മന്നത്തുപദ്മനാഭൻ നവോത്ഥാന നായരോ, അതോ നായകനോ ?

93

ഈ വിഷയത്തിൽ മന്നത്തിന് അനുകൂലമായും പ്രതികൂലമായും ഉള്ള രണ്ടുപോസ്റ്റുകൾ ചുവടെ ചേർക്കുന്നു.

  1. Nishanth KT Perumana എഴുതുന്നു 

മന്നത്തുപദ്മനാഭൻ നവോത്ഥാന നായരോ, അതോ നായകനോ.??

ഇ.എം.എസ് മന്ത്രിസഭയെ പിരിച്ചുവിടാൻ കാരണമായ 1959 ലെ വിമോചനസമരം നയിച്ച മന്നത്ത് പദ്മനാഭൻ. വിമോചന സമരത്തിൻറെ ഭാഗമായി അങ്കമാലി മുതൽ തിരുവനന്തപുരം വരെ ജീവശിഖാ ജാഥ നയിച്ച നായൻമ്മാരുടെ സ്വന്തം നായകൻ.1914 ൽ ‘നായർ സമുദായ ഭൃത്യജനസംഘം’ എന്ന സംഘടന രൂപീകരിക്കുകയും, പിന്നീട് പേരിന് അന്തസ് കുറവാണ് എന്നു കണ്ടത്തി പരമുപിള്ള നിർദ്ദേശിച്ച ‘നായർ സർവീസ് സൊസൈറ്റി’ എന്ന പേര് സ്വീകരിച്ച് സമുദായ പ്രവർത്തനം ആരംഭിച്ച ശേഷം മന്നത്തിന്റെ പ്രവർത്തനം ഒട്ടും സാമൂഹികമായ പരിഷ്ക്കരണം ലക്ഷ്യമിട്ടു കൊണ്ടായിരുന്നില്ല എന്നു തന്നെ കാണാം.

ഒരിക്കൽ അവർണ്ണർക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാനുള്ള അവകാശത്തിനായി സവർണ്ണർ ജാഥ നയിക്കുക. മാത്രവുമല്ല വീട്ടിലെ അടുക്കളയിലിരുത്തി ഒരു പുലയനെ ഇലയിട്ടൂട്ടി ഊണുകഴിഞ്ഞ് ആ ഇല തന്റെ അമ്മയെക്കൊണ്ട് എടുപ്പിച്ചയാളുമാണ് മന്നത്ത് പദ്മനാഭൻ.. എന്നാൽ സംഘബലത്തിലും. ഒപ്പം ജാതി ആഢ്യതയിൽ ക്ഷയിച്ചു പോയ നമ്പൂതിരി മേൽക്കോയ്മ്മയ്ക്ക് മുകളിലേക്കും എത്തിയതോടെ ചരിത്രത്തിൽ ഒട്ടും നവോത്ഥരിക്കപ്പെടാത്ത മന്നത്തിനെയാണ് കാണാൻ കഴിയുക.. ജാതി ചിന്തയുടെ അവസാന വാക്കായി മന്നം മാറുന്നതിന് ഏതാനും ഉദാഹരണങ്ങൾ ചരിത്രത്തിൽ നിന്ന് ചൂണ്ടിക്കാണിക്കാൻ ശ്രമിക്കാം..

