ഇസ്രോയും(ISRO), നാസയും(NASA) ഒന്നിച്ച് പ്രയത്നിച്ച പുത്തൻ സാറ്റലൈറ്റ് ആയ ‘നിസാർ'(NISAR) ന്റെ ഭാഗങ്ങൾ കൈമാറുമ്പോൾ ഇന്ത്യൻ സംഘം തേങ്ങയുടച്ച് നൽകിയപ്പോൾ അമേരിക്കൻ സംഘം കപ്പലണ്ടി നൽകി. ഇതിന് പിന്നിലുള്ള കാരണങ്ങൾ എന്തെല്ലാം?
അറിവ് തേടുന്ന പാവം പ്രവാസി
👉തങ്ങളുടെ ദൗത്യങ്ങൾ വിജയിക്കുന്നതിനു പിന്നില്‍ കപ്പലണ്ടിക്കും പങ്കുണ്ടെന്നാണ് നാസയിലെ എൻജിനീയർമാർ വിശ്വസിക്കുന്നത്. നാസയുടെ ഈ കപ്പലണ്ടി ബന്ധം ഇന്നും ഇന്നലെയും തുടങ്ങിയതല്ല; അരനൂറ്റാണ്ടിലേറെ പഴക്കമുണ്ട് അതിന്.1964ലെ റേഞ്ചർ 7 ദൗത്യം മുതലാണ് നാസയും കപ്പലണ്ടിയും തമ്മിലുള്ള ഈ ബന്ധം. നേരത്തേ 6 റേഞ്ചർ ദൗത്യങ്ങളും പരാജയമായിരുന്നതിനാൽ നാസയുടെ സതേൺ കലിഫോർണിയയിലെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിൽ ഏഴാം ദൗത്യത്തിനു എൻജിനീയർമാർ അൽപം നെഞ്ചിടിപ്പോടെയാണ് എത്തിയത്.
അപ്പോഴാണ് മിഷൻ ട്രജക്ടറി എൻജിനീയർ ഡിക് വാലസിന്റെ മനസിലേക്ക് ഐഡിയ വന്നത്. ദൗത്യം വിജയിക്കണമെങ്കിൽ എൻജിനീയർമാരുടെ ടെൻഷൻ കുറയ്ക്കണം. അതിന് എന്തെങ്കിലും കൊറിക്കാൻ കൊടുക്കണം. അങ്ങനെയാണ് നാസയിലേക്കു കപ്പലണ്ടിയുടെ കടന്നുവരവ്.
എൻജിനീയർമാർക്കു കൊറിക്കാൻ കപ്പലണ്ടി നൽകാതിരുന്ന ദൗത്യങ്ങളെല്ലാം പരാജയപ്പെടുകയോ, വൈകുകയോ ചെയ്തത്രേ.
40 ദിവസത്തോളം വൈകിയ ഒരു ദൗത്യം ഒടുവിൽ യാഥാർഥ്യമായത് എൻജിനീയർമാർക്കു കപ്പലണ്ടി കൊടുത്ത ശേഷമാണെന്നും കഥയുണ്ട്. ബഹിരാകാശ ദൗത്യം വിജയിക്കണമെങ്കിൽ റോക്കറ്റ് സയൻസിലെ അറിവു മാത്രം പോരാ, കുറച്ചു കപ്പലണ്ടിയും അകത്താക്കണമെന്ന വിശ്വാസം അങ്ങനെയാണ് നാസയിൽ വേരുപിടിച്ചത്. അങ്ങനെ ദൗത്യങ്ങളുടെ ചെക്‌ലിസ്റ്റിൽ കപ്പലണ്ടി ഒഴിവാക്കാനാകാത്തതായി മാറി. ഹൈന്ദവ ആചാര പ്രകാരം ചില വസ്തുക്കൾക്ക് വിശിഷ്ടമായ സ്ഥാനമാണുള്ളത്. പലതരം മരങ്ങളും, പുഷ്പങ്ങളും , മൃഗങ്ങളും തുടങ്ങി നിരവധി വസ്തുക്കളാണ് ഹിന്ദു വിശ്വാസങ്ങൾ പ്രകാരം പുണ്യമായിട്ടുള്ളത്. അത്തരത്തിൽ ഏറെ പ്രാധാന്യമുള്ള വസ്തുവാണ് തേങ്ങ.ഹിന്ദുക്കളുടെ എല്ലാ ചടങ്ങുകളിലും ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് തേങ്ങ.