ഇന്ത്യൻ സിനിമാചരിത്രത്തിലെ ആദ്യ ലേഡി സൂപ്പർസ്റ്റാർ..!

0
253
ഇന്ത്യൻ സിനിമാചരിത്രത്തിലെ ആദ്യ ലേഡി സൂപ്പർസ്റ്റാർ..!
ഇന്ത്യൻ സിനിമചരിത്രത്തിലെ ഉയർന്ന പ്രതിഫലം വാങ്ങിയ ആദ്യ നടി..!
ഇന്ത്യൻസിനിമയുടെ നൂറാം വർഷം കൊണ്ടാടിയപ്പോൾ മികച്ച ജനപ്രിയ നടിക്കുള്ള പുരസ്കാരം ലഭിച്ചവർ..!
ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ,സ്വന്തം പേര് അന്വർത്ഥമാക്കും വിധം എല്ലാ പ്രേക്ഷകരെയും,തന്റെ സൗന്ദര്യത്താലും, നൃത്തപാടവത്താലും,അഭിനയ ചാതുരിയാലും വശീകരിച്ചവൾ…!
ഇന്ത്യൻ സിനിമയുടെ ഈ താരസിംഹാസനത്തിലേക്ക് മെല്ലെ നടന്ന് കയറിയത് Roop ki Rani എന്ന് ജനങ്ങൾ ആരാധനയോടെ നോക്കിക്കണ്ട ശ്രീ അമ്മ യാങ്കാർ അയ്യപ്പൻ aka ശ്രീദേവിയാണ് ..!.
ശ്രീദേവി എന്ന അതുല്യ പ്രതിഭ :-നാം ഹി കാഫി ഹൈ
നാലാം വയസ്സിൽ തുടങ്ങിയ ചലച്ചിത്രസപര്യ ആകസ്മികമായി അവസാനിച്ചുവെന്ന വാർത്ത ലോക സിനിമാപ്രേമികളെ ഒന്നടങ്കം ഞെട്ടലിലാക്കിയിട്ട് അധികമായില്ല. ദുഃഖത്തേക്കാളുപരി ,ശ്രീദേവിക്ക് പകരം വെക്കാൻ ഇനിയാര്..എന്ന സ്വാർത്ഥചിന്ത തന്നെയാകും നമ്മെ ഭരിച്ചിട്ടുണ്ടാകുക . അവരെ പറ്റി ധാരാളം വാർത്തകൾ ഇതിനകം നമ്മൾ കേട്ട് കഴിഞ്ഞു..എങ്കിലും, ഈ കുറിപ്പ് അവരോടുള്ള എന്റെ ആരാധനയുടെ പേരിൽ ഒരുപിടി പുഷ്പങ്ങളെന്ന പോൽ ഇവിടെ സമർപ്പിക്കുന്നു .
