Nirmal Scaria

ലൈംഗിക വിദ്യാഭ്യാസം.

ഇന്ന് ഈ രാജ്യത്ത് ഒരേ ഒരു മാറ്റം വരുത്താനുള്ള വരം ഏതെങ്കിലും മാലാഖ/മലക്ക്/ദേവൻ പ്രത്യക്ഷപ്പെട്ട് നൽകിയാൽ ഞാൻ ആവശ്യപ്പെടുന്നത് കൃത്യമായ ലൈംഗിക വിദ്യാഭ്യാസം എല്ലാ പ്രായക്കാർക്കും (40 ഉം 50ഉം വയസ്സ് ആയവർക്കും, മൂന്നും നാലും മക്കൾ ഉള്ളവർക്കും വരെ) ലഭിക്കാൻ സാധിക്കണം എന്നതായിരിക്കും. ഈ രാജ്യത്ത് നിലനിൽക്കുന്ന പട്ടിണിയും, കലാപങ്ങളും, ദാരിദ്ര്യവും എല്ലാം മനസ്സിലാക്കി തന്നെയാണ് അതിലും ഒക്കെ ഉപരിയായി ലൈംഗിക വിദ്യാഭ്യാസത്തെ ഏറ്റവും അത്യന്താപേഷിതമായതായി കാണുന്നത്.

.പ്രധാന പ്രശ്നം എന്താണെന്ന് വെച്ചാൽ, ഒരു വലിയ ശതമാനം ജനത്തിനും, ഇത് എന്താണ് സംഭവം എന്ന് പോലു അറിയില്ല. വിചാരിക്കുന്നതിലും കഷ്ടമാണ് അവസ്ഥ എന്ന് പറയേണ്ടിയിരിക്കുന്നു. ലൈംഗിക വിദ്യാഭ്യാസത്തെ പറ്റി പല സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും വന്ന പോസ്റ്റുകൾക്കു കീഴെ വന്ന കമൻറുകളിൽ നിന്ന് മനസ്സിലായത് പറയട്ടെ. ഭൂരിഭാഗം ആളുകളും വിചാരിക്കുന്നത്, ലൈംഗിക വിദ്യാഭ്യാസം എന്നു വെച്ചാൽ “Where to put it” എന്ന് പഠിപ്പിക്കുന്ന രണ്ടര മണിക്കൂർ നീളുന്ന കാമസൂത്ര ക്ലാസ് ആണെന്ന് ആണ്. ഈ അവസ്ഥ നിരാശാജനകമാണ്.

എന്താണ് ലൈംഗിക വിദ്യാഭ്യാസത്തിൻറെ പ്രാധാന്യം?

.”സംഗതികൾ ദിങ്ങനെയൊക്കെയാണ് നടക്കുന്നത് എന്ന് ആദ്യമായി നിങ്ങൾ അറിഞ്ഞത് എവിടെ നിന്ന് ആണ്?” എന്ന് ഒരു ചോദ്യം വന്നാൽ എത്ര പേർക്കു കാണും പുറത്തു പറയാൻ കൊള്ളാവുന്ന മറുപടി? നിലവിലത്തെ സാഹചര്യത്തിൽ ചുരുക്കമാണ്, അല്ലെങ്കിൽ പൂജ്യമാണ്. വീട്ടിലോ, വിദ്യാലയത്തിലോ, ഏതെങ്കിലും സ്ഥാപനത്തിലോ, വ്യക്തമായ പഠനം നൽകുന്ന ഒരു സാഹചര്യവും നിലവിൽ ഇല്ല.

.പിന്നെ, ഇതൊക്കെ അറിയുന്നത്, ക്ലാസിലെ ഏതോ “തലതെറിച്ച” പിള്ളേർ പറയുന്നത് കേട്ടിട്ട്, അല്ലെങ്കിൽ മുതിർന്നവർ ആരെങ്കിലും നിങ്ങളുടെ മുഖത്തെ കൌതുകം കണാൻ വേണ്ടി പറയുന്ന കേട്ടിട്ട്, അതും അല്ലെങ്കിൽ എന്തൊക്കെയോ അറിയാവുന്ന വാക്കുകൾ കൂട്ടി ഗൂഗിൾ ചെയ്ത്. അവിടുന്ന് ആരംഭിക്കുന്നതാണ് ലൈംഗിക ജീവിതം. പിന്നീടും കിട്ടുന്ന പൂരിഭാഗം വിവരങ്ങളും ആരൊക്കെയോ എവിടുന്നൊക്കെയോ പറയുന്നത് കേട്ടിട്ടാണ്. ഇനിയാണ് ഇതിലെ അപകടം.