“ഈഴവര്‍ പന്നി പെറ്റുപെരുകിയ സന്താനങ്ങളും മന്ദബുദ്ധികളുമാണ്. ഇവര്‍ക്ക് സഞ്ചാര സ്വാതന്ത്യ്രവും ക്ഷേത്ര പ്രവേശനവും കൊടുത്തത് പുനഃപരിശോധിക്കേണ്ടിയിരിക്കുന്നു” (ആര്‍. ശങ്കറെ മന്ത്രിസഭയില്‍നിന്ന് താഴെയിറക്കിയ സന്ദര്‍ഭത്തില്‍ മന്നം നടത്തിയ ശാസ്തമംഗലം പ്രസംഗം- 1964, ‘സരസകവി മൂലൂര്‍ പത്മനാഭ പണിക്കര്‍’ എന്ന കൃതി, കുമ്പളംചിറ വാസവപ്പണിക്കര്‍ എഴുതിയത്, 1976, പേജ് 399). [ഇതിന് മറുപടിയായി ആർ ശങ്കർ പറഞ്ഞത് ഇങ്ങനെയായിരുന്നു..
” ഈഴവ സ്ത്രീ ഒന്ന് പെറ്റാലും പത്ത് പെറ്റാലും എല്ലാറ്റിന്റേയും തന്ത ഒന്നായിരിക്കും ” എന്നാണു്..]
“രാവണഭരണം (ശങ്കര്‍ഭരണം) അവസാനിപ്പിക്കണമെന്ന് ഞാന്‍ പറഞ്ഞത് രാജ്യസ്നേഹം കൊണ്ടാണ്”
(പെരുന്ന പ്രസംഗം, കേരള കൌമുദി 23-9-1964).
“ഒരു ജാതിക്കാരെ മാത്രം പോറ്റുന്ന ഭരണമാണ് നടക്കുന്നത്. കമ്യൂണിസ്റുകാരെ ഇറക്കിവിട്ടതുപോലെ ഇവരെയും (ശങ്കര്‍ മന്ത്രിസഭയെ) ഇറക്കിവിടണം”
(മന്നത്തിന്റെ പൊന്‍കുന്നം പ്രസംഗം, കൌമുദി മെയ് 26, 1964). അന്ന് ഈഴവരെ ഉദ്ദേശിച്ചാണ് മന്നം ഈ വര്‍ഗീയ വിഷം വമിച്ചത്
“മന്ത്രിസഭയെ നിയന്ത്രിക്കാനുള്ള കെല്‍പ് നായര്‍ക്കുണ്ടായിരിക്കണം. നായരെ ആരും ഭയപ്പെടുത്താന്‍ വരണ്ടാ. അവര്‍ ഭയപ്പെടുന്നവരല്ല. നായര്‍ ജന്മനാ തന്നെ വലിയവനാണ്”
(മന്നത്തിന്റെ അമ്പലപ്പുഴ പ്രസംഗം, കൌമുദി 2-8-1964)
പുലയക്കുട്ടിയെ അടുത്തിരുത്തി ചോറു കൊടുത്ത മന്നം പുലയന്‍ മന്ത്രിയായപ്പോള്‍ പറഞ്ഞത് ഇതാണ് ‘ചാത്തന്‍ പുലയന്‍ മന്ത്രിയായിരിക്കുന്ന നാട്ടില്‍ ജീവിക്കാന്‍ സാധ്യമല്ല’ എന്നായിരുന്നു
(മുതുകുളം പ്രസംഗം, മുമ്പു പറഞ്ഞ വാസവപ്പണിക്കരുടെ പുസ്തകം, പേജ് 387).
”ഒരു ജാതി, ഒരു പത്രം, ഒരു തെങ്ങ് മനുഷ്യന് ” എന്ന ആക്ഷേപം എന്‍.എസ്.എസ് മുഖപത്രമായിരുന്ന മലയാളിയില്‍ വന്നിരുന്നു (1961 ഏപ്രില്‍ 15). നിവര്‍ത്തന പ്രക്ഷോഭ നായകനും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന സി.കേശവനെ ആക്ഷേപിക്കാനായിരുന്നു ഇത് പ്രസിദ്ധീകരിച്ചത്. ഈഴവരെയും കൌമുദി പത്രത്തെയുമാണ് ലക്ഷ്യമിട്ടിരുന്നത്.
ശങ്കര്‍ മന്ത്രിസഭ വീണപ്പോള്‍ മന്നം പറഞ്ഞത് ഇങ്ങനെ: ‘എല്ലാം ഭംഗിയായി കലാശിച്ചിരിക്കുന്നു, പാല് കുടിച്ച് കിണ്ണം താഴത്തുവെച്ച സംതൃപ്തി.’

