എന്തൊരു നാശമാണിത്…ചുറ്റീട്ടും ചുറ്റിട്ടും ഒന്നുമങ്ങോട് ശരിയാകുന്നില്ല …!

803

Nisha Ajith

ഇതെന്താ ഇവിടെ ചിറകു പോലെ നിൽക്കുന്നെ..🤔ഹോ എന്തൊരു ചൂടാണിത് ..പണ്ടാരം 😵നടക്കാനും പറ്റുന്നില്ല..ഇരിക്കാനും പറ്റുന്നില്ല😖 ഇതെല്ലം വാരിചുറ്റി നടക്കുന്ന അമ്മച്ചിമാരെ (പുച്ഛം ) സമ്മതിക്കണം….😏ബസ്സിലെല്ലാം എങ്ങനാണോ കയറിപ്പറ്റുന്നെ .. 🙄 ഇതെങ്ങാനും അഴിഞ്ഞു പോയാലെന്റീശ്വരാ…..!’😵

സാരിയെന്നു കേൾക്കുന്നതെ ഒരലർജി ആയിരുന്ന കാലമുണ്ടായിരുന്നു എനിക്കുമെന്ന് ഊറിയ ചിരിയോടെ ഓർമപ്പെടുത്തുന്ന ചില ആത്മവിലാപങ്ങളാണ് ആ മുകളിൽ കണ്ടത് അത്രയും . ഞാനൊക്കെ സ്കൂളിൽ പഠിക്കുന്ന കാലത്തു ആദ്യ സാരിയുടെ ഉത്കണ്ഠ തുടങ്ങിയിരുന്നത് പത്താം ക്ലാസ്സിലെ സെന്റ് ഓഫിനായിരുന്നു . അന്ന് ശരീരം കൊണ്ട് തീരെ ചെറിയ കുട്ടിയായിരുന്നു കൊണ്ട് ആ കളി ആ വർഷം വേണ്ടെന്നു മുൻപേ തീരുമാനിച്ചിരുന്നു . പക്ഷെ ഉള്ളിൽ സങ്കടമൊളിപ്പിച്ചിട്ടാണ് ആ കഠിനതീരുമാനം എടുത്തത് എന്നോർക്കണം. സാരിയിൽ നമ്മളെത്ര പോരെന്നുള്ള തിരിച്ചറിവ് ആ പിഞ്ചു മനസ്സിനെ എത്ര കണ്ടു വേദനിപ്പിച്ചു.. ആ പതിനഞ്ചു വയസ്സുകാരിയുടെ ആത്മവിശ്വാസത്തെ തകർത്തു കളഞ്ഞു എന്ന് എനിക്കും എന്നെ പോലെ അശുക്കളായിരുന്ന എന്റെ ആത്മസുഹൃത്തുക്കൾക്കും മാത്രമേ അറിയൂ ..

ഓ ..പതിനഞ്ചല്ലേ ആയുള്ളൂ..ഒരു നാൾ ഞാനും ചേട്ടനെ പോലെ വളരും വലുതാകും എന്നും പാടി, പാടെ പൊളിഞ്ഞ ആത്മവിശ്വാസത്തെ മറ്റു ചില അതായതു പാട്ട് ,നൃത്തം മുതലായ ചില നുറുങ്ങു വിദ്യകളാൽ വീണ്ടും ചേർത്ത് പിടിച്ചു പിരി വെട്ടി നടന്നിരുന്ന ആ പ്രീഡിഗ്രി കാലം . “അറിയുന്നില്ലാത്മാനുരാഗം ..അറിയേണ്ടോരാൾ മാത്രം ..” അതെ.. പാടി മുഴുമിപ്പിക്കും മുൻപേ ഇങ്ങെത്തി പ്രീഡിഗ്രി രണ്ടാം വർഷ സെന്റ് ഓഫ്.. ‘ചന്തൂനെ തോൽപ്പിക്കാൻ നിങ്ങൾക്കാവൂല്ല മക്കളെ’ എന്ന് വീണ്ടും സ്വശരീരത്തെ നോക്കി നെടുവീർപ്പിട്ട് മറ്റൊരു തരംഗമായിരുന്ന പട്ടുപാവാടയിൽ അഭയം പ്രാപിച്ചാണ് ആ സന്ദർഭം കഴിചിലാക്കിയെടുത്തത് .അവിടെയും സമാനമനസ്കരും ,സമാന ശരീരികളുമായ സുഹൃത്തുക്കൾ പാറപോലെ ഉറച്ചു നിന്നിരുന്നത് കൊണ്ട് അപകർഷതാബോധത്തെയൊക്കെ പുഷ്പം പോലെ കാറ്റിൽ പറത്തി
ആദ്യത്തെ സർവകലാശാലാ പരീക്ഷയിലേക്കു ഫോക്കസ് ചെയ്തു .