കല്യാണം, ഉത്സവം, ചടങ്ങ്, പൂജ എന്നിവയിലെല്ലാം തേങ്ങയ്‌ക്ക് വളരെയധികം പ്രാധാന്യമുണ്ട്. ഹൈന്ദവർ പുതിയ സംരംഭം തുടങ്ങുമ്പോഴും , ഗൃഹത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങുമ്പോഴും , വാഹനം വാങ്ങിയതിന് ശേഷവും തേങ്ങയുടയ്‌ക്കുന്ന പതിവുണ്ട്. തേങ്ങയെ ദൈവത്തിന്റെ ഫലമെന്നാണ് വിശേഷിപ്പിക്കുന്നത്. ദൈവത്തെ പ്രീതിപ്പെടുത്താൻ ഉപയോഗിക്കുന്ന ഒരേയൊരു ഭക്ഷണ സാധനമാണ് തേങ്ങ. പവിത്രവും , ശുദ്ധവും നിരവധി ഗുണങ്ങളുള്ളതുമായ ഫലമാണ് തേങ്ങ. നാളികേരത്തിലെ മൂന്ന് അടയാളങ്ങൾ ശിവന്റെ മൂന്ന് കണ്ണുകളായാണ് ഹൈന്ദവ വിശ്വാസത്തിൽ കണക്കാക്കപ്പെടുന്നുത്.
അതുകൊണ്ടാണ് പൂജാ ചടങ്ങുകളിൽ തേങ്ങയെ ശുഭവസ്തുവായി വിശേഷിപ്പിക്കുന്നത്. ക്ഷേത്രങ്ങളിൽ നാളികേരം ഉടയ്‌ക്കുന്നത് ഒരാളുടെ അഹംഭാവത്തെ തകർക്കുകയും ഭഗവാന് മുൻപിൽ തന്നെ തന്നെ താഴ്‌ത്തുന്നതിന് തുല്യമാണെന്നുമാണ് വിശ്വാസം.പണ്ട് കാലത്തെ ‘നരബലി’ എന്ന മനുഷ്യത്വരഹിതമായ ആചാരത്തെ ആത്മീയ ഗുരുവായ ആദി ശങ്കരാചാര്യൻ അപലപിച്ചിരുന്നു. തുടർന്ന് ജനങ്ങളുടെ ആഗ്രഹങ്ങൾ നിറവേറ്റുന്നതിനായി തേങ്ങ ഉടയ്‌ക്കുന്നത് പ്രോത്സാഹിപ്പിക്കുകയും ചെയ്തു. തേങ്ങ ഉടക്കുന്ന വഴിപാടിലൂടെ സൂചിപ്പിക്കുന്നത് ‘ഞാൻ എന്നെത്തന്നെ ദൈവത്തിന്റെ കാൽക്കൽ അർപ്പിക്കുന്നു’ എന്നാണ്.
ബ്രഹ്മാവ് (സ്രഷ്ടാവ്), വിഷ്ണു (സംരക്ഷകൻ), മഹേശ്വരൻ (സംഹാരം) എന്നിവരുടെ ചൈതന്യത്തെ തേങ്ങ പ്രതിനിധീകരിക്കുന്നു. തേങ്ങയെ ആരാധനാ വസ്തുവായി കണക്കാക്കി ഭക്തർ മൂന്ന് ദൈവങ്ങൾക്കായി അർപ്പിക്കുന്നു. അങ്ങനെ ഭക്തർക്ക് ത്രിമൂർത്തികളുടെ അനുഗ്രഹം ലഭിക്കുന്നു. തേങ്ങയിലെ മൂന്ന് കണ്ണുകൾ ശിവന്റെ മൂന്ന് കണ്ണുകളെ പ്രതീകപ്പെടുത്തുന്നു.ഉള്ളിലെ വെളുത്ത ഭാഗം പാർവതി ദേവിയെ പ്രതീകപ്പെടുത്തുന്നു. വെള്ളം ഗംഗയെ സൂചിപ്പിക്കുന്നു. തവിട്ട് നിറത്തിലുള്ള പുറംഭാഗം കാർത്തികേയനെ പ്രതിനിധീകരിക്കുന്നു എന്നാണ് വിശ്വാസം. തേങ്ങയ്‌ക്ക് ജീവനുള്ളതായാണ് സങ്കൽപ്പം. അതിനാൽ തന്നെ ഗർഭിണികൾ തേങ്ങ ഉടയ്‌ക്കാൻ പാടില്ലെന്നാണ് പഴമക്കാർ പറയുന്നത്. കാരണം ഇത് ഒരു ജീവനെ കൊല്ലുന്നതിന് തുല്യമാണ്.
