കേവല പരിസ്ഥിതിവാദം അന്ധവിശ്വാസം തന്നെയാണ്

272

Nishanth KT Perumana എഴുതുന്നു 

നിങ്ങൾക്ക് കേവല പരിസ്ഥിതി വാദം പറയാനും, പരിസ്ഥിതി ഗാനം ആലപിക്കാനും പറ്റിയ സമയം ഇതല്ല.പ്രകൃതി ദുരന്തങ്ങൾ എല്ലാം പ്രകൃതിയുടെ ക്ഷോഭം ആണന്നും, അതിന്റെ ഉത്തരവാദികൾ മനുഷ്യരാണന്നും, പ്രകൃതിയെ ചൂഷണം ചെയ്ത് ഉണ്ടാക്കിയ എല്ലാ വിധ സൗകര്യങ്ങളിൽ ഇരുന്നു കൊണ്ട് വൈദ്യുതിയും, വിവരസാങ്കേതിക വിദ്യയും, റോഡുകളും, വാഹനങ്ങളും, കോൺക്രീറ്റ് സൗധങ്ങളും ഉപയോഗിച്ചു കൊണ്ട്, തികച്ചും അശാസ്ത്രീയമായ ഇരട്ടത്താപ്പുകൾ ഉളുപ്പില്ലാതെ ശർദ്ദിച്ചു വച്ചത് കൊണ്ടു് യാതൊരു കാര്യവും ഇല്ല.

മൂനരക്കോടി ജനങ്ങളും, ഒപ്പം അതിന്റെ പകുതിയോളം സഞ്ചാരികളും, അന്യസംസ്ഥാനക്കാരും തിങ്ങിനിറഞ്ഞ ഒരു ഇടുങ്ങിയ സംസ്ഥാനമാണ് കേരളം.പരിസ്ഥിതി ദുർബലം എന്നു കരുതിയാൽ മനുഷ്യന് ജീവിക്കാൻ കഴിയുന്ന, വ്യവസായവും, വികസനവും, ആശുപത്രികളും, റോഡുകളും, പാലങ്ങളും, വൈദ്യുതിയും, ഉൾപ്പെടെയുള്ള ജീവിത സൗകര്യങ്ങൾ ഉണ്ടാക്കാൻ കഴിയുന്ന ഇടങ്ങൾ കേരളത്തിൽ കുറവാണ്.. ഈ നാട്ടിലെ ജനങ്ങൾ വേറെ നാട് തേടി പോവേണ്ടി വരും.

മുൻകാലങ്ങളിൽ നിന്നും അപേക്ഷിച്ച് പ്രകൃതിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ കൊണ്ടുള്ള വലിയ ദുരന്തങ്ങൾ കേവലം ഒരു കുന്ന് ഇടിച്ചതുകൊണ്ടോ, കുളം നികത്തിയത് കൊണ്ടോ, മരം വെട്ടിയതുകൊണ്ടോ ആണന്ന്, ചാരുകസേരയിൽ ചാരിയിരുന്ന് പറയുമ്പോൾ, കാലാവസ്ഥയെ കുറിച്ചും, മുൻപ് നൂറ്റാണ്ടുകൾക്ക് മുൻപ് ഉണ്ടായിട്ടുള്ള ഉണ്ടായിട്ടുള്ള സമാന സംഭവങ്ങളെ കുറിച്ചെങ്കിലും പ്രാധമികമായി ഒന്നു പഠിക്കണം. മരവും, കണ്ടലും, ഒക്കെയുള്ള പിക്കാസ് പോലും തൊടാത്ത വനഭൂമിയിലും, വികസനം തൊട്ടു തീണ്ടാത്ത മൂനാം ലോകരാജ്യങ്ങളിലും ഉണ്ടാകുന്ന അതിതീവ്ര മഴയും, മണ്ണിടിച്ചിലും, ദുരന്തങ്ങളും ഉണ്ടാകുന്നതെങ്ങനെയെന്നു കൂടെ ചിന്തിക്കണം.. പിരിസ്ഥിതിവാദം പറഞ്ഞു് സകല പഴിയും, മനുഷ്യനിൽ വച്ച് കെട്ടി നൻമ്മ മരങ്ങളായി മിടുക്കരായി ചമയുകയും പ്രകൃതി ചൂഷണത്തിന്റെ എല്ലാ ആനുകൂല്യവും ആസ്വദിക്കുന്നതും ശരിയല്ല.

മനുഷ്യൻ ഉൾപ്പെടെ എല്ലാ ജീവജാലങ്ങളും,പ്രകൃതിയെ ചൂഷണം ചെയ്തു തന്നെയാണ് ഭക്ഷണം കഴിക്കുന്നതും, പാർപ്പിടം ഉണ്ടാക്കുന്നതും. മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്ത് ഉണ്ടാക്കിയെടുത്ത പുരോഗതിയാണ് നാം ഓരോ നിമിഷവും അനുഭവിക്കുന്നതും. പറഞ്ഞു വന്നാൽ, കൃഷിയും, വസ്ത്രവും, പാർപ്പിടവും അടക്കം എല്ലാം പ്രകൃതി വിരുദ്ധമാണ്.

കേരളത്തിലെ പൊതുബോധത്തിൽ ഏറ്റവും വലിയ വില്ലൻ കഥാപാത്രം ക്വാറി ഉടമകളാണ്. മാഫിയ എന്നാണ് പൊതുസമൂഹം അവരെ വിശേഷിപ്പിക്കുന്നതു് തന്നെ.. ഇവിടെ കേരളത്തിൽ നടന്ന ഓഖി അടക്കം മൂന് പ്രധാന ദുരന്തങ്ങളിലും ഉണ്ടായ നാശ നഷ്ടങ്ങളും, പൊതുഗതാഗതവും, പാർപ്പിടവും, ആശുപത്രികളും, സ്കൂളുകളും അടക്കം പുനർനിർമ്മിക്കാൻ, ഇനിയും കുന്നുകൾ ഇടിക്കേണ്ടി വരും.ചരലും, മെറ്റിലും, സിമന്റും, കമ്പിയുമെല്ലാം വേറെ ഒരു ഗ്രഹത്തിൽ നിന്നും വരാനില്ലന്ന യാഥാർഥ്യം കൂടെ മനസിലാക്കിയേ തീരു..

കേവല പരിസ്ഥിതിവാദം അന്ധവിശ്വാസം തന്നയാണു്. പ്രകൃതിയേയും പശ്ചിമഘട്ടത്തേയും, കന്യകയായ സ്ത്രീയോടൊക്കെ ഉപമിക്കുന്ന കാൽപ്പനിക സംവാദങ്ങളൊക്കെ അസംബന്ധമാണ്.. കേരളത്തിന്റെ ഭൂവിനിയോഗം സംബന്ധിച്ചും, ഘടനയെ സംബന്ധിച്ചും ഒക്കെ പരമ്പാരാഗത വാദികളെ ഒഴിവാക്കി ശാസ്ത്രീയ പഠനങ്ങളും, പുതിയ നിർവ്വചനങ്ങളും, നിർദ്ദേശങ്ങളും ഉണ്ടാവട്ടെ..

നബി: [സംശയ നിവാരണം]ഇത്രയും എഴുതിയതിന് ക്വാറി മാഫിയ ഇത്തവണ തന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിട്ടുണ്ടു്.

Advertisements