മതം വിട്ട പെണ്ണിനെ ക്രൂശിക്കുന്നത് മറുപടിയില്ലാത്തവർ

428

Nishanth KT Perumana

ജസ്ല മാടശ്ശേരിയുടെ മതം വിട്ട പെണ്ണ് എന്ന പ്രഭാഷണം തിരുവനന്തപുരം YMCA ഹാളിൽ നേരിട്ട് കേൾക്കാൻ സാധിച്ചിരുന്നു. എസ്സൻസ് ഗ്ലോബൽ തിരുവനന്തപുരം സംഘടിപ്പിച്ച അര ദിവസത്തെ സെമിനാറിൽ 30 മിനിട്ട് മാത്രം നീണ്ട, ഏതാണ്ടു് ഇരുന്നൂറ് പേർ മാത്രം നേരിട്ട് കേട്ട ആ പ്രഭാഷണമാണു് ഇന്ന് മലയാളത്തിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ [വെറും രണ്ടു് ദിവസം കൊണ്ടു് രണ്ട് ലക്ഷം പേർ ] കേട്ട പ്രഭാഷണമായി സർവ്വകാല റിക്കാഡുകൾ ഭേദിച്ച് മുന്നേറുന്നതു്. ഈ അടുത്ത കാലത്തൊന്നും ഒരു പ്രഭാഷണം ഇത്രയും ആവേശത്തോടെ ആളുകൾ സ്വീകരിച്ചിട്ടില്ല. അത് തന്നെയാണു് ആ പ്രഭാഷണത്തിന്റേയും വിജയം.

ജസ്ല മടശ്ശേരി എന്ന 23 വയസ് മാത്രം ഉള്ള ഒരു സ്ത്രീ കേരളത്തിൽ അറിയപ്പെടുന്നത് ഏറ്റവും കൂടുതൽ സൈബർ ആക്രമണത്തിന് വിധേയയായ സ്ത്രീ എന്നതു തന്നെയാണു്. അതിന് ഇടയാക്കിയതു് അവർക്ക് മതത്തോടുള്ള സമീപനം തന്നെയാണു്.. മതം ആണു് അവരെ, അക്രമിച്ചതും, പ്രശസ്തയാക്കിയതും

മതപരമായ ചട്ടക്കൂടിനുള്ളിൽ ജനിച്ച ഒരു പെൺകുട്ടി, മദ്രസ്സാ പഠനവും, മതവിശ്വാസവും പിൻതുടർന്ന താൻ എങ്ങനെയാണ് മതം ഉപേക്ഷിച്ചതെന്ന് അര മണിക്കൂർ മാത്രം സമയം കൊണ്ടു്, മതത്തിലെ തന്നെ കാര്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി, തന്റെ തന്നെ ജീവിതത്തിലൂടെ കടന്നു പോകുകയാണു്,പ്രഭാഷണത്തിൽ..

