അരവിന്ദ നയനം…!
Nishadh Bala
ഉത്തരായനം മുതല്‍ വാസ്തുഹാര വരെയുള്ള ചിത്രങ്ങളിലൂടെ അരവിന്ദന്‍ മലയാള സമാന്തര സിനിമക്ക് പുതിയ മാനങ്ങള്‍ തീര്‍ത്തു. അന്നത്തെ സിനിമാസങ്കല്പങ്ങളെ തന്നെ മാറ്റി മറിക്കുന്ന ദൃശ്യാനുഭവങ്ങളാണ് തന്റെ സിനിമകളിലൂടെ അരവിന്ദന്‍ മലയാളിക്ക് സമ്മാനിച്ചത്. ഫീച്ചർ സിനിമകൾ കൂടാതെ ഡോക്യുമെന്ററികളും അരവിന്ദൻ നിർമ്മികുകയുണ്ടായി, ബ്രൗണ്‍ ലാന്‍ഡ്സ്‌കേപ്പ്, ദി ക്യാച്ച്,സഹജ, ജെ കൃഷ്ണമൂർത്തിയെക്കുറിച്ചുള്ള ‘Seerwho walks alone’ വി. ടി. ഭട്ടതരിപ്പാടിനെക്കുറിച്ചുള്ള ഡോക്യുഫീച്ചർ ഫിലിം എന്നിവ എടുത്തു പറയേണ്ട ചിത്രങ്ങളാണ്.കോഴിക്കോടുവച്ച് ശരത് ചന്ദ്രമറാഠേ എന്ന പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍റെ കീഴില്‍ സംഗീതം അഭ്യസിച്ചതിന്‍റെ മികവ് അരവിന്ദന്‍റെ പാട്ടുകളില്‍ തെളിഞ്ഞിരുന്നു. ‘ആരോ ഒരാൾ’, ‘പിറവി’, ‘ഒരേ തൂവൽപ്പക്ഷികൾ’ എന്നീ സിനിമകൾകു അരവിന്ദൻ സംഗീതം നൽകിയിട്ടുമുണ്ട്.
നറേറ്റീവ് രീതികളില്‍ നിന്ന് വേറിട്ടൊരു ആഖ്യാനശൈലി രുപപ്പെടുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു.ജി.അരവിന്ദന്‍ ചിത്രങ്ങളില്‍ നമുക്ക് കാര്‍ട്ടൂണിന്റെയും രേഖാചിത്രങ്ങളുടെയും പെയിന്റിങ്ങിന്റെയും ക്‌ളാസിക്കല്‍ സംഗീതത്തിന്റെയും നാടോടിപ്പാട്ടുകളുടെയും പ്രകടനകലകളുടെയും പലതരം കഥപറച്ചില്‍ രൂപങ്ങളുടെയുമെല്ലാം മുഴക്കങ്ങള്‍ കേള്‍ക്കാം. വെളിച്ചങ്ങള്‍ കാണാം. ഉത്തരായനത്തിലും തമ്പിലും ഒരിടത്തിലും പലയിടത്തും കാരിക്കേച്ചറിന്റെയും കാര്‍ട്ടൂണിങ്ങിന്റെയും ഛായകള്‍ കാണാം. എസ്തപ്പാന്‍ സമൂഹഓര്‍മകളും ഭയബഹുമാനങ്ങളും ഇടകലരുന്ന നാടന്‍ ഐതിഹ്യനിര്‍മിതിയെക്കുറിച്ചാണ്. കാഞ്ചനസീത രാമായണകഥയെ അവലംബിച്ച് സി എന്‍ ശ്രീകണ്ഠന്‍നായരെഴുതിയ പ്രശസ്തമായ ഒരു നാടകത്തെയാണ് ആസ്പദമാക്കുന്നത്. മാറാട്ടം