ഡ്രാക്കുളയെത്തേടി..
Nisha Dilip
നമ്മെയൊക്കെ ഭയപ്പെടുത്തിയ വായനകളിൽ ഒന്നാവും ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുള. ചെറുപ്പത്തിൽ ഡ്രാക്കുളയുടെ കഥ കേട്ട് പേടിച്ചവരുടെ എണ്ണം കുറച്ചൊന്നുമാവില്ല. ദൂരെയൊരു നാട്ടിൽ നടക്കുന്ന കഥയാണെങ്കിലും നാട്ടിൻപുറത്തെ ഇരുണ്ട വഴികളിലും നമ്മുടെ ചോരയൂറ്റിക്കുടിക്കാൻ ദാഹിച്ചു നിൽക്കുന്ന, തീക്കണ്ണുള്ള, കൂർത്ത ദ്രംഷ്ടങ്ങളുള്ള ഡ്രാക്കുള കാത്തിരിപ്പുണ്ടാവുമെന്ന് പേടിച്ച് ഒറ്റയ്ക്ക് ഇരുട്ടിലൂടെ നടക്കാത്ത എത്ര രാത്രികൾ! അന്നൊന്നും ഡ്രാക്കുള വെറുമൊരു കഥയാണെന്നും ആ കഥയുടെ രൂപീകരണത്തിനെ സ്വാധീനിച്ച സ്ഥലത്ത് ഒരിക്കൽ പോകുമെന്നും കരുതിയതേയില്ല.
ഈ ക്രിസ്തുമസ് അവധിക്കാലത്ത് കുറെ ദിവസം വീട്ടിൽ വെറുതേയിരുന്നു മടുത്തപ്പോൾ യാത്ര പോകാൻ പറ്റിയ സ്ഥലങ്ങൾ നെറ്റിൽ തപ്പി. പണ്ടെന്നോ കേട്ടുമറന്ന ഒരു സ്ഥലപ്പേര് അതിൽ കണ്ടു. അവിടെ രണ്ടു നാളത്തെ താമസത്തിന് പറ്റിയ ഒരു സ്ഥലം കണ്ടെത്തിയപ്പോൾ പിന്നെ ഒന്നും നോക്കിയില്ല – താമസം ബുക്ക് ചെയ്ത് പെട്ടി പാക്ക് ചെയ്ത് റെഡിയായി.സാധാരണ പോകുന്ന സ്ഥലങ്ങളെപ്പറ്റി വിശദമായി റിസേർച്ച് ചെയ്ത് കൃത്യമായ പ്ലാൻ ഉണ്ടാക്കിയാണ് ഞങ്ങൾ എങ്ങോട്ടും പോകാറുള്ളത്. ഇത്തവണ യാത്ര പോകുന്നതിന്റെ തലേദിവസം ഉച്ചയ്ക്ക് താമസസൌകര്യം ഏർപ്പാടാക്കിയതല്ലാതെ മറ്റൊരു മുന്നൊരുക്കങ്ങളും ഇല്ല.
എന്തായാലും ഒരു ചൊവ്വാഴ്ച രാവിലെ ഒൻപത് മണിയോടെ ലിവർപൂളിൽ നിന്നും യോർക്ഷയറിലെ വിറ്റ്ബിയിലേക്ക് യാത്ര തിരിച്ചു. യാത്ര പുറപ്പെടുന്നതിന് തലേന്ന് രാത്രി വിറ്റ്ബിയെപ്പറ്റി ഒന്നോടിച്ചു വായിച്ച വിവരങ്ങൾ അല്ലാതെ മറ്റൊന്നും കാര്യമായി അറിയില്ല. ഒട്ടും പ്ലാൻ ചെയ്യാതെയുള്ള യാത്രയായതിനാൽ ആശങ്കയും ആവേശവും ഒരുപോലെ അനുഭവപ്പെട്ടു.
കുറെ ദൂരം യാത്ര ചെയ്ത് പിക്കറിങ് എന്ന ചെറിയ പട്ടണത്തിൽ എത്തി. അവിടെ ചെറിയൊരു ബ്രേക്ക്. പുരാതനമായ ഒരു മാർക്കറ്റ് ടൌൺ ആണ് പിക്കറിങ്. ഒരു കൊച്ചു ഇംഗ്ലീഷ് പട്ടണത്തിന്റെ എല്ലാ വശ്യതയും നിറഞ്ഞ ഒരു സ്ഥലം. പട്ടണത്തിന്റെ ഹൃദയഭാഗത്ത് സ്വച്ഛന്ദമായി ഒഴുകുന്ന ഒരു നദി. തിരക്കും ബഹളവും ഇല്ലാതെ ശാന്തമായ അന്തരീക്ഷം.Gateway to North York Moors എന്നറിയപ്പെടുന്ന ഈ കൊച്ചു പട്ടണത്തിൽ ഒരു റയിൽവേ സ്റ്റേഷനും ഉണ്ട്. നോർത്ത് മൂർസ് റെയിൽവേ ആരംഭിക്കുന്നത് ഇവിടെ നിന്നാണ്. ഞങ്ങൾ ചെന്നു നോക്കുമ്പോൾ സ്റ്റേഷനും പരിസരവും ശൂന്യമാണ് – ക്രിസ്തുമസ് ദിനത്തിലോ മറ്റോ നടത്തിയ ചില ആഘോഷങ്ങളുടെ ശേഷിപ്പുകൾ അല്ലാതെ വേറൊന്നും അവിടെയില്ല. കുറച്ചു നേരം അവിടെ ചുറ്റിനടന്നു കണ്ട ശേഷം അടുത്തുള്ള കടയിൽ നിന്നും കുറച്ച് സ്നാക്സ് വാങ്ങി ഞങ്ങൾ യാത്ര തുടർന്നു.
ലക്ഷ്യം വിറ്റ്ബി ആണെങ്കിലും വഴിയിൽ ഗോത്ലാൻഡ് എന്ന് പേരായ ഒരു സ്റ്റേഷൻ ഉണ്ട്. അതൊന്നു കാണണം. അതിന്റെ പ്രത്യേകത എന്താണെന്നോ? ഹാരി പോട്ടർ സിനിമയിൽ ഹോഗ്സ്മേഡ് സ്റ്റേഷൻ ആയി കാണിക്കുന്നത് ഗോത്ലാൻഡ് ആണ്. ഹാരി പോട്ടർ സിനിമയുടെ ആദ്യത്തെ ഷൂട്ടിങ് നടന്നത് ഇവിടെ വച്ചാണ്. ആദ്യ സിനിമയിലെ അവസാന രംഗങ്ങൾ. ഹാരിയും കൂട്ടരും ആദ്യത്തെ അദ്ധ്യയനവർഷാവസാനം വീട്ടിലേക്ക് തിരിച്ചു പോകുന്ന സീൻ – ഹാഗ്രിഡിനോട് യാത്ര പറഞ്ഞു പിരിയുന്ന രംഗങ്ങൾ..
