അപര്‍ണ ബാലമുരളി നായികയായ തമിഴ് ചിത്രമാണ് ‘നിതം ഒരു വാനം‘. അശോക് സെല്വൻ നായകനാകുന്ന ചിത്രം നവംബര്‍ നാലിനാണ് റിലീസ് ചെയ്തത്. മോശമല്ലാത്ത പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്. ‘നിതം ഒരു വാനം’ നെറ്റ്ഫ്ലിക്സില്‍ ഡിസംബര്‍ രണ്ട് മുതൽ സ്ട്രീം ചെയ്തുതുടങ്ങി . ശിവാത്മീക, റിതു വര്‍മ എന്നീ നായികമാരും ചിത്രത്തിലുണ്ട്. ര കാര്‍ത്തിക് ആണ് സംവിധാനം ചെയ്യുന്നത്. ഗോപി സുന്ദര്‍ ആണ് സംഗീത സംവിധാനം.
Megha Pradeep
“തെഗിടി” എന്ന പടം കണ്ട് ഇഷ്ടപ്പെട്ടതാണ് അശോക് സെൽവൻ എന്ന നടനെ… ഒരുപാട് പടങ്ങൾ ചെയ്തിട്ടില്ലെങ്കിലും അഭിനയിച്ച പടങ്ങളിലൊക്കെ നല്ലപോലെ മികവ് തെളിയിച്ച ഒരു നടനാണ് ഇദ്ദേഹം..’സം ടൈംസ്’ , ‘ഓ മൈ കടവുളെ’ ഇതൊക്കെ ഇഷ്ടപ്പെട്ട പടങ്ങൾ ആണ്.. ഇന്ന് ഇദ്ദേഹത്തിന്റെ ഒരു പടം കാണാൻ ഇടയായി നിത്തം ഒരു വാനം…ഒരു പ്രണയചിത്രം അല്ല പ്രണയത്തെക്കാളേറെ, ഒറ്റപ്പെട്ട ഒരു മനുഷ്യൻ തന്റെ ജീവിതത്തെ എങ്ങനെ അഭിമുഖീകരിക്കണമെന്ന് പഠിപ്പിക്കുന്ന സിനിമയാണിത്.അശോക് സെൽവൻ മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സഹജീവികളുമായി ഇടപഴകാൻ അറിയാത്ത ഒരു അന്തർമുഖൻ ആണ് നായകൻ..നിശ്ചയിച്ചുറപ്പിച്ച വിവാഹം തകരുമ്പോൾ വിഷാദത്തിലാകുന്നു. അതിൽ നിന്ന് കരകയറാൻ കുടുംബ ഡോക്ടർ 2 കഥകൾ വായിക്കാൻ കൊടുക്കുന്നു..ചെറുപ്പം മുതലേ താൻ വായിക്കുന്ന ഏതൊരു കഥാപുസ്തകത്തിന്റെയും നായകനായി സ്വയം സങ്കൽപ്പിക്കുന്ന സ്വഭാവം ഉണ്ട് നായകന്..അതുകൊണ്ട് തന്നെ ഡോക്ടർ നൽകിയ ചെറുകഥകളിലെ നായകനായി അദ്ദേഹം സ്വയം സങ്കൽപ്പിക്കുന്നു.അങ്ങനെ ആ യഥാർത്ഥ കഥാപാത്രങ്ങളെ തേടി നായകൻ പോകുന്നു.
ആ കഥകളുടെ അവസാനം എന്താണ് സംഭവിച്ചത്? അയാൾ വിഷാദരോഗത്തിൽ നിന്നും മോചിതനാകുമോ? അയാൾ ജീവിതത്തെ എങ്ങനെ മനസ്സിലാക്കുന്നു? അതാണ് സിനിമയുടെ ബാക്കി കഥ. യാത്രകളിലൂടെ നായകന്റെ ജീവിതത്തിൽ സംഭവിക്കുന്ന മാറ്റം പരിചിതമായ കാഴ്ചയാണ്, എന്നാൽ നവാഗത സംവിധായകൻ രാ.കാർത്തികിന്റെ തിരക്കഥയും മേക്കിംഗും ആസ്വാദകർക്ക് ‘ഫീൽ ഗുഡ്’ എന്ന സംതൃപ്തി നൽകുന്നു.