പ്രവാസിയുടെ അത്തർ മണമുള്ള പെട്ടി എല്ലാവർക്കും വേണം, രാസ മണമുള്ള പെട്ടി പലർക്കും വേണ്ട..!

106

Nishan Parappanangadi

പ്രവാസി കൊണ്ടുവരുന്ന അത്തർ മണമുള്ള പെട്ടി എല്ലാവർക്കും വേണം. പക്ഷേ പ്രവാസിയെ കൊണ്ടു വരുന്ന രാസ മണമുള്ള പെട്ടി പലർക്കും വേണ്ട..!

നിങ്ങൾ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ, വേറെയൊരു രാജ്യത്ത് ജോലി ചെയ്യാൻ പോയിട്ട്, ഒരു മഹാമാരിയോ മറ്റോ വരുന്ന സമയത്ത് ആ രാജ്യത്ത് സേവനത്തിനു വേണ്ടി അണിഞ്ഞൊരുങ്ങി ഇറങ്ങുന്ന വിദേശികളെ, വീട്ടിലുള്ളവരെ പോലെ അവരെ സ്വീകരിക്കുന്ന സ്വദേശികളെ.? പക്ഷേ ജി.സി.സി രാജ്യങ്ങളിൽ കാണാനാവും. സ്വദേശികളായ അറബികളും അവർക്ക് മറ്റു രാജ്യക്കാരോടും ഉള്ളപോലെ രേഖയിൽ മാത്രം വിദേശികളായ ഇന്ത്യക്കാരും. വിശിഷ്യാ മലയാളികൾ.

കുറച്ച് മുമ്പും ഒരു വാർത്ത വായിച്ചു, ഹൃദയാഘാതം മൂലം മരണമടഞ്ഞ പ്രവാസിക്ക് ജന്മ നാട്ടിൽ അന്ത്യനിദ്ര ഒരുക്കാനും, ഉറ്റവർക്ക് അദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണാനുമായി KMCC പ്രവർത്തകർ ഒരുപാട് ശ്രമിച്ചു. അങ്ങേയറ്റം ശ്രമിച്ചിട്ടുണ്ടാവും, ഉറപ്പാണ്. കാരണം ഒരു പ്രവാസിക്ക് അറിയാം, നാട്ടിലെ ചിത്രങ്ങളും കുട്ടികളുടെയും മിത്രാദികളുടെയും പഞ്ചിരികളുമൊക്കെ മൊബൈലിൽ നോക്കി കണ്ട് മാത്രം നിർവൃതി കൊണ്ട്, നാടണയുന്ന ദിവസവും എണ്ണി കലണ്ടർ നോക്കി ഇരിക്കുന്ന മറ്റൊരു പ്രവാസിയുടെ വേദന. കാർഗോ വഴി ചരക്കുകളുടെ കൂട്ടത്തിൽ മറ്റൊരു കറവ വറ്റിയ ചരക്കായി എങ്കിലും എത്തിപ്പെട്ടിരുന്നുവെങ്കിൽ, പക്ഷേ അദ്ദേഹത്തെ നാട്ടിൽ എത്തിക്കാൻ കഴിഞ്ഞില്ല. സമ്മതിച്ചില്ല എന്നത് യാഥാർത്ഥ്യം.

സാമൂഹ്യ പ്രവർത്തകനായ അശ്റഫ് താമരശ്ശേരി പറയുന്നത് കേട്ടു, രണ്ടു പേരുടെ മൃതദേഹങ്ങൾ ചെന്നൈയിലേക്ക് അയച്ചു. പക്ഷേ ബന്ധപ്പെട്ട അധികാരികൾ അവിടെ ഇറക്കാൻ സമ്മതിച്ചില്ല എന്ന് മാത്രമല്ല, ഇനി മുതൽ ഇറങ്ങുന്നതും നിറുത്തലാക്കി. ഇനിയും ഒരു പാട് മനുഷ്യ ശരീരങ്ങൾ അധികാര കസേരയിൽ ഇരിക്കുന്ന ‘മൃതദേഹങ്ങളുടെ’ അനുമതിയും കാത്ത് വിദേശത്തെ വിമാനത്താവളങ്ങളിൽ ഇരിപ്പുണ്ട് എന്നാണറിവ്.ഇതിനിടയിലാണ്‌, ബ്രിട്ടനിൽ ചികിത്സ മുടങ്ങിയ ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയറെ കണ്ണന്താനം ഇടപെട്ട് ചാർട്ടേർഡ് ഫ്ലൈറ്റിൽ നാട്ടിൽ എത്തിച്ചത്. അങ്ങനെ ചെയ്യണം എന്നതിൽ യാതൊരു തർക്കവുമില്ല, പക്ഷേ ജി.സി.സി രാജ്യങ്ങളിലുള്ള പാവങ്ങളോട് മാത്രം എന്തിനീ ക്രൂരത.

ലോഞ്ചിൽ കയറിയൊക്കെ മരുഭൂമിയിലെ മരുപ്പച്ച തേടി പതിറ്റാണ്ടുകൾക്ക് മുമ്പ് തന്നെ അവിടെയെത്തി പിന്നീട് പെട്രോ ഡോളറിന്റെ സുഗന്ധം നമ്മുടെ നാട്ടിലേക്കും പരത്തി, വർഷാ വർഷം ട്രില്യൺ കണക്കിന് ഇങ്ങോട്ട് കയറ്റി അയക്കുന്ന പ്രവാസിക്ക് ഒടുവിൽ എന്നും അവഗണന മാത്രമാണ്. കരഞ്ഞു കഴിയുന്ന വീടുകളിലേക്ക് ഭക്ഷണക്കിറ്റുകൾ ആയും, കല്യാണം പ്രായമെത്തിയ പെൺകുട്ടികളുടെ മുഖത്തെ പഞ്ചിരിയായും, സ്വന്തം നാടുകളിലെ വിദ്യാഭ്യാസ സൗധങ്ങളായും അവരുടെ വിയർപ്പു തുള്ളികൾ നനവ് വറ്റാതെയിരുന്നു.
മൃതദേഹം തൂക്കി നോക്കി ടിക്കറ്റ് ചാർജ് കണക്കാക്കിയിരുന്നത് ഒഴിവാക്കുമെന്നും, സൗജന്യമായി നാട്ടിൽ എത്തിക്കുമെന്നും ഒക്കെ കേട്ടിരുന്നു. പക്ഷേ ഇപ്പോഴും അവരുടെ സീസൺ നോക്കി വിമാന കമ്പനികൾ കൊള്ള ലാഭം കൊയ്യുന്നത് തടയാൻ ഒരു അധികാരികൾക്കും സാധിച്ചിട്ടില്ല.

തങ്ങളുടെ നാണയത്തുട്ടുകൾ കൊണ്ട് പണിത പള്ളി മിനാരങ്ങളിൽ നിന്ന് ഉയരുന്ന ബാങ്കൊലിയും കേട്ട്, ഉറ്റവരുടെ സലാം പറച്ചിലുകൾക്ക്‌ തലയാട്ടുന്ന മൈലാഞ്ചി രൂപത്തിൽ സലാം മടക്കി, നാട്ടിലെ പള്ളിക്കാട്ടിൽ തന്നെ അന്ത്യ വിശ്രമം കൊള്ളാൻ ഏത് പ്രവാസിയാണ് ആഗ്രഹിക്കാത്തത്, അതെങ്കിലും മാന്യമായി സാധ്യമാക്കി കൊടുക്കാൻ ഇവിടുത്തെ ഭരണാധികാരികൾക്ക് ബാധ്യതയില്ലേ..!