പപ്പയുടെ മനസ്സ് കീഴടക്കിയ ആ വലിയ മനുഷ്യനെ കണ്ടെത്താൻ ഞാൻ ഈ സോഷ്യൽ മീഡിയയുടെ സഹായം അഭ്യർത്ഥിക്കുന്നു

413

Nisha Ponthathil

ഞാനൊരിക്കലും നേരിട്ട് കണ്ടിട്ടില്ലാത്ത എന്നാൽ ഒരുപാട് കേട്ടിട്ടുള്ള അബുദാബിയിൽ ജീവിച്ചിരുന്ന ഇസാം അൽ ഹുസ്സൈൻ എന്ന് പേരുള്ള ഒരു അറബിയെ കണ്ടെത്താൻ വേണ്ടിയാണ് ഞാനിതെഴുതുന്നത്.

1981. യൂ ഏ ഇ യിൽ എണ്ണ കണ്ടെത്തിയിട്ടു രണ്ടു പതിറ്റാണ്ടു. ഗൾഫ് എന്നത് ഏതൊരു ചെറുപ്പക്കാരനെയും പോലെ ആ ഇരുപത്തഞ്ചുകാരന്റെയും സ്വപ്നമായിരുന്ന കാലം. കുടുംബത്തിൻറെ ഉത്തരവാദിത്വവും കല്യാണപ്രായമായി വരുന്ന മൂന്നു പെങ്ങമ്മാരും ഭാര്യയും പിഞ്ചുകുഞ്ഞും അയാളെ ഗൾഫ് എന്ന സ്വപ്നത്തിലേക്ക് കൂടുതലടിപ്പിച്ചു. അങ്ങനെ, കടം വാങ്ങിയ 30,000 രൂപ ഏജന്റിന് കൊടുത്ത് ബോംബെയിലെത്തി അവിടുത്തെ മാസങ്ങൾ നീണ്ട നരകതുല്യമായ ജീവിതത്തിനൊടുവിൽ അയാൾക്ക്‌ തയ്യൽ ജോലിക്കുള്ള യൂ ഏ ഇ വിസ ലഭിച്ചു. അബുദാബിയിൽ നിന്നും 240 കിലോമീറ്ററോളം ദൂരത്തുള്ള അൽ റുവൈസ എന്ന സ്ഥലത്തെ കൺസ്ട്രക്ഷൻ സൈറ്റിൽ എത്തിപ്പെട്ടപ്പോൾ മാത്രമാണ് താൻ വിസ തട്ടിപ്പിന് ഇരയായ കാര്യം അയാൾ മനസിലാക്കുന്നത്.

കടം മേടിച്ച കാശ് തിരിച്ച് കൊടുക്കാനില്ലാത്തതിനാൽ കത്തിയെരിയുന്ന വെയിലിൽ തുച്ഛമായ ശമ്പളത്തിന് സിമൻറ് കൂട്ടുകയല്ലാതെ വേറെ നിവൃത്തിയില്ലായിരുന്നു. കുബൂസും തൈരും, ഏ സിയില്ലാത്ത ലേബർ ക്യാമ്പിലെ ജീവിതവും, കത്തിയെരിയുന്ന വെയിലിലെ ജോലിയും മടുത്തു കൂടെ വന്ന പലരും തിരികെപ്പോയെങ്കിലും കടം വീട്ടാതെ നാട്ടിലേക്കില്ല എന്ന തീരുമാനത്തിൽ അയാൾ ഉറച്ചു നിന്നു. ഒരു വർഷം കത്തുന്നവെയിലിൽ പണിയെടുത്തും ഓവർടൈം ചെയ്തു കടം വീട്ടിയതിനു പിന്നാലെയാണ് കൺസ്ട്രക്ഷൻ സൈറ്റിൽ ഒരപകടം ഉണ്ടാവുന്നത്. അപകടത്തിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടെങ്കിലും ആ സംഭവം അയാളുടെ മനോവീര്യം തകർത്തു. അതേത്തുടർന്ന്, കുറച്ച് ദിവസം ലീവെടുത്ത് മറ്റൊരു സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സുഹൃത്തിനെ കാണാൻ പോയി. എല്ലാം കേട്ട് കഴിഞ്ഞ് ആ സുഹൃത്ത് അയാളെ കൺസ്ട്രക്ഷൻ സൈറ്റിലേക്ക് തിരിച്ചയക്കാതെ ചേർത്തുനിർത്തി നടത്തിയ ജോലി അന്വേഷണത്തിനൊടുവിൽ അൽ റുവൈസിലെ അഡ്നോക്കിൻറെ ഹൌസ്സിങ് കോംപ്ലെക്സിലുള്ള ഒരു ലെബനീസ്കാരൻറെ പഴങ്ങളും പച്ചക്കറികളും വിൽക്കുന്ന കടയിൽ സെയിൽസ്മാനായി ജോലി കിട്ടി.

