ഞാൻ കണ്ട മൂന്നുപേർ

Nishal Thampan

കഥാപാത്രങ്ങൾ തമ്മിലുള്ള സാമ്യതകൾ പലപ്പോഴും യാദൃശ്ചികമായി സിനിമകളിൽ സംഭവിക്കുന്നത് നമ്മുടെ ശ്രദ്ധയിൽ പെടാറുണ്ട്. കഥാപരിസരങ്ങളുടെ സാമ്യതകളും നമ്മുടെ ശ്രദ്ധയിൽ പെടാറുണ്ട് , പക്ഷെ അവർ സഞ്ചരിക്കുന്ന പാതകളിൽ വളരെ ചെറിയൊരു ഭാഗങ്ങൾ തമ്മിലുള്ള പൊരുത്തം അധികം ശ്രദ്ധിച്ചു കണ്ടിട്ടില്ല. കഴിഞ്ഞ ദിവസം അവിനാഷ് അരുൺ സംവിധാനം ചെയ്തു ഷെഫാലി ഷാഹ് കേന്ദ്ര കഥാപാത്രമായ ‘Three Of Us’ എന്ന സിനിമ കണ്ടപ്പോൾ എന്നെ വല്ലാതെ ചിന്തിപ്പിച്ച ഒരു വസ്തുത മേല്പറഞ്ഞ കഥാപാത്രങ്ങളുടെ പാതകൾ തമ്മിലുള്ള പൊരുത്തങ്ങളാണ്.

(Spoilers ഉണ്ടാവാം)

ഭർത്താവിനോട് തന്റെ കുട്ടികാലം ചിലവഴിച്ച Vengurla (Konkan) എന്ന ഗ്രാമത്തിലേക്കു പോകണമെന്ന ആഗ്രഹം ഷൈലജ (Shefali Shah) പറയുമ്പോൾ ആദ്യം മനസ്സിൽ ഓടിയെത്തിയത് മഴ (2000) എന്ന സിനിമയിലെ ഭദ്രയാണ് (Samyuktha Varma). തന്റെ ഡയറികുറിപ്പിലൂടെ മാത്രം ദൃശ്യമായ ശിവപുരം എന്ന ഗ്രാമം കാണണം എന്ന ചന്ദ്രന്റെ (Lal) ആഗ്രഹം ഭദ്രയുടെ കൂടെ ആഗ്രഹം ആയിരുന്നു, ഒരുപാടു നാൾ മനസിന്റെ ഉള്ളറകളിൽ പൂട്ടിയിട്ട ഒരു ആഗ്രഹം. തന്റെ കുടുംബത്തിന് വേണ്ടി നഷ്ടപ്പെടുത്തിയ നീലാംബരി തിരികെ കിട്ടിയാലോ എന്ന മോഹം ഇപ്പോഴും ഭദ്രയുടെ ഉള്ളിൽ ഉറങ്ങാതെ കിടക്കുന്നുണ്ട്. ആഗ്രഹം സാധിച്ചു കൊടുക്കുന്നതിനു തൊട്ടു മുൻപ് തന്നെ വിട്ടു പോയ ഭർത്താവിന്റെ (ചന്ദ്രൻ) ചാരം ശിവപുരത്തെ പാപനാശിനിയിൽ ഒഴുക്കണമെന്നു ഭദ്രയുടെ മനസ്സിന്റെ സ്വരമാണ് തന്നെ വീണ്ടും ശിവപുരത്തേക്കു എത്തിക്കുന്നത്. മനസ്സിന്റ ഒരു കോണിൽ ശബ്ദ സങ്കല്പമായി മാത്രം നിന്ന ശാസ്ത്രികളുടെ (Biju Menon) നീലാംബരി അവസാനം ശ്രവിക്കാനുള്ള ഭാഗ്യം തനിക്കു ഉണ്ടാകും എന്ന് ഭദ്ര എവിടെയൊക്കെയോ വിശ്വസിച്ചു. പക്ഷെ അത് ഒരു സങ്കല്പമായി തന്നെ മനസ്സിൽ മരണമടയാനായിരുന്നു വിധി.