💢 വാൽ കഷ്ണം💢
നാസയുടെ ആദ്യ അക്ഷരമായ എൻ(N), ഇസ്രോയുടെ ആദ്യ അക്ഷരമായ ഐ(I) എന്നിവയ്ക്ക് ഒപ്പം സിന്തറ്റിക് അപ്പേർച്ചർ റഡാർ(Synthetic Aperture Radar) എന്നതിന്റെ ചുരുക്കെഴുത്തായ സാർ(SAR) കൂടി കൂട്ടിച്ചേർത്ത സാറ്റലൈറ്റാണ് നിസാർ(NISAR) .
ഒരു ഭൂപ്രദേശത്തിന്റെ ചിത്രമെടുക്കാൻ ഉപയോഗിക്കുന്ന റഡാർ വകഭേദമാണ് സിന്തറ്റിക് അപ്പേർച്ചർ റഡാർ. വലിയൊരു ആന്റിനയുടെ സഹായത്തോടെയാണ് ഇത് സാധ്യമാകുന്നത്. പരമ്പരാഗത ബീം‐സ്കാനിങ് റഡാർ സംവിധാനത്തിൽ നിന്നും വ്യത്യസ്തമായി ഒരു വസ്തുവിന്റെയോ , ഭൂപ്രദേശത്തിന്റേയോ വളരെ വ്യക്തമായ ചിത്രങ്ങൾ നിർമ്മിക്കാൻ സിന്തറ്റിക് അപ്പേർച്ചർ റഡാർ സങ്കേതത്തിന് സാധിക്കും.
സതേൺ കാലിഫോർണിയയിലെ നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയി (ജെപിഎൽ) ൽ ആയിരുന്നു നിസാറിന്റെ പിറവി. ഇസ്രോയുടെയും നാസയുടെയും ശാസ്ത്രജ്ഞർ സംയുക്തമായാണ് നിസാറിന്റെ നിർമാണത്തിന് മേൽനോട്ടം വഹിക്കുന്നത്. കഴിഞ്ഞ ദിവസം നിസാർ നിർമാണം ഏതാണ്ട് പൂർത്തിയാകുകയും വിക്ഷേപണത്തിനായി ബംഗളുരുവിലേക്ക് എത്തിക്കാനുള്ള തയാറെടുപ്പുകൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. ഇന്ത്യയിൽ നിന്നാണ് നിസാർ ഭൂമിയുടെ കാവലാളാകാൻ ഭ്രമണ പഥത്തിലേക്ക് കുതിക്കുക. ഭൂമിയുടെ കരയെയും , ഹിമപ്രതലങ്ങളെയും പറ്റി കൂടുതൽ വിശദമായി പഠിക്കാൻ സഹായിക്കുക എന്നതാണ് നിസാറിന്റെ ദൗത്യം.