അപാര റേഞ്ച് ഉള്ള നടിയായാണ് ശ്രീദേവി അറിയപ്പെട്ടിരുന്നത് .ആ പറഞ്ഞതിൽ ഒട്ടും അതിശയോക്തി ഇല്ലെന്നു അവരുടെ ചുരുക്കം സിനിമകൾ മാത്രം കണ്ടിട്ടുള്ള ഒരുവന് പോലും എളുപ്പത്തിൽ മനസ്സിലാക്കാവുന്നതേ ഉള്ളൂ.ദക്ഷിണേന്ത്യൻ ചിത്രങ്ങളിലൂടെ തുടങ്ങിയ ജൈത്രയാത്രയിൽ എണ്ണം പറഞ്ഞ ചില ചിത്രങ്ങൾ അവർ ചെയ്തിരുന്നു.പതിനാറ് വയതിനിലെ ,സിഗപ്പ് റോജാക്കൾ,വാഴ്വേ മായം,മൂന്നാംപിറൈ അങ്ങനെയങ്ങനെ…
പതിനാറ് വയതിനിലെ -ശ്രീദേവിയുടെ ആദ്യ ലക്ഷണ -നായികാ കഥാപാത്രം..കൂടാതെ ധാരാളം പ്രത്യേകൾ ഈ ചിത്രത്തിന് വേറെയും.. പതിനാറ് വയസ്സ് മാത്രം പ്രായമുള്ള ഒരു കൗമാരക്കാരിയുടെ ജീവിതത്തിൽ സംഭവിക്കുന്ന വിവിധങ്ങളായ വൈകാരിക സന്ദർഭങ്ങൾ മയിൽ എന്ന കഥാപാത്രത്തിലൂടെ ഭംഗിയായി പ്രതിഫലിപ്പിച്ചിരിക്കുന്നു അവർ. ‘സെൻദൂര പൂവേ ‘ എന്ന ഗാനചിത്രീകരണത്തിന്റെ മനോഹാരിതക്കു വേണ്ടി slowmotion വരെ അവർ അഭിനയിച്ചിരിക്കുന്നു .( പ്രൊഡക്ഷൻ ടീം സാമ്പത്തികമായ് അല്പം ബുദ്ധിമുട്ടിയിരുന്നു എന്ന് വാർത്ത )

സിഗപ്പ് റോജാക്കൾ – കമൽ-ശ്രീദേവി സഖ്യം വീണ്ടും.. അന്നത്തെ കാലത്തു വളരെ Interesting ആയ ഒരു സൈക്കോളജിക്കൽ ത്രില്ലെർ ആയിരുന്നു ഈ ചിത്രം. കഥയുടെ പിരിമുറുക്കം ഒട്ടുമേ നഷ്ടപെടുത്താതെയാണ് ശ്രീദേവി തന്റെ ഭാഗം കാഴ്ച്ച വെച്ചിരിക്കുന്നത്.. ഇത്തവണ കുടിലനായ കമലിന്റെ ,ബുദ്ധിമതിയായ ഭാര്യ ആയിട്ടായിരുന്നു അവർ. ചിത്രത്തിന്റെ plot ആവശ്യപ്പെടുന്ന രീതിയിലുള്ള മികച്ച അഭിനയമാണ് ചിത്രത്തിലുടനീളവും, ക്ലൈമാക്സിലും അവർ കാഴ്ച വെച്ചത്..
വാഴ്വേ മായം & മൂന്നാം പിറൈ – കമൽ-ശ്രീദേവി സഖ്യം വീണ്ടും ആവർത്തിക്കുന്നു.. പ്രസ്തുതചിത്രങ്ങൾ ജനപ്രിയത മൂലം അന്യഭാഷകളിലേക്കു കൂടി മൊഴിമാറ്റം നടത്തപെട്ടതാണ്. അതുകൊണ്ട് തന്നെ പ്രത്യേകമൊരു വിശദീകരണത്തിന്റെ ആവശ്യം ഇല്ല.അല്പം വിസ്താരഭയവും ഉണ്ട്.
വാഴ്വേമായത്തിലൂടെ ഓർമകളെയെന്നും കുളിരണിയിക്കുന്ന ,മനസിലെന്നും തങ്ങിനിൽക്കുന്ന പുതിയൊരു താരജോഡിയുടെ ഉദയം കൂടെ ദക്ഷിണേന്ത്യൻ ചലച്ചിത്രമേഖലയിൽ അരക്കിട്ടുറപ്പിക്കപെടുകയായിരുന്നു. സൗന്ദര്യം,നൃത്തം,അഭിനയം ,തുടങ്ങി എല്ലാ രംഗംങ്ങളിലും ഒപ്പത്തിനൊപ്പം നിൽക്കുന്ന കമൽ-ശ്രീദേവി.ഒരുമിച്ചഭിനയിച്ച മറ്റ് ചിത്രങ്ങളിൽ നിന്നും വിഭിന്നമായ് രണ്ടുപേരും യഥാർത്ഥ രൂപത്തിൽ കഥാപാത്രങ്ങൾ ആയതും ഈ ചിത്രത്തിലൂടെയാണ്. എത്രയോ ഹിറ്റ് ഗാനങ്ങൾ ആണ് ഈ ചിത്രം നമുക്ക് നൽകിയത്. ദേവീ..ശ്രീദേവി,മഴൈകാല മേഘം ഒന്ടര് , വന്ദനം..ഏൻ വന്ദനം, വാഴ്വേമായം ,നീലവാന ചോലയിൽ നീന്തിടുന്ന ചന്ദ്രികേ ….
