തിണ്ണയിൽ നിന്നും സിറ്റൗട്ടിലേക്കു കാലം വരുത്തിയ മാറ്റം

0
171

Nizamudeen Nadanveettil

എന്റെ തിണ്ണയിൽ കാലുകുത്തിപ്പോകരുത് , ഒരുത്തന്റെയും തിണ്ണ നിരങ്ങാൻ എന്നെ കിട്ടില്ല എന്നൊക്കെ ജീവിതത്തിൽ ഒരിക്കലെങ്കിലും പറയാത്തവർ ഉണ്ടാകുമൊ എന്തൊ ?തിണ്ണ എന്നത് കാലഹരണപ്പെട്ട ഒരു വാക്കും, ഇടവുമാണ്. കാലഹരണപ്പെട്ടവയുടെയൊക്കെ സ്ഥാനത്ത് പുതിയവ വന്നുകൊണ്ടിരിക്കും. ഇതിനെയാണ് , വികസനം, പരിഷ്ക്കാരം, പുരോഗമനം എന്നൊക്കെ പറയുന്നത്.ഇന്നത്തെ സിറ്റ്ഔട്ട് ആണ് പണ്ടത്തെ തിണ്ണ . തടുക്ക്, പായ് , കൊരണ്ടി , വിശറി, വെറ്റേമാൻ ചെല്ലം , തീപ്പെട്ടി, ഊന്ന് വടി , വഴക്കിടുന്ന പിള്ളാരെയും , പൂച്ചയെയും , കോഴിയെയും ഒക്കെ ഓടിക്കാൻ റ്റൂ ഇൻ വൺ ആയി ഉപയോഗിക്കുന്ന ചൂരൽ എന്നിവയൊക്കെ തിണ്ണയുമായി ചേർന്ന് നിന്നിരുന്ന സാധനങ്ങളാണ്. തിണ്ണ പോയതിനോടൊപ്പം അവയും പോയി. സോഫാ കം ബഡ്ഡും , സെറ്റിയും, ഫാനും , തുടർന്ന് ഇതിന്റെയൊക്കെ അത്യന്താധുനിക സാധന സാമഗ്രികളുമൊക്കെ വന്നത്, മേൽ പറഞ്ഞവ പോയപ്പോഴാണ് .

കാലഹരണപ്പെട്ട തിണ്ണയെ ഓർത്തെടുക്കുമ്പോഴാണ്, കാലഹരണപ്പെടലിന് വിധേയരായ അച്ഛനും , മുത്തച്ഛനും , അമ്മയും മുത്തശ്ശിയുമൊക്കെ അവിടൊക്കെ ജീവനോടെ നിൽക്കുന്നതായി അനുഭവപ്പെടുക. അവരും ഉൾപ്പെട്ടതാണല്ലൊ ആ തിണ്ണ. എല്ലാ പുരോഗമനവും പഴയ ഒരു നിശ്ചിത തലത്തിൽ ഊന്നി നിന്നുകൊണ്ടാണ് നിലനിൽക്കുക . അതിനൊക്കെത്തന്നെ പൗരാണികമായ ഒരു മൂല രൂപമുണ്ട്. ഇംഗ്ലീഷിലൊ , നാം പഠിച്ച മറ്റൊരു ഭാഷയിലോ കേൾക്കുന്നതോ, വായിക്കപ്പെടുന്നതോ ആയ ഒരു കാര്യം , മലയാളത്തിലാണ് മനസ്സിലാക്കപ്പെടുക. മാതൃഭാഷയാണ് അതിന്റെ മൂലരൂപം എന്നതുകൊണ്ടാണത്.