ഒരു ഭൗമ നിരീക്ഷണ ഉപഗ്രഹം എന്ന നിലയിൽ പ്രകൃതി ദുരന്തങ്ങളെപ്പറ്റിയും ഏറെ വെല്ലുവിളി ഉയർത്തുന്ന കാലാവസ്ഥാ മാറ്റങ്ങളെപ്പറ്റിയും നിർണായക വിവരങ്ങൾ നൽകാൻ നിസാറിന് സാധിക്കും . ഉടൻ ഇന്ത്യയിലെത്തുന്ന ഈ ഉപഗ്രഹം സെപ്റ്റംബറിലാകും വിക്ഷേപിക്കുക. ഭൂമിയെയും നമ്മുടെ മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയെയും നന്നായി മനസ്സിലാക്കാനുള്ള ഇസ്രോ- നാസ കൂട്ടുകെട്ടിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് ‘നിസാർ’. ഒരു എസ് യുവി വലിപ്പത്തിലുള്ള നിസാർ സാറ്റലൈറ്റ് ഒരു കണ്ടെയ്നറിലേക്ക് മാറ്റിയശേഷം ഈ മാസം അവസാനത്തോടെ ബംഗളുരുവിലെ യുആർ റാവു സാറ്റലൈറ്റ് സെന്ററിലേക്ക് കൊണ്ടുവരും. 2800 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം നിർമിക്കാൻ 2014ൽ ആണ് ഐഎസ്ആർഒയും നാസയും കൈകോർത്തത്. തുടർന്ന് ഐഎസ്ആർഒ S-Band SAR പേലോഡ് ഇന്ത്യയിൽ വികസിപ്പിക്കുകയും ജെപിഎൽ നിർമ്മിച്ച എൽ-ബാൻഡ് പേലോഡുമായി സംയോജിപ്പിക്കുന്നതിനായി 2021 മാർച്ചിൽ നാസയ്ക്ക് അയച്ചു നൽകുകയും ചെയ്തു. വിക്ഷേപണം നടത്തി ‘നിസാറി’നെ യു ആർ റാവു സാറ്റലൈറ്റ് സെന്ററിലെ സാറ്റലൈറ്റ് ബസുമായി ബന്ധിപ്പിക്കും.
ഏറ്റവും സങ്കീർണ്ണമായ ഉപഗ്രഹങ്ങളിൽ ഒന്നാണ് നിസാർ.ഏകദേശം 12 മീറ്റർ വ്യാസമുള്ള ഡ്രം ആകൃതിയിലുള്ള റിഫ്ലക്ടർ ആന്റിന ഉപയോഗിച്ച് നിസാർ റഡാർ ഡാറ്റ ശേഖരിക്കും. ഇത് ഇന്റർഫെറോമെട്രിക് സിന്തറ്റിക് അപ്പേർച്ചർ റഡാർ അല്ലെങ്കിൽ ഇൻസാർ എന്ന സിഗ്നൽ-പ്രോസസിംഗ് ടെക്നിക് ഉപയോഗിച്ച് ഭൂമിയുടെ കരയിലും ഹിമ പ്രതലത്തിലും ഉണ്ടാകുന്ന മാറ്റങ്ങൾ നിരീക്ഷിക്കും. ഭൂകമ്പങ്ങൾ, മണ്ണിടിച്ചിൽ, അഗ്നിപർവ്വത സ്ഫോടനങ്ങൾ എന്നിവയ്ക്ക് മുമ്പുള്ള ഭൂപ്രതലത്തിന്റെ വ്യതിയാനങ്ങൾ കണ്ടെത്താൻ ഈ ഉപഗ്രഹം ഗവേഷകരെ സഹായിക്കും. ഇത്തരത്തിൽ ലഭിക്കുന്ന വിവരങ്ങൾ ജോഷിമഠ് മണ്ണിടിച്ചിൽ പോലുള്ള പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുന്നതിന് മുമ്പ് ആവശ്യമായ തയാറെടുപ്പുകൾ നടത്താൻ ഏറെ ഉപകാരപ്പെടും.
മഞ്ഞുപാളികൾ, അഗ്നിപർവ്വതങ്ങൾ, ഭൂകമ്പങ്ങൾ, ഭൂഗർഭജല ശേഖരം എന്നിവയ്‌ക്കൊപ്പം ഭൂമിയുടെ മാറിക്കൊണ്ടിരിക്കുന്ന ആവാസ വ്യവസ്ഥകളെയും നിസാറിനെ ഉപയോഗിച്ച് ഐഎസ്ആർഒ നിരീക്ഷിക്കും. കാലാവസ്ഥാ പ്രവചനങ്ങളിലും നിസാറിന് കാര്യമായ സംഭാവനകൾ നൽകാനാകും. ഏത് സാഹചര്യങ്ങളിലും രാവും പകലും നിരീക്ഷണം നടത്താൻ നിസാറിന് സാധിക്കും.