ഉദയായുടെ മുകളിൽ താഴ്ന്നു പറന്ന വിമാനം
Nishadh Bala
1966 കാലഘട്ടത്തിൽ ഉദയായുടെ സ്റ്റുഡിയോ പ്രദേശത്തിന് മുകളിൽ ആദ്യമായി ഈ പ്രതിഭാസം സംജാതമായത്. ഒരു കൊച്ചു വിമാനം ഉദയായുടെ മുകളിലൂടെ പറക്കുമ്പോൾ സാധാരണ വിമാനങ്ങളെക്കാൾ താഴ്ന്നു പറക്കുന്നു. ഈ സംഭവം പിന്നീട് പലവട്ടം ആവർത്തിക്കപ്പെട്ടു. ശകുന്തളയുടെ ഷൂട്ടിംഗ് മുതലാണ് ഇത് കണ്ടു തുടങ്ങിയത് എന്നു പറയപ്പെടുന്നു.പിന്നീട് തിലോത്തമ, അനാർക്കലി, കൊടുങ്ങല്ലൂരമ്മ എന്നിങ്ങനെ പല സിനിമാ ഷൂട്ടിംഗങ്ങൾക്കും ഈ കാഴ്ച്ച അരങ്ങേറി….! മാസത്തിൽ പലവട്ടം ആ ഒരു വിമാനം താഴ്ന്നു പറക്കുന്നത് സ്ഥിരമായി.ഈ വിമാനത്തിൻ്റെ താഴ്ന്നു പറക്കലിൻ്റെ രഹസ്യത്തിൻ്റെ ചുരുളഴിക്കാൻ നമ്മൾക്ക് കുറച്ചു കാലം പുറകോട്ട് സഞ്ചരിക്കണം.
Flash back….!
1.സിനിമയിലെയ്ക്കുള്ള നൃത്തം.
ടെലിവിഷൻ ഇന്ത്യയിൽ സജീവമല്ലായിരുന്ന കാലത്ത് ഒരു ടെലിവിഷൻ പരിപാടി ഇന്ത്യയിൽ വന്നാൽ എങ്ങനെ ആയിരിക്കും എന്ന് ഇന്ത്യയിലെ സാധാരണ ജനങ്ങൾക്ക് മനസ്സിലാക്കി കൊടുക്കാനായി ഒരു സുന്ദരിയായ പെൺകുട്ടി ഒരു സ്റ്റേജിൽ നൃത്തം ചെയ്തു. ആ പെൺകുട്ടിയുടെ മനോഹര നൃത്തം ഒരു സിനിമ ക്യാമറ ഷൂട്ട് ചെയ്തത് ഒരു മോണിറ്ററിൽ ആളുകൾക്കു വേണ്ടി കാണിക്കുന്നു.
ഈ പരിപാടി തമിഴ്നാട്ടിലെ പല സ്ഥലങ്ങളിലും ആവർത്തിക്കപ്പട്ടു. ഇത് ആ സംസ്ഥാനത്ത് ശ്രദ്ധേയമായ ഒരു ചടങ്ങായി മാറി. ഈ പരിപാടിയിലൂടെ ശ്രദ്ധിക്കപ്പെട്ട ഈ നർത്തകിയെ പ്രശസ്ത നടൻ ജമിനി ഗണേശൻ കാണാനിടയായി . ഈ സംഭവമാണ് ആ നർത്തകിയുടെ കരിയറിൽ വഴിത്തിരിവായി ഭവിച്ചത്. ആ നർത്തകിയോട് അവർ സുന്ദരിയാണെന്നും സിനിമയിൽ അഭിനയിക്കണം എന്നും ജമിനി പറയുന്നു.ഇതാണ് അവർക്കു സിനിമ ജീവിതത്തിലേക്ക് ചുവടു വെക്കാൻ കാരണമായി മാറിയത്.അന്നു പുതുമുഖ നായികമാർക്ക് വേണ്ടി ഒരു മേക്ക് അപ്പ് ടെസ്റ്റ് നടത്തുന്നുണ്ടായിരുന്നു. അതിൽ ഈ നർത്തകി തിരഞ്ഞെടുക്കപ്പെടുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് ഇവർ സിനിമയിലേക്ക് എത്തിയത്. അന്ന് അവർക്ക് പതിനഞ്ച് വയസ്സായിരുന്നു പ്രായം.ഈ അനുഭവത്തെ കുറിച്ചു മുൻപൊരിക്കൽ ഈ നടി തുറന്ന് സംസാരിച്ചിരുന്നു.
