ ഒക്കെയുണ്ട്. ഓട്ടവും ചാട്ടവും ചെറിയൊരു ഫൈറ്റ് സീനും ഒക്കെയുണ്ട്. ഡ്യൂപ് വേണമോ എന്ന് ചോദിച്ചപ്പോൾ അതൊന്നും വേണ്ട ഞാൻ തന്നെ ചെയ്യാമെന്ന് പറഞ്ഞു. ഞാൻ ഫൈറ്റൊക്കെ പഠിച്ചുവച്ചിട്ടു ഡ്യൂപ്പിനെ വയ്ക്കുന്നത് ശരിയല്ലല്ലോ. അങ്ങനെ അടിപൊളി ആയി തന്നെ ചെയ്തു. അങ്ങനെ എന്റെയൊരു ആഗ്രഹം സഫലമായി. അതിൽ എനിക്ക് ഭയങ്കര സന്തോഷമുണ്ട്. അങ്ങനെയൊക്കെ എന്റെ പ്രയാണങ്ങൾ തുടർന്നുകൊണ്ടേയിരിക്കുന്നു.”
അഭിനേത്രി എന്ന നിലയ്ക്കും വ്യക്തി എന്ന നിലയ്ക്കും നിമിഷ സ്വയം വിലയിരുത്തുന്നു
“ഞാനൊരു അഭിനേത്രിയാണ്, ഞാനൊരു ആർട്ടിസ്റ്റാണ് എന്ന് പറയാൻ എനിക്കൊരു മടിയുമില്ല. പിന്നെ ചിലരുടെ കാര്യം പറഞ്ഞാൽ …നമ്മളൊരു സിനിമയിൽ അഭിനയിച്ച കഥാപാത്രമായി ആണ് അവർ നമ്മെ ജീവിതത്തിലും കാണുന്നത്. ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ തന്നെ ഞാൻ പല രീതിയിലും പല ഫോട്ടോകളും ഇടും .അപ്പോൾ ചില ആളുകൾ മോശം വിമർശനങ്ങളുമായി വരും, സദാചാര ആക്രമണവുമായി വരും .. ശരിക്കും അത് നമ്മുടെ പ്രൊഫഷൻ ആണ്. എന്നാൽ ജീവിതം കൊണ്ട് ഞാൻ ഒരു നാട്ടിൻപുറത്തുകാരിയാണ് .നമ്മൾ സിനിമയ്ക്ക് വേണ്ടി പല രീതിയിലും വേഷങ്ങൾ ചെയ്യേണ്ടിവരും. പല കോസ്റ്റ്യൂമുകൾ ധരിക്കേണ്ടിവരും. അങ്ങനെ ആ മൂവിക്കു ആവശ്യമായ കാര്യങ്ങൾ നമുക്ക് ചെയ്യാൻ സാധിക്കണം.”
സദാചാരവാദികളെ മൈൻഡ് ചെയ്യാറില്ല
“വീട്ടിൽ അച്ഛനും അമ്മയും ഒക്കെ ഇരിക്കുമ്പോൾ തന്നെ എന്റെ ഫേസ്ബുക്ക് കമന്റുകൾ ഞാൻ എടുത്തു നോക്കും . ഞാനും ബിജോ ചേട്ടനുമൊക്കെ കമന്റുകൾ വായിച്ചു ചിരിക്കുകയാണ് ചെയുന്നത്. ഞാനൊരു ഫോട്ടോയിടുന്നത് എന്റെ സ്വാതന്ത്ര്യമാണ്. ഏതുവേഷം ചെയ്യണമെന്നും എന്ത് കോസ്റ്യൂം ധരിക്കണമെന്നും ഒക്കെ തീരുമാനിക്കുന്നത് ഞാനാണ്. എനിക്കും എന്റെ വീട്ടുകാർക്കും ഇല്ലാത്ത വിഷമമാണ് നാട്ടുകാർക്കുള്ളത്. ഞാനിപ്പോൾ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ഫോട്ടോയിട്ട് കഴിഞ്ഞാൽ ഒടുക്കത്തെ ലൈക്കും കമന്റും തെറികളുമാണ്. എന്നാൽ സാധാരണ ഒരു സാരിയോ പട്ടുപാവാടയും ബ്ലൗസും ഇട്ടുനിന്നാൽ ഒരാളും തിരിഞ്ഞുനോക്കില്ല. ഫോളോവേഴ്സിന് വേണ്ടിയാണല്ലോ നമ്മൾ ഇൻസ്റ്റാഗ്രാം യൂസ് ചെയുന്നത് അപ്പോൾ ഫോളോവേഴ്സ് കൂടണമെങ്കിൽ നമ്മളെന്തു ചെയ്യണം …ടിക്ടോക് ഉണ്ടയായിരുന്നപ്പോൾ അത്യാവശ്യം ഫോളോവേഴ്സ് ഉണ്ടായിരുന്നു. ഇവിടെ അടുത്തുള്ളൊരു കുളത്തിൽ ഞാൻ കുളിക്കുന്ന വീഡിയോ ഭയങ്കര ക്ലിക് ആയിരുന്നു. അതോടെയാണ് വീഡിയോ ചെയ്യാനുള്ള പ്രചോദനം കിട്ടിയത്. തെറിവിളിക്കുന്നവരെ പോലെ തന്നെ നമ്മെ സപ്പോർട്ട് ചെയ്യുന്നവരും ഉണ്ട്. നിന്റെ കൂടെ ഞങ്ങൾ കട്ടയ്ക്കുണ്ട് , സപ്പോർട്ട്, ഒന്നും നോക്കണ്ട പൊളിച്ചടുക്ക് എന്നൊക്കെ പറഞ്ഞു സപ്പോർട്ടേഴ്സ് കുറെയുണ്ട്. അതൊക്കെ കേൾക്കുമ്പോൾ നമുക്ക് വലിയ സന്തോഷമാണ്.”