മതത്തെ ഉൾക്കൊള്ളാനാവാതായതോടെ മതം അവരെ ഉപേക്ഷിച്ചു തുടങ്ങി എന്നാണു് അവർ പറയുന്നത്. ഒരു മത വിശ്വാസിയ്ക്ക് മതം നൂറിൽ നൂറ് ശതമാനം അനുഷ്ടിച്ച്, വിശ്വസിച്ച് കഴിയാൻ കഴിയില്ലന്നും, അങ്ങെനെ കഴിയേണ്ടി വരുന്നത് കപട വിശ്വാസമാണന്നും, അത് ഇസ്ലാമിലെ ഏഴ് കൊടും പാപങ്ങളിൽ ഒന്നാണന്നുമാണ് ജസ്ല പറയുന്നതു്. അങ്ങനെ മതത്തിന്റെ മൂടുപടം എടുത്തണിഞ്ഞ്, ഉള്ളിൽ അവിശ്വാസിയായും, പുറമെ വിശ്വാസിയായും ജീവിക്കാൻ ഉള്ളിലെ ബോധം അനുവദിക്കാത്തതു കൊണ്ടും,സ്വന്തം യുക്തിയ്ക്കും ബുദ്ധിയ്ക്കും, സ്വാതന്ത്രബോധത്തിനും നിരക്കാത്ത മതത്തിൽ ഒരു കപട വിശ്വാസിയായി തുടരാൻ ആവാത്തതു കൊണ്ടു് മതം വിട്ടു എന്നാണു് അവർ ആവർത്തിക്കുന്നതു്. എന്നാൽ മതം അവരെ വിട്ടിട്ടില്ല എന്നതാണു് പ്രഭാഷണത്തിന് ശേഷ വന്ന പ്രതികരണങ്ങളിൽ നിന്നു്, വ്യക്തമാകുന്നതു്. പഠിച്ചിട്ട് വിമർഷിക്കു.. അനക്ക് മരിക്കേണ്ടേ.. സന്ദർഭത്തിൽ നിന്നും അടർത്തി, പക്വത ഇല്ല, ഭാഷ ശരിയല്ല, അവതരണത്തിൽ ശരീരം ഉപയോഗിച്ചു.. പിന്നെ, പതിവുപോലെ വ്യക്തി ലൈംഗിക അധിക്ഷേപവും തെറി വിളിയും.. ഒപ്പം, മതത്തെ വ്യാഖ്യാനിച്ച് വെളുപ്പിക്കുന്ന തിരക്കിലാണ് പലരും.

ആയിരത്തി നാനൂറ് വർഷങ്ങൾക്ക് മുൻപ് അന്നത്തെ സന്ദർഭ, സാഹചര്യങ്ങളിൽ ഉണ്ടായ മത നിയമങ്ങളെ യാതൊരു മാറ്റവും ഇല്ലാതെ പിൻതുടരുന്നത് ഇന്നത്തെ സാഹചര്യത്തിൽ അപ്രാപ്യമല്ല എന്നാണു് ജസ്ല പറയുന്നതു്. ഒരു മതേതര സാമൂഹത്തിൽ ജീവിക്കാൻ അതിന് പരുവപ്പെടാത്ത ഖുറാൻ വചനങ്ങളാണു അവർ ഉന്നയിക്കുന്നതു്. വിദ്യാഭ്യാസം, സഹപാഠികളോടും, സുഹൃത്തുകളോടും ഉള്ള സമ്പർക്കം, മനുഷ്യനിൽ അന്തർലീനമായ കല, സാഹിത്യം, ശിൽപ്പകല, ചിത്രം വര, സംഗീതം എന്നു വേണ്ട മനുഷ്യന്റെ സകല ആധുനികതയും മതം നിരാകരിക്കുന്നു എന്ന് അവർ സ്ഥാപിക്കുന്നു.. അതെല്ലാം ആസ്വദിച്ച് ജീവിക്കുന്നവർക്ക് പുറമെ മതവിശ്വാസി ആയി ജീവിക്കാമെങ്കിലും, മതം മനസ്സിലാക്കിയിട്ടുള്ളവർക്ക്, അതൊരിക്കലും കഴിയില്ല എന്നും, മത പുസ്തകമാണു് മതത്തിന്റെ അടിസ്ഥാനമെങ്കിൽ അത് പിൻതുടരുന്നവരാണു് മത വിശ്വാസിയെന്നും.. ആഗ്രഹങ്ങൾ ഉള്ളിൽ അടക്കി എന്തിനാണു്, തിക്കി കൂടി അതിനകത്ത് നിൽക്കുന്നതെന്നുമാണു് അവർ ചോദിക്കുന്നതു്.