അവിടെയെത്തിയപ്പോൾ ശരിക്കും ഹോഗ്സ്മേഡ് സ്റ്റേഷനിൽ എത്തിയ തോന്നൽ. അത് വാക്കുകളിൽ വിവരിക്കാനാവില്ല. അതിസുന്ദരമായ ഒരു കൊച്ചു സ്റ്റേഷൻ. സ്റ്റേഷനിലെ ഓവർബ്രിഡ്ജ് കയറി അപ്പുറത്തെത്തി. ആ മേൽപ്പാലം ഏകദേശം 200 കൊല്ലം പഴക്കമുള്ളതാണ്. അപ്പുറത്ത് കുന്നിൻ ചെരുവിൽ കണ്ട പടികൾ കയറി മുകളിൽ എത്തി. അവിടെ നിന്നും താഴോട്ട് നോക്കുമ്പോൾ ശരിക്കും ഹോഗ്സ്മേഡ് സ്റ്റേഷന്റെ മായക്കാഴ്ച തന്നെ! മനസ്സിൽ സന്തോഷം അലതല്ലിയ നിമിഷങ്ങൾ!!!
കുറച്ചു നേരം അവിടെ നിന്ന് ആ കാഴ്ചകൾ ഒക്കെ ആസ്വദിച്ച ശേഷം യാത്ര തുടർന്നു. അപ്പോഴേക്കും ചുറ്റിനും കനത്ത കോട പരന്നിരുന്നു. നൂറടി അകലെയുള്ള കാഴ്ചകൾ പോലും കാണാൻ പറ്റാത്തത്ര കോട! പതുക്കെപ്പതുക്കെ വണ്ടിയോടിച്ച് 4 മണി കഴിഞ്ഞപ്പോഴേക്കും വിറ്റ്ബിയിൽ എത്തി. അപ്പോഴേക്കും നേരം ഇരുട്ടിയിരുന്നതിനാൽ പ്രതേകിച്ചൊന്നും ചെയ്യാനില്ലാത്തതുകൊണ്ട് ഭക്ഷണം കഴിച്ച് കുറച്ചു നേരം വിശ്രമിച്ചു. രാത്രി നഗരക്കാഴ്ചകൾ കാണാൻ പുറത്തിറങ്ങി.പിറ്റേന്ന് നേരം പുലർന്നത് കനത്ത മഴയോടെയായിരുന്നു. മഴത്തിറങ്ങിയിട്ട് കാര്യമൊന്നും ഇല്ലെന്ന് അറിയാവുന്നതു കൊണ്ട് മഴ തോരുന്നതും കാത്തിരുന്നു. വിറ്റ്ബിയെ പറ്റി കുറച്ച് കാര്യങ്ങൾ കൂടി ആ സമയം കൊണ്ട് മനസ്സിലാക്കി. മഴ തോർന്നതും ക്യാമറയും മറ്റുമെടുത്ത് പുറത്തിറങ്ങി. ശൈത്യകാലമായതിനാൽ തണുപ്പും മൂടിയ കാലാവസ്ഥയും നമ്മുടെ സന്തതസഹചാരിയാണ്.
വിറ്റ്ബി കീസൈഡ് ആണ് ആദ്യത്തെ ലക്ഷ്യം. പട്ടണമദ്ധ്യത്തിൽ എസ്ക് നദിക്കരയിൽ ഒരുപാട് കാഴ്ചകൾ നമ്മെ കാത്തിരിക്കുന്നുണ്ട്. ഒറ്റ നോട്ടത്തിൽ ഇംഗ്ലീഷ് പട്ടണങ്ങളുടെ തന്നത് നാട്യം തന്നെയാണ് വിറ്റ്ബിയ്ക്കും. എന്നാൽ നദിക്കരയിലൂടെ നടക്കുമ്പോൾ വിറ്റ്ബി വ്യത്യസ്തമായ കാഴ്ചകൾ കൊണ്ട് മനം കവരും. പഴയകാല തുറമുഖ നഗരമാണ് വിറ്റ്ബി. മത്സ്യബന്ധനവും കപ്പൽ നിർമ്മാണവും ഗതാഗതവും ഒക്കെയായി തിരക്കേറിയ ഒരു നഗരം. പ്രസിദ്ധ നാവികപരിവേഷകനായ ക്യാപ്റ്റൻ കുക്ക് നാവിക പരിശീലനം നേടിയ സ്ഥലം കൂടിയാണ് വിറ്റ്ബി. ഇന്നും പല തരം മത്സ്യബന്ധനബോട്ടുകളും സഞ്ചാരികൾക്കായുള്ള യാത്രാ ബോട്ടുകളും ഫെറികളും പായ്ക്കപ്പലുകളും മറ്റും നമുക്കവിടെ കാണാം. മൂന്നാലു മണിക്കൂർ നീണ്ടു നിൽക്കുന്ന കടൽ യാത്രകളും മറ്റും പ്രസിദ്ധമാണ്. വിക്റ്റോറിയൻ കാലഘട്ടത്തോടെ വിറ്റ്ബി ഒരു സുപ്രധാന വേനൽക്കാല വിനോദസഞ്ചാര കേന്ദ്രമായി മാറിയിരുന്നു.
ആ കാഴ്ചകൾ ഒക്കെ ആസ്വദിച്ച് ഞങ്ങൾ പതുക്കെ പുഴയുടെ അക്കരെക്ക് നടന്നു. വിറ്റ്ബി വെസ്റ്റ് ക്ലിഫിനും ഈസ്റ്റ് ക്ലിഫിനും ഇടയിലൂടെയാണ് എസ്ക് നദി ഒഴുകുന്നത്. ഇന്നത്തെ ഞങ്ങളുടെ ലക്ഷ്യം വിറ്റ്ബിയിലെ ഏറ്റവും പ്രധാന ആകർഷണമായ വിറ്റ്ബി അബിയാണ്. കീസൈഡിൽ നിന്നു തന്നെ അങ്ങ് ദൂരെ കുന്നിൻ മുകളിൽ അബിയുടെ അവശിഷ്ടങ്ങൾ കാണാം. ഭൂതക്കോട്ട പോലെ ഉയർന്നു നിൽക്കുന്ന ആ അവശിഷ്ടങ്ങളാണ് ബ്രാം സ്റ്റോക്കർക്ക് ഡ്രാക്കുളയിലെ പല കഥാ സന്ദർഭങ്ങളും എഴുതാൻ പ്രചോദനമായതത്രേ!
നദിക്കു കുറുകേയുള്ള പാലം കടന്ന് തിരക്കേറിയ ഒരു ഇടുങ്ങിയ തെരുവിലൂടെ ഞങ്ങൾ നടന്നു. ചുറ്റും തിരക്കേറിയ ഒരു പട്ടണത്തിന്റെ എല്ലാ ചലനങ്ങളും കാണാം. നടന്നു നടന്ന് തെരുവിന്റെ അറ്റത്ത് എത്തി. അവിടെ നിന്നും പഴയ കടൽപ്പാലത്തിലേക്ക് നടന്നു. അവിടെ നിന്നുള്ള കാഴ്ച മനോഹരമാണ്. രണ്ടു വശത്തായി പട്ടണം പരന്നു കിടക്കുന്നു. നടുവിലൂടെ എസ്ക് നദി സ്വച്ഛന്ദമൊഴുകി കടലിൽ ചേരുന്നു. കുറച്ചപ്പുറത്ത് കടലിനോട് ചേർന്ന് രണ്ടു കരകളിൽ നിന്നും കടൽപ്പാലങ്ങൾ..