എന്ന ചിത്രം കഥ, കഥനം, കഥാപാത്രം, അഭിനേതാവ് എന്നിവ തമ്മിലുള്ള സങ്കീര്‍ണബന്ധത്തെ കഥകളിയിലൂടെയും തമ്പുരാന്‍ പാട്ടിലൂടെയും നാടന്‍ കഥപറച്ചിലിലൂടെയും അവതരിപ്പിക്കുന്നു; പോക്കുവെയില്‍ ശുഭപന്തുവരാളി രാഗത്തിന്റെ വിസ്താരത്തിന് അകമ്പടി എന്നവണ്ണമാണ് അതിന്റെ ദൃശ്യപഥത്തെ ഒരുക്കിയത്. ചിദംബരവും വാസ്തുഹാരയും സാഹിത്യകൃതികളെ ആസ്പദമാക്കിയുള്ളവയാണ്. തമ്പില്‍ സര്‍ക്കസ് എന്ന പ്രകടനകലയാണ് ആഖ്യാനകേന്ദ്രത്തില്‍. ഇങ്ങനെ ഓരോ സിനിമയും മറ്റ് പല കലകളിലേക്കും അവയിലൂടെയുമുള്ള സഞ്ചാരങ്ങള്‍കൂടിയായിത്തീരുന്നു. അങ്ങനെ വിവിധ കലകളുടെ കഥപറച്ചില്‍രീതികളും അവതമ്മിലുള്ള മുഖാമുഖങ്ങളും സംവാദവും കെട്ടുപിണയലുകളും അരവിന്ദന്‍ സിനിമകളിലുണ്ട്.
അരവിന്ദനെ അരവിന്ദനാക്കിയത് ‘ചെറിയ മനുഷ്യരും വലിയ ലോകവും’ എന്ന മാതൃഭൂമി ആഴ്ച്ചപ്പതിപ്പിന്റെ അവസാനതാളിലെ കാർട്ടൂൺ പരമ്പര തന്നെയാണ്. കേരളത്തിലെ സാംസ്കാരിക-രാഷ്ട്രീയ മുഖങ്ങളില്‍ സജീവമായ സംവാദങ്ങൾ ഉണ്ടാക്കിയെടുത്തു ഈ നേർ വര.അരവിന്ദന്റെ സാമൂഹികബോധത്തെയും ദര്‍ശനത്തെയും കൃത്യമായി അടയാളപ്പെടുത്തുന്ന കഥാപാത്രമാണ് ചെറിയ മനുഷ്യരിലെ ഗുരുജി. അദ്ദേഹത്തിന്റെ ആത്മപ്രകാശനം തന്നെയാണത് എന്ന് പറയാം. കാര്‍ട്ടൂണിസ്റ്റും ,സംഗീതജ്ഞനും,ചിത്രകാരനും, ചലച്ചിത്രകാരനുമെന്നതില്‍ കവിഞ്ഞ് മനുഷ്യ മനസ്സിനെ മനസ്സിലാക്കുന്ന വ്യക്തിത്വമായിരുന്നു അരവിന്ദന്‍. വാസ്തുഹാര’ എന്ന ചിത്രത്തിന്റെ പണിപ്പുരയിലായിരുന്നു അവസാനകാലത്ത് അദ്ദേഹം.മാർച്ച് 15 1991 ന് താൻ സ്നേഹിച്ച സിനിമ ലോകത്ത് നിന്നും യാത്രയായി അദ്ദേഹം. പ്രസംഗത്തിന് ക്ഷണിച്ചാൽ വേദിയിൽ രവീന്ദ്ര സംഗീതം പടി കാണികളെ അമ്പരപ്പിച്ചിരുന്ന അരവിന്ദൻ. മലയാള സിനിമയെ അന്താരാഷ്ട്രനിലവാരത്തിലെത്തിച്ച പ്രതിഭാധനനായ ചിത്രകാരൻ.
ഇന്ന് അദ്ദേഹത്തിന്റെ ഓർമ്മ ദിനം..!