Niran S
“ഈ ആണുങ്ങൾക്കൊക്കെ പ്രാന്താ ല്ലേ അമ്മച്ചീ..?”
“പിന്നല്ലാണ്ട്….”
രണ്ട് തലം ചിന്തകൾ കയ്യാളുന്ന, രണ്ട് ജീവിത വീക്ഷണങ്ങളും രണ്ടനുഭവങ്ങളുമുള്ള രണ്ട് തലമുറയിലെ പെണ്ണുങ്ങൾ പരസ്പരം യോജിക്കുന്ന ഒരു ബിന്ദുവാണ് ഈ സംഭാഷണം… എഴുത്തുകാരൻ സിനിമയിലെ തൻ്റെ കൃത്യമായ രാഷ്ടീയനിലപാട് പറഞ്ഞുവെക്കുന്ന രണ്ടുവരികൾ.
മഹേഷ് അതിനു മുമ്പ് ആരെയും തല്ലീട്ടില്ല.. സ്കൂളിലും സ്റ്റുഡിയോയിലും മഹേഷ് ആരോടും ഒരു വഴക്കിനും പോയിട്ടില്ല.. എന്നിട്ടും അന്ന്, മഹേഷിൻ്റെ കവലയിൽ വച്ച് ഒരുത്തൻ മഹേഷിനെ തല്ലി.. മുണ്ടുരിഞ്ഞു.. ശരീരത്തിനും മനസിനും പരിക്കേൽപ്പിച്ചു.. തൻ്റെ ‘അഭിമാനം’ സംരക്ഷിക്കാനും ‘പ്രതികാരം’ നിറവേറ്റുവാനുമായി അവനെ-ജിംസനെ- തിരിച്ച് തല്ലും വരെ മഹേഷ് ചെരുപ്പിടുകില്ലെന്ന് പ്രതിജ്ഞ ചെയ്തു.. രഹസ്യമായി ചെരുപ്പ് നൽകി രമ്യമായി അവനെ വാശിയിൽ നിന്ന് പിൻതിരിപ്പാക്കാൻ ബേബിച്ചേട്ടൻ ശ്രമിക്കുമ്പോൾ ഒറ്റത്തന്തക്ക് പിറന്നോർ പറഞ്ഞ വാക്ക് മാറില്ലെന്ന് മാസ്സ് ഡയലോഗ് അടിക്കുന്നുമുണ്ട് മeഹഷ്.. അഭിമാനികൾ അങ്ങനെയാണല്ലോ.. ഇടയിൽ ജിംസൺ ഗൾഫിലേക്ക് വണ്ടി കയറി… പിന്നീടങ്ങോട്ട് ചെരുപ്പിൻ്റെയും തൻ്റെ ശപഥത്തിൻ്റെയും പേരിൽ മഹേഷിനുണ്ടാകുന്ന മാനഹാനികൾക്ക് കണക്കില്ല..
ചെരിപ്പില്ലാതെ ആ മനുഷ്യൻ പ്രകാശിലെയും കട്ടപ്പനയിലെയും കല്ലും മുള്ളും ചവിട്ടിക്കൊണ്ടേയിരുന്നു.. അതിനിടയിൽ തൻ്റെ പ്രതികാരശ്രമം വിഫലമാവാതിരിക്കാൻ ,ഒന്നുകൂടി മാനഹാനി ഉണ്ടാവാതിരിക്കാൻ മഹേഷ് കുങ്ഫു പഠിക്കുന്നു.. താൻ പ്രണയിക്കുന്നവൾ ജിംസൻ്റെ പെങ്ങളാണെന്നറിയുന്ന വേളയിലും അയാൾ തൻ്റെ ഉദ്യമത്തിൽ നിന്ന് പിൻമാറാൻ കൂട്ടാക്കുന്നില്ലായെന്ന് കാണാം.. എന്തുചെയ്യാം, ഓന് ഒറ്റ തന്തയല്ലേ ഉള്ളൂ.. യുദ്ധത്തിന് പോയ പങ്കാളിയെ അക്ഷമയോടെ കാത്തിരിക്കുന്ന ഇണയെ പോലെ ജിംസൻ്റെ മടങ്ങിവരവിനായും, പ്രതികാരം വീട്ടി തന്നെ ലൂണാർ ബ്രാൻ്റ് മാനം തിരിച്ചെടുക്കുന്ന സുദിനത്തിനായും മഹേഷ് കാത്തിരുന്നുകൊണ്ടേയിരുന്നു.. ഒടുവിലാ സമയം വന്നെത്തി.. വില്ലൻ നാട്ടിലേക്ക് തിരിച്ചുവന്നു..