കിഴക്കു വശത്തെ ഒരു പാറയുടെ ഭാഗത്ത് പണ്ട് ഒരു കപ്പൽ തകർന്നടിഞ്ഞുവത്രെ. 1800 കളുടെ അവസാനത്തിൽ അവധിക്കാലമാഘോഷിക്കാൻ വിറ്റ്ബിയിലെത്തിയ ബ്രാം സ്റ്റോക്കർ ആ കപ്പലിനെ കുറച്ച് കേൾക്കുകയും അതിന്റെ പേര് മാറ്റി തന്റെ കഥയിൽ ചേർക്കുകയും ചെയ്തു. റൊമേനിയയിൽ നിന്നും ലണ്ടനിലേക്ക് പോകുന്ന കപ്പൽ വിറ്റ്ബിയിൽ തകർന്നു കരയടുക്കുകയായിരുന്നു. അതിൽ ജീവനോടെയുണ്ടായിരുന്നത് ഡ്രാക്കുള മാത്രം. തകർന്ന കപ്പലിൽ നിന്നും ഒരു കൂറ്റൻ നായയുടെ രൂപത്തിൽ അടുത്തുള്ള കുന്നു കയറി അവിടുത്തെ പള്ളിയിലെ സെമിത്തേരിയിലേക്ക് പോവുകയാണ്..
അവിടെ ആ കടൽപ്പാലത്തിൽ നിന്നും ആ കുന്നിൻ ചേരുവിലേക്ക് നോക്കി നിന്നപ്പോൾ ആ കഥാസന്ദർഭം കൺമുന്നിൽ നടക്കുന്നത് പോലെ തോന്നി. ശരിക്കും അത്തരമൊരു കഥയ്ക്ക് പറ്റിയ അന്തരീക്ഷമാണ് അവിടെ. കുറച്ചു നേരം അവിടെ നിന്ന് ചുറ്റുമുള്ള കാഴ്ചകൾ ആസ്വദിച്ച് ഞങ്ങൾ പള്ളിയിലേക്ക് പോകാൻ തീരുമാനിച്ചു.
199 പടികൾ കയറി വേണം മുകളിൽ എത്താൻ. സാവധാനം പടികൾ കയറി മുകളിലെത്തി തിരിഞ്ഞു നോക്കിയപ്പോൾ അതി മനോഹരമായ നഗരക്കാഴ്ചയാണ് ഞങ്ങളെ വരവേറ്റത്. അതു വർണ്ണിക്കാൻ വാക്കുകൾ പോര!അതിപുരാതനമായ ഒരു പള്ളിയാണ് സെന്റ് മേരീസ് പള്ളി. 1110 കളിൽ സ്ഥാപിച്ച ഈ പള്ളിയുടെ പരിസരങ്ങൾ ഡ്രാക്കുള കഥയിൽ ഒരു പ്രധാനപങ്ക് വഹിക്കുന്നുണ്ട്. ഇവിടുത്തെ സെമിത്തേരിയിലെ കല്ലറയിലാണ് ഡ്രാക്കുള ഉറങ്ങിയിരുന്നത്! അതു പോലെ ഡ്രാക്കുള നോവലിൽ വിറ്റ്ബിയിൽ ഡ്രാക്കുള കൊല്ലുന്ന ആളുകളുടെ പേര് ബ്രാം സ്റ്റോക്കർ കണ്ടെത്തിയത് ഈ സെമിത്തേരിയിലെ കല്ലറകളിൽ നിന്നാണ്. അതായത്, നോവലിൽ ഡ്രാക്കുളയാൽ കൊല്ലപ്പെടുന്നയാളുകൾ എല്ലാം തന്നെ വിറ്റ്ബിയിൽ ജീവിച്ചിരുന്ന യഥാർത്ഥ ആളുകളാണ്.
പള്ളി താരതമ്യേന ചെറുതാണ്. അകത്ത് വിശ്വാസികൾക്കായി പ്രത്യേകം വേർത്തിരിച്ച ഇരിപ്പിടങ്ങളാണ്. ഓരോ കുടുംബത്തിനും ഓരോ കൂടുകൾ എന്നാണ് തോന്നുന്നത്. ക്രിസ്തുമസ് കഴിഞ്ഞതേയുള്ളൂ എന്നതിനാലാവണം നിറയെ അലങ്കരിച്ച ചെറിയ ക്രിസ്മസ് ട്രീ പള്ളിയിൽ നിരത്തി വെച്ചിട്ടുണ്ട്. പുൽക്കൂട്, മറ്റ് അലങ്കാരങ്ങൾ എന്നിവ ക്രിസ്തുമസിന്റെ ബാക്കിയായി അവിടെ സന്ദർശകരെ സ്വാഗതം ചെയ്യുന്നു.
പള്ളിയിലെ പ്രധാന വാതിലിൽ തന്നെ ഒരു നോട്ടീസ് കാണാം – ഡ്രാക്കുളയുടെ കല്ലറ ഇവിടെയില്ല, കാരണം ഡ്രാക്കുള ഒരു സാങ്കല്പിക കഥാപാത്രമാണ്. കഥയിൽ തന്നെ ഡ്രാക്കുളയുടെ കല്ലറ റൊമാനിയയിൽ ആണ്, അതിനാൽ ദയവു ചെയ്ത് പള്ളിയിലെ ആളുകളോട് കല്ലറയെക്കുറിച്ച് ചോദിക്കരുത് എന്നാണ് അതിന്റെ ചുരുക്കം!
എന്തായാലും പള്ളിയും സെമിത്തേരിയും കണ്ട ശേഷം ഞങ്ങൾ പോയത് തൊട്ടടുത്തുള്ള അബി കാണാനാണ്. അതി ഗംഭീരമായ ഒരു നിർമ്മിതിയാണെങ്കിലും ഇപ്പോൾ അത് വെറും അവശിഷ്ടം മാത്രമാണ്. ഏഴാം നൂറ്റാണ്ടിലാണ് ആദ്യം ഇത് പണിതത്. പക്ഷേ ഇപ്പോൾ കാണുന്ന ഭൂരിഭാഗം നിർമിതിയും പതിനൊന്നാം നൂറ്റാണ്ടിലേതാണ്. 1538 ൽ ഹെൻറി എട്ടാമൻ ചർച്ച് ഓഫ് ഇംഗ്ലണ്ട് സ്ഥാപിച്ചപ്പോൾ നിലവിലുണ്ടായിരുന്ന കത്തോലിക്കാ പള്ളികളും മതപഠനകേന്ദ്രങ്ങളും തകർക്കാൻ ഉത്തരവിട്ടു. അക്കൂട്ടത്തിൽ തകർക്കപ്പെട്ട ഒന്നാണ് വിറ്റ്ബി അബിയും. ഏകദേശം 500 കൊല്ലമായി ഇത് ഈ നിലയിലായിട്ട്.