വിശറി വീശി,തിണ്ണയിലെ തടുക്കിൽ ഇരുന്ന മനുഷ്യൻ, സിറ്റ്ഔട്ടിലെ സോഫയിലെ ഫാനിന് കീഴിൽ ഇരിക്കുക എന്നത് അവനിൽ കാലം വരുത്തിയ മാറ്റമാണ്. സിറ്റ്ഔട്ടിലെ സോഫയിൽ ഇരിക്കുന്നു എങ്കിലും ഒരു മനുഷ്യൻ എന്ന നിലയിൽ ,അവന്റെ ആന്തരിക ബാഹ്യഘടനകളിൽ മാറ്റമൊന്നും ഉണ്ടാകുന്നില്ല. ഒന്നാം നൂറ്റാണ്ടിലെ അതേ മോഡൽ. കാലഹരണപ്പെടാത്ത പ്രകൃതിയുടെ രൂപകൽപനയുടെ സവിശേഷതയാണത്. കോറത്തുണിയുടെ തോർത്തിനു പകരം, മറ്റെന്തൊക്കൊയൊ ധരിച്ച്, എല്ലാ ആന്തരിക ചോതനകളും, വിചാരവികാരങ്ങളും അതേ പോലെ സാംശീകരിച്ചാണ് അവന്റെ, ഇരിപ്പ്.

മനുഷ്യരിൽ കാലഹരണത്തിന് വിധേയമാക്കപ്പെടാത്ത ഒരു ആന്തരിക ചോതനയാണ് “തിണ്ണമിടുക്ക് ” . അമമയുടെ മടിത്തട്ടായിരുന്നു തിണ്ണമിടുക്കിന്റെ ആദ്യ കളരി. ആദ്യത്തെ തീൻ മേശയും, കക്കൂസും, പാഠശാലയുമൊക്കെ ആയിരുന്ന അവിടിരുന്നാണ് , അമമ മടിത്തട്ടിന്റെ തിണ്ണമിടുക്കിൽ, അതു വഴി പോയ മുത്തവരെയും , ഇളയവരെയുമൊക്കെ തോണ്ടിത്തുടങ്ങിയത്. തിരിച്ച് ഉണ്ടാകാവുന്ന എല്ലാ ആക്രമണങ്ങളെയും , കാലുകൾ ചേർത്ത് വെച്ച് , കൈകൾ മുകളിലാക്കി അമ്മ പ്രതിരോധിച്ചു കൊള്ളും എന്നതാണ് ആ തിണ്ണമിടുക്കിന് അടിസ്ഥാനം. ജീവിതത്തിൽ പിന്നെ അങ്ങോട്ട് തിണ്ണമിടുക്കുകളുടെ ഒരു ശൃംഖലയാ. ഈ തിണ്ണമിടുക്കുകളൊന്നും അമ്മ പഠിപ്പിച്ചെടുത്തതല്ല. അതൊരു ജന്മവാസന തന്നെ. ഇത് തിരിച്ചറിഞ്ഞ്, ആരോടും വഴക്കിന് പോകരുത് കുഞ്ഞേ എന്ന് , സ്കൂളിൽ പോകുന്നതിന് മുമ്പ്, പറഞ്ഞു വിട്ടതിലൂടെ, ലോകമെല്ലാം അമ്മ മടിത്തട്ടല്ല എന്ന പാഠം അമ്മ നൽകുകയായിരുന്നു.

തിണ്ണമിടുക്കുകൾ എത്ര തരത്തിലാ! . നിറത്തിന്റെ , കുലത്തിന്റെ ,ജാതിയുടെ , വംശീയതയുടെ , ആണിന്റെ, പെണ്ണിന്റെ, രാഷ്ട്രീയത്തിന്റെ , സമ്പത്തിന്റെയും സ്വാധീനത്തിന്റെയും , സംഘബലത്തിന്റെയും , തൊഴിലിന്റെയും , നാടിന്റെയും, ദേശത്തിന്റെയുമൊക്കെ തിണ്ണമിടുക്കുകൾ . വ്യക്തി , സമൂഹ , ദേശീയ, അന്തർദേശീയ തിണ്ണമിടുക്കുകൾ . കലയാകട്ടെ ,എഴുത്താകട്ടെ , ഏത് മേഖലയുമാകട്ടെ, അതാത് രംഗത്ത് ഒരാൾക്കുള്ള സിദ്ധികൾ പോലും തിണ്ണമിടുക്കായി ഉപയോഗപ്പെടുത്തലാണ് മനുഷ്യ പ്രകൃതം .