അന്തസ്സ് വീണ്ടെടുക്കലിൻ്റെ മുഖ്യ സാക്ഷിയായി ബേബlച്ചേട്ടനെയും കൂട്ടി മഹേഷ് അയാളെ നേരിടാൻ പോവുകയാണ്.. ജയിക്കുമെന്നുറപ്പില്ല.. ഒന്നുകൂടി പരിക്കുപറ്റുമോയെന്നും മുണ്ടുരിയപ്പെടുമോയെന്നും അറിയില്ല.. തല്ലിന് ശേഷം, ഉള്ളാലെ താൻ സ്നേഹിക്കുന്ന, തന്നെ സ്നേഹിക്കുന്ന ജിംസിയുമായുള്ള ബന്ധം ഏത് നിലയിലേക്ക് മാറുമെന്നറിയില്ല.. ആ ആപച്ഛങ്കകളെയെല്ലാം തൃണവൽക്കരിച്ചുകൊണ്ട്, അതിനെല്ലാം വലുതാണ് ഒറ്റത്തന്തയെ തൊട്ട് പറഞ്ഞ തൻ്റെ ശപഥം എന്ന് പറയാതെ പറഞ്ഞുകൊണ്ട് അയാൾ ബൈക്ക് നിർത്തി ജിംപ്സനെ പോരിന് വിളിക്കുകയാണ്… അവിടെയാണ് ജിംസിയും അമ്മച്ചിയും- ജീവിതത്തെ ഗൗരവമായിക്കാണുന്ന, ഇവന്മാരുടെ ചെയ്തികളുടെ ഫലം കുറ്റമേതും ചെയ്യാതെയും അനുഭവിക്കേണ്ടി വരുന്ന രണ്ടു പെണ്ണുങ്ങൾ- ഒറ്റവാക്കിൽ ആണുങ്ങൾക്ക് , ആൺബോധങ്ങൾക്ക് പ്രാന്താണെന്ന് പ്രഖ്യാപിക്കുന്നത്..
ആ പ്രാന്തിനെ സിനിമകളിൽ ആഘോഷിച്ചുമാത്രം കണ്ടാണ് നമുക്ക് ശീലം.. അടികൊണ്ട് വീണ നായകൻ ഇരട്ടിയടി തിരികെ കൊടുത്താൽ മാത്രമേ നമ്മിലെ നായകസങ്കൽപം പൂർണമാകുകയുള്ളൂ.. മഹേഷിനെന്തുകൊണ്ട് കട്ടപ്പന സ്റ്റേഷനിൽ ഒരു പരാതി കൊടുക്കാനായില്ല? ജിംസൻ്റ കയ്യിൽ പോലീസ് വിലങ്ങ് വെക്കുമ്പോൾ സിനിമാ സ്റ്റൈലിൽ കാലിൽ ലൂണാർ ഇട്ടുകൊണ്ട് പോയ മാനം തിരികെ പിടിക്കാമായിരുന്നില്ലേ അയാൾക്ക്? കുറഞ്ഞപക്ഷം കാലിൽ ചോര പൊടിയുമ്പോഴോ, ജിംസിയെ നഷ്ടപ്പെട്ടേക്കാമെന്ന ഘട്ടത്തിലോ എങ്കിലും ശപഥത്തിൽ നിന്ന് പിന്മാറാമായിരുന്നില്ലേ മഹേഷിന്..
അതിനനുവദിക്കാത്ത അദൃശ്യമായ ആൺവർഗ്ഗ പൊതുബോധമാണ് ജിംസി പറഞ്ഞ പ്രാന്ത്.. ഒരു വ്യക്തിയെയും, അയാളുടെ ചുറ്റുമുള്ള സമൂഹത്തെയും ദോഷമായി ബാധിച്ചുതുടങ്ങുന്നിടത്ത്, ആത് ചങ്ങലക്കിടേണ്ട അസുഖമായി മാറുന്നു.. അച്ഛൻ്റെ സൗഖ്യത്തിനായി ബ്രഹ്മചര്യ വ്രതമെടുത്ത് രാജാവാകാതെ കുരുവംശം മൊത്തത്തിൽ മുടിച്ച ഭീഷ്മരും, അമ്മക്കും കൂട്ടുകാരനും നൽകിയ വാക്കുകൾക്ക് മുന്നിൽ സ്വയം മുടിഞ്ഞ കർണനുമെല്ലാം ഇതേ പ്രാന്തിൻ്റെ ഗ്ലോറിഫൈഡ് രൂപങ്ങളാണ്… മനുഷ്യൻ്റെ സഹജമായ സ്വഭാവങ്ങളിലൊന്നല്ലേ ഈ പ്രാന്തെന്ന് സംശയം വരാം… സഹജമായ പല ശീലങ്ങളെയും ഒതുക്കിവച്ച്, സ്വയം നവീകരിച്ചാണ് നാം ആധുനിക മനുഷ്യനായതെന്ന വസ്തുതയാണ് അതിനുത്തരം..
പെപ്പെയുടെ സഖിക്കും, മഹേഷിൻ്റെ ജിംസിക്കും, മണവാളൻ വസീമിൻ്റെ ബീവിക്കും,പൊളിഞ്ഞ ആ തിയറ്ററിനും പിന്നെ സകല നായകരുടെയും പ്രതികാര പൂർത്തിക്കിടെ തകർന്ന മുഴുവൻ സ്ഥാപന-ജംഗമ വസ്തുക്കൾക്കും, പൊളിഞ്ഞ ബന്ധങ്ങൾക്കും, ഉതിർന്ന കണ്ണുനീരുകൾക്കും ഈ പോസ്റ്റ് സമർപ്പയാമി…