Nisha Manjesh എഴുതുന്നു 

എക്സിറ്റ് പോളുകൾ കാണുമ്പോൾ ഇപ്പോഴും ഞെട്ടാനാവും വിധം നിങ്ങളെങ്ങിനെ നിഷ്കളങ്കർ ആവുന്നു എന്ന് ആലോചിച്ചിട്ടുണ്ടോ ?

“ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ ആത്മാവ്” ഒരു പൊള്ളയായ സങ്കൽപ്പമാണ് എന്നു നിങ്ങൾക്കിനിയും തിരിച്ചറിയാൻ കഴിയാത്തത് കൊണ്ടാണത് .

മോഡിപ്രഭാവം എന്നു വാർത്തയിൽ കെട്ടുമാത്രം ശീലിച്ച നിങ്ങൾക്ക് ആ ഭ്രാന്തൻ രോഗത്തിന്റെ വേരുകൾ ചികിത്സയ്ക്ക് ഒരു മരുന്നിനും എത്താൻ ആവാത്ത വിധം ഇപ്പോഴും രാജ്യത്തെ ദ്രവിപ്പിച്ചു തീർക്കുന്നത് നിങ്ങളൊരിക്കലും അനുഭവിക്കാത്തത് കൊണ്ടാണ്.

ആര് ഭരിച്ചാലും എനിക്കൊന്നുമില്ല , പക്ഷെ ഞാൻ ഹിന്ദുവാണ് എന്നു പറയുന്ന രാഷ്ട്രീയബോധം എന്തെന്നറിയാത്ത, പ്രതിപക്ഷ ബഹുമാനം കേട്ടു കേള്വിപോലുമില്ലാത്ത ജനങ്ങളെ നിങ്ങൾക്ക് നേരിടേണ്ടി വരാത്തത് കൊണ്ടാണ്.

മതം മാത്രം പറയുന്ന പാർട്ടിയ്ക്ക് വോട്ട് ചെയ്യേണ്ടത് തങ്ങളുടെ മതത്തോടുള്ള ബാധ്യതയാണ് എന്നു വിശ്വസിക്കുന്ന ജനങ്ങളെ നിങ്ങൾ കണ്ടിട്ടില്ലാത്തത് കൊണ്ടാണ്.

നിങ്ങളുടെ നാട്ടിൽ ഓണക്കളിയോ അത്തപ്പൂവിടൽ മത്സരമോ നടത്തിയപ്പോൾ ഇടയിലേക്ക് കയറിവന്ന അന്യമതക്കാരനെ “പേര് പറയെടാ , ഇല്ലേൽ ഇവിടുന്ന് നീ ജീവനോടെ പോകില്ല ” എന്ന് അലറിവിളിച്ചു ഭയപ്പെടുത്താം എന്നു അവിടെയാരും ശീലിക്കാത്തത് കൊണ്ടാണ് .

മാസങ്ങളായി ഒരു ഇന്റസ്ട്രിയൽ ഏരിയയിലെ എല്ലാ വ്യാവസായിക സ്ഥാപനങ്ങളും അടച്ചിട്ടുകൊണ്ടു ഒരു നദിയെ സംരക്ഷിക്കാൻ എന്ന പേരിൽ ന്യൂനപക്ഷ പ്രാതിനിത്യമുള്ള നാടിനെ പട്ടിണിയിലിടാൻ കെൽപ്പുള്ള ഒരു സർക്കാരിനെ നിങ്ങൾ കണ്ടിട്ടില്ലാത്തത് കൊണ്ടാണ്.

അഭിപ്രായം പറഞ്ഞാൽ കൊലചെയ്യപ്പെടുമോ എന്നു ഭയക്കുന്ന വെറും സാധാരണക്കാരായ (എഴുത്തുകാരും ആക്ടിവിസ്റ്റുകളുമായ രക്തസാക്ഷികളെ പോലുള്ളവരല്ല, വെറും സാധാരണക്കാർ ) മനുഷ്യരുടെ നിശബ്ദത നിങ്ങൾക്ക് ശീലമില്ലാത്തത് കൊണ്ടാണ്.

നിങ്ങൾ ദയവുചെയ്ത് തിരിച്ചറിയൂ , ഇന്ത്യയെന്ന മഹാരാജ്യത്തെ റിക്ഷ വലിച്ചു ചോരത്തുപ്പുന്ന ദരിദ്രനും എന്റെ മതത്തിന്റെ പ്രതിനിധികൾ എന്റെ ഏമാന്മാരായി ഇരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് .

കക്കൂസ് എന്നത് അവരിൽ പലർക്കും അത്ഭുതവും ആഡംബരവും ആണ്. വൈദ്യതി അവർക്ക് ആകാശത്തിലെ നക്ഷത്രം പോലൊരു സ്വപ്നമാണ് . അവർ വാഗ്ദാനങ്ങൾ കേൾക്കുമ്പോൾ ഇത് മോഹിപ്പിക്കാനെന്നു തിരിച്ചറിയാതെ വിശ്വസിച്ചു പോകുന്നവരാണ് .

അവരിൽ പലരും വോട്ട് ചെയ്യുകയെന്ന നീണ്ട പ്രക്രിയയിൽ ചെന്നു നിൽക്കാനുള്ള ആത്മവിശ്വാസം പോലുമില്ലാത്തവരാണ്. നൂറു രൂപയുടെ മണം അവരെ മയക്കികളായറുണ്ട് .

അതുകൊണ്ട് , എക്സിറ്റ് പോളുകൾ കണ്ടു ഞെട്ടുന്ന നിങ്ങൾ കണ്ട ഇന്ത്യയല്ല യഥാർഥ ഇന്ത്യ.

ഈ വിഷപ്രഭാവം ഇനിയും തുടരാൻ തന്നെയാണ് ഈ രാജ്യത്തിന്റെ നിലവിലെ സാഹചര്യത്തിൽ സാധ്യത.

അങ്ങിനെ അല്ലാതെ ആവട്ടെ എന്നു ആഗ്രഹിക്കുമ്പോൾ മമതയില്ലാത്തൊരു സ്ത്രീരൂപം മറ്റൊരു രോഗമായി രാജ്യത്തിന്റെ കൈയ് പോലെയുള്ളൊരു ഭാഗത്ത് നിന്ന് പടരുന്നതും ഭയം ഉണ്ടാക്കുന്നുണ്ട് .

#നീതിയാണെനിക്കു_വേണ്ടു_പിറന്ന_മണ്ണിൽ

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.