അങ്ങനെ ആ അങ്കവും കഴിഞ്ഞു ഡിഗ്രി പിള്ളേരുടെ വിലാസത്തിലായി അടുത്ത കളികളൊക്കെ . പക്ഷെ അന്നേരമായപ്പോഴേക്കും ഞങ്ങൾക്കൊക്കെ അനുഗ്രഹമെന്നോണം വേറെ കുറെ തരം വസ്ത്രങ്ങൾ പ്രത്യക്ഷപെട്ടു ,ഗാർഡൻ വരേലിയുടെ ഫ്ലോറൽ പ്രിന്റഡ് സിൽക്ക് മിഡി ടോപ്സ് , പിനഫോർ , ഫ്രിൽ ഒക്കെ വെച്ചതും , പുറകിൽ വലിയ കെട്ടുകളൊക്കെ ഉള്ളതുമായ ഉടുപ്പുകൾ , ധോത്തി സ്റ്റൈൽ സൽവാർ , കരിഷ്മ കപൂറൊക്കെ സിനിമകളിൽ ഉപയോഗിച്ച് കൊണ്ടിരുന്ന വൈറ്റ് /പിങ്ക് /ബ്ലൂ ഷർട്ട് വിത്ത് ബ്ലാക്ക് മിഡീസ് അങ്ങനെയങ്ങനെ . ഒരു ഗവണ്മെന്റ് കോളേജിൽ അവതരിക്കാൻ സാധ്യതയുള്ള എല്ലാ വേഷങ്ങളും ഇട്ടു സാരിയിൽ നിന്നും രണ്ടേ മുക്കാൽ വർഷവും രക്ഷപെട്ടു ..ഏത് ..? ഓണക്കാലം, നവംബർ ഒന്ന് ,ആർട്സ് ഡേ മുതലായ ജിൽജിൽ ദിനങ്ങളെയാണ് ഉദേശിച്ചത് . പക്ഷെ ഒടുവിൽ മാനം കാക്കാൻ അവസാനവർഷത്തെ സെന്റ് ഓഫിന് ആദ്യമായി സാരി ഉടുക്കേണ്ടി വന്നു .

ഉടുത്തതും , നടന്നതും , തിരികെ വീട്ടിലെത്തിയതും ഒന്നും അത്രക്കങ്ങട് ഓർമയില്ല .. കാരണം മറ്റേതു തന്നെ അപകർഷത ..കൂടെയുള്ള ബാക്കി സാരിക്കാരൊക്കെ ശരിക്കും യുവതികളെ പോലെ ഉരുണ്ട് ,നീണ്ട മുടിയൊക്കെയായി (കഷ്ടകാലത്തിനു ഏതാണ്ടൊരു മാസം മുൻപ് ആകെയുള്ള എന്റെ മുടി ഞാൻ നീളം കുറച്ചിരുന്നു ) നല്ല സുന്ദരികളായി സാരിയുടെ സൗന്ദര്യത്തെ വേണ്ടപോലെ ആവാഹിക്കുന്നവർ ..ഞാനോ മെലിഞ്ഞു നീണ്ടു ,നേരാം വണ്ണം പൂ പോലും ചൂടാൻ വയ്യാതെ ഒരു നീർക്കോലി .അതോടെ ഈ സാരിയെന്ന വസ്ത്രം തന്നെ എന്റെ ഫാഷൻനിഘണ്ടുവിൽ നിന്നും ഞാൻ എന്നെന്നേക്കുമായി ‘ദൂരെ പോ സാത്താനെ’ എന്ന ആക്രോശത്തോടെ വെട്ടി മാറ്റി .

