പാമ്പുപിടുത്തം പബ്ലിസിറ്റിക്കും പത്മഅവാർഡിനും വേണ്ടിയുള്ള സർപ്പയജ്‌ഞം ആകരുത്

0
2647

Nishanth KT Perumana എഴുതുന്നു 

പാമ്പു് ഉണ്ടായിട്ടുള്ള കാലത്തോളം പാമ്പ് പിടുത്തക്കാരും ഉണ്ടു്. വാവ സുരേഷ് പാമ്പ് പിടുത്തക്കാരിൽ ആദ്യത്തെ ആളോ അവസാനക്കാരനോ അല്ല. ശാസ്ത്രീയമായ മാർഗ്ഗത്തിൽ പിടിക്കുന്ന ആൾക്കും, പിടിക്കുന്ന പാമ്പിനും അപകടം പറ്റാതെ അത് ചെയ്യുന്ന ആളാണു് ആ ജോലിയിൽ വിദഗ്ദ്ധൻ.. അത്തരത്തിൽ ഒരു വിദഗ്ധൻ അല്ല വാവാ സുരേഷ്.. സുരേഷ് വെറും ഒരു സർപ്പ യഞ്ജക്കാരൻ മാത്രമാണു്..

ആയിരത്തിലേറെ പ്രാവശ്യം തന്നെ പാമ്പ് കടിച്ചെന്നും, ഞാൻ ഒരു സാധാരണക്കാരനും ദരിദ്രനുമാണന്നും, പാമ്പുമായുള്ള സഹവാസം കാരണം ഭാര്യ ഉപേക്ഷിച്ചു പോയെന്നും, പാമ്പ് കടികൾ ഏറ്റതു കൊണ്ടു് പഴയ ജോലിയായ കൽപ്പണിക്ക് പോകാൻ കഴിയില്ലന്നുമൊക്കെ പറയുന്നതു്, ഇനിയും പാമ്പു് പിടിക്കാനും, കടി വാങ്ങാനും ഉള്ള കാരണങ്ങളല്ല..

പാമ്പു് പിടിക്കാൻ ക്യാമറമാനും, സന്നാഹങ്ങളുമായി നടക്കുന്നയാളാണു് സുരേഷ്, ടെലിവിഷൻ സംപ്രക്ഷണം വഴിയും, യൂ ട്യൂബ് വഴിയും നല്ല വരുമാനവും ഉണ്ടു്.സിനിമക്കാർക്കും, നൻമ്മ മരങ്ങൾക്കും ഉള്ളത് പോലെ മണ്ടൻമ്മാരായ അന്തം ഫാൻസും ഉണ്ടു്.. ടി വി പരിപാടികളിൽ നിന്നും, ക്ഷണിക്കപ്പെട്ട വേദികളിൽ സർപ്പ യജ്ഞം നടത്തുന്നതിന് നല്ല വരുമാനവും കിട്ടുന്നുണ്ടു്.. അല്ലാതെ വാവ ചെയ്യുന്ന പാമ്പ് പിടുത്തം മോക്ഷം കിട്ടാൻ അയാൾ ചെയ്യുന്ന പ്രവർത്തനമല്ല..

ലളിത ജീവിതവും, സെലിബ്രിറ്റി ജീവിതവും ഒക്കെ ഒരോരുത്തരുടേയും ചോയ്സ് ആണു്.ലളിത ജീവിതം നല്ലവണ്ണം മാർക്കറ്റ് ചെയ്യുന്നവരും ഉണ്ടു്.. അതൊക്കെ ഒന്നാം തരം തള്ളും തലോടലും കിട്ടുന്ന വഴികൾ തന്നെയാണു്.

വാവ പാമ്പ് പിടുത്തം നിർത്തുന്നു എന്ന് പ്രഖ്യാപിക്കുന്നതു് ആദ്യം അല്ല. “അയ്യോ അച്ഛാ പോകല്ലെ..അയ്യോ അച്ഛാ പോകല്ലെ.. ” എന്ന് കരഞ്ഞു വിളിക്കാൻ നല്ല ഒന്നാം തരം ഫാൻസുള്ള വാവയ്ക്ക്, പാമ്പ് പിടിക്കുന്ന പകുതി ധൈര്യം ഉണ്ടങ്കിൽ ഇനിയും അങ്ങനെ പ്രഖ്യാപിക്കാവുന്നതാണു്..

വാവ പാമ്പ് പിടുത്തം നിർത്തരുതു് എന്നതാണു് വ്യക്തിപരമായി എന്റെ അഭിപ്രായം.. അത് പബ്ളിസിറ്റിയ്ക്കും, പത്മ അവാർഡിനും വേണ്ടിയുള്ള സർപ്പയജ്ഞം ആകരുതു്.. ശാസ്ത്രീയമായി, പ്രഫഷണലായി വാവയും പാമ്പ് പിടിക്കണം.

നബി: ഈ പറയുന്ന നിനക്ക് ഒരു നീർക്കോലി എങ്കിലും പിടിച്ചു കൂടെ എന്നു് ചോദിയ്ക്കുന്ന ഫാൻസിനോട് പറയാനുള്ളതു് ഇത്രമാത്രമാണു്.. എനിക്ക് വാവയെപ്പോലെ അറിയാത്ത പണി ചെയ്ത്, കടിയും, പണിയും വാങ്ങാൻ ഒട്ടും താൽപ്പര്യമില്ല. അത് കൊണ്ടു് മാത്രമാണു്.