ഏറ്റവും കടപ്പാട് ?
ഞങ്ങൾ സാധാരണക്കാരാണ്. ഞാൻ ഒരിക്കലും ചിന്തിച്ചിരുന്നില്ല സിനിമാ ഫീൽഡിൽ തന്നെ വരുമെന്ന്. ഏറ്റവുംകൂടുതൽ ഞാൻ നന്ദി പറയുന്നത് മമ്മി സാറിനോടാണ്. അവഞ്ചെഴ്സിന്റെ പോസ്റ്റർ പലരും എനിക്ക് ഇട്ടുതരികയാണ്.. തകർക്കും എന്നാണു അവരൊക്കെ പറയുന്നത്. അതൊക്കെ കേൾക്കുമ്പോൾ ഭയങ്കര സന്തോഷം.
അഭിനയ കല എങ്ങനെ സ്വായത്തമാക്കി ?
ഞാൻ അഭിനയം പഠിച്ചിട്ടില്ല. അഭിനയം പഠിക്കാൻ ഫിലിം സ്ക്കൂളിലോ അതുപോലുള്ള ആക്റ്റിംഗ് വർഷോപ്പുകളിലോ ഒന്നും പോയിട്ടില്ല. ഒരു സ്റ്റോറി കേൾക്കുമ്പോൾ നമ്മുടെ മനസിലൊരു ഐഡിയ ഉണ്ടാകും. നമ്മൾ സീരിയലും സിനിമയുമൊക്കെ പല രീതിക്കു കാണുന്ന ആൾക്കാരല്ലേ .. ഇപ്പൊ ഒരു സർവെൻറ് ആയി അഭിനയിക്കണമെങ്കിൽ അതുപോലെ എത്രയോ വേഷങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. ഇപ്പൊ ഏറ്റവും ടോപ് ആയി നിൽക്കുന്ന മഞ്ജുച്ചേച്ചി തന്നെ നോക്കൂ.. മഞ്ജുച്ചേച്ചിയുടെ സിനിമകൾ കാണുമ്പൊൾ അതിലൊക്കെ ചേച്ചി നാച്വറൽ ആണ്. നമ്മളിപ്പോൾ വീട്ടിലെങ്ങനെ സംസാരിക്കുന്നു..അതുതന്നെ.
ഏറ്റവും വലിയ പ്രചോദനങ്ങൾ ?
ഫ്രണ്ട്സ് എന്നോട് പറയാറുണ്ട് …നന്നായി നിന്റെ പെർഫോമൻസ് എന്ന്. എനിക്കേറ്റവും കൂടുതൽ പ്രചോദനവും പ്രോത്സാഹനവും എന്റെ ഹസ്ബന്റ് ആണ്. പുള്ളി തന്നെയാണ് എന്റെ ഇൻസ്റ്റാഗ്രാമിൽ ഫോട്ടോകൾ ഇടുന്നതും എന്റെ വീഡിയോസ് എടുക്കുന്നതും ഒക്കെ. പുള്ളി ഓരോ കാര്യവും ചൂണ്ടിക്കാട്ടി പ്രശംസിക്കാറുണ്ട്. പുള്ളിക്ക് ഞാൻ അഭിമാനമാണ്. എന്റെ മാതാപിതാക്കളെക്കാളും സപ്പോർട്ട് ആണ് അദ്ദേഹം. അത് ഞാൻ എവിടെയും പറയുന്ന കാര്യമാണ്. ബിജോ ചേട്ടൻ ഇല്ലെങ്കിൽ ഞാൻ ഈയൊരു പൊസിഷനിൽ എത്തുകയേ ഇല്ലായിരുന്നു.
പുതിയ പ്രോജക്റ്റ് ?
ഞാനിപ്പോൾ പുത്യയൊരു പ്രോജക്റ്റ് ചെയുന്നുണ്ട്.. നീ എന്നൊരു മൂവിയാണ് .രണ്ടുമൂന്നു കാരക്ടേഴ്സ് ചെയുന്നുണ്ട്. പ്രായം കുറഞ്ഞതും കൂടിയതുമായുള്ള കഥാപാത്രങ്ങൾ. ഒരു തമിഴ് മൂവി ചെയ്യാനുള്ള തയ്യാറെടുപ്പ് ആണ്. ഇപ്പോൾ കൊറോണ ആയതുകാരണം എല്ലാം സ്റ്റോപ് ആയിരിക്കുകയാണ്. എങ്കിലും പതിയെ ആക്റ്റീവ് ആയി വരുന്നുണ്ട് എല്ലാം .