പിന്നെ ആണ്ടിലൊരിക്കൽ വരുന്ന ഉത്സവത്തിന് മാത്രമായി സാരിയുടുക്കൽ ചുരുങ്ങി .അതൊരു ചടങ്ങാണെന്നു പറയുന്നതാകും കൂടുതൽ ശരി . കാരണം വിവാഹ പ്രായമായൊരു പെൺകുട്ടിയാണിതെന്നുള്ള സൂചനയുടെ ഭാഗമായി ആ വിഭാഗക്കാരിൽ പെടുന്ന ഒരു വിധം എല്ലാ പെൺകുട്ടികളും പട്ടുസാരിയിലും സ്വർണാഭരണങ്ങളിലുമായി , ‘മേരാ നമ്പർ കബ് ആയേഗാ’ എന്ന മട്ടിൽ അമ്പലപ്പറമ്പിലൊരു ചുറ്റിത്തിരിയലാണ് .
നമ്മുടെ control അതായതു സാരിയുടെ നിറം, തരം, ഡിസൈൻ ,ആഭരണങ്ങളുടെ എണ്ണം ,കനം,വലിപ്പം എന്നീ അളവുകോൽ പൂർണമായും മുതിർന്നവർ ഏറ്റെടുക്കുന്ന ഒരു അറുബോറൻ ഏർപ്പാടായിരുന്നു അതെന്നു പ്രത്യേകം പറയേണ്ടല്ലോ…..!! ‘മനസ്സിൽ ഏതാണ്ടെല്ലാം തോന്നിയാൽ പിന്നെല്ലാം യാന്ത്രികമെന്നു തോന്നും’ , എന്ന് പറഞ്ഞ മാതിരിയാണ് അപ്പൊ !! കാര്യം ,സാരി എന്റെ ശരീരത്തിലാണെങ്കിലും ഞാൻ ‘engine out completely’ mode -ലായിരുന്നുവെന്നു ചുരുക്കം .

പിന്നെയും വന്നു ചേട്ടന്റെയും , ചേച്ചിമാരുടേയുമൊക്കെ കല്യാണങ്ങൾ .പഴിച്ചു ..ഉടുത്തു & സ്വയം വെറുപ്പിച്ചു . ഇനി വളരാൻ ഒരിഞ്ചു പോലും ബാക്കിയില്ലെന്നുള്ള ആ പരമസത്യത്തിന്റെ മുന്നിൽ അടിയറ പറഞ്ഞു അതാ വന്നു ഒടുവിൽ എന്റെ സ്വന്തം കല്യാണസാരി.ഒന്നല്ല മൂന്ന് .അറിയാല്ലോ ..നമ്മുടെ സാരി , ചെക്കന്റെ സാരി , സെക്കന്റ് സാരി ..ഹൌ …ഇത്തവണ തകർന്നത് ഞാനല്ല ..എന്റെ നവവരനാണ് . സാരിയുമുടുത്തു പോരാഞ്ഞോരു അരപ്പട്ടയും കെട്ടി ‘ യ്യോ..ഏതോ വണ്ടി പിന്നീൽ നിന്നും ഇടിച്ച പോലെ തോന്നി ആ കാഴ്ച കണ്ടിട്ട്’ എന്ന് എന്റെ മുഖത്ത് നോക്കി മുഹൂർത്തം തെറ്റാതെ പറഞ്ഞ അതെ വരൻ. പിന്നെ കുഞ്ഞിന്റെ ചോറൂണിലും , ഒഴിവാക്കാനാകാത്ത ക്ഷേത്രങ്ങൾക്കുമായി മാത്രം വർഷങ്ങളോളം സാരി പുണ്യത്തെ ഞാനങ്ങോതുക്കി.

