ഓണത്തള്ളുകൾ-പാരമ്പര്യവാദികൾക്ക് നമോവാകം.

290

എഴുതിയത് : Nishanth KT Perumana

ഓണത്തള്ളുകൾ. പാരമ്പര്യവാദികൾക്ക് നമോവാകം.

മലയാളി ദേശിയ ഉത്സവമായി കൊണ്ടാടുന്ന ഓണം ഒന്നാം തരം തള്ളുകളുടെ മഹോത്സവമാണ്. ഓണ സാഹിത്യങ്ങൾ തള്ളി മറിക്കുന്നതു പോലെ അത്ര സമ്മോഹനമായ ഭൂതകാലം ഒരിക്കലും ഉണ്ടായിട്ടില്ല.. ഇന്ന് വെള്ളപൂശി കൊണ്ടു നടക്കുന്നതൊന്നുമല്ല മലയാളി പാരമ്പര്യവും സംസ്ക്കാരവും ഒന്നും.

കേരളത്തിൽ എല്ലാ മനുഷ്യരും ഒന്നുപോലെയായിരുന്ന ഒരു കാലം ഉണ്ടായിട്ടില്ല. കള്ളവും, ചതിയും, കള്ളപ്പറയും, കള്ളത്തരങ്ങളും, പൊളിവചനവും, തീണ്ടലും, തൊടീലും, അയിത്തവും ഒക്കെ നിറഞ്ഞതായിരുന്നു കേരളത്തിന്റെ യഥാർഥ ഭൂതകാലം.

ഓണ സാഹിത്യങ്ങളിലെ മാവേലി നാടിന്റെ സൗന്ദര്യമോ, സൗരഭ്യമോ ഒന്നും അന്ന് ഉണ്ടായിരുന്നില്ല. കാടും ചതുപ്പും നിറഞ്ഞ പ്രദേശം, എല്ലുന്തിയ പട്ടിണി കോലങ്ങൾ, അവരുടെ ചോര ഊറ്റുന്ന പ്രമാണി വർഗ്ഗം..ജാതികളുടേയും അടിമകളുടേയും കൂട്ടങ്ങൾ.. കാലിച്ചന്തയ്ക്ക് ഒപ്പം അടിമചന്തകൾ. വല്ലപ്പോഴും അരവയർ വിശപ്പടങ്ങിയിരുന്ന കാലം. ഓണക്കോടി പോയിട്ട് നന്നായി നാണം മറക്കാൻ പോലും കഴിയാതിരുന്ന കാലം. പ്രസവത്തോടെ അമ്മയും കുഞ്ഞും മരിച്ചിരുന്ന.. കോളറയും വസൂരിയും നിറഞ്ഞാടിയിരുന്ന, നിരക്ഷരരായ ഒരു കൂട്ടത്തിന്റെ ചരിത്രമാണ് ഓണ സാഹിത്യങ്ങളിൽ മലയാളികൾ നിറം പിടിപ്പിച്ചു കൊണ്ടു നടക്കുന്ന സമ്മോഹന പൈതൃക പാരമ്പര്യം.

Advertisements