തന്റെ ആരോഗ്യാവസ്ഥയാണ് (early dementia) ഷൈലജയെ കൊങ്കണിലേക്കു എത്തിക്കുന്നത്. ആ വരവ് ഒരുപക്ഷെ തന്റെ നീലാംബരി വീണ്ടെടുക്കാനാണോ എന്ന് അറിയില്ല. അസുഖം തന്റെ സ്മ്രിതികളെ പൂർണമായി തുടച്ചു നീക്കും മുൻപുള്ള ഒരു തിരിച്ചു പോക്ക്. ഭദ്രയെ പോലെ തന്നെ മനസിന്റെ ഉള്ളറകളിൽ ഇപ്പോഴും തെളിഞ്ഞു നിൽക്കുന്ന ഓർമ്മകൾ അയവിറക്കാനുള്ള അവസാനത്തെ അവസരം. മധുരമുള്ള ഓർമ്മകൾ മാത്രമല്ല, ആഴമുള്ള ആഘാതമുണ്ടാക്കിയവയുമുണ്ട് അതിൽ. മേഘമൽഹാറിലെ (2001) നന്ദിതയുടെ (Samyuktha Varma) കുട്ടികാലം പോലെ തന്നെ. കൊങ്കണിൽ നിന്ന് വീട് മാറി പോകുമ്പോൾ ഷൈലജയുടെ ഒപ്പം കൂട്ടുകാരുമൊത്തുള്ള നല്ല ഓർമകളും പ്രദീപും (Jaideep Ahlawat) കടലിനരികെ താമസിച്ചിരുന്ന മന്ത്രവാദിനിയും മാത്രമല്ല, തന്റെ ഭാഗത്തു നിന്ന് അറിയാതെ സംഭവിച്ച കൈപ്പിഴ മൂലം നഷ്ടപെട്ട അനുജത്തിയുടെ ഓർമ്മകൾ കൂടെയായിരുന്നു. നന്ദിത കാരണം മരണമടഞ്ഞ കൗസുവിനെ പോലെ തന്നെ. ശ്രീകുട്ടിക്ക് (നന്ദിത) അന്ന് കൂട്ട് രാജീവൻ (Biju Menon) ആയിരുന്നു, അതുപോലെ തന്നെയായിരിക്കണം ഷൈലജക്ക് പ്രദീപ്. പക്ഷെ ഷൈലജക്ക് ഒരു കൂട്ട് കൂടെ ഉണ്ടായിരിക്കണം, മറ്റാരുമല്ല കടലിനരികെ താമസിച്ച മന്ത്രവാദിനി തന്നെ. കുട്ടികളെ കടലിൽ നിന്ന് അകറ്റാൻ മുതിർന്നവർ പറഞ്ഞുണ്ടാക്കിയ കേട്ട് കഥ ഷൈലജക്ക് മനസ് തുറക്കാനുള്ള ഒരിടമായിരുന്നു. മനസ്സ് നിർമിച്ച ഒരു യാഥാർഥ്യം.

ഒരു ചെറിയ കുറ്റബോധം കൂടെ ആവണം ഷൈലജയെ തന്റെ ഗ്രാമത്തിലേക്കു എത്തിക്കുന്നത്. വീട് മാറി പോകുന്നതിനു മുൻപ് പ്രദീപിനോട് ഒരു proper good bye പറയാൻ പറ്റിയില്ലലോ എന്ന കുറ്റബോധം. പ്രദീപിന് ഇപ്പോഴും നല്ല വ്യക്തമായി ഓർമയുണ്ട് ആ ദിവസം, നീല ഉടുപ്പ് ധരിച്ച ഷൈലജയെയും താൻ കരുതിയ പൂക്കളും എല്ലാം, കാലത്തിന്റെ ഒരു ചെറിയ കാവ്യനീതി എന്ന പോലെയായിരിക്കണം ഇന്നും Ferris Wheel ൽ വെച്ച് പഴയ സംഭവങ്ങൾ പരസ്പരം ഓർക്കുമ്പോൾ ഷൈലജ ധരിച്ചിരിക്കുന്ന സാരിയുടെ നിറവും നീല.
തന്റെ ഓർമയുടെ അവസാന ഭാഗങ്ങൾ ഒലിച്ചു പോവുന്നതിനു മുൻപ് ഒരു പര്യവസാനം വേണം എന്ന തന്റെ ആഗ്രഹത്തിന്റെ സഫലമാണ് ശൈലജക്ക് അന്ന് ലഭിച്ചത്. ഭദ്രക്കും വേണ്ടത് അതുപോലൊരു പര്യവസാനം ആയിരുന്നു, പക്ഷെ നിർഭാഗ്യവശാൽ വിധി അത് തടഞ്ഞു. നന്ദിതക്ക് നഷ്ടമായത് ഒരുപക്ഷെ തന്റെ തിക്താനുഭവങ്ങൾ ഭദ്രമായി സൂക്ഷിച്ചിരുന്ന ഒരു ഇടമായിരുന്നു.