പള്ളിയോടം വിഷയം കൊണ്ട് ഉണ്ടായ ഗുണം ?
“പള്ളിയോടം വിഷയം കൊണ്ട് എനിക്കുണ്ടായ ഗുണം , ഏതാണ്ട് എവിടെ ചെന്നാലും എന്നെ എല്ലാര്ക്കും അറിയാം. പള്ളിയോടം സംഭവം, സത്യത്തിൽ അറിയാൻ പാടില്ലാതെ ചെയ്തൊരു സംഭവമാണ്. പള്ളിയോടം ഒരു സാധാരണ വള്ളമെന്നാണ് കരുതിയത്. അതിന്റെ വിശ്വാസപരമായ കാര്യങ്ങൾ അറിയില്ലായിരുന്നു. അത് പള്ളിയോടം ആണെങ്കിൽ എന്തുകൊണ്ട് അവർ ഒരു ബോർഡോ ഒന്നും വച്ചില്ല. ഇപ്പൊ ശബരിമല, ഗുരുവായൂർ പോലുള്ള ക്ഷേത്രങ്ങൾ ഒക്കെ ബോർഡുകൾ ഉണ്ടല്ലോ.. യുവതികൾ പാടില്ലെന്നും അഹിന്ദുക്കൾ പാടില്ലെന്നും. എന്നിട്ടും പള്ളിയോടം ആണ് അതിൽ കയറിക്കൂടാ എന്നും എന്തുകൊണ്ട് ബോർഡിലൂടെയോ മറ്റോ മുന്നറിയിപ്പ് തന്നില്ല ? ഞങ്ങൾ മൂന്നുനാല് സുഹൃത്തുക്കൾ അവിടെ പോയപ്പോൾ ഒരു വള്ളം കിടക്കുന്നതുകണ്ടു , അപ്പോൾ അതിൽ കയറി ഫോട്ടോ എടുത്തു. അവിടത്തെ അമ്പലത്തിന്റെ ആൾക്കാർ ഒക്കെ അവിടെ തന്നെ ഉണ്ടായിരുന്നു. എല്ലാരോടും ചോദിച്ചിട്ടാണ് അമ്പലത്തിൽ കയറിയതൊക്കെ. അവിടെ നിന്ന് ഒരു കംപ്ലൈൻറ്റ് പോലും എന്നോടാരും പറഞ്ഞില്ല. വന്നതുമൊത്തം തിരുവല്ല, ആറന്മുള പോലുള്ള സ്ഥലങ്ങളിൽ നിന്ന്.”
കൊല്ലുമെന്നുവരെ ഭീഷണിയുണ്ടായിരുന്നു
“മാപ്പു പറയുന്ന വീഡിയോ ഇടണം എന്നൊക്കെ ഭീഷണിപ്പെടുത്തിയവർ ഉണ്ട്. അപ്പോൾ ഞാൻ പറഞ്ഞു, ഞാൻ അറിയാത്ത ഒരു കാര്യമാണ് അതിനു ഞാൻ എന്തിനാണ് മാപ്പ് പറയുന്നത്. പള്ളിയോടം എന്ന വാക്ക് തന്നെ ഞാൻ ജീവിതത്തിൽ ആദ്യമായാണ് കേൾക്കുന്നത്. വീട്ടിൽ ചെന്നപ്പോൾ അച്ഛനും അമ്മയും എന്നോട് ചോദിച്ചു , എടീ നീ ഏതു പള്ളിയിൽ ആണ് കയറിയതെന്ന്. അപ്പോൾ അവർക്കുപോലും അറിയില്ല. ഞാൻ അവരോടു പറഞ്ഞു അമ്മേ ..പള്ളിയല്ല പള്ളിയോടം, അതൊരു വള്ളമാണ്. കോട്ടയത്തെ ഏതോ ഒരു ഓണംകേറാമൂലയിൽ ജനിച്ചുവളർന്ന എന്നോട് ഈ പള്ളിയോടം എന്നൊക്കെ പറഞ്ഞാൽ സത്യത്തിൽ അറിയില്ലായിരുന്നു. പിന്നെ ഗൂഗിളിൽ ഒക്കെ സെർച്ച് ചെയ്തു നോക്കിയപ്പോൾ ആണ് അതെന്തെന്നു അറിയാൻ സാധിച്ചത്. ആ ക്ഷേത്രത്തിൽ ഉള്ളവർക്ക് പോലും അറിയില്ല… പലരും എന്നെ തെറിയോടു തെറിയാണ് .. അതൊക്കെ വായിക്കുമ്പോൾ എനിക്ക് ചിരിയാണ് വന്നത്.”
******