ഇത് വരെ പറഞ്ഞത് എനിക്കും എന്നെ പോലെയുള്ള ആയിരങ്ങൾക്കും അപ്രാപ്ര്യമായിരുന്ന സാരി എന്ന ആ ഭാരതീയ വേഷത്തെപ്പറ്റിയായിരുന്നെങ്കിൽ ഇനി കഥ അടിമുടി മാറി. പതിനാറു വയതിനിലെയിൽ നിന്നും മുപ്പത്താറു വയതിനിലെ-ക്ക് കാലം നിവർന്നു വിരിഞ്ഞപ്പോൾ കഥയെ മാറ്റേണ്ടി വന്നു . അന്ന് കുഞ്ഞുങ്ങൾ ആയിരുന്നവർ എമ്പാടും വളർന്നിരിക്കുന്നു .എന്നെ പോലെയേ അല്ല ..ഇരുപതു വർഷങ്ങൾ അവരിൽ കാണാനുണ്ട്. പൊക്കവും വെച്ച്, വണ്ണവും വെച്ച് മിടുക്കികളായിരിക്കുന്നു .ഞാൻ പഴയ പോലെ തന്നെ അശു .ഇനിയിപ്പോൾ പഴയ സിനിമയിലൊക്കെ കാണും പോലെ വർഷങ്ങൾ കടന്നു പോയതറിയിക്കാനും , പാകത വരുത്താനും ഒരു കണ്ണാടി എടുത്തങ്ങോട്ടു വെച്ചാലോ എന്നോർക്കാൻ തുടങ്ങിയപ്പോഴാണ് ,വെള്ളിടി പോലെ സാരി എന്റെ കണ്മുന്നിൽ മിന്നി തെളിഞ്ഞത് .’മനസ്സിന്റെ മോഹം മലരായി പൂത്തു ..’ എന്ന് തുറന്നു വെച്ച അലമാരിയിൽ നോക്കി ഞാനങ്ങു ഉറക്കെ പാടി .വർഷങ്ങൾ കുറച്ചായി എന്നെ കണ്ടുകൊണ്ടിരിക്കുന്ന കണവന് ‘ഗംഗ ഇപ്പൊ പോണ്ട’ എന്ന് പറയാൻ സത്യമായിട്ടും തികട്ടി വന്നു . ഇച്ചിരി പരുക്കനാണെന്നൊക്കെ പുറമെ തോന്നിക്കുമെങ്കിലും , ഇതിൽ പുള്ളി ഞെട്ടി പണ്ടാരടങ്ങി പോയ് . പക്ഷെ പുള്ളിക്കാരൻ ആ സ്തംഭനാവസ്ഥ മറികടക്കും മുൻപ് തന്നെ ഞാൻ മൂന്നാലു സാരിയും വാരിക്കൊണ്ടു മറ്റു അവശ്യ വസ്ത്രങ്ങളും ,അത്യാവശ്യ അനുസാരികളായ കമ്മൽ,മാല ,ചെരുപ്പ് ,ബാഗ് മുതലായവ തപ്പാനുമായി കണ്ടം വഴി ഓടിയിരുന്നു.

