വളരെ സ്റ്റൈലിഷ് ആയി ഒരുക്കിയ ഒരു പക്കാ അമൽ നീരദ് ചിത്രം

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
23 SHARES
278 VIEWS

ഭീഷ്മ ആസ്വാദനം : നിതിൻ പുത്തൻവീട്ടിൽ

ഫ്രാൻസിസ് ഫോർഡ് കൊപ്പോള സംവിധാനം ചെയ്ത് മർലോൻ ബ്രാൻഡോ, അൽ പാചിനോ എന്നിവർ അഭിനയിച്ചു 1972ൽ പുറത്തിറങ്ങിയ ഗാങ്സ്റ്റർ ചിത്രമാണ് ഗോഡ്ഫാദർ. ഗാങ്സ്റ്റർ സിനിമകളുടെ ബൈബിൾ ആയി കരുതപ്പെടുന്ന ഈ ചിത്രത്തിലെ ഓപ്പണിങ് സീൻ അതി പ്രശസ്തമാണ്.അമരിഗോ ബോനസേര എന്ന സാധാരണക്കാരൻ തന്റെ മകൾക്ക് ഉണ്ടായ നീതി നിഷേധത്തിനു പരിഹാരം തേടി ഗോഡ്ഫാദർ, വീറ്റോ കോർലിയോണി എന്ന ഗാങ്സ്റ്ററെ തേടി വരുന്നിടത്താണ് ആ സിനിമ ആരംഭിക്കുന്നത്. പതിഞ്ഞ പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ വളരെ ശാന്തനായി ബോനസേര പറയുന്നത് കേട്ടിരിക്കുന്ന വീറ്റോയെ ആണ് പ്രേക്ഷകർ ആ ഓപ്പണിങ് സീനിൽ കാണുന്നത്. എങ്കിലും, ആ ഇരിക്കുന്ന ആൾ എത്രമാത്രം പവർ ഫുൾ ആണെന്ന് ഈ ഒരൊറ്റ രംഗത്തിൽ നിന്നും പ്രേക്ഷകന് മനസ്സിലാക്കാവുന്നതാണ്.

അവിടെ നിന്നിങ്ങോട്ടു ഒരുപാട് ഗാങ്സ്റ്റർ മൂവികളിൽ ഒഴിച്ചുകൂടാനാവാത്ത ഒരു രംഗമായി ഇതു മാറി.
അമിതാബ് ബച്ചൻ അഭിനയിച്ചു രാം ഗോപാൽ വർമ്മ സംവിധാനം ചെയ്ത സർക്കാർ മുതൽ ലോറൻസ് സംവിധാനം ചെയ്തു നാഗാർജ്ജുന അഭിനയിച്ച തെലുഗു മസാല ചിത്രം ഡോൺ വരെ ഒരുപാട് ഒരുപാട് സിനിമകളിൽ ഈ സീൻ ആവർത്തിക്കപ്പെട്ടു.ഇതേ സീനിന്റെ മറ്റൊരു ആവർത്തനം കാണിച്ചു കൊണ്ടാണ് ഭീഷ്മ ആരംഭിക്കുന്നത്. മമ്മൂട്ടി അവതരിപ്പിക്കുന്ന മൈക്കിൾ എന്ന ഗോഡ്ഫാദർ ഫിഗറിനെ ആദ്യമായി എസ്റ്റാബ്ലിഷ് ചെയ്യുന്ന രംഗം ആണത്. കമൽ ഹാസന്റെ നായകൻ മുതൽ ഒട്ടനവധി സിനിമകളിൽ കണ്ട രംഗം ആണെങ്കിൽ കൂടി, അമൽ നീരദ് ഒരുക്കിയ ചൂടൻ സംഭാഷണവും കൂടെ മമ്മൂട്ടിയുടെ ഡയലോഗ് ഡെലിവറി കൂടി ആവുമ്പോൾ അതുണ്ടാകുന്നത് പൂർണമായും വ്യത്യാസതമായ ഒരു തിയേറ്റർ അനുഭവമാണ്.

ഗോഡ്ഫാദർ സിനിമയുടെയും മഹാഭാരതത്തിന്റെയും ഷെയ്ഡുകളിൽ നിന്നുകൊണ്ട് കൊച്ചി കേന്ദ്രമാക്കി ഒരു പീരിയഡ് ഗാങ്സ്റ്റർ മൂവി പറയുകയാണ് അമൽ നീരദ്. USP ആയി ആക്ഷൻ സീനുകളോ, ഞെട്ടിപ്പിക്കുന്ന ട്വിസ്റ്റുകളോ ഒന്നുമില്ലാത്ത സ്റ്റൈലിഷ് ആയി ഒരുക്കിയ ഒരു പക്കാ അമൽ നീരദ് ചിത്രം. ക്ലാസ് + മാസ് എന്നൊക്കെ തീർത്തും വിശേഷിപ്പിക്കാവുന്ന ഒരെണ്ണം.