മൂന്നാം പിറൈ -കാണികളെ വിവിധങ്ങളായ വിചാര -വികാരങ്ങളിലൂടെ ഇത്രമേൽ യാത്ര ചെയ്യിപ്പിച്ച വേറൊരു ചിത്രം കാണുമോ ..? ഊട്ടിയുടെ മനോഹാരിതയിൽ വിരിഞ്ഞ അതിമനോഹരമായ എന്നാൽ ദുരന്തപര്യവസായിയായ ഒരു പ്രണയകഥ ആയിരുന്നു ആ ചിത്രം. സംവിധായകൻ,തിരക്കഥ ,കാമറ എല്ലാം മികച്ചത്..എന്നാൽ അഭിനേതാക്കളോ..കമലും, ശ്രീദേവിയും..ആ ചിത്രത്തിന്റെ നാഡിയും, മിടിപ്പും ഇവർ ആയിരുന്നു .ആ പ്രകടനത്തെ കവച്ചു വെക്കാൻ ഇനിയും ചലച്ചിത്ര ലോകം മുന്നേറേണ്ടിയിരിക്കുന്നു. ഇതേ ചിത്രത്തിന്റെ ഹിന്ദി remake ‘സദ്മ’യിലെ അഭിനയത്തിനാണ് Filmfare -Best Actress നോമിനേഷന് ശ്രീദേവി ആദ്യമായ് പരിഗണിക്കപ്പെട്ടത് .
‘പൂങ്കാട്രു പുതിതാനത്’ അഥവാ “ഏ സിന്ദഗി ഗലെ ലഗാലെ” എന്ന ഒറ്റ ഗാനം മതി ഈ ജോഡികളുടെ അഭിനയരസതന്ത്രവും , അതിലുള്ള ഗിവ് & ടേക്ക് പാറ്റെണും മനസ്സിലാക്കാൻ.

”കണ്ണേ കലൈമാനെ ..(സുറുമയി അഖിയോൻ മേം)” ഇന്ത്യൻ സിനിമയ്ക്കു തന്നെ മറക്കാനാകാത്ത മറ്റൊരു താരാട്ട് പാട്ട് . ഈ പറഞ്ഞ ഗാനങ്ങളിൽ ഏതെങ്കിലും മൂളാത്ത സഹൃദയൻ കാണുമോ .? ഈ രണ്ട് ചിത്രങ്ങളെപ്പറ്റിയും ഇനിയെന്ത് പറയാൻ …!!
പതിനാറു വയതിനിലെ യുടെ ഹിന്ദി remake -സോൽവാ സാൽ -ലൂടെയാണ് ശ്രീദേവി ബോളിവുഡ്-ലേക്ക് അരങ്ങേറ്റം നടത്തുന്നത്. പിന്നീടങ്ങോട്ട് തിരിഞ്ഞുനോക്കേണ്ടാത്ത ഒരു കണക്കിലേക്കാണ് ശ്രീദേവി എത്തപ്പെട്ടത് . ശ്രീദേവിയുടെ താരമൂല്യവും, ജനപ്രിയതയും കുത്തനെ കയറാൻ സഹായിച്ച ചില ചിത്രങ്ങളാണ് സദ്മ , നാഗിനാ ,ചാന്ദിനി ,ചാൽബാസ് ,Mr.India, ലംഹേ ,ലാഡ്ല , ഖുദാ ഗവാ ..
