തീവണ്ടിയിലെ ബാലകനിൽ നിന്നും ബോക്സോഫീസ് ഹിറ്റിലേയ്ക്ക്…!( സിനിമയുണ്ടായ കഥ)

0
128

Nishadh Bala

തീവണ്ടിയിലെ ബാലകനിൽ നിന്നും ബോക്സോഫീസ് ഹിറ്റിലേയ്ക്ക്…!
( സിനിമയുണ്ടായ കഥ)

ഇരട്ട തിരക്കഥാകൃത്ത് സംവിധായകരിൽ ഒരാൾ മദ്രാസിലേയ്ക്കുള്ള ഒരു ട്രെയിനിൽ യാത്ര ചെയ്യുന്നു. യാത്രയ്ക്കിടെ വണ്ടി ഒരു സ്റ്റേഷനിൽ നിർത്തിയപ്പോൾ ഭക്ഷണം വാങ്ങി കഴിക്കാൻ തുടങ്ങി അദ്ദേഹം. പക്ഷെ പെട്ടന്നു തന്നെ അതു കേടാണെന്നു മനസ്സിലായി. അതിനാൽ ആ ഭക്ഷണം ട്രെയിനിലെ ഡസ്റ്റ് ബിന്നിൽ ഇട്ടു .ഉടനടി ഒരു കുട്ടി പാഞ്ഞ് വന്ന് ആ ഭക്ഷണ പൊതി എടുത്തു കഴിക്കാൻ തുടങ്ങി. തിരക്കഥാകൃത്ത് ആ പ്രവർത്തിയിൽ നിന്നും അവനെ വിലക്കി. കൂടാതെ അദ്ദേഹം അവനു ഭക്ഷണം വാങ്ങാൻ പൈസയും കൊടുത്തു.

സ്കൂൾ യൂണിഫോം ഇട്ട അവൻ്റെ മുഖം അദ്ദേഹത്തിൻ്റെ മനസ്സിൽ പതിഞ്ഞു.മുഖഛായ കൊണ്ട് നമ്മുടെ നാട്ടിലെ കുട്ടിയാണോ എന്ന തോന്നൽ മൂലവും ഇനി കേരളത്തിൽ നിന്നെങ്ങാ നും നാടുവിട്ടുവന്നതാണോ എന്നറിയാൻ കൂടിയും അദ്ദേഹം വെറുതെ അവനോട് പേര് ചോദിച്ചു. അവൻ പൊടുന്നനെ തനിക്കു കേൾക്കാനും സംസാരിക്കാനും കഴിയില്ല എന്ന് ആംഗ്യം കാണിച്ചു.

അപ്പോഴേക്കും ട്രെയിൻ വിട്ടു. അവൻ ട്രെയിനിൽ നിന്നും ചാടി ഇറങ്ങുകയും ചെയ്തു.പക്ഷേ, ആ കുട്ടി താൻ ആരാണെന്ന് പറയാതിരിക്കാനാണോ ഊമയായി അഭിനയിച്ചത് എന്ന തോന്നലായിരുന്നു കഥാകൃത്തിൻ്റെ മനസ്സു നിറയെ… ആ കുട്ടിയുടെ കണ്ണുകളിൽ എന്തോ ഒളിപ്പിക്കുന്ന ഭാവം അദ്ദേഹം കണ്ടിരുന്നു…!
ഈ അനുഭവം ആണ് ഒരു ഹിറ്റ് സിനിമയുടെ കഥയ്ക്ക് പിന്നിൽ ഉണ്ടായ സ്പാർക്ക്. നമ്മൾക്ക് അതിലേയ്ക്ക് സഞ്ചരിക്കാം….!

കാലചക്രം തിരിഞ്ഞു…
സാഗാഫിലിംസാണ് ആദ്യമായി നമ്മുടെ തിരക്കഥാകൃത്ത് ദ്വയത്തെ
സംവിധാനം ചെയ്യാൻ ക്ഷണിച്ചത്. അവരോട് ആദ്യം പറഞ്ഞ കഥയും ഈ ബാലകൻ്റ ആയിരുന്നു . പക്ഷേ, അന്ന് എത്ര ശ്രമിച്ചിട്ടും തിരക്കഥ രൂപമായില്ല. ഒടുവിൽ അത് ഉപേക്ഷിച്ചിട്ട് മറ്റൊരു കഥ എഴുതി സംവിധാനം ചെയ്തു. അപ്പച്ചൻ ഷേണായി, ആന്റണി ഇവർ മൂന്നു പേരുമായിരുന്നു നിർമാതാക്കൾ അവർ പറഞ്ഞു നിങ്ങളുടെ ഊമയുടെ കഥ ശരിയാവുമ്പോൾ വരാൻ പറഞ്ഞു.

