Nishanth KT Perumana എഴുതുന്നു

നെയ്യാറ്റിൻകരയിലെ ഇരട്ട ആത്മഹത്യ ,ആത്മഹത്യ ചെയ്തവരുടെ ആത്മഹത്യാ കുറിപ്പിന്റെ അടിസ്ഥാനത്തിൽ കുടുംബകലഹമാണ് എന്ന് മാത്രം വരുത്തി തീർക്കാൻ ശ്രമിക്കുന്നത് ബാങ്കുകൾക്ക് നേരെ നടക്കുന്ന പ്രതിക്ഷേധങ്ങൾക്ക് എതിരെ ഒരു പൊതുബോധ നിർമ്മിതി മാത്രമാണ്. നെയ്യാറ്റിൻകരയിൽ മാത്രമല്ല, നമ്മുടെ രാജ്യത്തും, കേരളത്തിലും വർഷാവർഷം കടം വീടാൻ നിവർത്തിയില്ലാതെ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം എണ്ണിയാലൊടുങ്ങാത്തതാണ്. നെയ്യാറ്റിൻകര സംഭവത്തിൽ മരണമൊഴിയും, ആത്മഹത്യാകുറിപ്പും അന്തിമമാണന്നതു കൊണ്ടുതന്നെ ബാങ്ക് അധികൃതർക്കെതിരെ ഇനി നടപടിയെടുക്കുക അസാധ്യമാണ് എന്നത് ശരി തന്നെ. പക്ഷേ, അത് മാത്രം ഉയർത്തി ആത്മഹത്യകൾക്ക് പിന്നിലെ ബാങ്കുകളുടെ ഗുണ്ടായിസവും കരിനിയമമായ സർഫാസിയും അലക്കി വെളുപ്പിച്ച് കൊടുക്കാൻ ചിലർ ഇറങ്ങിയിരിക്കുന്നതു കൂടി കാണേണ്ടതുണ്ട്.ബാങ്കുകൾ നൽകുന്ന വായ്പാ കുടിശിഖ ഇല്ലാതെ പിരിച്ച് തീർക്കുന്നതിന് ജപ്തി അടക്കമുള്ള നടപടികൾ സ്വീകരിക്കുന്നതിനോട് വിയോജിക്കാനില്ല.പക്ഷേ, സംസ്ഥാന ഗവൺമേന്റിന്റെ മൊറട്ടോറിയവും, മുഖ്യമന്ത്രിയുടെ അടക്കം നിർദ്ദേശങ്ങളും കാറ്റിൽ പറത്തി ഒരു വ്യക്തിക്കെതിരെ, കുടുംബത്തിനെതിരെ നടത്തുന്ന കടന്നുകയറ്റത്തെ കുടുംബകലഹത്തിന്റെ പേരിൽ അലക്കി വെളുപ്പിക്കുന്നതിനോട് യോജിപ്പില്ല.. ആത്മഹത്യയിൽ നിന്നുടലെടുത്ത അതിവൈകാരികതയും, കേവലമായി നടപ്പാക്കേണ്ട യാന്ത്രിക നിയമങ്ങൾക്കും അപ്പുറം ഈ വിഷയത്തിന് പ്രസക്തി ഉണ്ട് എന്നു തന്നെ കരുതുന്നു. ആത്മഹത്യ കുറിപ്പിൽ പറയുന്ന കുടുംബ പ്രശ്നങ്ങൾ സാമ്പത്തിക ബാധ്യത നേരിടുന്ന ഏത് കുടുംബത്തിലും ഉള്ളത് തന്നെയാണ്. അന്ധവിശ്വാസം കൂടെ ചേർന്നു കഴിഞ്ഞപ്പോൾ പ്രശ്നം കൂടുതൽ വഷളായി. പതിനഞ്ച് വർഷം മുൻപ് അഞ്ച് ലക്ഷം വായ്പ അനുവദിച്ച ആസ്തി