വിറ്റ്ബി അബിയുടെ സംരക്ഷണവും മേൽനോട്ടവും English Heritage എന്ന NGO ആണ് നടത്തിവരുന്നത്. അബി നില്ക്കുന്നയിടത്തേക്ക് പോകാൻ ടിക്കറ്റ് വേണം. മുൻകൂറായി ബുക്ക് ചെയ്യേണ്ട ആവശ്യമില്ലെങ്കിലും ഓൺലൈൻ ആയോ ബുക്ക് ചെയ്താൽ കുറച്ച് കിഴിവുകൾ കിട്ടും. English Heritage മെംബർമാർക്ക് പ്രവേശനം സൌജന്യമാണ്.
ഞങ്ങൾ അബി പുറത്തു നിന്നും കാണാനേ ഉദ്ദേശിച്ചിരുന്നുള്ളൂ. ചുറ്റും വലിയ മതിലുള്ളതിനാൽ ദൂരക്കാഴ്ചയും സുഗമമല്ല. പക്ഷേ ചുറ്റുമതിലിന് ചുറ്റും നമുക്ക് നടക്കാം – അപ്പോൾ ചിലയിടങ്ങളിൽ നിന്നും നല്ല വ്യൂ കിട്ടും. സത്യത്തിൽ തൊട്ടടുത്തു നിന്നും കാണുന്നതിനെക്കാൾ വശ്യഭംഗി ദൂരക്കാഴ്ച്ചയ്ക്കാണ് എന്ന് തോന്നാതിരുന്നില്ല. എന്തായാലും ചുറ്റി നടന്ന് എല്ലാം കണ്ടു.അപ്പോഴേക്കും നേരം ഇരുട്ടിത്തുടങ്ങാറായിരുന്നു. സൂര്യൻ അസ്തമിച്ചു തുടങ്ങിയതോടെ 199 പടികളിറങ്ങി ഞങ്ങൾ താഴെയെത്തി. ഇടുങ്ങിയ തെരുവിലൂടെ കുറച്ചു ദൂരം നടന്നു. തിരക്കിന് ഒരു കുറവുമില്ല. പലതരം കടകളിൽ കച്ചവടം പൊടിപൊടിക്കുന്നു.. ജെറ്റ് എന്ന് പേരുള്ള ഒരു വിലപിടിപ്പുള്ള കല്ല് ഇവിടെ പ്രസിദ്ധമാണ്. അത് വിൽക്കുന്ന കുറെ ആഭരണക്കടകൾ അവിടെ കാണുകയുണ്ടായി. പിന്നെ ചില പഴയ കടകൾ – അങ്ങനെ കുറെ കാഴ്ചകൾ ആസ്വദിച്ച് ഞങ്ങൾ ക്യാപ്റ്റൻ കുക്ക് മെമോറിയൽ മ്യൂസിയത്തിന് മുന്നിലെത്തി. പക്ഷേ അത് അടച്ചിട്ടിരിക്കുയയാണ്. വിന്ററില് തുറക്കാറില്ല എന്നാണ് മനസ്സിലായത്.
എന്തായാലും ഇരുട്ടിത്തുടങ്ങിയതോടെ ഇനി അധികമൊന്നും ചെയ്യാനാവില്ല എന്നുറപ്പായി. അവിടെ ഒരു കടയിൽ നിന്നും പാലും മറ്റു ചില അവശ്യസാധങ്ങളും വാങ്ങി ഞങ്ങൾ മുറിയിൽ തിരിച്ചെത്തി. കാഴ്ചകൾ ആസ്വദിക്കുന്നതിനിടയിൽ ഉച്ചയൂണ് കഴിച്ചില്ല എന്ന് അപ്പോഴേക്കും ഞങ്ങളുടെ വയർ ഓർമ്മിപ്പിക്കാൻ തുടങ്ങിയിരുന്നു. വേഗം ഭക്ഷണമുണ്ടാക്കിക്കഴിച്ച് അടുത്ത ദിവസത്തേക്കുള്ള പരിപാടികൾ ആസൂത്രണം ചെയ്യുന്ന തിരക്കിൽപ്പെട്ടു.
അടുത്ത ദിവസം പുലർന്നത് സൂര്യകിരണങ്ങളുടെ സ്വർണ്ണപ്രഭയേന്തിയായിരുന്നു. ചക്രവാളത്തിൽ മൂടിനിൽക്കുന്ന കാർമേഘങ്ങൾ ഞങ്ങളുടെ ഉത്സാഹം കെടുത്താനെന്നവണ്ണം ചിലപ്പോൾ സൂര്യനെ മറച്ചുകൊണ്ട് ഇരുട്ട് പരത്താൻ ശ്രമിച്ചുവെങ്കിലും വിജയിക്കാനായില്ല. പ്രഭാതഭക്ഷണം കഴിഞ്ഞയുടനെ താമസസ്ഥലം ഒഴിഞ്ഞു കൊടുത്ത് ഞങ്ങൾ പട്ടണത്തിലേക്ക് പോയി. അവിടെ ഡ്രാക്കുളയെച്ചുറ്റിപ്പറ്റിയുള്ള ഏറെ കാഴ്ചകളും കഥകളും ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു.
ആദ്യം പോയത് റോയൽ ക്രസന്റ് എന്നറിയപ്പെടുന്ന ഒരിടത്തേയ്ക്കാണ്. ഇംഗ്ലണ്ടിലെ പഴയ റോമാത്തട്ടകമായിരുന്ന ബാത്ത് നഗരത്തിലെ റോയൽ ക്രസന്റിനെ അനുസ്മരിപ്പിക്കുന്ന ഒരിടം. അതിനു പിന്നിലെ കഥയും രസകരമാണ്. ഡ്രാക്കുളക്കഥയുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ് ഇതും. അപ്പോൾ ആ കഥ കൂടി നിങ്ങളോട് പറയാം.
ജോർജ്ജ് ഹഡ്സൺ എന്ന ഒരാളുടെ സ്വപ്ന പദ്ധതിയായിരുന്നു അത്. ധനികനായ ഒരു ബന്ധുവിന്റെ മരണത്തെ തുടർന്ന് കുറെയധികം പൈസ ഹഡ്‌സൺന്റെ കൈവശം വന്നു ചേരുകയുണ്ടായി. അയാൾ അത് പുതുതായി തുടങ്ങിയ നോർത്ത് മിഡ്‌ലാൻഡ് റെയിൽവേയിൽ നിക്ഷേപിക്കുകയും ലാഭം കൊയ്യുകയും ചെയ്തു. അതെ തുടർന്ന് സ്വന്തം റയിൽവേ കമ്പനി രൂപീകരിക്കുകയും യോർക്കിൽ നിന്നും സർവ്വീസ് ആരംഭിക്കുന്ന റെയിൽവെ ലൈൻ തുടങ്ങുകയും ചെയ്തു.