“മേം തേരി ദുശ്മൻ ” എന്ന നൃത്ത -ഗാനരംഗം മാത്രം മതി ശ്രീദേവിയുടെ അസാമാന്യ മെയ്വഴക്കത്തെയും , മുഖത്തു മിന്നിമറയുന്ന ഭാവങ്ങളെയും മനസ്സിലാക്കാൻ. ചേർത്ത് വായിക്കുക ,നാഗിന -1986 -ലെ ഏറ്റവും വലിയ കൊമേർഷ്യൽ ഹിറ്റ്.

ചാന്ദിനി – സ്വന്തം ശബ്ദം കൂടി ചേർത്ത് അഭിനയത്തെ പൊലിപ്പിച്ചെടുത്തിരിക്കുന്നു . “മേരെ ഹാത്തോൻ പേ നൗ നൗ ചൂടിയാൻ ഹെ”-ആ ഗാനം , ആ രൂപം ഒരിക്കൽ കണ്ടവരാരെങ്കിലും മറക്കുമോ ..? പിന്നെ ഒരു പിന്നണി ഗാനവും – രംഗ് ഭരേ ബദൽ സെ..”

ചാൽബാസ് -ഒരു Alltime Slapstick Hindi-comedy ചിത്രം .ശ്രീദേവി ഇരട്ടവേഷങ്ങളിൽ ! ഒരു നാടൻ-സീദാ -സാദാ -രജനീകാന്തിനോടൊപ്പവും & ഒരു പൊളിപ്പൻ -ചാലാക്കി -സണ്ണി ഡിയോള നോടൊപ്പവും.”നാ ജാനേ കഹാൻ സെ ആയി ഹെ ” -നൂറ്റിമൂന്നു ഡിഗ്രി പനിച്ചു കിടക്കുമ്പോൾ ഷൂട്ട് ചെയ്ത ഗാനമാണ്. ഈ ഗാനരംഗം ഒന്നുകൂടെ കണ്ട് നോക്കൂ…സ്വയം നുള്ളി നോക്കൂ .ആ കാണുന്നത് അവരുടെ പാഷന്റെ പ്രതിഫലനം തന്നെ അല്ലേ ..? ആദ്യത്തെ Filmfare -Best Actress Award നേടിക്കൊടുത്ത ചിത്രം .

Mr .ഇന്ത്യ എന്ന ടൈറ്റിലിനപ്പുറം ,മോഗെമ്പോ എന്ന കൊടും വില്ലനുമപ്പുറം,ചിത്രത്തിലെ സീമയെന്ന സുന്ദരിയായ പത്രപ്രവർത്തകയെ, “Ms. ഹവാ ഹവായീ ആയും,“കാട്ടേ നഹീ കട്ട്ത്തെ”,-യിലെ sensuous നായികയായും ആയിട്ടായിരിക്കണം പ്രേക്ഷകലക്ഷങ്ങൾ കൂടുതലും ഏറ്റെടുത്തിട്ടുണ്ടാവുക.

കൂടാതെ “ന മാംഗേ സോനാ ചാന്ദി..-അവരുടെ instant ആയുള്ള മുഖ -ശരീരഭാഷ ആ ഗാനരംഗത്തതിന് കൊടുത്ത liveliness !! ഒരിക്കലെങ്കിലും ആ രംഗം കണ്ട് ആസ്വദിക്കാത്തവർ , ചെറിയൊരു മന്ദഹാസം പോലും പൊഴിക്കാത്തവർ ഉണ്ടോ ..സംശയമാണെനിക്ക്.

രൂപ് കി റാണി ചോറോൻ കാ രാജ -അനിൽ കപൂർ -ശ്രീദേവി മാജിക് ആവർത്തിക്കാൻ ശ്രെമിച്ച് boxoffic-ൽ കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്ന ചിത്രം . പക്ഷെ ചടുലമായ നൃത്തചുവടുകളുടെ മേളനത്താൽ ഓർമയിൽ ഇപ്പോഴും തങ്ങിനിൽക്കുന്നു .

