സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത് നടി നിത്യ ദാസിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് ആണ് . നിത്യ പ്രധാന വേഷത്തിലെത്തുന്ന ‘പള്ളിമണി’ എന്ന സിനിമയുടെ കീറിയ പോസ്റ്റർ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചുകൊണ്ടാണ് സോഷ്യൽ മീഡിയ പോസ്റ്റ് . പള്ളിമണി അടുത്ത ആഴ്ചയാണ് റിലീസിനൊരുങ്ങുന്നത് ഏറെ സങ്കടകരമായ കാഴ്ചയാണ് ഇതെന്നും ദയവ് ചെയ്ത് ഉപദ്രവിക്കരുതെന്നും ചിത്രം പങ്കുവച്ച് നിത്യ കുറിച്ചു. നിത്യയുടെ വാക്കുകൾ ഇങ്ങനെ
‘‘തിരുവനന്തപുരത്ത് നിന്നുള്ള കാഴ്ചയാണ്, കണ്ണു നിറക്കുന്ന കാഴ്ച. അണ്ണാ കയ്യിൽ ക്യാഷ് ഒന്നും ഉണ്ടായിട്ടല്ല. വലിയ ആർട്ടിസ്റ്റ് ചിത്രവും അല്ല. പടം തിയറ്ററിൽ എത്തുന്നതിന് മുന്നേ ക്യാഷ് കിട്ടാൻ. ഇതൊക്കെ കടമൊക്കെ എടുത്തു ചെയ്യുന്നതാ സത്യം. ഉപദ്രവിക്കരുത്, എല്ലാം പ്രതീക്ഷയാണല്ലോ. 24ന് നമ്മുടെ അടുത്തുള്ള തിയറ്ററുകളിൽ എത്തും. ‘പള്ളിമണി’ ചിത്രം ഇറങ്ങുമ്പോൾ തന്നെ പോയി കയറാൻ ഇതു വലിയ സ്റ്റാർ പടമൊന്നുമല്ല എന്നുള്ളത് നിങ്ങളെ പോലെ ഞങ്ങൾക്കും അറിയാം. ഞങ്ങളുടെ പരിമിതിയിൽ നിന്നു കൊണ്ട് ഞങ്ങളും ഇങ്ങനെയൊക്കെ പബ്ലിസിറ്റി ചെയ്തോട്ടെ. ഉപദ്രവിക്കരുത് അപേക്ഷയാണ്.’’–നിത്യ ദാസിന്റെ വാക്കുകൾ.
സിനിമയിൽ നിന്ന് കുറച്ചുകാലമായി ഇടവേള എടുത്തിരുന്ന പ്രിയതാരം നിത്യാദാസിന്റെ മടങ്ങിവരവ് ചിത്രമാണ് പള്ളിമണി.. 2007ൽ പുറത്തിറങ്ങിയ ‘സൂര്യകിരീട’മാണ് താരം അവസാനം അഭിനയിച്ച സിനിമ. 2001 ൽ പുറത്തിറങ്ങിയ ‘ഈ പറക്കും തളിക’ എന്ന സിനിമയിലൂടെയായിരുന്നു നിത്യ ദാസിന്റെ അരങ്ങേറ്റം. ‘പള്ളിമണി’ എന്ന് പേരിട്ടിരിക്കുന്ന സൈക്കോ ഹൊറര്‍ ചിത്രത്തിലൂടെയാണ് താരം മടങ്ങിവരുന്നത്. സംവിധാനം നിർവഹിക്കുന്നത് അനില്‍ കുമ്പഴയാണ് . ശ്വേതാ മേനോനും കൈലാഷും ചിത്രത്തിൽ പ്രധാനപ്പെട്ട വേഷങ്ങളിൽ എത്തുന്നു. വിക്ടോറിയ എന്ന വേഷത്തിലാണ് ശ്വേത എത്തുന്നത്. ഛായാഗ്രഹണം -അനിയൻ ചിത്രശാല, കലാസംവിധാനം- സജീഷ് താമരശേരി.