അതോടെ ആളുകൾക്ക് വിറ്റ്ബിയിലെത്താൻ എളുപ്പമായി. ഒരു ദിവസത്തെ സന്ദർശനത്തിനും കുറെ നാളത്തെ അവധിക്കാല വാസത്തിനും ആളുകൾ ഇവിടേക്ക് വന്നു തുടങ്ങി. റെയിൽവെ യാത്ര താരതമ്യേന ചെലവ് കുറഞ്ഞതായതിനാൽ സാധാരണക്കാർക്കും അനായാസേന വിറ്റ്ബിയിൽ എത്താൻ സാധിച്ചു.
അപ്പോഴാണ് ലോകോത്തര താമസ സൗകര്യം വാഗ്ദാനം ചെയ്യുന്ന റോയൽ ക്രെസന്റ് പണിയാൻ ഹഡ്സൺ തീരുമാനിച്ചത്. പക്ഷേ ദുർഭാഗ്യവശാൽ പണി തുടങ്ങി കുറച്ചായപ്പോഴേക്കും ഹഡ്സൺന്റെ റെയിൽവേ നഷ്ടത്തിൽ ആവുകയും അദ്ദേഹം കടക്കാരനാവുകയും ചെയ്തു. ഏറെ വൈകാതെ ഹഡ്സൺ പാപ്പരായതോടെ അയാളുടെ സ്വപ്നപദ്ധതിയും പാതിവഴിക്ക് ഉപേക്ഷിക്കപ്പെട്ടു. പിന്നീട് ആ കെട്ടിടങ്ങളോട് ചേർന്ന് വേറെയും കെട്ടിടങ്ങൾ പലരും ചേർന്ന് പണിതുയർത്തിയാണ് ഇന്നത്തെ ഈ നിലയിൽ എത്തിയത്.
വളരെ വിശാലമായ ആ സ്ഥലത്ത് ആറാം നമ്പർ വീട്ടിലാണ് ഒരവധിക്കാലം ചിലവഴിക്കാൻ വിറ്റ്ബിയിലെത്തിയ ബ്രാം സ്റ്റോക്കർ താമസിച്ചത്. അപ്പോഴേക്കും തന്റെ നോവലിന്റെ പണികൾ ആരംഭിച്ച സ്റ്റോക്കർ ആദ്യം നോവലിന് പേരിട്ടത് കൌണ്ട് വാംപയർ എന്നായിരുന്നത്രെ. വിറ്റ്ബിയിൽ വെച്ചാണ് അത് ഡ്രാക്കുള ആയി മാറുന്നത്.
ഇന്നും ആറാം നമ്പർ വീടിന്റെ മുന്നിൽ നമുക്ക് ഒരു ഫലകം കാണാം 1890 മുതൽ1896 വരെ ബ്രാം സ്റ്റോക്കർ താമസിച്ചത് ഈ വീട്ടിലാണ് എന്ന്. ഇവിടെ വച്ചാണ് അദ്ദേഹം തൻറെ നോവൽ പൂർത്തീകരിക്കുന്നതും.
റോയൽ ക്രെസന്റിന്റെ അടുത്തായി കിഴക്കോട്ട് തിരിഞ്ഞു കടലിനെയും വിറ്റ്ബി അബിക്കും പള്ളിക്കുമൊക്കെ അഭിമുഖമായി നിൽക്കുന്ന ഒരു ശിൽപം കാണാം. ലോക പ്രശസ്ത നാവിക പര്യവേഷകനായ ക്യാപ്റ്റൻ കുക്കിന്റെ പ്രതിമയാണത്. നാവികൻ, കാർട്ടോഗ്രാഫർ, പര്യവേഷകൻ എന്നീ നിൽയിൽ മാത്രമല്ല പസഫിക്ക് മഹാസമുദ്രത്തിലൂടെ ഓസ്ട്രേലിയ, ഹവായ്, ന്യൂസിലാൻഡ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോവാനുള്ള വഴി കണ്ടു പിടിച്ചതും അദ്ദേഹമാണ്. ആദ്യമായി ന്യൂസിലാൻഡിന് ചുറ്റും കപ്പലോടിച്ചതും അദ്ദേഹമാണത്രെ.
ഒരു വലിയ ശിലയിൽ സ്ഥാപിച്ച ആ പ്രതിമ അദ്ദേഹത്തിനുള്ള സ്മാരകവും ആദരവുമാണ്. ക്യാപ്റ്റൻ കുക്ക് ഒൻപത് കൊല്ലത്തോളം വിറ്റ്ബിയിൽ താമസിച്ചാണ് പരിശീലനം നേടിയത്. അദ്ദേഹത്തിന്റെ പര്യടനകൾക്ക് കൂട്ടായ കപ്പലുകൾ നാലും നിർമ്മിച്ചത് വിറ്റ്‌ബിയിലാണ്. അങ്ങനെ വിറ്റ്ബിയുമായി അദ്ദേഹത്തിനുള്ള അഭേദ്യബന്ധം സൂചിപ്പിക്കുന്ന ഒരു സ്മാരകമാണ് ഇത്.
ക്യാപ്റ്റൻ കുക്ക് മെമ്മോറിയലിന് തൊട്ടടുത്തായി ഒരു കൂറ്റൻ കമാനം കാണാം. തിമിംഗലത്തിന്റെ താടിയെല്ലാണ് ആ കമാനം. പണ്ടുകാലത്ത് മത്സ്യബന്ധനം ഒരു പ്രധാന തൊഴിലായിരുന്ന വിറ്റ്ബിയിൽ തിമിംഗലങ്ങളെ വേട്ടയാടികൊണ്ടുവന്ന് അവയെ സംസ്‌കരിച്ച് അവയുടെ ഉത്പന്നങ്ങൾ വിൽക്കുന്നതും ഒരു വലിയ വ്യവസായം തന്നെയായിരുന്നു. 1753 മുതൽ 1833 വരെയുള്ള കാലഘട്ടത്തിൽ ഏതാണ്ട് മൂവായിരത്തോളം തിമിംഗലങ്ങളെ വേട്ടയാടി ഇവിടെ സംസ്കരിച്ചിട്ടുണ്ടാവും എന്നാണ് അറിയാൻ കഴിഞ്ഞത്. അക്കാലയാളവിൽ 55 കപ്പലുകൾ ഇപ്രകാരം തിമിംഗല വേട്ടയ്ക്കായി വിറ്റ്ബി തീരത്തു നിന്നും ഉത്തരധ്രുവത്തിലേക്ക് പോയിരുന്നത്രെ!
1837ടെ തിമിംഗല വേട്ട നിരോധിക്കപ്പെട്ടു. അതിനു മുൻപ് തന്നെ തിമിംഗലവേട്ടയ്ക്ക് പോയ കപ്പലുകൾ ശൂന്യമായാണ് തിരിച്ചു വന്നിരുന്നത്. വിജയകരമായ തിരിച്ചു വരവാണെങ്കിൽ തങ്ങളുടെ വിജയത്തെ സൂചിപ്പിക്കാൻ കപ്പലിന്റെ പായ്മരത്തിൽ തിമിംഗലത്തിന്റെ എല്ല് പ്രദര്ശിപ്പിച്ചിരുന്നത്രെ.