അന്ന് സാരിക്ക് പുറകെ തുടങ്ങിയ ആ ഓട്ടം വിലകൂടിയ പലതരം പട്ടിൽ നിന്നും , താഴ്ന്നു താഴ്ന്നു ഇന്ന് കഞ്ഞിപ്പശ പിടിക്കുന്ന ഏതു തുണിത്തരത്തിലുമെത്തി നിൽക്കുന്നു .ഇന്നിപ്പോ തോന്നുന്നത് സാരിയിൽ പരീക്ഷിക്കുന്നത് പോലെ ,ഇത്രയും variety മറ്റൊരു വസ്ത്രത്തിലും വിജയകരമായി പരീക്ഷിക്കാൻ ആകുന്നില്ല എന്നാണ് . എത്രയോ തരം വൈവിധ്യമാർന്ന തുണിത്തരങ്ങളാണ് സാരിക്ക് വേണ്ടി ഒരുങ്ങുന്നത് .കാഞ്ചീപുരം, ബനാറസ്, റോസിൽക് ,ഖാദി സിൽക്ക് , ടസർ സിൽക്ക് , മണിപ്പൂരി സിൽക്ക് , ലിനൻ സിൽക്ക് എന്ന് വേണ്ട ഏതു റേഞ്ചിലും ഏതു ഡിസൈനിലും സംഭവം റെഡി .അഹ്..ഇനിയിപ്പോ unique -piece ആണോ നോക്കുന്നത് ..? നമ്മളെ പോലെയൊരു വിശിഷ്ട മാതൃകക്ക് , അനുപമമായ ആ ഒരേയൊരു സാരി ..ടെൻഷൻ വേണ്ടല്ലോ ..അതിനുള്ള ഓപ്ഷൻസും ഇന്നിപ്പോ എല്ലാ സ്റ്റോറിലും ലഭ്യമാണ് . ഇതൊന്നുമല്ല കുറച്ചു വണ്ണം തോന്നിപ്പിക്കുന്ന തരം സാരിയിലാണോ നോട്ടം ..ദാണ്ടെ വീണ്ടും കോട്ടൺ ,ഓർഗൻസ ,പേപ്പർ സിൽക്ക് അങ്ങനെയങ്ങനെ . ഇനിയിതൊന്നിലുമല്ലാതെ സാരിയിൽ തന്നെ എങ്ങനെ centre of attraction ആകാമെന്നാണ് നോക്കുന്നതെങ്കിൽ ..ദൂരെക്കൊന്നും പോകണ്ട ..’with Blouse ‘സങ്കല്പത്തെ അങ്ങ് മാറ്റിയെഴുതിയാൽ മതി . ഒന്നുമില്ലെങ്കിൽ കൂടെയുള്ള ബ്ലൗസിന്റെ തുണിയുടെകൂടെ സാരിക്കിണങ്ങുമെന്നു തോന്നുന്ന വേറൊരു piece ചേർത്ത് വെച്ച് തയ്ക്കാം ..അല്ലെങ്കിൽ പുത്തൻ പുതിയ തുണി വാങ്ങി തയ്പ്പിച്ചെടുക്കാം .പിന്നെ കഴുത്തിലോ , പുറകിലോ ,കയ്യിലോ ഒക്കെയായി മറ്റെന്തെല്ലാം പരീക്ഷണങ്ങൾ…! ഇതെല്ലാം വിട്ടുപിടിച്ചാലും ഒരു മിനിമം ഐഡിയ ഉണ്ടെങ്കിൽ local accessaries കൊണ്ട് വരെ നമുക്ക് നമ്മളെ തന്നെ വെറൈറ്റി ആക്കാം . അനുഭവണ്ട്… അതാണേ..😉

അപ്പോൾ ആറ്മുഴം ചേലയുടെ പരിശുദ്ധമായ ആ ശോഭ കണ്ടു പിടിക്കാൻ ഇനിയും വൈകിയിട്ടുള്ളവരോട് നമ്മുടെ സ്വന്തം സാരിയെ എങ്ങനെയൊക്കെ സ്നേഹിക്കാമെന്നും , അത് വഴി നമ്മുടെ ആത്മവിശ്വാസം ചുളുവിൽ എങ്ങനെ High Josh ൽ എത്തിക്കാമെന്നും ഈ ഞാൻ ഇനിയും പറഞ്ഞുതരേണ്ട കാര്യമുണ്ടോ..?

‘Life is not perfect ,but your outfit can be’ എന്ന് മനസ്സിലാക്കിയവരെ നിങ്ങളോട് , ഇതോടനുബന്ധിച്ചു ഞാൻ തന്നെ സാരിയുടുത്തു നിൽക്കുന്ന പല പല ഫോട്ടം ഇടണമെന്നാണ് ഉദ്ദേശിച്ചതെങ്കിലും മ്യാരക പ്രതികരണങ്ങളെ മാനിച്ചു ഞാനതിനു തുനിയുന്നില്ല .അപ്പൊ ഇത് വായിച്ച എല്ലാർക്കും ഒരു നൂറു സാരിസലാം.

Previous articleഎന്താണ് ഹാഷ് ടാഗ് (hash tag)?
Next articleമുടി കൊഴിച്ചിൽ ഉള്ളവർ ഓടി വരൂ ഒരൂട്ടം പറയാനുണ്ട്
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.