.വ്യക്തമായ പാട്രിയാർക്കി നിലനിൽക്കുന്നതു കൊണ്ടു തന്നെ, ദത് ആണിന് ഒരു പൊൻതൂവലും പെണ്ണിന് ഒരു വേശ്യാ പട്ടം അല്ലെങ്കിൽ ഒരു വമ്പിച്ച വിലയിടിച്ചിലും ആകുന്നു. (പാതി കടിച്ച ആപ്പിൾ സമ്മാനം കൊടുത്തവന് ഒന്നും അറിയാതെ കയ്യടിച്ചവരാണ് പൂരിഭാഗം മലയാളികളും). ഈ രീതിയിലുള്ള വിദ്യാഭ്യാസമാണ് ഈ വിഷയത്തിൽ കിട്ടി പോരുന്നത് എങ്കിൽ കൂടുതൽ എന്താണ് അങ്ങനെ ഒരു ആളിൽ നിന്ന് പ്രതീക്ഷിക്കണ്ടത്?

.അവൻ രാത്രിയിൽ ഒരു പെണ്ണിനെ കണ്ടാൽ അവൾ എന്തോ ദുരുദ്വേശത്തിനു പുറത്തു വന്നതാണെന്ന് വിശ്വസിക്കാം. അവൻ ഒരു പെണ്ണിനെ പീഢിപ്പിച്ചാൽ അത് അവന് അച്ചീവ് മെൻറ് ആയിരിക്കാം. കൂടെ പഠിക്കുന്ന/ജോലി ചെയ്യുന്ന വ്യക്തി, വ്യക്തിക്കും അപ്പുറം “പെണ്ണ്” ആയി മാത്രമേ അവന് കാണാൻ സാധിക്കുക ഉണ്ടാവാം. ഇങ്ങനെ ഒരു സാഹചര്യത്തിൽ സ്ത്രീ ശാക്തീകരണം എത്ര പ്രാവർത്തികമാണ്.നമ്മളൊക്കെ വിഭാവനം ചെയ്യുന്ന ആധുനിക സമ്മൂഹം എത്ര പ്രാവർത്തികമാണ്. ഈ പ്രശ്നങ്ങൾ പരിഹരിക്കാതെ മുമ്പോട്ട് വഴി ഉണ്ടെന്ന് തോന്നുന്നില്ല.

.അടുത്തു നടന്ന പീഢനങ്ങളെ ലൈംഗിക വിദ്യാഭ്യാസത്തിൻറെ കുറവായി പലരും കാണുന്നത് കണ്ടു. ആ നിരീക്ഷണത്തോട് തീർത്തും യോജിക്കുന്നു. പക്ഷേ, വന്ന പല പ്രതികരണങ്ങളും അവനെ എങ്ങനെ കൊല്ലണം എന്നും, ഏതൊക്കെ അവയവങ്ങളിൽ എങ്ങനെയൊക്കെ കൊത്തുപണി ചെയ്യണമെന്നും ഉള്ളത് ആയിരുന്നു. പക്ഷേ, നാളെ ഒരു ആക്രമണം തടയാൻ വേണ്ടത് ഇന്ന് നൽകേണ്ട ലൈംഗിക വിദ്യാഭ്യാസം തന്നെയാണ്.

.സമർപ്പണം: ആണുങ്ങളുടെ എല്ലാം കപ്പലണ്ടിമുട്ടായി ചെത്തിക്കളഞ്ഞ് സ്ത്രീ സുരക്ഷ ഉറപ്പു വരുത്താം എന്നു വിശ്വസിക്കുന്ന നിഷ്കളങ്കർക്ക്.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.