ശിപായി ബഷീർ പറയുന്നത് ലോകത്തുണ്ടായ എല്ലാ സംഘർഷങ്ങളുടെയും , ആധിപത്യങ്ങളുടെയും അടിസ്ഥാന ഹേതു തിണ്ണമിടുക്കുകളാണ്. മനുഷ്യർ തമ്മിലുള്ള ശരാശരികൾക്കപ്പുറത്തുള്ള അന്തരങ്ങളുടെയൊക്കെ പിന്നിൽ ,ചില തിണ്ണമിടുക്കുകളുടെ പൂർവ്വ ചരിത്രം വായിച്ചെടുക്കാം. തിണ്ണമിടുക്കുകളെ കാലം തകർത്തെറിയുന്നതാണ് ചരിത്ര രീതി. ഏതെങ്കിലും തരത്തിൽ എല്ലാവരും തിണ്ണമിടുക്കുകാരാ . ഇങ്ങോട്ട് വരുന്ന തിണ്ണമിടുക്കുകളെ , കൈവശമുള്ള തിണ്ണമിടുക്കുകൊണ്ട് പ്രതിരോധിക്കുന്നതാ സാധാരണ രീതി. അത് കൊണ്ട് തന്നെ പലപ്പോഴും വീട്ടിലെ സിംഹങ്ങൾ , നാട്ടിലെ ആട്ടിൻകുട്ടികളും , നേരെ തിരിച്ചും ആയിക്കൊണ്ടിരിക്കും .

ഒരു തിണ്ണമിടുക്കിനെ , മറ്റൊരു തിണ്ണമിടുക്ക് കൊണ്ടാണ് പ്രതിരോധിക്കപ്പെടുന്നത് എന്നത് ശ്രദ്ധേയമാണ്. അത് കൊണ്ട് തന്നെയാണ് ,തിണ്ണമിടുക്കുകൾക്കൊന്നും സ്ഥായീഭാവമില്ലാത്തത്. ഒന്നിനെ മറ്റൊന്ന് കൊണ്ട് പ്രതിരോധിക്കുന്ന പ്രകൃതിയുടെ മാറ്റമില്ലാത്ത ഒരു പതിവു രീതിയാണത്. കോവിഡിനെയും ആ തലത്തിൽവിലയിരുത്തപ്പെടാവുന്നതേയുള്ളു. എത്രയോ വമ്പൻ തിണ്ണമിടുക്കുകളെയാണ് ,കോവിഡ് അപ്രസക്തമാക്കിയത്.ആത്യന്തികമായി വിജയിക്കുന്ന തിണ്ണമിടുക്ക് സത്യത്തിന്റേത് മാത്രമാണ് എന്നതാണ് പരമമായ സത്യം. മനുഷ്യൻ എത്ര ആധുനികനായാലും, വളരെ പഴയതായ സത്യത്തിന്റെ വീക്ഷണകോണിലൂടെയേ ഏത് പ്രശ്നത്തെയും എക്കാലവും വിലയിരുത്താനാകൂ. സത്യത്തെ അതിജയിക്കാൻ ഉപയോഗപ്പെടുത്തുന്ന തിണ്ണമിടുക്കുകൾ നിയന്ത്രിക്കലാണ് സത്യത്തിലേക്കുള്ള വഴി. അല്ലാത്ത പക്ഷം ഒരു തിണ്ണമിടുക്ക് നാം എടുത്ത് പ്രയോഗിക്കുമ്പോൾ , പത്ത് തിണ്ണമിടുക്കുകളെ , നമുക്ക് നേരിടേണ്ടിവരും. തിണ്ണ പോയിട്ടും തിണ്ണമിടുക്ക് പോയിട്ടില്ല തന്നെ.