കമാനത്തിന് മുകളിലായി തിമിംഗലവേട്ടക്കാർ ഉപയോഗിച്ചിരുന്ന ഹാർപ്പൂണിന്റെ ഭാഗവും കാണാം. അതിന്റെ കുന്തമുന ഉത്തരധ്രുവ ദിശയിലേക്കാണ് തിരിഞ്ഞിരിക്കുന്നത്. വിറ്റ്ബി തീരത്തു യിൽ നിന്നും ഉത്തരധ്രുവം വരെ വേറെ കരയൊന്നും ഇല്ലെന്നതും ശ്രദ്ധേയമാണ്.
ആദ്യമായി ഇത് സ്ഥാപിക്കുന്നത് 1853ലാണ്. പിന്നീട് അത് മാറ്റി സ്ഥാപിക്കേണ്ടി വന്നപ്പോൾ 1963ൽ നോർവേ ആണ് തിമിംഗലത്തിന്റെ എല്ല് സംഭാവന ചെയ്തത്. അത് കേടുവന്നപ്പോൾ 2003ൽ അലാസ്ക സംഭാവന ചെയ്ത അസ്ഥിയാണ് ഇപ്പോൾ വിറ്റ്ബിയിൽ ഉള്ളത്. ഇത് അനധികൃതമായി വേട്ടയാടിയതല്ല, അലാസ്കൻ കടലോരത്ത് നിയമാനുസൃതമായ വേട്ടയ്ക്ക് ശേഷം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ഒരെണ്ണമാണ്.
എന്തായാലും ആ പടുകൂറ്റൻ താടിയെല്ലിനു കീഴിൽ നിന്ന് ഫോട്ടോ എടുക്കുന്നത് സന്ദർശകരുടെ ഇഷ്ട വിനോദമാണ്. പ്രത്യേകിച്ചും ആ എല്ലുകൾക്കിടയിലൂടെ വിറ്റ്ബി അബിയുടെ സുന്ദരമായ ഫ്രെയിം കിട്ടും എന്നറിയുമ്പോൾ. ആ കമാനത്തിനു കീഴേയും മുന്നിലും നിന്ന് ഫോട്ടോ എടുക്കുമ്പോൾ എന്റെ മനസ്സിൽ നിറഞ്ഞു നിന്നത് മനുഷ്യന്റെ നിസ്സാരതയാണ്. ആ താടിയെല്ലിന്റെ പകുതിപോലും ഉണ്ടായിരുന്നില്ല ഞാൻ!!!
കുറച്ചു നേരം അതൊക്കെ നോക്കി നിന്ന ശേഷം ഞങ്ങൾ അടുത്ത സ്ഥലത്തേയ്ക്ക് പോയി… റോയൽ ക്രസന്റിന് എതിർവശത്ത് എന്ന് പറയാം, ചെറിയ ഒരു കുന്നിൻ മുകളിൽ കുറെ ബെഞ്ചുകൾ നിരത്തിയിട്ടിട്ടുണ്ട്. അവിടെ കിഴക്ക് അഭിമുഖമായി നിൽക്കുമ്പോൾ നമ്മുടെ ഏറ്റവും വലത്തേയറ്റത്തുള്ള ബെഞ്ചിന് ഒരു പ്രത്യേകതയുണ്ട്. ഡ്രാക്കുള ബെഞ്ച് എന്നറിയപ്പെടുന്ന ഈ ബെഞ്ച് സ്ഥിതി ചെയ്തിരുന്നിടത്ത് നിന്നാണത്രെ ബ്രാം സ്റ്റോക്കർ കിഴക്കേ മലയിലെ അബിയും പള്ളിയും അങ്ങോട്ടുള്ള പടവുകളും കപ്പൽ തകർന്നടിഞ്ഞ സ്ഥലവും ഒക്കെ നോക്കിക്കണ്ടത്. ആ കാഴ്ചയാണ് വിറ്റ്ബിയെ തന്റെ കഥയിൽ ഉൾപ്പെടുത്താൻ അദ്ദേഹത്തിന് പ്രേരണയായത്.
സ്റ്റോക്കറുടെ അറുപത്തിയെട്ടാം ചരമ വാർഷികത്തിൽ സ്കാർബറോ കൌൺസിൽ സ്ഥാപിച്ചതാണ് ഈ ബെഞ്ച്. ഇന്നിപ്പോൾ വിറ്റ്ബി സന്ദർശിക്കുന്നവരുടെ ഒരു പ്രധാന ആകർഷണകേന്ദ്രമായിരിക്കുന്നു ഈ ബെഞ്ച്. ഞങ്ങളും ആ ബെഞ്ചിലിരുന്ന് വിറ്റ്ബിയുടെ സുന്ദരദൃശ്യങ്ങൾ മതിവരുവോളം ആസ്വദിച്ചു. കടലും കുന്നും പുഴയും പട്ടണവും പള്ളിയും എല്ലാം കൊണ്ടും കണ്ണിനും മനസ്സിനും കുളിർമ്മ പകരുന്ന ദൃശ്യം!
ഈ ബെഞ്ചുകൾ നിരത്തിയിട്ട കുന്നിനു കീഴെയായി ചെറിയ ഒരു തുരങ്കമുണ്ട്. സ്ക്രീമിങ് ടണൽ അഥവാ ഡ്രാക്കുള ടണൽ എന്നറിയപ്പെടുന്ന ഈ തുരങ്കവും ഡ്രാക്കുള കഥ വായിച്ചിട്ടുള്ളവർക്ക് പരിചിതമായിരിക്കും. ഇതിലൂടെയാണ് കഥാപാത്രങ്ങളായ ലൂസിയും മിനയും നടന്നു പോവുന്നത്. ഡ്രാക്കുളയുടെ സാന്നിദ്ധ്യം അറിയുന്നതും ഇതിലൂടെ നടക്കുമ്പോഴാണ്. പിന്നീട് ഉറക്കത്തിൽ ഇറങ്ങി നടക്കുന്ന ലൂസി അപ്പുറത്തെ കുന്നിലെ പള്ളിയിലേക്ക് പോകുന്നതും ഈ തുരങ്കത്തിലൂടെയാണ്. അങ്ങനെ തികച്ചും ഭീതിപ്പെടുത്തുന്ന ഒരു തുരങ്കമാണ് കഥയിലിത്.