ശിവപുരവും, കോങ്കണ്ണും, കന്യാകുമാരിയും ഇവർക്കു മൂന്ന് പേർക്കും വെറും സ്ഥലങ്ങൾ മാത്രമായിരുന്നില്ല, പിൽക്കാലത്തെ മാനസീകമായ സങ്കീർണതകളെ വളരെയധികം സ്വാധീനിച്ച ഓർമകളുടെ ഉല്പത്തി കൂടെയായിരുന്നു. ആ ഉത്പത്തിയെ ബന്ധിപ്പിക്കുന്ന കണികകൾ പലതാണെങ്കിലും അതിനെല്ലാം സമാനതകൾ ഒരുപാടുണ്ട്. അതിൽ കലയുടെ സ്വാധീനവും നന്നായി കാണാം. ശൈലജക്ക് നൃത്തം ആണെങ്കിൽ ഭദ്രക്ക്‌ അത് സംഗീതം ആയിരുന്നു, നന്ദിതക്ക് എഴുത്തും. സംവിധായകൻ അവിനാഷ് അരുൺ മഴയോ മേഘമല്ഹാറൊ കണ്ടിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല, അങ്ങനെ കരുതുന്നുമില്ല, പക്ഷെ ഷൈലജയുടെ കഥ കാണുമ്പോൾ ഭദ്രയും നന്ദിതയും എന്റെ മനസിലേക്ക് കടന്നു വരണമെങ്കിൽ അത് തീർച്ചയായും കലയുടെ universal nature തന്നെയാണ്. അതുകൊണ്ടു തന്നെ സിനിമയുടെ പേര് അന്വർത്ഥമാക്കുന്ന പോലെ തന്നെ ഞാൻ കണ്ട മൂന്നുപേർ ഷൈലജയും, ഭദ്രയും നന്ദിതയുമാണ്.

You May Also Like

അനിരുദ്ധന്‍ ചേട്ടന്‍ (കഥ) – സുനില്‍ എം എസ്

അനിരുദ്ധന്‍ ചേട്ടന്‍ മരിച്ചു. ബസ്റ്റോപ്പില്‍ പഞ്ചായത്തു സ്ഥാപിച്ചിരിയ്ക്കുന്ന നോട്ടീസ് ബോര്‍ഡില്‍ ചോക്കു കൊണ്ടെഴുതി വച്ചിരിയ്ക്കുന്നു

ഏപ്രിൽ 18 വെറുമൊരു തിയതിയല്ല

മലയാള സിനിമാപ്രേമികളെ സംബന്ധിച്ച് ഏപ്രിൽ 18 എന്നത് കേവലം ഒരു ദിവസം മാത്രമല്ലാതായി മാറിയിട്ട് 37 വർഷങ്ങൾ കഴിഞ്ഞു. 1984, ഏപ്രിൽ 12നായിരുന്നു ഏപ്രിൽ 18 റിലീസായത്.

ജീവിക്കാനുള്ള സമരങ്ങള്‍ – ഷാജഹാന്‍ നന്മണ്ട

പുറമ്പോക്കില്‍ നഗരം പുറംതള്ളിയ മാലിന്യക്കൂമ്പാരത്തിലേക്ക് ആരോ വലിച്ചെറിഞ്ഞ സിഗരറ്റ്കുറ്റി എരിഞ്ഞ് ഉയര്‍ന്ന പുകപടലത്തിലേക്കും, നഗരസഭയൊരുക്കുന്ന വമ്പന്‍ താരനിശയുടെ പ്രചരണത്തിനായി ഉച്ചഭാഷിണിവാഹനം പറത്തിവിട്ട കടലാസു നോട്ടീസ്സുകളിലേക്കും പെയ്ത മഴ പതിവ് ദുര്‍ഗന്ധത്തിനു മുകളില്‍ മറ്റൊരു അസഹ്യമായ ഗന്ധം അന്തരീക്ഷത്തില്‍ ലയിപ്പിച്ചു.

ഓണത്തിന് തീ പാറും ആക്ഷനുമായി അവർ എത്തുന്നു..!

ഓണത്തിന് തീ പാറും ആക്ഷനുമായി അവർ എത്തുന്നു..! ആർ ഡി എക്സിന്റെ സെക്കൻഡ് ലുക്ക് പുറത്തിറങ്ങി…