മുതലിന് ഇന്ന് വീട് ഉൾപ്പെടെ അൻപത് ലക്ഷം രൂപയെങ്കിലും വിലമതിപ്പുണ്ട്. അതാണ് ഇരുപത്തഞ്ച് ലക്ഷത്തിന് റിയൽ എസ്‌റ്റേറ്റ് മാഫിയയിൽപ്പെട്ട ഒരാൾക്ക് കച്ചവടം ചെയ്യാൻ ഉടമ തീരുമാനിച്ചത്. അവസാന ദിവസം ഒരു ലക്ഷം രൂപയിൽ വന്ന തർക്കമാണ് അന്ന് ഇടപാട് നടക്കാതെ വരികയും തുടർ സംഭവങ്ങളിലേക്ക് വഴിവച്ചതും.വായ്പക്കാരന്റെ മകളിൽ നിന്നടക്കം വായ്പ തിരിച്ചടക്കുന്നതിന് നിബന്ധന എഴുതി വാങ്ങിയ ബാങ്ക്, മുഖ്യമന്ത്രിയുടേയും സർക്കാർ മൊറട്ടോറിയത്തിന്റേയും നിബന്ധനകൾ പാലിക്കാതെ സർഫാസി നിയമത്തിന്റെ ഹുങ്കോടെ മുന്നോട്ടു പോയതും, ഒപ്പം ആത്മഹത്യാ കുറിപ്പിലെ കുടുംബ പ്രശ്നങ്ങളും രണ്ട് ജീവനുകൾ ഇല്ലാതാക്കുകയാണ് യഥാർഥത്തിൽ ചെയ്തത്.. അത് കൊണ്ട് തന്നെ കുടുംബ പ്രശ്നം മാത്രമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന ” ബാങ്ക് പാവാട..” ക്കാരുടെ വാദങ്ങൾ വസ്തുനിഷ്ടമേ അല്ല. ബാങ്കുകളുടെ വായ്പാശേഷിയുടെ തൊണ്ണൂറ് ശതമാനവും വൻകിട ലോണുകളാണ്. ചെറുകിട ലോണുകൾ വളരെ കുറവുമാണ്.. ചെറുകിട ലോണുകൾ ബാങ്ക് ശാഖകളിൽ നിന്ന് ബാങ്ക് മാനേജർമ്മാർ അനുവദിക്കുമ്പോൾ വൻകിട ലോണുകൾ ഉയർന്ന ഉദ്യോഗസ്ഥരാണ് അനുവദിക്കുന്നത്.. ബാങ്കുകളുടെ കിട്ടാക്കടത്തിന്റെ മുക്കാൽ ശതമാനവും വൻകിട ലോണുകളിൽ നിന്നുള്ളതാണ്.. ആ ലോണുകൾക്ക് മൊറൊട്ടോറിയവും ഇളവുകളും ബാധകമാകുമ്പോൾ ചെറുകിട വായ്പകൾക്ക് ഇതൊന്നും ലഭിക്കാറുമില്ല എന്ന വസ്തുതയ്ക്ക് മുന്നിൽ കണ്ണടച്ച് ഇരുട്ടാക്കുകയാണ് ചിലർ.. പ്രവർത്തന മൂലധനത്തിന്റെ നല്ലൊരു പങ്ക് വൻകിട വായ്പകളിൽ നിന്നു ലോൺ എടുത്ത് പ്രവർത്തിക്കുന്ന..അതിൽ തന്നെ കോടികൾ വായ്പാ കുടിശ്ശികയുള്ള കേരളത്തിലെ ദൃശ്യ, പത്ര മാധ്യമങ്ങൾ ബാങ്കുകളുടെ പ്രീതിയ്ക്കു വേണ്ടി നടത്തുന്ന പൊതുബോധ നിർമ്മിതിയ്ക്ക് ഒപ്പം തൽക്കാലം ഇല്ല.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.