ഈ തുരങ്കവുമായി ബന്ധപ്പെട്ട് തദ്ദേശീയമായ പല പ്രേതകഥകളും പ്രചാരത്തിലുണ്ട്. അത്തരം ചില കഥകളിൽ നിന്നാണ് ഡ്രാക്കുളയിലെ കഥാസന്ദർഭങ്ങൾ ഉരുത്തിരിഞ്ഞു വന്നതെന്ന് തോന്നുന്നു. എന്തായാലും എല്ലാം കൊണ്ടും ഒരു ഭീകരത കൽപ്പിച്ചു നൽകിയ ഒരു തുരങ്കമാണ് ഇത്. പട്ടണത്തിലേക്ക് വന്നു പോകാൻ എളുപ്പവഴിയാണ് ഇതെങ്കിലും രാത്രികാലങ്ങളിൽ ഇതിലൂടെ നടക്കാൻ അവിടത്തുകാർക്കും സന്ദർശകർക്കും ഇന്നും പേടിയാണ്. രാത്രിയിൽ അതിലൂടെ നടക്കുന്നവർ തുരങ്കത്തിന് നടുവിലെത്തുമ്പോൾ അസാധാരണമായ തണുപ്പ് അനുഭവപ്പെടുന്നതായി പറയാറുണ്ടത്രെ. പലയാളുകൾക്കും ആരോ ഉച്ചത്തിൽ നിലവിളിക്കുന്നത് കേട്ട് പേടിച്ചു വലഞ്ഞ അനുഭവവും ഉണ്ടായിട്ടുണ്ട് എന്നാണ് പറഞ്ഞു കേട്ടത്.
പകൽ വെളിച്ചത്തിൽ എന്തായാലും ഈ തുരങ്കം തികച്ചും സാധാരണമായാണ് അനുഭവപ്പെട്ടത്, അതിലൂടെ നടന്ന് അപ്പുറത്ത് എത്താറാവുമ്പോൾ കിഴക്കൻ കുന്നിലെ പള്ളിയുടെയും അബിയുടെയും അതിമനോഹര കാഴ്ച നമുക്ക് ആസ്വദിക്കാം. അതിനാൽ തന്നെ ഈ തുരങ്കം ഒരുഗ്രൻ ഫോട്ടോ പോയിന്റ് കൂടിയാണ്. ഇടുങ്ങിയ തുരങ്കത്തിലൂടെ ആളുകൾ നിരന്തരം അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നതിനിടയിൽ അവരെ അധികം മുഷിപ്പിക്കാതെയും കാത്തു നിർത്താതെയും ഫോട്ടോ എടുക്കാൻ അല്പം പ്രാവിണ്യം വേണം എന്ന് മാത്രം!
അങ്ങനെ തുരങ്കത്തിലൂടെ നടന്ന് കുറെ പടവുകൾ ഇറങ്ങി പട്ടണത്തിലെത്തി. പകൽ വെളിച്ചത്തിൽ ആ ഇടുങ്ങിയ വഴികളിലൂടെ നടക്കുമ്പോൾ തോന്നുകയേ ഇല്ല ഡ്രാക്കുള പോലെ പേടിപ്പെടുത്തുന്ന ഒരു കഥ നടക്കുന്നത് ഈ തെരുവുകളിൽ വെച്ചാണ് എന്ന്! അത്ര സാധാരണവും മനോഹരവുമായ ഒരു സ്ഥലം.
പക്ഷേ കഴിഞ്ഞ ദിവസം രാത്രി ഞങ്ങൾ ഒരു ഗോസ്റ് വാക്കിന് (ghost walk) പോയിരുന്നു. ഇരുട്ടത്ത് ഈ വഴികളിലൂടെ നടന്നപ്പോൾ ഡ്രാക്കുള വന്നാൽ പോലും ആശ്ചര്യമില്ല എന്നാണ് തോന്നിയത്. അങ്ങനെ ഒരു പേടിപ്പിക്കുന്ന പശ്ചാത്തലമായിരുന്നു രാത്രിയിൽ. യൂറോപ്പിലെ പല സ്ഥലത്തും യുകെയിലെ പട്ടണങ്ങളിലും സാധാരണമാണ് രാത്രികാല വാക്കിങ് ടൂറുകൾ. പലപ്പോഴും പേടിപ്പെടുത്തുന്ന പ്രമേയമാവും അതിന്. അത്തരം ടൂറുകൾ വിറ്റ്ബിയിലും ഉണ്ട്.
അതാണ് കഴിഞ്ഞ രാത്രി ഞങ്ങൾ ചെയ്തത്. ഏതാണ്ട് ഒന്നേകാൽ മണിക്കൂർ നീണ്ടു നിൽക്കുന്ന ഈ ടൂറിൽ ഡ്രാക്കുള പ്രഭുവിനെ പോലെ വേഷം ധരിച്ച ടൂർ ഗൈഡ് നമ്മെ പലയിടങ്ങളിലും കൊണ്ടുപോവും. വിറ്റ്‌ബിയിൽ പ്രചാരമുള്ള ഭൂത-പ്രേതകഥകളും ഡ്രാക്കുളയുടെ കഥയും ഒക്കെ കോർത്തിണക്കി രാത്രിയുടെ നിശബ്ദതയിൽ ഒരു ടൂർ. പ്രേതകഥകൾ പറയാൻ തികച്ചും അനുകൂലമായ പശ്ചാത്തലമാണ് അവിടെ – ഇരുട്ടും ഇടുങ്ങിയ ആൾപെരുമാറ്റമില്ലാത്ത വഴികളും അനുനിമിഷം ഹൃദയമിടിപ്പ് കൂട്ടുന്ന ആഖ്യാനവും ഒക്കെയായി ഒരു അവിസ്മരണീയ അനുഭവം. വിറ്റ്ബി സന്ദർശിക്കുന്നവർക്ക് തീർച്ചയായും ഡോക്റ്റർ ക്രാങ്കിന്റെ ഗോസ്റ്റ് വാക്ക് ചെയ്തു നോക്കാവുന്നതാണ്.
എന്തായാലും രാത്രിയും പകലും വ്യത്യസ്തമെന്ന പോലെത്തന്നെ വിറ്റ്‌ബിയിലെ രാത്രിക്കാഴ്ചകളും പകൽ ദൃശ്യങ്ങളും തികച്ചും വ്യത്യസ്തമാണ്. രണ്ടിനും രണ്ടു ഭാവവും നിറവുമാണ്. രാത്രിയിൽ നിശബ്ദതയുടെ മൂടുപടമണിയുന്ന നഗരം പകലിൽ ഒരു വിനോദസഞ്ചാര കേന്ദ്രത്തിന്റെ എല്ലാ ജീവത്തുടിപ്പുകളും ആവാഹിച്ചുകൊണ്ട് നമ്മുടെ മനം മയക്കും. ആളുകളും തിരക്കും ബഹളവും നിറഞ്ഞ വഴികളിലൂടെ കുറച്ചു നേരം എല്ലാം ആസ്വദിച്ചു നടന്ന ശേഷം ഞങ്ങൾ മാഗ്‌പൈ കഫെയുടെ മുന്നിലെത്തി.
വിറ്റ്ബി ഒരു കടലോര പട്ടണമായതിനാൽ മത്സ്യബന്ധനം ഇവിടുത്തെ ജീവിതത്തിന്റെ ഭാഗമാണ്. അതുകൊണ്ടു തന്നെ കടൽ വിഭവങ്ങൾക്ക് പേരുകേട്ട സ്ഥലം കൂടിയാണ് ഇവിടം. ഇംഗ്ലണ്ടിന്റെ ദേശീയ ഭക്ഷണം എന്ന പറയാവുന്ന ഫിഷ് ആൻഡ് ചിപ്സ് തന്നെയാണ് ഇവിടുത്തെ പ്രധാനഭക്ഷണ വിഭവം. മാഗ്‌പൈ കഫെ അതിന് ഏറ്റവും പ്രസിദ്ധമായ ഇടവും. അപ്പോൾ പിന്നെ അവിടെ നിന്നും ഭക്ഷണം കഴിക്കാമെന്ന് കരുതി.