മന്നത്തിന്റെ ഈ നിലപാടുകളിൽ അന്നും വിയോജിപ്പ് ഉണ്ടായിരുന്നവർ ഉണ്ടായിരുന്നു.നായര്‍ സമുദായ നേതാവായിരുന്ന ടി. ഭാസ്‌കരമേനോന്‍ എന്‍.എസ്.എസില്‍ നിന്ന് രാജിവെച്ചുകൊണ്ട് മന്നത്ത് പത്മനാഭന് അയച്ച കത്ത് ഇപ്രകാരമാണ്…
ശ്രീ മന്നത്ത് പത്മനാഭന്,അങ്ങയാല്‍ സ്ഥാപിക്കപ്പെട്ടതും അങ്ങയുടെ സംരക്ഷണയില്‍ തഴച്ചുവളര്‍ന്നതുമായ നായര്‍ സര്‍വ്വീസ് സൊസൈറ്റിയില്‍ ഞാന്‍ ഒരു ആജീവനാന്ത അംഗമാണെന്ന് അഭിമാനം കൊണ്ടിരുന്നു. എന്നാല്‍ ഇപ്പോഴത്തെ അങ്ങയുടെ രാഷ്ട്രീയ ചിന്താഗതിയും പ്രവര്‍ത്തനവും ഈ സംസ്ഥാനത്തിനും ഈ രാജ്യത്തിന് തന്നെയും നാശകരമാണെന്ന് ഞാന്‍ കരുതുന്നു.
വ്യക്തി വൈരാഗ്യം കൊണ്ടും തല്‍ക്കാലത്തെ ആവേശം കൊണ്ടും നിങ്ങള്‍ ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു. അതുകൊണ്ട് നായര്‍ സര്‍വ്വീസ് സൊസൈറ്റിയില്‍ നിന്ന് പിരിഞ്ഞ് മാറേണ്ടത് എന്റെ കടമയാണെന്ന് ഞാന്‍ കരുതുകയും അതുപ്രകാരം പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. എ്‌ന്റെ 769/ 1490 നമ്പര്‍ കാര്‍ഡ് ഇത് സഹിതം അയച്ചുതരുന്നു. ദയവായി സ്വീകരിച്ചാലും” അതായിരുന്നു ആ കത്ത്.
ഗാന്ധി വധത്തിന് തൊട്ടുപിന്നാലെ 1957-ൽ RSS ന്റെ എറണാകുളത്ത് വച്ച് നടന്ന ശാഖാ വാർഷികത്തിൽ ആര്‍.എസ്.എസ് നേതാവ് ഗോള്‍വാള്‍ക്കാര്‍ പങ്കെടുത്ത ചടങ്ങില്‍ പങ്കെടുക്കുകയും.”ഹിന്ദുക്കളുടെ ആലംബവും, ആശാകേന്ദ്രവും ആര്‍.എസ്.എസ് ആണ് ” എന്ന് പ്രഖ്യാപിക്കുകയും കൂടി ചെയ്ത നേതാവായിരുന്നു മന്നത്തു പദ്മനാഭൻ എന്നും, ഇന്നും NSS ന്റെ സംഘപരിവാർ അനുകൂല നിലപാട് അന്നേ മന്നം കൈകൊണ്ടതാണന്നും നാം മനസ്സിലാക്കണം..

”സമുദായത്തിനുവേണ്ടി ജീവിതകാലം മുഴുവൻ പ്രവർത്തിക്കും, അങ്ങനെയുള്ള ശ്രമങ്ങളിൽ ഇതര സമുദായാഗംങ്ങൾക്ക് ക്ഷോഭകരമായ യാതൊരു പ്രവൃത്തിയും ചെയ്യുന്നതല്ല” എന്നു് പ്രതിജ്ഞ എടുത്തു കൊണ്ടു് ആരംഭിച്ച NSS എന്ന സംഘടനയുടെ സ്ഥാപക നേതാവിന്റെ നിലപാടുകളാണ് നാം മുകളിൽ കണ്ടത്.. മന്നം സ്വ സമുദായത്തെ മാത്രമാണ് നവോത്ഥാനത്തിലേക്ക് നയിച്ചത്.. ഭൃത്യജനസംഘമായിരുന്ന ഒരു പല ജാതി കൂട്ടായ്മ്മയെ നായർ എന്ന ഒറ്റ കുടക്കീഴിൽ കൊണ്ടുവരികയും.. ക്ഷയം സംഭവിച്ച നമ്പൂതിരിമാരുടെ ആഢ്യസ്ഥാനത്ത് സ്വ സമുദായത്തെ പ്രതിഷ്ടിക്കുകയും മാത്രമാണ് മന്നത്തുപദ്മനാഭൻ ചെയ്തത്.. അതു കൊണ്ട് തന്നെ മന്നം ഒരു നവോത്ഥാന നേതാവാണന്നും, NSS ഒരു നവോത്ഥാന സംഘടനയാണന്നും പറയുന്നതു് തന്നെ ചരിത്രപരമായ ഒരു തമാശ മാത്രമാണ്..


