ജെ.എൻ.യു പോലുള്ള കാമ്പസുകളിൽ നിന്നും പുറത്തിറങ്ങുന്നവരിൽ പലരും നിങ്ങൾ കൂട്ടിലടച്ച് വളർത്തുന്ന മക്കളേക്കാൾ മിടുക്കരാവുന്നത് എന്തുകൊണ്ട് ?

0
181

Nisha Ponthathil

“സ്കൂളിൽ സ്ഥാപിച്ചിട്ടുള്ള കോണ്ടം വെൻഡിംഗ് മെഷീനിൽ വിദ്യാർത്ഥികൾക്ക് ഉപയോഗിക്കാൻ ആവശ്യത്തിന് കോണ്ടം ഉണ്ടെന്ന് എല്ലാ വീക്കെൻഡ്കളിലും ഇവിടുത്തെ ടീച്ചേർസ് ഉറപ്പ് വരുത്തണം”. 2010 ലെ ഭൂട്ടാൻ യാത്രയിൽ അവിടെ ടീച്ചറായ മലയാളി സുഹൃത്ത് ഇത് പറഞ്ഞപ്പോൾ എന്റെ മലയാളി സദാചാര ബോധത്തിന്മേൽ ആദ്യത്തെ അടി കിട്ടി. ആകെ ആശ്വാസം അത് ഇന്ത്യ അല്ലല്ലോയെന്നായിരുന്നു. പിറ്റേക്കൊല്ലം പൂണെയിലെ FTII യിൽ ചെന്നപ്പോൾ ടോയ്ലറ്റ് അന്വേഷിച്ച എനിക്ക് ആരോ വഴി കാണിച്ചു. ടോയ്ലറ്റ് ഉപയോഗിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു പറ്റം ആൺകുട്ടികൾ കലപില പറഞ്ഞ് അങ്ങോട്ട് വന്നു. അബദ്ധത്തിൽ പുരുഷൻമാരുടെ ടോയ്ലറ്റിൽ എത്തിപ്പെട്ടന്ന് കരുതി അവർ പോകുന്ന വരെ അനങ്ങാതിരുന്നിട്ട് ആരും കാണാതെ പുറത്തിറങ്ങി. പിന്നീടാണിറഞ്ഞത്, ഇന്ത്യയിലെ പ്രശസ്തമായ ആ വിദ്യാഭ്യാസ സ്ഥാപനത്തിൽ ആൺപെൺ വ്യത്യാസമില്ലാതെ എല്ലാവരും ഒരേ ടോയ്ലറ്റ് ആണ് ഉപയോഗിക്കുന്നത്. ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും എപ്പോൾ വേണമെങ്കിലും ഏത് ഹോസ്റ്റലിലെ മുറിയിലും കയറി ചെല്ലാൻ സ്വാതന്ത്ര്യമുണ്ട്. ഹോസ്റ്റലിൽ യാതൊരു സമയ നിയന്ത്രണവുമില്ല. എന്റെ മലയാളി സദാചാര ബോധത്തിനേറ്റ രണ്ടാമത്തെ അടി. അടുത്തത്, സ്ഥലം മദ്രാസ് IIT. അവിടെ ചെന്നപ്പോൾ സമരം ചെയ്യുന്ന വിദ്യാർത്ഥികൾ, അവരുടെ ആവശ്യങ്ങളിലൊന്ന് കേട്ട് വീണ്ടും ഞെട്ടി. ആൺകുട്ടികൾക്കും പെൺകുട്ടികൾകക്കും ആരുടെ ഹോസ്റ്റലിലും എപ്പോൾ വേണമെങ്കിലും പോകാമെന്ന റൂൾ വെട്ടിക്കുറച്ച് അത് വർഷത്തിൽ ഇത്ര തവണ എന്ന നിയമം വന്നിരിക്കുന്നു. അത് അവർ അംഗീകരിച്ചു, പക് ഷെ, അവർ ഒരുമിച്ച് റൂമിലുണ്ടാവുമ്പോൾ മുറിയുടെ വാതിൽ തുറന്നിടണമെന്ന മാനേജ്മെന്റിന്റെ ആവശ്യം അവരുടെ സ്വാതന്ത്ര്യത്തിന്മേലുള്ള കൈകടത്തലായി അവർ കരുതുന്നു, അതിനെതിരെയാണ് സമരം. പറഞ്ഞ് വന്നത്, ഇന്ത്യയിലെ പല പ്രശസ്തമായ ഉന്നത വിദ്യാഭാസ സ്ഥാപനങ്ങളിലും കേരളത്തിലെ കോളജ് ഹോസ്റ്റൽ നിയമങ്ങളല്ല. 18 കഴിഞ്ഞ വിദ്യാർത്ഥികളെ ഒരു വ്യക്തിയായി കണക്കാക്കി അവരുടെ സ്വാതന്ത്ര്യങ്ങളിൽ കൈകടത്താതെ അക്കാഡമിക് സ്പൂൺ ഫീഡിങ്ങ് നടത്താത്ത എത്രയോ സ്ഥാപനങ്ങളിൽ ഒന്ന് മാത്രമാണ് ജെഎൻയു. 24 മണിക്കൂറും പ്രവർത്തിക്കുന്ന ലൈബ്രറിയും ആൺപെൺ വ്യത്യാസമില്ലാതെ എപ്പോൾ വേണമെങ്കിലും ആർക്കും കടന്ന് ചെല്ലാവുന്ന ഹോസ്റ്റലുകളും കാലങ്ങളായ് അവിടെ നിലനിൽക്കുന്നതാണ്. അവിടുത്തെ ഒരു വിദ്യാർത്ഥിനി പറയുന്ന സമരത്തിന്റെ കാരണങ്ങൾ കേട്ട് സാധാ മലയാളികൾ പരിഹസിച്ച് ചിരിക്കുന്നതിൽ അൽഭുതം ഇല്ല, കാരണം ഒരു സാധാ മലയാളിക്ക് ഉൾക്കൊള്ളാനാവുന്നതിനും അപ്പുറത്താണത്. പക്ഷെ, നിങ്ങൾ പറയുന്ന ഈ അരാജകത്വം നിറഞ്ഞ ക്യാംപസ്കളിൽ നിന്ന്മാണ് അഭിജിത്ത് ബാനർജിമാരും, (ഓ മോഡിയെ വിമർശിക്കുന്നത് കൊണ്ട് അയാളെ ഇഷ്ടമല്ലെങ്കിൽ വേണ്ട), നിങ്ങളിൽ പലരും ആരാധിക്കുന്ന നിർമ്മല സീതാരാമൻമാരും ഉണ്ടായത്. എല്ലാ സ്വാതന്ത്ര് ങ്ങളും അളവില്ലാതെ അന്ഭവിച്ച് പഠിച്ച് വളരുന്നതുകൊണ്ട് കൂടിയാണ് അവിടുന്ന് പുറത്തിറങ്ങുന്നവരിൽ പലരും നിങ്ങൾ കൂട്ടിലടച്ച് വളർത്തുന്ന മക്കളേക്കാൾ മിടുക്കരാവുന്നതും.