രണ്ടുവർഷം കഴിഞ്ഞാണ് നമ്മുടെ ഊമ ബാലൻ്റെ തിരക്കഥ പൂർത്തിയായത്.
ഒരു പ്രണയകഥയായി പരിണമിച്ച ഈ ചിത്രത്തിൽ നായകനോടൊപ്പം തുല്യ പ്രാധാന്യം നായികയ്ക്ക് ഉണ്ടായിരുന്നു. അതു പുരോഗമിക്കുന്നത് അവരുടെ സംഭാഷണങ്ങളിലൂടെയാണ്. എന്നാൽ ഈ ചിത്രത്തിലെ നായികയ്ക്കും സംസാരശേഷിയില്ല. അതുകൊണ്ട് നായികയ്ക്ക് ഡയലോഗ് ഇല്ല.
നായകനാണെങ്കിൽ ഊമയായി അഭിനയിക്കുന്ന ആളാണ്. അയാൾക്കും വളരെ കുറച്ച്
ഡയലോഗുകൾ മാത്രമേയുള്ളൂ. സാധാരണ സിനിമയിൽ കഥ മുന്നോട്ട് കൊണ്ടുപോകുന്നത് വില്ലൻ കഥാപാത്രമായിരിക്കും.
ഈ കഥ യിൽ വില്ലന്മാരില്ല.

അന്നത്തെ അറിയപ്പെടുന്ന ഒരു സ്റ്റാറും ഇല്ല. നായകൻ സിനിമയിൽ അധികം നായക വേഷം ചെയ്യാത്ത ആളും, നായികയാണെങ്കിൽ മലയാള സിനിമയിൽനിന്ന് വിട്ടുനിൽക്കുന്ന മറ്റൊരു നായികയുടെ അഞ്ചാമത്തെയോ ആറാമത്തെയോ സിനിമ.
പ്രതിസന്ധികളെ തരണം ചെയ്ത ചിത്രമായിരുന്നു ഇന്ന്.
ആർട്ടിസ്റ്റുകളെയെല്ലാം തീരുമാനിച്ചു. പക്ഷേ, സമയമായപ്പോൾ തീരുമാനിച്ച നായിക പിന്മാറി. മുൻപ് തടി കൂടുതലാണെന്ന് പറഞ്ഞു മാറ്റി നിർത്തിയ നായിക ഒരു ഉത്ഘാടനത്തിനായി കൊച്ചിയിലുണ്ടെന്നറിഞ് അവരെ ചെന്നു കണ്ടു സംവിധായകർ. അവർ സമ്മതം മൂളി (തടി കൂടി മാറ്റിയ കാര്യവും ചോദിച്ചു അവർ )
തുടർന്ന് അന്ന് ജഗതി ശ്രീകുമാർ, ഇന്നസെന്റ്, കലാഭവൻ മണി ഇവരൊന്നും ഇല്ലാത്ത ഒരു കോമഡിസിനിമയെപ്പറ്റി ചിന്തിക്കാനാവില്ല. പക്ഷേ ഇവരെ ആരെയും ഈ സിനിമയിലേക്കു
കിട്ടിയില്ല.

ഈ സിനിമ റിലീസ് ചെയ്യുന്ന സമയമായപ്പോൾ വിജയസാധ്യത പത്തു ശതമാനത്തിനു താഴെ. കാരണം അത് റിലീസ് ചെയ്യേണ്ടത് മലയാളം കണ്ട ഏറ്റവും വലിയ രണ്ടു സി നിമകൾക്കൊപ്പം ഒന്ന് ഹരികൃഷ്ണൻസ് . മറ്റൊന്ന് സമ്മർ ഇൻ ബത്തലഹേമും.ഈ സിനിമകൾക്കിടയിൽ റിലീസ് ചെയ്ത ഈ ചിത്രം പക്ഷേ ഇരുന്നൂറു ദിവസത്തോളം തിയേറ്ററുകളിൽ ഓടി.

ആ ബാലകനെ നമ്മുടെ നെഞ്ചിൽ കുടിയിരുത്തി അന്ന് ട്രെയിനിൽ സഞ്ചരിച്ചത് റാഫി എന്ന തിരക്കഥാകൃത്ത് സംവിധായകൻ ആയിരുന്നു. ഈ സിനിമ സംവിധാനം ചെയ്യാനും കഥ എഴുതാനും അദ്ദേഹത്തിന് കൂട്ടായി മെക്കാർട്ടിനും.ആ അത്ഭുത വിജയം നേടിയ ചിത്രമായിരുന്നു പഞ്ചാബി ഹൗസ്.