2. Arun Somanathan എഴുതുന്നു 

അങ്ങനെ വീണ്ടും ഒരു മന്നം ജയന്തി വന്നു. ഫേസ്ബുക്കിൽ കമ്മികൾ പഴയ മന്നം വെറുപ്പുകൾ കുത്തിപ്പൊക്കി ഷെയർ ചെയ്തു. കമ്മി ചളു യൂണിയൻ വഴി മന്നത്തെ ജാതിവാദിയാക്കി ട്രോളിറക്കി. കണ്ട കവിതാക്കളളൻ ഒക്കെ ഈഴവരെയും പുലയരെയും അപഹസിച്ചവനായി മന്നത്തെ ചാപ്പകുത്തി.. കമ്യൂണിസ്റ്റ് സർക്കാർ മന്നം ജയന്തി അവധിയാക്കിയിരുന്നത് എടുത്തു കളയണമെന്ന മുറവിളികളും‌ കേട്ടു. അങ്ങനെ ഒരു മന്നം ജയന്തി കൂടി സമാപ്തമായി.

Image may contain: Arun Somanathan, beard and close-upഎന്തുകൊണ്ടാണ് കമ്യൂണിസ്റ്റുകൾക്ക് ശ്രീ മന്നത്തു പദ്മനാഭനോട് ഇത്ര പക ?
ഇക്കണ്ട സകല കമ്മികളും ടീഷർട്ടിൽ കൊണ്ടുനടക്കുന്ന ഇവന്മാരുടെ ഗഞ്ചാ വിഗ്രഹമുണ്ടല്ലോ, സാക്ഷാൽ ചെഗുവേര, ആ ചെഗുവേരയുടെ ഇന്ത്യാ സന്ദർശന സമയത്താണ് സാക്ഷാൽ മന്നത്തുപദ്മനാഭൻ മുന്നിൽ നിന്നു നയിച്ച വിമോചന സമരം ഉച്ചസ്ഥായിയിൽ എത്തുന്നതും ഇപ്പോളിവന്മാർ പൊക്കിക്കൊണ്ടു നടക്കുന്ന സാക്ഷാൽ നെഹ്രു ഇന്ത്യൻ ജനാധിപത്യത്തിനു കീഴടങ്ങിയ, അന്നത്തെ ലോകത്തിലെതന്നെ ഏക ജനാധിപത്യകമ്യൂണിസ്റ്റ് മന്ത്രിസഭയെ പിരിച്ചു വിടുന്നതും.. പക തോന്നാതിരിക്കുമോ ?

അന്ന് ചൈനയിൽ മാവോ ഭരിച്ചിരുന്നു. റഷ്യയിൽ സ്റ്റാലിനും. ഫിഡലിന്റെ വ്യവസായമന്ത്രി ചെഗുവേര ആ സമയം ഇന്ത്യയിലും. ഭരിക്കുന്നത് സോഷ്യലിസ്റ്റെന്ന് ഇന്നും കമ്മികൾ വാഴ്ത്തിപ്പാടുന്ന കോൺഗ്രസ്സുകാരൻ നെഹ്രുവും. അതായത് ലോകത്തിലെ കമ്യൂണിസ്റ്റ് ശക്തിദുർഗ്ഗങ്ങളെല്ലാം ഒന്നുവിചാരിച്ചിരുന്നെങ്കിൽ നെഹ്രുവിനു ചെറുവിരലനക്കാൻ സാധിക്കാത്ത സമയത്ത് ജാതിബോധത്തിനെതിരെ ജാതിവാൽ സർനെയിം കളഞ്ഞ ഒരു മന്നത്തു പദ്മനാഭന്റെ മുന്നിൽ ജാതിവാൽ അലങ്കാരമായ ഒരു ഇ.എം.എസ് നമ്പൂതിരിപ്പാട് നയിച്ച കമ്യൂണിസ്റ്റ് മന്ത്രിസഭ കടപുഴകി വീണു.‌പക തോന്നാതിരിക്കുമോ ?