“നമ്മുടെ നാട്ടിൽ ടിവി വരുന്നതിനു മുന്നേ ഞാൻ ഒരു ടിവി താരമായി മാറി ” എന്നായിരുന്നു അവർ അന്ന് പറഞ്ഞത്.
മറ്റൊരു സംഭവും ഇതിൻ്റെ കൂടെ പറയണം……
നാടകത്തില്‍ ആയിരുന്നു ഇവർ ആദ്യം അഭിനയിച്ചത്. തുടര്‍ന്നു പരസ്യങ്ങള്‍ക്ക് മോഡലായി. അങ്ങിനെ ഒരു കലണ്ടറിനു വേണ്ടി മോഡലായി. ഇവർ മോഡലായ ആ കലണ്ടര്‍ തമിഴ് സംവിധായകനും നിര്‍മ്മാതാവുമായ കെ എസ് ഗോപാലകൃഷ്ണന്‍ കാണുന്നു. ഇവരെ ഇഷ്ടമായ ഗോപാലകൃഷ്ണന്‍ അടുത്ത ചിത്രമായ കർപ്പകം എന്ന തമിഴ് ചിത്രത്തില്‍ അവരെ നായികയാക്കാൻ തീരുമാനിക്കുന്നു. അപ്പോളാണ് നായകനായ ജമിനി ഗണേശൻ നൃത്തം കണ്ടിട്ട് നർത്തകിയുടെ കാര്യം സംവിധായകനോട് പറയുന്നത്. അങ്ങിനെ അവർ നായികയായ കർപ്പകം എന്ന ചിത്രം സൂപ്പർ ഹിറ്റ് ആകുന്നു. തൻ്റെ ആദ്യ ചിത്രത്തിലൂടെ തന്നെ അവർ പ്രശസ്തിയിലെത്തുന്നു.
മണവാട്ടി എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് 1964 ലാണ് ഇവർ മലയാള സിനിമയിലേയ്ക്കെത്തുന്നത്.
നിങ്ങൾക്ക് ആളെ മനസ്സിലായിക്കാണുമെന്നു കരുതുന്നു.
2. വിമാനം
നാല് ഭാഷകളിൽ മാറി മാറി അഭിനയിച്ച ഈ നർത്തകിയുടെ പ്രശസ്തി ഇന്ത്യയൊട്ടുക്കെ പരന്നു. അതിനിടയിലായിരുന്നു ഇവരുടെ വിവാഹം. സുദര്‍ശന്‍ ചിട്ടി ഫണ്ടിന്റെ ഉടമസ്ഥനായ സുദര്‍ശന്‍ വേലായുധനാണ് ഇവരെ ജീവിത സഖിയാക്കിയത്. അങ്ങിനെ കെആർ വിജയ എന്ന ഈ അഭിനേത്രി കുടുംബസ്ഥയാവുന്നു.ഭർത്താവ് തനിക്ക് സമ്മാനമായി വാങ്ങിച്ചു തന്നത് ഒരു വിമാനമാണ്. തൻ്റെ സിനിമാ ജീവിതത്തിന് സഹായകമാക്കാൻ എന്നാണ് കെ.ആർ വിജയ മാധ്യമങ്ങളോട് അന്ന് പറഞ്ഞത്. വിമാനം സ്വന്തമാക്കിയ കെ ആർ വിജയയെ അന്ന് ആരാധകർ ആശ്ചര്യത്തോടെയാണ് നോക്കിയിരുന്നത്. അങ്ങനെ താരം സ്വന്തമായി വിമാനമുള്ള ഒരേയൊരു സിനിമ നടിയായി മാറുകയും ചെയ്തിരുന്നു……
ഷൂട്ടിംഗിനായി കെ.ആർ.വിജയ മദ്രാസിൽ നിന്നും കേരളത്തിൽ വരുന്ന നേരം ഈ വിമാനമാണ് ഉദയായുടെ മുകളിലുടെ താഴ്ന്നു പറന്നിരുന്നത്.അത് ഒരു സൂചനയായിരുന്നു. തനിക്കുള്ള കാർ എയർപ്പോർട്ടിലേയ്ക്ക് എത്തിക്കാനുള്ള സൂചനയായിരുന്നു ഈ താഴ്ന്നു പറക്കൽ….!അന്നത്തെ വിമാനത്താവളം എറണാകുളത്തെ Naval base ന് സമീപമായിരുന്നല്ലോ..ഈ സൂചന കണ്ടതിനു ശേഷമാണ് കുഞ്ചാക്കോ മുതലാളി കാറ് ഉദയായിൽ നിന്നും അയക്കാറ്.
വിവരങ്ങൾ കടപ്പാട്
ശാരംഗപാണി
സമയം മാസിക
ദിന തന്തി പത്രം