ഉച്ചയൂണിന്റെ സമയം കഴിഞ്ഞിട്ട് നേരം ഏറെയായെങ്കിലും കഫേയ്ക്ക് മുന്നിൽ നീണ്ട ക്യൂ ഉണ്ട്. ഹോട്ടലിൽ ഇരുന്ന് കഴിക്കണമെങ്കിൽ മുൻകൂറായി ടേബിൾ ബുക്ക് ചെയ്യണം. അല്ലാത്തവർക്കായി ഒരു ടേക്ക് എവേ കൗണ്ടർ ഉണ്ട്. അതിനു മുന്നിലാണ് നീണ്ട നിര. പലതരം മത്സ്യങ്ങൾ ഫിഷ് ആൻഡ് ചിപ്സ് ആയി കിട്ടും. ഏറ്റവും എളുപ്പത്തിൽ കിട്ടുന്നത് കോഡ് എന്നയിനം മത്സ്യവും ചിപ്സും ആണ് എന്നത് കൊണ്ട് അതാണ് വാങ്ങിയത്. സസ്യഭുക്കുകൾക്ക് ചിപ്സ് മാത്രമായും ഓർഡർ ചെയ്യാം. എന്തായാലും കുറെ നേരം വരി നിന്ന് ഭക്ഷണം വാങ്ങി അപ്പുറത്തുള്ള ഒരു കൂടാരം പോലെയുള്ള സ്ഥലത്തു പോയിരുന്ന് കഴിച്ചു.
അവിടം നിറച്ചും കടൽക്കാക്കകളായിരുന്നു. നമ്മുടെ ശ്രദ്ധ ഒന്ന് തെറ്റിയാൽ കയ്യിലെ ഭക്ഷണം കൊത്തിക്കൊണ്ടു പോകും ആ വിരുതന്മാർ. ഞങ്ങളുടെ ഭക്ഷണം തട്ടിപ്പറിക്കാൻ ശ്രമിച്ചെങ്കിലും പറ്റിയില്ല. അവിടെ എല്ലായിടത്തും കടൽക്കാക്കകൾക്ക് തീറ്റ കൊടുക്കരുത് അവർ അക്രമാസക്തരാവും എന്നൊക്കെ എഴുതി വെച്ചിട്ടുണ്ടെങ്കിലും പലരും അത് അവഗണിച്ചുകൊണ്ട് അവയ്ക്ക് തീറ്റ കൊടുക്കുന്നത് കണ്ടു.
വിറ്റ്ബിയിലെ കാഴ്ചകൾ രണ്ടു ദിവസങ്ങൾ കൊണ്ട് കണ്ടു തീർക്കാനാവുന്നവയല്ല. ഡ്രാക്കുള എക്സ്പീരിയൻസ് എന്ന ഒരു എക്സിബിഷൻ / ഷോ സമയക്കുറവ് മൂലം ഞങ്ങൾക്ക് കാണാനായില്ല. അതിൽ ഡ്രാക്കുള കഥ പല സാധനങ്ങളും അനിമേഷനും അഭിനയവും ഒക്കെയായി നമുക്ക് വിവരിച്ചു തരും. 1977ൽ പുറത്തിറങ്ങിയ ഡ്രാക്കുള സിനിമയിൽ നായകൻ ക്രിസ്റ്റഫർ ലീ ഉപയോഗിച്ച വസ്ത്രം അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. 50 കിലോ ആണത്രേ അതിന്റെ ഭാരം! അങ്ങനെ പല പ്രത്യേകതകളും അവിടെയുണ്ട് എന്നാണ് മനസ്സിലായത്.
എന്തായാലും കുറച്ചു നേരം അവിടെയൊക്കെ നടന്നു കണ്ട ശേഷം ഞങ്ങൾ പടിഞ്ഞാറുഭാഗത്തെ കടൽപ്പാലത്തിലേക്ക് പോയി. പഴയ ഒരു ചെറിയ കടൽപാലം കൂടാതെ പുതിയ രണ്ടു വലിയ കടൽപ്പാലങ്ങളും വിറ്റ്ബിയിലുണ്ട്. മുകളിൽ നിന്നും നോക്കുമ്പോൾ ഒരു നെക്ലേസ് വെള്ളത്തിൽ പരത്തിയിട്ട പോലെ തോന്നും ഈ കടൽപ്പാലങ്ങൾ. അവയുടെ അറ്റത്ത് ഓരോ വിളക്കുമാടങ്ങളും ഉണ്ട്. എല്ലാം കൊണ്ടും നല്ല ഭംഗിയുള്ള ഒരു കാഴ്ചയാണ് നമ്മെ കാത്തിരിക്കുന്നത്. പ്രത്യേകിച്ചും അവയെല്ലാം അസ്തമയസൂര്യന്റെ സ്വർണ്ണപ്രഭയിൽ കുളിച്ചു നിൽക്കുമ്പോൾ.
അപ്പുറത്തെ കടപ്പുറത്ത് കുറച്ചു പേർ കളിക്കുന്നുണ്ട്. കൈകാലുകൾ തണുത്തുറയ്ക്കുന്ന ആ അവസ്ഥയിൽ അവിടെയിറങ്ങാൻ ഞങ്ങൾക്ക് മനസ്സ് വന്നില്ല. അതിനാൽ ഏകദേശം കടൽപ്പാലത്തിന്റെ അറ്റം വരെപോയ ശേഷം ഞങ്ങൾ തിരിച്ചു നടന്നു. അപ്പോഴേക്കും ആകാശത്ത് കാർമേഘങ്ങൾ നിറഞ്ഞു തുടങ്ങിയിരുന്നു. ഏതു നിമിഷവും കോരിച്ചൊരിയാൻ തയ്യാറായി അവ ചുറ്റിനും ഇരുട്ട് പരത്തിത്തുടങ്ങി.
ഞങ്ങൾക്കും തിരിച്ചു പോവാനുള്ള സമയമായി. പതുക്കെ പട്ടണത്തിൽ നിന്നും കുന്നിൻ ചെരുവിലൂടെയുള്ള പടികൾ കയറി മുകളിൽ എത്തി. കാർ പാർക്ക് ചെയ്തിടത്തു നിന്നും മടക്കയാത്ര തുടങ്ങിയപ്പോഴേക്കും കാഴ്ചകൾ മറച്ചുകൊണ്ട് തുള്ളിക്കൊരു കുടം മഴ ആർത്തു പെയ്തു. ഇന്നത്തെ പകൽ ഞങ്ങൾക്കായി മാറി നിന്നതിൻ്റെ വേദന മുഴുവനും തീർക്കാനെന്നപോലെ ആർത്തു കരഞ്ഞുകൊണ്ട് മഴ കടലിലൊഴുകിച്ചേർന്നു…