ശമ്പളം കുറവായിരുന്നെങ്കിലും താമസവും ഭക്ഷണവും ലഭിച്ചതിനാൽ ആ ജോലിയിൽ ചേർന്നു. ഇസാം അൽ ഹുസൈൻ എന്ന് പേരുള്ള ഇരുപത്തഞ്ചിനടുത്തു പ്രായമുള്ള മുതലാളിക്ക് തുടക്കം മുതലേ പുതിയ ജോലിക്കാരനെ ഇഷ്ടമായി. കട നോക്കി നടത്താനൊക്കെ അൽപം മടിയുണ്ടായിരുന്ന മുതലാളി വലിയ താമസമില്ലാതെ കടയുടെ ഉത്തരവാദിത്വം മുഴുവനും അയാളെ ഏൽപ്പിച്ചു. കച്ചവടം കൂടിയപ്പോൾ മുതലാളിക്ക് അയാളിൽ വിശ്വാസം കൂടുകയും അത് ഉടനെ ശമ്പളത്തിൽ പ്രതിഫലിക്കുകയും ചെയ്തു. കച്ചവടം അഭിവൃദ്ധിപ്പെടുന്നതിനനുസരിച്ച് അയാൾക്ക്‌ കൂടുതൽ മെച്ചപ്പെട്ട താമസ സൗകര്യവും മെസ്സിലെ ഭക്ഷണം കട്ട് ചെയ്ത് അടുത്തുള്ള നല്ലൊരു റെസ്റ്റോറന്റിൽ മുതലാളിയുടെ പേരിൽ പറ്റും ഏർപ്പെടുത്തി. കടയിലെ കണക്ക് നോക്കാൻ വന്ന ഒരു ദിവസം തൊഴിലാളിയുടെ ഷർട്ട് അൽപം മുഷിഞ്ഞിരുന്നത് ശ്രദ്ധയിൽപെട്ടപ്പോൾ ഉടനെ അടുത്ത ലോൺട്രിയിൽ വിളിച്ച് പറഞ്ഞ് എല്ലാ ദിവസവും ഡ്രസ് കഴുകാനുള്ള സൗകര്യവും ഏർപ്പാടാക്കി. ഇമാദ് അൽ ഹുസൈൻ എന്ന മുതലാളിയുടെ സഹോദരനും വളരെ സ്നേഹത്തോടെയും കരുതലോടെയുമാണ് അയാളോട് പെരുമാറിയത്. അദ്ദേഹം കടയിൽ വരുമ്പോഴൊക്കെ ഏതോ വിലകൂടിയ ബ്രാൻഡ്‌ സിഗരറ്റും തൊഴിലാളിക്കായി കയ്യിൽ കരുതുമായിരുന്നു. ഇന്നും അതൊക്കെ ഓർത്തെടുക്കുമ്പോൾ അയാളുടെ വാക്കുകളിൽ പഴയ മുതലാളിയോട് ഒരു സഹോദരനോടെന്ന പോലെ സ്നേഹം നിറയും.

