ഏറ്റവും ചെറുപ്പത്തിലേ കുട്ടികളിൽ മതം നിറയ്ക്കാനാണ് എല്ലാ മതങ്ങളും ഇത്തരത്തിലുള്ള ആചാരങ്ങൾ സംഘടിപ്പിക്കുന്നത്

141

Nishanth KT Perumana എഴുതുന്നു

കൊച്ചു കുട്ടികളെ ഇരുപത്തിയൊന്നു ദിവസം ഫാൻസീ ഡ്രസ് ധരിപ്പിച്ച്, കന്നുകാലിത്തൊഴുത്തിനു സമാനമായ ഷെഢിൽ താമസിപ്പിച്ച്, വിദ്യാഭ്യാസം പോലും നിഷേധിച്ച് കുരുന്നിലേ തന്നെ അന്ധവിശ്വാസവും, അനാചാരവും, കുത്തിവയ്ക്കുന്ന ഏർപ്പാടാണ് ചിക്കര ഇരുത്ത് ചടങ്ങ്.. ആലപ്പുഴ ജില്ലയിൽ കണിച്ചുകുളങ്ങര ക്ഷേത്രമാണ് ഈ ചടങ്ങിന് പ്രസിദ്ധി ആർജിച്ചത്.

കൊടിയേറ്റ് ദിവസം മുതൽ 21 ദിവസക്കാലമാണ് ഇവിടുത്തെ ചിക്കര ഇരുപ്പ് ചടങ്ങ്. അമ്പലപ്പുഴ, ചേർത്തല താലൂക്കിലെ മിക്ക കുട്ടികളേയും ഈ ആചാരത്തിന്റെ ഭാഗമായി ചിക്കര ഇരുത്തുന്നത് ഒരു ഫാഷൻ ആയി മാറിയിട്ടുണ്ട്.. നാലായിരത്തിനടുത്ത് കുട്ടികളാണ് അടിസ്ഥാന സൗകര്യം പോലുമില്ലാത്ത ചുറ്റുപാടിൽ പൊടിയും, പുഴുക്ക് വഴിപാടിന്റെ പുകയും, കരിമരുന്നിന്റെ രൂക്ഷഗന്ധവും, തിരക്കും സഹിച്ച് ഈ വിശ്വാസത്തിന്റെ ഭാഗമായി അവിടെ കഴിഞ്ഞുകൂടുന്നത്. ഒരു കുട്ടിയ്ക്ക് ചിക്കര വഴിപാടായി ക്ഷേത്രത്തിൽ തങ്ങുന്നതിന് ഏറ്റവും കുറഞ്ഞത് ഒരു ലക്ഷം രുപ ചിലവ് വരും, വില കൂടിയ രണ്ടു മൂന്ന് ജോഡി പ്രത്യേകതരത്തിലുള്ള വസ്ത്രം, ആട ആഭരണങ്ങൾ, മേക്കപ്പ് എന്നിവ എല്ലാ ദിവസവും അണിയണം. താമസിക്കുന്ന കാലിത്തൊഴുത്തിന് സമാനമായ ഷെഡിലെ ഒരു ഇടുങ്ങിയ മുറിക്ക് 1000 രൂപ മുതലാണ് ദിവസവാടക.. എന്നാൽ എല്ലാ ധനികരായ മാതാപിതാക്കൾ ഉള്ള കുട്ടികൾക്ക് പഞ്ചനക്ഷത്ര സൗകര്യങ്ങൾ അടങ്ങിയ മുറികളും ലഭ്യമാണ്. അതൊക്കെ സ്വകാര്യ ഏജൻസിയിൽ മുൻകൂർ ബുക്ക് ചെയ്യണം.കുട്ടിയും, മാതാപിതാക്കളും, ബന്ധുക്കളും, ഉൾപ്പെടെ ഈ ചെറിയ സൗകര്യത്തിലാണ് താമസം.

ഈ കുട്ടികളുടെ താമസത്തിനോ, ഭക്ഷണത്തിനോ ഏറെ സമ്പന്നമായ ദേവസ്വം കമ്മറ്റി യാതൊരു സഹായവും നൽകുന്നില്ല.. അയ്യായിരം രൂപയാണ് ദേവസ്വം ഭക്ഷണത്തിന് വേണ്ടി കുട്ടികളിൽ നിന്നും ഈടാക്കുന്നത്. ഷെഢിൽ താമസിക്കുന്ന കുട്ടികൾ ക്യൂ നിന്ന് ഈ ഭക്ഷണം വാങ്ങിക്കഴിക്കുമ്പോൾ, മുന്തിയ മുറികളിൽ താമസിക്കുന്നവർ ഇഷ്ട ഭക്ഷണം പാകം ചെയ്തു കഴിക്കുന്നു. എന്നു മാത്രമല്ല വൻ തുക വഴിപാട്, ദക്ഷിണ ഇനത്തിൽ ഈടാക്കുന്നുമുണ്ട്. വെള്ളത്തിനും, ഭക്ഷണ വസ്തുക്കൾക്കും വലിയ വില വാങ്ങി വലിയ കച്ചവടവും നടക്കുന്നു. അന്ധയായ കുട്ടിയ്ക്ക് കാഴ്ച്ച കിട്ടിയെന്നും, ഊമയായ കുട്ടി സംസാരിച്ചുവെന്നും, ശരീരം തളർന്ന കുട്ടി ഓടി നടന്നു എന്നുമൊക്കെയുള്ള സ്ഥിരം ചേരുവ ചേർത്തുള്ള കള്ളക്കഥകൾ മെനഞ്ഞാണ് കച്ചവടം പൊടിപൊടിക്കുന്നത്.

