Nishadh Bala
കണ്ണനെന്ന നിഗൂഢത
(തങ്കം സിനിമ കാണാത്തവർ തുടർന്നു വായിക്കാതിരിക്കുക –
⚠️ Spoiler Alert ⚠️
കഥാപാത്രത്തിൻ്റെ മാനസികാവസ്ഥ പറയുന്ന പോസ്റ്റാണ് Spoiler ഉണ്ടാവും)
മനുഷ്യൻ്റെ മസ്തിഷ്കം എന്നത് ലളിതമായ ഒന്നല്ല. അനേകം പഠനങ്ങൾ ഇന്നും നടക്കുന്ന ഒരു വിഷയമാണിത്.
The human brain has 100 billion neurons, each neuron connected to 10 thousand other neurons. Sitting on your shoulders is the most complicated object in the known universe.
Michio Kaku
ബോധേന്ദ്രിയങ്ങളിൽ നിന്നു കേന്ദ്രനാഡീവ്യൂഹത്തിലേയ്ക്കും, അവിടെ നിന്നു പേശികളിലേയ്ക്കും വിവരങ്ങൾ കൊണ്ടുപോകുന്ന ജോലി നിർവ്വഹിക്കുന്ന അനേകായിരം നാഡികളാണ് നമ്മുടെ ചിന്തകളെ സംജാതമാക്കുന്നത്. ഒരു മനുഷ്യൻ്റെ സാമ്പത്തിക, ശാരീരിക സ്ഥിതി ഗതികൾ മാനസിക തലങ്ങളിൽ സ്വാധീനം ചെലുത്തുന്നതിൽ നിർണ്ണായക പങ്കു വഹിക്കുന്നുണ്ട്.
കണ്ണൻ എന്ന കഥാപാത്രത്തിൻ്റെ മാനസിക തലങ്ങൾ ചൂണ്ടിക്കാണിക്കുന്ന ഒരു പാട് സൂചനകൾ സിനിമ തരുന്നുണ്ട്. സസൂക്ഷ്മം വീക്ഷിച്ചാൽ നമ്മൾക്ക് വായിച്ചെടുക്കാവുന്ന കാര്യങ്ങൾ അനേകമുണ്ട് സിനിമയിൽ.
എന്നെ സ്പർശിച്ച ചില കാര്യങ്ങൾ കുറിക്കുന്നു.
1. ബാല്യ കാലത്ത് നന്നായി ജീവിച്ച നല്ല വിദ്യാഭ്യാസം ലഭിച്ച കണ്ണൻ്റെ ജീവിതത്തിൽ ഒരു വല്യ മാറ്റം വരുത്തിയത് കോയമ്പത്തൂർ ബോംബു സ്ഫോടനമാണ്. ഇതോടു കൂടി കണ്ണൻ്റെ അച്ഛൻ്റെ ബിസിനസ്സ് തകരുന്നു.നാലോളം ഭാഷകളും, പഠനത്തിൽ മിടുക്കനുമായ കണ്ണന് ITI യോടു കൂടി വിദ്യാഭ്യാസ ജീവിതം നിർത്തേണ്ടി വരുന്നു.കുടുംബത്തിനായി അന്ന് മുതൽ ജോലിയെടുക്കുന്നുണ്ട് കണ്ണൻ.
2. ജീവിത പ്രയാണത്തിൽ തളർന്നു നിൽക്കുന്ന സ്വന്തം അച്ഛനെ കണ്ട കണ്ണൻ്റെ മനസ്സിൽ ജയാ പരാജയങ്ങെളെക്കുറിച്ചുള്ള കാഴ്ചപ്പാട് രൂപപ്പെടുന്നുണ്ട് ചെറുപ്പ കാലം മുതൽ.
3. കണ്ണന് കടബാധ്യതകൾ ഉണ്ടായത് വർഷങ്ങൾക്കു മുമ്പാണ്.പല രീതിയിലും അവ ബാലൻസ് ചെയ്യാൻ അവൻ അന്നു മുതൽ ശ്രമിക്കുന്നുണ്ട്. ഈ പ്രഷർ ആ മനസ്സിൽ പുകയുന്നുണ്ട്.
4. കണ്ണന് ഏതു സാഹചര്യത്തിലും ഒന്ന് പിടിച്ചു നിൽക്കാനുള്ള മനസ്സുണ്ടെങ്കിലും ആ മനശക്തി sustain ചെയ്യാൻ കഴിയുന്നില്ല (പോലീസ് സ്റ്റേഷൻ സീനുകളിൽ ഇതു പ്രകടമാണ്)
5. എല്ലാ വഴികളും അടഞ്ഞ സാഹചര്യത്തിലാണ് താന്നെന്ന ബോധ്യം കണ്ണനുണ്ട്.പലപ്പോഴും അവൻ മുത്തുവിനോട് കെഞ്ചുന്നുണ്ട് ചെറിയ ഭാഗം സ്വർണ്ണത്തിനായി.
6. അവസാന കച്ചിത്തുരുമ്പായിരുന്നു ആ മുംബൈ യാത്ര. അതിനായി അവൻ കൃത്യമായി മനസ്സിനെ സജ്ജമാക്കിയിരുന്നു. അവനു കൃത്യമായി ബോധ്യമുണ്ടായിരുന്നു എന്താണ് താൻ ചെയ്യേണ്ടത് എന്നുള്ളതിനെക്കുറിച്ച്.
7. കണ്ണൻ എന്ന മനുഷ്യൻ യഥാർത്ഥത്തിൽ പുഞ്ചിരിച്ചു കൊണ്ട് ഒരു യുദ്ധം ചെയ്യുകയയായിരുന്നു. തൻ്റെ സാഹചര്യങ്ങളിൽ പൊരുതാനാവതെ അവൻ തൻ്റെ ഭാവി സ്വയം കുറിച്ചിട്ട ആ മാനസികാവസ്ഥ വിനീത് അതി ഗംഭീരമായി അവതരിപ്പിച്ചിട്ടുണ്ട് ചിത്രത്തിൽ.
കണ്ണൻ എന്ന വ്യക്തിയുടെ വർഷങ്ങളുടെ അനുഭവങ്ങളാണ് അവൻ്റെ മാനസിക വ്യാപാരങ്ങളുടെ കാതൽ. അതിലെ എറ്റക്കുറച്ചിലുകളാണ് അവസാനം അവന് അങ്ങിനെ ഒരു തീരുമാനം എടുക്കേണ്ട സാഹചര്യത്തിലെത്തിക്കുന്നത്. കണ്ണുകളിൽ നിസ്സഹായത വച്ച് കണ്ണൻ്റെ അനിവാര്യ മരണം സംജാതമാവുമ്പോൾ നിഗൂഢമായ അവനും അവൻ്റെ സങ്കീർണ മനസ്സും പ്രേക്ഷകന് ഒരു നോവായി മനസ്സിൽ പരിണമിക്കുന്നു…!നിഗൂഢമാണ് കണ്ണൻ എന്ന സ്വത്വം .ആ പുഞ്ചിരിയിൽ വേദന ഒളിപ്പിക്കാൻ ശ്രമിച്ച് ജീവിത പോരാട്ടത്തിൽ വീണപ്പോൾ സ്വയം ഒടുങ്ങിയ ഒരു മനുഷ്യൻ….!!!
One Haunting character that make you Think….