അടിമുടി പുരുഷാധിപത്യം ഉള്ള മതത്തിൽ, പുരുഷൻ അവന്റെ തലച്ചോർ ഉപയോഗിച്ച് രൂപീകരിച്ച മതത്തിൽ, ഒരു സ്ത്രീയ്ക്ക് എന്തൊക്കെ പരിമിതി ഉണ്ടന്ന് ഖുറാൻ ആയത്തുകൾ ചൂണ്ടിക്കാട്ടിയാണു് അവർ ചോദിക്കുന്നതു്. മതം വിട്ടയാൾ വ്യഭിചാരിണിയാക്കപ്പെടുകയാണു്. മതം എന്നും ചിന്തിക്കുന്നതു് ലിംഗം കൊണ്ടാണു്. മതത്തിന്റെ ദൃഷ്ടിയിൽ വ്യഭിചാരിണി ആക്കപ്പെടുന്നതിന് വ്യഭിചരിക്കണമെന്നില്ല, ചോദ്യങ്ങൾ തിരിച്ചു ചോദിക്കുക, സംശയിക്കുക, കനപ്പിച്ച് സംസാരിക്കുക നോക്കുക, ഉറക്കെ ചിരിക്കുക, കലാ, സാഹിത്യം, സൗഹൃദം, പ്രണയം, ഇതൊന്നും ചെയ്യാതെ തന്നെ, കുറഞ്ഞ പക്ഷം ഒരു അത്തറു പൂശി പുറത്തിറങ്ങുന്ന ഒരു പെണ്ണാവട്ടെ..അവൾ മതത്തിന്റെ കാഴ്ച്ചപ്പാടിൽ വ്യഭിചാരിണിയാണു്. എന്നാണു് താൻ നേരിട്ട ലൈംഗിക അധിക്ഷേപങ്ങൾക്കും, അനുഭവങ്ങൾക്കും, മതത്തിന്റെ കൂടെ കാര്യ കാരണങ്ങൾ ഉദാഹരിച്ച് ജസ്ല വിശദീകരിക്കുന്നതു്.

സ്ത്രീ സമൂഹം നേരിടുന്ന പ്രശ്നങൾ, ഒരു വ്യക്തി എന്ന നിലയിൽ തന്റെ സന്തോഷങ്ങൾ, ആഗ്രഹങ്ങൾ.. മനുഷ്യൻ എന്ന നിലയിലെ പോരായ്മകൾ. എല്ലാം വിശദീകരിക്കുന്ന പ്രഭാഷണത്തിൽ, മതത്തിന്റെയെന്നല്ല, ഒന്നിന്റേയും പൊളിറ്റിക്കൽ കറട് നോക്കി, ഏതിന്റെ എങ്കിലും ബാനർ പിടിച്ച് നിൽക്കാൻ താൻ തയ്യാറല്ല എന്ന് ഒരു ഇരുപത്തി മൂന്ന് കാരി ഇത്രയും പ്രതിസന്ധിക്കിടയിലും, ഭീഷണിക്കിടയിലും പറയുന്നുണ്ടങ്കിൽ അതാവും, “മതമില്ലാത്ത പെണ്ണ് “എന്ന കേവലം മുപ്പത് മിനിട്ടു മാത്രമുള്ള ഈ പ്രഭാഷണം കേരളം ഏറ്റെടുക്കേണ്ടതു്. ചിന്തിക്കുന്ന, സ്വതന്ത്രമായി നിൽക്കാൻ ആഗ്രഹിക്കുന്ന.. സ്വർഗ്ഗത്തിന്റെ കൊതിയും, നരകത്തിന്റെ പേടിയും കൂടാതെ, അകെ ഉള്ള ജീവിതം സസന്തോഷം ജീവിക്കണമെന്ന ആഗ്രഹം മാത്രമുള്ള പുതു തലമുറയ്ക്ക് ഒരു പ്രചോദനം എന്നതിനപ്പുറം വേറൊന്നും കൂടുതൽ എന്ത് പ്രതീക്ഷിക്കാനുണ്ട്..

ഇത്തരം ഒരു വേദി ഒരുക്കിയ എസ്സൻസ് എന്ന സംഘടനയും അഭിനന്ദനം അർഹിക്കുന്നു.. എസ്സൻസ് ഇത്രയും നാളും പറഞ്ഞതിൽ, നാഴികക്കല്ലുകൾ ഉണ്ടങ്കിൽ അതിലൊന്നു്, ഒരു ബ്രേക്ക്.. അതിൽ ഈ അര മണിക്കൂർ കൂടി അടയാളപ്പെടുത്തപ്പെടും.. ആശംസകൾ.. എസ്സൻസ്.