വിമോചനസമരത്തിന്റ്റെ സ്വാധീനത്തിനെതിരെ ഒരക്ഷരം മറുത്തുപറയാഞ്ഞിട്ടാണോ എന്തോ മന്ത്രിസഭ പിരിച്ചു വിടുന്നതിനും ഒക്കെ മുന്നേ ബംഗാളൊക്കെ സന്ദർശിച്ച ചെഗുവേരയെ കാണാൻ ഒറ്റ ഇന്ത്യൻ കമ്യൂണിസ്റ്റുകൾ കൂട്ടാക്കിയില്ല. ഇവന്മാരീ കൊട്ടിഘോഷിച്ച് ചെഗുവേര ടീഷർട്ടുമിട്ട് നടക്കുമ്പോൾ, കൊടിയിൽ വരെ ചെഗുവേരയെ ആലേഖനം ചെയ്യുമ്പോൾ ഇന്ത്യാവിസിറ്റിൽ ഓൾ ഇന്ത്യാ റേഡിയോയുടെ കെ.പി ഭാനുമതിക്ക് നൽകിയ ഇന്റർവ്യൂവിൽ ചെഗുവേര പറഞ്ഞത് താൻ തന്നെ ഒരു കമ്യൂണിസ്റ്റെന്നു വിളിക്കില്ലെന്നും സ്വയം ഒരു കാത്തലിക് സോഷ്യലിസ്റ്റ് ആണെന്നും ആണ്. എന്നിട്ടാണീ നാണമില്ലാത്തവന്മാർ കമ്യൂണിസ്റ്റ് തീപ്പന്തമായി ചെഗുവേരയെ കൊണ്ടുനടക്കുന്നത്.

അതായത് അഭിമാനിക്കാൻ ഒന്നുമില്ലാതെ, സ്വന്തമായി വിഗ്രഹങ്ങളൊന്നുമില്ലാതെ, ലാറ്റിനമേരിക്കയിൽ നിന്നു കെട്ടിയിറക്കിയ വിഗ്രഹം പോലും സ്വയം കമ്യൂണിസ്റ്റെന്നു പറയാൻ നാണക്കേട് തോന്നിയിരുന്ന ഒരു പാരമ്പര്യം ഉള്ളവന്മാർക്ക് അവന്മാരെ വല്ലഭായി പട്ടേലിനു ശേഷം ചെകിട്ടത്തടിച്ച മന്നത്തുപദ്മനാഭനെ എല്ലാ മന്നംജയന്തിക്കും തെറി പറഞ്ഞില്ലെങ്കിൽ ആ പരാജയബോധം മറയ്ക്കുവതെങ്ങിനെ ?
അവർണ്ണർക്ക് പൊതു വഴി ഉപയോഗിക്കാനുള്ള അവകാശത്തിനായി നടന്ന വൈക്കം സത്യാഗ്രഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു സവർണ്ണ പദയാത്ര നടത്തിയതും, എല്ലാ ഹിന്ദുക്കൾക്കും ക്ഷേത്ര പ്രവേശനം ലഭിക്കാൻ നടന്ന ഗുരുവായൂർ സത്യാഗ്രഹത്തിന് നേതൃത്വം കൊടുത്തതും, ആദ്യ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ എന്ന നിലയിൽ കേരളത്തിലെ അനവധി ക്ഷേത്രങ്ങളെ ധനസഹായം നൽകി സംരക്ഷിച്ചതും എസ്.എൻ.ഡി.പി നേതാവായിരുന്ന ആർ. ശങ്കറുമായി യോജിച്ചു ഹിന്ദു മണ്ഡലം സ്ഥാപിച്ചതും ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിനെ താഴെയിറക്കാൻ വിമോചന സമരം സംഘടിപ്പിച്ചതും മന്നം ആണ്.

സമാജത്തിനും ധർമ്മത്തിനും ദേശീയതക്കും അദ്ധേഹം നൽകിയ സംഭവനകൾ പരിഗണിച്ചു രാഷ്ട്രപതി ഭാരത കേസരി പുരസ്‌കാരം നൽകി ആദരിച്ച ആളാണ് മന്നം. അതായത് ആ മനുഷ്യനെ ഭാരതകേസരി മന്നത്തു പദ്മനാഭൻ എന്നാണു വിളിക്കുന്നത്. അദ്ദേഹത്തെ ജാതീയവാദികൾക്കും കമ്യൂണിസ്റ്റ് അപകർഷതാബോധികൾക്കും മാത്രമേ ചരിത്ര അപനിർമ്മിതി നടത്തി ജാതീയവാദി ആക്കാൻ കഴിയൂ.
അതിനിവന്മാർ ചെയ്യുന്നത് ഏതേലും കമ്യൂണിസ്റ്റ് വാലാട്ടിയെക്കൊണ്ട് നുണകളും വളച്ചൊടിക്കലുകളും ചേർത്ത് ഒരു പുസ്തകം എഴുതി പ്രസിദ്ധീകരിക്കുകയാണ്. പ്രസിദ്ധീകരിക്കുന്ന സമയം ഇത് വിവാദങ്ങൾ സൃഷ്ടിച്ചാലും‌ ഒരമ്പത് വർഷം കഴിഞ്ഞാൽ ഈ നുണപ്പുസ്തകത്തെ ചരിത്ര റഫറൻസാക്കാൻ തങ്ങളുടെ ഗീബൽസിയൻ മാനസപുത്രന്മാർക്ക് കഴിയുമെന്ന് ഇവർക്കറിയാം. നങ്ങേലിയുടെ നുണക്കഥ ഇന്ന് ചരിത്രമാക്കി ഇവന്മാർ അവതരിപ്പിക്കുന്ന അതേ പാറ്റേൺ.‌