പ്രായമായ, എന്നാൽ എല്ലാവർക്കും – എല്ലാറ്റിനും മുകളിൽ ഇപ്പോളും ആജ്ഞാ ശക്തിയുള്ള മൈക്കിൾ എന്ന കഥാപാത്രമായി മമ്മൂട്ടി നിറഞ്ഞാടി. അങ്ങേരെ എങ്ങനെ കാണാൻ ആണോ ആഗ്രഹിച്ചത് അതിനു മുകളിൽ നിൽക്കുന്ന പ്രകടനം. പിന്നെ എടുത്തു പറയേണ്ട ആൾ ഷൈൻ ടോം ചാക്കോ ആണ്. ഷൈൻ ഒരു അസാമാന്യ നടൻ ആണെന്ന കാര്യം ഞാൻ പ്രത്യേകം പറയേണ്ടതില്ലല്ലോ! പടത്തിൽ മൈക്കിളിനെക്കാൾ ഇഷ്ടപെട്ട ഒരു കഥാപാത്രം ഉണ്ടേൽ അതു അങ്ങേരുടെ ആണ്. ഇജാതി അഭിനയം. കൂടെ സൗബിൻ, ഭാസി, ഫർഹാൻ, സുദേവ് തുടങ്ങി അഭിനയിച്ച എല്ലാവരുടെയും കിടിലൻ പെർഫോമൻസ് കൂടി ആയപ്പോൾ ഗംഭീര ഔട്ട്പുട്ട് ആണ് സിനിമയിൽ നിന്നും കിട്ടുന്നത്.

മൈക്കിൾ, അജാസ് തുടങ്ങി മിക്കവരുടെയും ഫ്‌ളാഷ് ബാക്ക് സ്റ്റോറികൾക്ക് വളരെ അധികം പ്രാധ്യാന്യമുള്ള സിനിമയാണ് ഭീഷ്മ.എന്നാൽ അതൊക്കെ നേരിട്ടു കാണിക്കാതെ മറ്റുള്ളവരുടെ സംഭാഷണങ്ങളിൽ കൂടെയാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. നേരിട്ടു സ്ക്രീനിൽ കാണുന്നതിനെക്കാൾ ഇമ്പാക്ട് ആ സംഭാഷണങ്ങൾക്ക് ഉണ്ടായിരുന്നു എന്നതാണ് സത്യം. പഴയ എഡിക്കും ബിലാലിനും മാർക് ചെയ്യാൻ പറ്റാത്ത ഏതു കോളനി ആടാ ഈ കൊച്ചിയിൽ ഉള്ളത് എന്നു ബിലാൽ ചോദിക്കുമ്പോൾ മുന്നിൽ തുറന്നു വരുന്ന ബിലാലിന്റെയും എഡിയുടെയും ഒരു ഭൂതകാലം ഉണ്ടല്ലോ! അതുപോലെ തന്നെയാണ് മത്തായിയുടെയും സൈമണ് അച്ഛന്റെയും വാക്കുകൾ കേൾക്കുമ്പോൾ മൈക്കിലിന്റെയും, അജാസിന്റെയും, അലിയുടെയും ഒക്കെ ഭൂതകാലം പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. ഇവിടെയും അമൽ നീരദ് തന്നെയാണ് താരം.

വ്യക്തിപരമായി പറഞ്ഞാൽ 2019ൽ പുറത്തിറങ്ങിയ പേരൻപിന് ശേഷം തിയേറ്റർ കാഴ്ചയിൽ എന്നെ പൂര്ണമായി ത്രിപ്തിപ്പെടുത്തിയ ഒരു മമ്മൂട്ടി ചിത്രമാണ് ഭീഷ്മ പർവം. എന്റർടൈന്മെന്റ് മൂവികൾ മാത്രം എടുത്താൽ 2010ലെ ബെസ്റ്റ് ആക്ടറിന് ശേഷം എന്നെ പൂർണമായി ത്രിപ്തിപ്പെടുത്തിയ മമ്മൂട്ടി ചിത്രം.
എനിക്ക് ഏറ്റവും ഇഷ്ടമുള്ള ജോർണർ ആണ് ഗാങ്സ്റ്റർ മൂവികൾ. അതിൽ തന്നെ ഏറ്റവും ഇഷ്ടമുള്ള സിനിമയാണ് ഗോഡ്ഫാദർ. മറ്റാരോ എഴുതിയ പോലെ അൻപതാം വാർഷികം ആഘോഷിക്കുന്ന ഗോഡ്ഫാദറിനും അൻപത്തൊന്നാം വാർഷികം ആഘോഷിക്കുന്ന മമ്മൂട്ടിയുടെ അഭിനയജീവിതത്തിനും ഒരുമിച്ചുള്ളൊരു ട്രിബ്യുട്ട് ആയി കണക്കാക്കാം ഭീഷ്മയെ.തീർച്ചയായും തിയേറ്ററിൽ തന്നെ കണ്ടു വിജയിപ്പിക്കേണ്ട ഒരു ചിത്രം.

വേർഡിക്ട് : അതിഗംഭീരം 😍

LATEST

വിവാഹമോചനക്കേസുകൾക്കു പിന്നിൽ ലൈംഗികതയ്ക്ക് എത്രമാത്രം പങ്കുണ്ട്

വിവാഹമോചനക്കേസുകൾക്കു പിന്നിൽ ലൈംഗികതയ്ക്ക് എത്രമാത്രം പങ്കുണ്ട്. ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഒരു റിപ്പോർട്ട്.