അവരുടെ കഥ കേൾക്കുന്ന ആർക്കും അതൊരു തൊഴിലാളിയും മുതലാളിയും തമ്മിലുള്ള ബന്ധമായി തോന്നാറില്ല. അല്ലെങ്കിൽ, രണ്ടു വർഷം മാത്രം ജോലിചെയ്ത് നാട്ടിലേക്ക് ലീവിൽ പോകുന്ന തൊഴിലാളിയെ അബുദാബിയിൽ അയാളുടെ അമ്മയും 2 സഹോദരൻമാരും വിവാഹ പ്രായമെത്തിയ സഹോദരിയുമുള്ള വലിയ വീട്ടിൽ 3 ദിവസം താമസിപ്പിക്കാൻ ഏതു മുതലാളി തയ്യാറാവും? അതും പോരാഞ്ഞ്, പോകുമ്പോൾ ഒരു വലിയ പെട്ടി നിറയെ അയാളുടെ കുടുംബാംഗങ്ങൾക്കായി സമ്മാനങ്ങൾ വാങ്ങി നൽകാൻ എത്രപേർ മെനക്കേടും? ഇന്ദിര ഗാന്ധി കൊല്ലപ്പെട്ട ശേഷം, സിഖ് കൂട്ടക്കൊലയിൽ നമ്മുടെ രാജ്യം വിറങ്ങലിച്ചു നിൽക്കുന്ന സമയത്താണ് ഒരു മാസത്തെ അവധിക്കു അയാൾ നാട്ടിലെത്തിയത്. പക്ഷെ, പല കാരണങ്ങൾകൊണ്ടും ഗൾഫിലേക്ക് തിരിച്ച് പോകാൻ കഴിഞ്ഞില്ല. കൂടുതൽ ശമ്പളവും മെച്ചപ്പെട്ട ജോലിയും ഉണ്ടെന്ന് അറിയിച്ചു മുതലാളിയുടെ പേരിൽ ഒരു പാട് ടെലിഗ്രാമുകളും കത്തുകളും വിസയുമടക്കം അയാളെത്തേടി വന്നെങ്കിലും അയാൾ വേദനയോടെ അതെല്ലാം വേണ്ടന്ന് വെച്ചു. കാലം ഒരുപാടു കഴിഞ്ഞു. ജീവിതത്തിൽ പല പ്രതിസന്ധി ഘട്ടത്തിലും പ്രത്യേകിച്ച് വയനാട്ടിൽ കുരുമുളക് കർഷകർ കുടുംബത്തോടെ ആത്മഹത്യ ചെയ്ത സമയത്തു ഗൾഫിലെ പല രാജ്യങ്ങളും അയാൾക്ക്‌ താങ്ങും തണലുമായി. പലപ്പോഴും, പഴയ മുതലാളിയെക്കുറിച്ചു ഓർത്തിരുന്നെങ്കിലും അഡ്രെസ്സും ഫോൺ നമ്പറും നഷ്ടപ്പെട്ടതുകൊണ്ട് ബന്ധപ്പെടാനായില്ല.