കഴുവേറിക്കല്ല് ബുദ്ധന്മാരെ കൊന്നതാണെന്ന് പറയുന്ന , ദളവാക്കുളത്തിന്റെ നുണപറയുന്ന അതേ പാറ്റേൺ.‌ ശബരിമല ബുദ്ധവിഹാരമാണെന്ന് സ്ഥാപിച്ച എന്നാലത് ചീറ്റിയപ്പോൾ മലയരയരുടേതാണെന്ന് സ്ഥാപിച്ച അതേപാറ്റേൺ..
ഇത്രയും നുണപറഞ്ഞ് ജാതിഭിന്നിപ്പ് എന്ന വ്രണം ഇടയ്ക്കിടയ്ക്ക് കുത്തി ചലമൊലിപ്പിക്കുന്നതുകൊണ്ടുമാത്രമാണ് ഇവരെ ഞാൻ ഇത്ര വെറുത്തതും ഇവന്മാരിലെ സൈദ്ധാന്തികരെ സാമൂഹികദ്രോഹികളായ് കണക്കാക്കുന്നതും‌. ഭിന്നിപ്പിച്ച് ഭരിക്കുക. വെറുപ്പോടെ ജീവിക്കുക.
ഇതാണ് കമ്യൂണിസ്റ്റ് അതിജീവനം.

അതിന്റെ ഇന്നത്തെ ഇരയാണ് ശ്രീ മന്നത്തു പദ്മനാഭൻ. അദ്ദേഹം ജാതിവാദിയല്ലായിരുന്നു. എന്നാൽ കഠിന ജാതീയ വാദിയും അദ്ദേഹത്തിന്റെ സമകാലീനും ആയ ഒരു കമ്യൂണിസ്റ്റുകാരനുണ്ടായിരുന്നു. സാക്ഷാൽ ഇ.എം.എസ് നമ്പൂതിരിപ്പാട്. ശ്രീനാരായണഗുരുവിനെ ഗുരുവെന്നു പോലും സംബോധന ചെയ്യാൻ മടിച്ചിരുന്ന, മഹാത്മാ അയ്യങ്കാളിയെ ഒരിക്കലും വേണ്ട ബഹുമാനത്തോടെ അഡ്രസ്സ് ചെയ്യാതിരുന്ന, ചരിത്ര അപനിർമ്മിതികൾക്ക് ചരിത്രകാരന്മാരെ പ്രേരിപ്പിച്ചിരുന്ന അതേ കമ്യൂണിസ്റ്റ് സൈദ്ധാന്തികൻ ഇ.എം.എസ് നമ്പൂതിരിപ്പാട്. പക്ഷേ കമ്യൂണിസ്റ്റ് ഗീബൽസിയൻ മെഷീനറിയുടെ കൂട്ടക്കരച്ചിൽ സൃഷ്ടിക്കുന്ന നുണബോധം നമ്പൂതിരിപ്പാടിനെ മഹാനും മന്നത്തിനെ ജാതീയവാദിയും ആക്കുന്നു എന്നതാണ് മലയാളിയുടെ പ്രബുദ്ധതയുടെയും ചരിത്രബോധത്തിന്റെയും നാറുന്ന അടയാളം.
അപ്പോൾ ഇനിയും മന്നം ജയന്തികൾ ഇങ്ങനെ വരും. ഇങ്ങനെതന്നെ കമ്യൂണിസ്റ്റുകളാൽ അവമതിക്കപ്പെട്ട് കടന്നുപോകും.കൊള്ളാവുന്ന ചരിത്രം ഇല്ലാത്ത കമ്മികൾ ചരിത്രത്തെ കാർക്കിച്ചു തുപ്പുന്നതാണെന്ന് മനസ്സിലാക്കിയാൽ മാത്രം മതി.