ലംഹേ-കാലത്തിനു മുൻപേ സഞ്ചരിച്ചുവെന്ന വിമർശനം- ‘അമ്മ-മകൾ ഇരട്ട വേഷങ്ങൾ-അമ്മയെ പ്രണയിച്ചിരുന്ന വ്യെക്തിയെ,100% രൂപ സാദൃശ്യമുള്ള മകൾ പ്രണയിക്കുന്നു. “മോർണി ബാഗാമ ബോലെ ആധി രാത് മേ…” ആകെ മൊത്തം മരുഭൂമിയുടെ ഒരു വന്യതയും , വശ്യതയാർന്ന ആ സൗന്ദര്യവും ചേർന്ന് നിറങ്ങളുടെ രാജകുമാരിയായ് വീണ്ടും ശ്രീദേവി – ഒരു മാന്ത്രികതയുടെ ഫീൽ സൃഷ്ടിക്കപ്പെടുന്നു അല്ലെ…രണ്ടാമത്തെ Filmfare Award -Best Actress .

ലാഡ്ല -ധിക്കാരിയായ കമ്പനി ഓണർ -അല്പം നെഗറ്റീവ് ഇമേജ് കൈയാളുന്ന കഥാപാത്രം. വൻ ഹിറ്റ്..!
ഖുദാഗവാഹ് -ശ്രീദേവി-ബച്ചൻ -മൂന്നാമത്തെ ചിത്രവും ,ഇരട്ട വേഷം വീണ്ടും എന്ന പ്രത്യേകതയും.”തു മുജ്ഹേ കുബൂൽ” ,ഈ ജോഡികളുടെ മറക്കാനാകാത്ത ഗാനം. ഇതിനിടയിൽ മറ്റ് ഭാഷകളിലെ ചിത്രങ്ങളിൽ അഭിനയിക്കാനും അവർ സമയം കണ്ടെത്തിയിരുന്നു.
ധനാർത്തി മൂത്ത് സ്വന്തം ഭർത്താവിനെ തന്നെ വില്പന ചരക്കാക്കുന്ന ഒരസാധാരണ കുടുംബിനിയായി -ജുദായി-ഈ ചിത്രത്തോടെ ,തൽക്കാലത്തേക്ക് സ്വന്തം Acting Career-ന് വിട പറഞ് ,അവർ ഗൃഹസ്ഥ ആകുന്നു .Active Career-ൽ ഉടനീളം ഗോസിപ്പുകൾ കേൾപ്പിച്ചിട്ടുണ്ടെങ്കിലും ,വിവാഹിതയായി ,രണ്ട് മക്കളുടെ അമ്മയായ് അവർ തികഞ്ഞ കുടുംബിനിയായി. ഇടക്കൊന്നു ബോണികപൂറിന്റെ പ്രൊഡക്ഷനിൽ മാലിനി അയ്യർ എന്ന സീരിയൽന്റെ Lead Actress ആയി അവരെ കണ്ടിരുന്നു .പിന്നെ 2012 -ൽ ഗൗരി ഷിൻഡെയുടെ ഇംഗ്ലീഷ് -വിന്ഗ്ലിഷ് എന്ന ചിത്രത്തിലൂടെ ശശിയെന്ന കഥാപാത്രമായി ,ശക്തമായ ഒരു തിരിച്ചു വരവാണ് ശ്രീദേവി നടത്തിയത്.
ഇംഗ്ലീഷ് -വിന്ഗ്ലിഷ് & മോം – ഈയടുത്ത കാലത്ത് ,ഏറ്റവും കൂടുതൽ പോസിറ്റീവ് റിവ്യൂ രേഖപ്പെടുത്തിയ രണ്ട് ചിത്രങ്ങൾ . ശ്രീദേവിയുടെ , പഴയ ഭാവ-വാഹാദികളിൽ നിന്നും തീർത്തും മാറിനിൽക്കുന്ന രണ്ട് കുലീന കഥാപാത്രങ്ങൾ .ഒരുതരി പോലും അസാധാരണത്വം കലരാത്ത ,തികച്ചും സ്വാഭാവികമായ അഭിനയം. പ്രായത്തിനൊത്ത വേഷങ്ങളും , പ്രൗഢമായ ഭാവങ്ങളും കൊണ്ട് അവർ ഈ തിരിച്ചു വരവ് മനോഹരമാക്കി. ഈ ചിത്രങ്ങളിലെ അഭിനയത്തിന് ഇന്ത്യാമഹാരാജ്യത്തെ പരമോന്നത ബഹുമതിയായ പദ്മപുരസ്കാരം മരണാനന്തരം ശ്രീദേവിക്ക് നൽകപ്പെട്ടു.