കാലം പിന്നെയും ഒരുപാടു മുന്നോട്ടുപോയി. നീണ്ട നാളത്തെ ബഹ്‌റൈൻ പ്രവാസത്തിനു ശേഷം അയാൾ വീണ്ടും നാട്ടിൽ സ്ഥിരതാമസമാക്കി. അയാളുടെ മക്കൾ വലുതായി അവരുടെ കല്യാണം കഴിഞ്ഞു. മാറ്റത്തിനു മാത്രം മാറ്റമില്ലാതെ മുന്നോട്ടുപോയി. നരേന്ദ്ര മോഡി രണ്ടാമതും ഇന്ത്യയുടെ പ്രധാനമന്ത്രിയായി സ്ഥാനമേൽക്കുന്നതിന് ഏഴ് മാസം മുൻപ് അയാൾ വിസിറ്റ് വിസയിൽ യൂ ഏ ഇ യിൽ മക്കളെ കാണാനെത്തി. ഷാർജയിലെ പൊടിക്കാറ്റിൽ പഴയ ഓർമകളും പറന്നെത്തി. അക്കാലത്തെ ദുരിതങ്ങളൂം ഒപ്പം സ്നേഹവാനായ ആ മുതലാളിയെക്കുറിച്ചും ഒരിക്കൽക്കൂടി അയാൾ അതായതു ഞങ്ങളുടെ പപ്പ ( P K Vijayan) ഞങ്ങളോട് പറഞ്ഞു. ഒരുപക്ഷെ, പഴയ മുതലാളിയെ ഒരിക്കൽക്കൂടി കാണണമെന്ന് പപ്പക്ക് ആഗ്രഹമുണ്ടായിരിക്കാം, പക്ഷെ ഇതുവരെ പറഞ്ഞിട്ടില്ല. ആരെയും ബുദ്ധിമുട്ടിക്കാതിരിക്കാൻ ഇഷ്ടപ്പെടുന്നതുകൊണ്ടു പറയാത്തതാവും. അദ്ദേഹത്തെ കണ്ടുപിടിക്കാനുള്ള അഡ്രെസ്സ് ഒന്നും ഇല്ല. ആ കട ഇപ്പോളവിടെ ഉണ്ടോയെന്നും അറിയില്ല. കടയിൽ നിന്നും അര കിലോമീറ്റർ ദൂരത്തിൽ ഒരു പോസ്റ്റ് ഓഫീസും, ഒരു ബാങ്കും (അൽ അഹ്ലി ആണെന്ന് തോന്നുന്നു) ഉണ്ടായിരുന്നു. 10 കിലോമീറ്റര് ദൂരത്തിൽ ഹോട്ടൽ റമദ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം പഴയ ആൽബത്തിൽ നിന്നും കിട്ടിയ പടങ്ങളിൽ പപ്പയും ഇസാമിന്റെ സഹോദരൻ ഇമാദ് അൽ ഹുസ്സൈനും ഒരുമിച്ചു നിൽക്കുന്ന ഫോട്ടൊകൾ കിട്ടിയതാണ് ഈ എഴുത്തിന് പ്രചോദനം. ആ നല്ല മനുഷ്യൻ ജീവനോടെയുണ്ടെങ്കിൽ അദ്ദേഹത്തെ കണ്ടുപിടിക്കണം. പുതുവര്ഷത്തിൽ പപ്പ വരുമ്പോൾ അദേഹത്തിനെ കാണാൻ കൊണ്ടുപോകണം. യുഎ ഇ 2019 നെ സഹിഷ്ണുതയുടെ വർഷമായി ആചരിക്കുന്ന ഈ അവസരത്തിൽ ജാതി മത ഭാഷ ഭേദങ്ങളില്ലാതെ സ്നേഹവും മനുഷ്യത്വവും കൊണ്ട് പപ്പയുടെ മനസ്സ് കീഴടക്കിയ ആ വലിയ മനുഷ്യനെ കണ്ടെത്താൻ ഞാൻ ഈ സോഷ്യൽ മീഡിയയുടെ സഹായം അഭ്യർത്ഥിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബക്കാരോ വേണ്ടപ്പെട്ടവർ ആരെങ്കിലും മോ ഈ ഫോട്ടോ കാണുന്നതുവരെ ദയവായി നിങ്ങൾ ഈ പോസ്റ്റ് ഷെയർ ചെയ്യുക. പപ്പ അദ്ദേഹത്തെ കണ്ടുമുട്ടുന്ന ദിവസം വരുമെന്ന പ്രതീക്ഷയിൽ നിർത്തുന്നു.

നിഷ പൊന്തത്തിൽ
00971-067488429
24/ 09 /2019

Advertisements