ഒട്ടും സുരക്ഷിതമല്ലാത്ത ചുറ്റുപാടിൽ കുട്ടികൾക്ക് അപകടം ഉണ്ടാവുന്നതും പതിവാണ്, ക്ഷേത്രത്തിന്റെ കുളി കുളത്തിൽ ഈ കഴിഞ്ഞ ദിവസവും ഒരു കുരുന്നു ജീവൻ പൊലിഞ്ഞു.. നല്ല അന്തരീക്ഷത്തിലെ താമസം, ഭക്ഷണം, മുതിർന്നവരുടെ സംരക്ഷണം, ചികിൽസ, വിദ്യാഭ്യാസം എന്നിവ അടക്കം കുട്ടികൾക്ക് കിട്ടേണ്ട മനുഷ്യാവകാശമാണ് ഈ വഴിപാട് മൂലം ഇല്ലാതാവുന്നത്.
സാധാരണ കുടുംബങ്ങളാണ് ഈ തട്ടിപ്പിന്റെ പ്രധാന ഇരകൾ. സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന നിരവധി കുടുംബങ്ങൾ അന്ധവിശ്വാസത്തിന്റെ ഭാഗമായി ഈ ചടങ്ങിന് ഗത്യന്തരമില്ലാതെ നിർബന്ധിതരാവുകയാണ്. വഴിപാടിന് ശേഷം കടം വീട്ടാൻ ആഭരണങ്ങളും, എന്തിന് കിടപ്പാടം പോലും വിൽക്കുന്നവരും ഉണ്ട്.. കടം വീട്ടാൻ ദേവി സഹായിക്കാറില്ലത്രേ..!!

സാധാരണക്കാർ 21 ദിവസവും താമസിക്കുന്നത് ടിൻ ഷീറ്റ് പാകിയ ലായങ്ങളിലാണ് ഈ കൊടുംചൂടിൽ അവർ കഴിയുമ്പോൾ ധനികരുടെ കുട്ടികൾ എയർ കണ്ടീഷൻ മുറികളിൽ സുഖമായി ഉറങ്ങും. നിന്നു തിരിയാൻ ഇടമില്ലത്ത കുടുസു ലായത്തിൽ ആഹാരം പാകം ചെയ്തു വേണം കഴിക്കാൻ. ബന്ധുക്കൾ മരിച്ചാൽപ്പോലും ചിക്കര കുട്ടികളുടെ കൂട്ടിരിപ്പുകാർക്ക് മരണവീട്ടിൽ പോകാൻ പോലും കഴിയില്ല.. അശുദ്ധിയാണത്രേ.. ഏതെങ്കിലും ചിക്കര കുട്ടിയുടെ രക്തബന്ധമുള്ള ആരെങ്കിലും മരണമടഞ്ഞാൽ ആ നിമിഷം ക്ഷേത്രത്തിൽ നിന്ന് പുറത്തു പോകണം. അങ്ങനെ വഴിപാട് മുടങ്ങിപ്പോകുന്ന സംഭവങ്ങൾ ധാരളമാണ്. ഏറ്റവും പ്രധാനം ഈ കുട്ടികളുടെ വിദ്യാഭ്യാസമാണ്. സ്കൂളുകളിൽ പോകാൻ ഉള്ളവർക്ക് പോകാം എന്ന് സംഘാടകർ പറയുന്നുണ്ടങ്കിലും, ദൂരെ നിന്ന് ചിക്കരയിരിക്കുന്ന കുടുംബത്തിന് അത് അസ്സാദ്ധ്യമാണ്.. രാവിലെ നടക്കുന്ന ചടങ്ങുകൾക്ക് ശേഷം പണം മുടക്കി വാഹനത്തിലും, സ്വന്തം വാഹനത്തിലും ചുരുക്കം ചില രക്ഷകർത്താക്കൾ കുട്ടികളെ സ്കൂളിൽ എത്തിക്കുന്നു..ഒരു മാസത്തോളം പരീക്ഷ സമയമുള്ള ഈ സമയത്താണ് കുട്ടികൾക്ക് സ്ക്കൂൾ വിദ്യാഭ്യാസം ഇല്ലാതാകുന്നത്.. എന്നാൽ,ചിക്കര ഇരിക്കുന്ന കുട്ടികൾക്ക് സർക്കാർ സ്ക്കൂളുകളിൽപ്പോലും ആ സമയത്തെ ഹാജർ നൽകാറുണ്ടതേ..!!

ഏറ്റവും ചെറുപ്പത്തിലേ കുട്ടികളിൽ മതം നിറയ്ക്കാനാണ് എല്ലാ മതങ്ങളും ഇത്തരത്തിലുള്ള ആചാരങ്ങൾ സംഘടിപ്പിക്കുന്നത്. ചിക്കര ഇരിക്കുന്ന കുരുന്നു മനസിലേക്ക് ഇതിനോടനുബന്ധിച്ചുള്ള നിറം പിടിപ്പിച്ച കഥകളും, ആചാരങ്ങളും കുത്തിവയ്ക്കുന്നതോടെ ആ കുട്ടി മത ജീവിയായി മാറുന്നു.. ചിന്തിക്കാനുള്ള ശേഷിക്കപ്പുറം അവന്റെ അല്ലങ്കിൽ അവളുടെ ഓർമ്മകളിലേക്ക് മതവും, ആചാരവും, കടത്തിവിട്ട് ജീവിതകാലം മുഴുവൻ മതത്തിന്റേയും, ആചാരത്തിന്റേയും, അതിനെ തുടർന്നുള്ള കച്ചവടത്തിന്റേയും, ഇരകളെ സൃഷ്ടിക്കലാണ് ചിക്കര വഴിപാട് കൊണ്ട് ഉദ്ധ്യേശിക്കുന്നത് തന്നെ..