300 ൽ പരം ചിത്രങ്ങളിൽ അഭിനയിച്ച ശ്രീദേവിയുടെ മിക്ക ചിത്രങ്ങളും ,ഗാനങ്ങളും ശരാശരിയിലും മേലെ ഹിറ്റ് ആയിരുന്നു. 16 ചിത്രങ്ങളിലോളം ജിതേന്ദ്രയോടൊപ്പം ഒരുമിച്ചു, 4 ചിത്രങ്ങൾ മിഥുൻ ചക്രവർത്തി യോടൊപ്പവും ,14 ചിത്രങ്ങൾ അനിൽ കപൂറിനൊപ്പവും . നാല് ചിത്രങ്ങളിൽ പിന്നണി പാടിയും ,ധാരാളം പുരസ്കാരങ്ങൾ സ്വന്തമാക്കിയും ഇവർ വെട്ടിപിടിച്ചത് ജനഹൃദയങ്ങളെ തന്നെയാണ്. ദക്ഷിണേന്ത്യൻ ഭാഷകളിലും , ഹിന്ദിയിലുമായ് ഇവർ ഹിറ്റ് ആക്കിയ എനിക്ക് പരിചിതമായ ചില ഗാനങ്ങളെയും കൂടെ ചേർത്തല്ലാതെ ഈ കുറിപ്പ് അപൂർണ്ണമാണ് .
കാറ്റിൻ എന്തൻ ഗീതം
സന്ദന കാറ്ററേ ..സെന്തമിഴ് ഊട്രേ
സിപ്പി ഇരിക്കത് ,മുത്തും ഇരിക്കത്
ശിശിരകാല മേഘമിഥുന രതിപരാഗമോ
യയയായ ..യാദവാ എനിക്കറിയാം
ശശികല ചാർത്തിയ ദീപാവലയം
ഹർ കിസീ കോ നഹി മിൽത്താ യഹാം പ്യാർ
നൈനോം മേ സപ്നാ ..സപ്നേ മേ സജ്‌നാ
ദക്ഷിണേന്ത്യൻ സിനിമകളിലൂടെ ആരംഭിച്ച്,ബോളിവുഡിലേക്ക് കടക്കുമ്പോൾ എത്രയോ ചിത്രങ്ങളിലായ് പകരം വെക്കാനാകാത്ത അഭിനയത്തിലൂടെ അവർ നമ്മളെ വിസ്മയിപ്പിച്ചിരിക്കുന്നു. പക്കാ ബോളിവുഡ് മസാലചിത്രങ്ങളിലെ സാന്നിധ്യത്തിലൂടെയും,അസാധ്യ കോമഡി മുതൽ മെലോഡ്രാമ വരെ നീളുന്ന ധാരാളം കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകർക്ക് മുന്നിൽ തന്നെത്തന്നെ, ഒരു റെഫെറെൻസിനായി വെച്ചിട്ടാണ് താരം കടന്നുപോയത്. ഇന്നിൽ ജീവിക്കാനിഷ്ടപ്പെട്ട -നാളെയിൽ വിശ്വസിക്കാതിരുന്ന നമ്മുടെ പ്രിയതാരത്തിന്റെ ആത്മാവിന് വേർപാടിന്റെ ഈ രണ്ടാം വർഷത്തിലും നമുക്ക് നിത്യശാന്തി നേരാം.