ഞങ്ങൾക്ക് ഭക്ഷിക്കേണ്ടേ? തല ചായ്ക്കേണ്ടേ? വസ്ത്രങ്ങൾ ധരിക്കേണ്ടേ? ഗതികേട് കൊണ്ടാണ് ഇങ്ങനെയാകുന്നത്

0
120

Nizamudheen T Nisam

കമ്യൂണിസം, സോഷ്യലിസം, മാനവീയം. ഇതൊക്കെ എഴുതാനും പറയാനും മലയാളികൾ പണ്ടേ മിടുക്കരാണ്. കുറച്ചീസം എറണാകുളത്തുണ്ടായിരുന്നു. ട്രാൻസ്ജെൻഡർ എന്ന “മനുഷ്യർക്ക്” ഈയടുത്തകാലത്ത് കിട്ടിയ ഏറ്റവും അംഗീകാരം മെട്രോ സ്റ്റേഷനിൽ അവർക്കൊരു വർക്കിങ് സ്പേസ് കൊടുത്തു എന്നതാണ്.

ഇടപ്പള്ളിയിൽ നിന്ന് ഭക്ഷണവും കഴിച്ചു പത്ത് മണിയാവുമ്പോൾ ജീവന്റെ ഒബ്സർവേഷനുകളിൽ ഇവരേയും കാണാൻ കഴിയും. ജോലി കഴിഞ്ഞു തിരിച്ചു ഫ്‌ളാറ്റിലേക്കോ വീട്ടിലേക്കോ പോവുന്നത്. പോവുന്നതിനിടയിൽ ബൈക്കിൽ വന്ന് കമന്റ് ചെയ്യുന്ന ചില ആൾക്കാർ. നടന്നുകൊണ്ട് പോവുമ്പോൾ ചാന്ത് പൊട്ട് എന്നോ തത്തമ്മ ചുണ്ടൻ എന്നോ ഒരു മനസ്സുഖത്തിന് വിളിച്ചു പോവുന്ന ആൾക്കാർ. റൂമിലെത്തി രാത്രി ഭക്ഷണം ഉണ്ടാക്കാൻ സമയമില്ലെങ്കിൽ കഴിക്കാൻ ഹോട്ടലിൽ കേറിയാൽ ബലാത്‌സംഗം ചെയ്യുന്ന നോട്ടം നോക്കുന്നവർ. എന്നാലും ഈ “മൂന്നാം ജന്മങ്ങളോട്” ടേബിളിൽ സ്ഥലം ഇല്ലെങ്കിലും ഇരിക്കാൻ ഈ മാന്യന്മാർക്ക് തീണ്ടായ്മ.

ഞാൻ ഈ ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട എന്റെ സുഹൃത്ത് പറഞ്ഞത്:- ഇവർക്ക് ഫ്‌ളാറ്റ് വാടകക്ക് കിട്ടാൻ വല്യ പാടാണ്. ബസ്സിൽ സ്ത്രീകൾ പോലും അകലം പാലിച്ചു നിക്കുമ്പോൾ ഇവർ അനുഭവിക്കുന്ന വേദനയെ കുറിച്ച് പറഞ്ഞപ്പോൾ മറുവാക്ക് പറയാൻ എന്റെ കയ്യിലില്ല.

ഇതൊക്കെ പറയാൻ കാരണം ഞാൻ കഴിഞ്ഞ തവണ തിരുപ്പൂർ ഫാക്ടറിയിൽ പോയിരുന്നു. എന്റെ മനസ്സിനുള്ള ഡിസൈനും മെറ്റിരിയലും ഒരാൾക്കും മനസ്സിലാവുന്നില്ല. അവിടെ കട്ടിങ് മാസ്റ്ററായ ജ്യോതി എന്നു വിളിക്കുന്ന സുഹൃത്തിനെ ഞായറാഴ്ച ആയിട്ടും അവര് വിളിച്ചു വരുത്തി. എന്റെ തമിഴിന്റെ പരിമിതിയിൽ നിന്ന് പറഞ്ഞപ്പോൾ ഞാൻ ഉദ്ദേശിച്ചതിനേക്കാൾ മനോഹരമായി രണ്ടെണ്ണം സാമ്പിൾ പ്രൊഡക്ഷൻ ചെയ്തു തന്നു. ഒപ്പം ബാക്കി മാന്വൽ ആയിട്ട് വരച്ചു കൊണ്ടിരിക്കുമ്പോൾ എന്ത് സുന്ദരമായ ഒബ്‌സർവേഷനാണ് അവർ നടത്തുന്നത്. പെർഫെക്റ്റ് കളർ കോമ്പിനേഷൻ. പിന്നെയൊന്നും പറഞ്ഞു കൊടുക്കേണ്ടി വന്നില്ല. ആണിന്റെ ചേരും നിറങ്ങൾ അവർ തീരുമാനിക്കുന്നു. അതിന്റെ കോമ്പിനേഷനും പെർഫെക്ട്. ആ ഫാക്ടറിയിലെ മുതലാളിയും തൊഴിലാളികളും അവർക്ക് കൊടുക്കുന്ന ബഹുമാനം കണ്ടപ്പോൾ എനിക്ക് തമിഴിനോട്, ദ്രാവിഡനോട് പിന്നേം ഒത്തിരി ബഹുമാനം.സമൂഹത്തിൽ മനുഷ്യന്മാർ മാത്രം ഉണ്ടാവട്ടെ.

ഒരു ചെറിയ സംഭവം പറയാം.തിരൂരിൽ ആദ്യത്തെ LGBT സമ്മേളനം നടക്കുന്നു .അരങ്ങിലും അണിയറയിലും സംഘാടനത്തിലും എല്ലാം അവർ തന്നെ .കാണികൾ മടിച്ചു മടിച്ചാണ് ടൗൺ ഹാളിന്റെ പുറത്തുള്ള ഇരിപ്പിടങ്ങളിലേക്ക് വരുന്നത് തന്നെ .അവർ നിരന്തരം അനൗൺസ് ചെയ്യുന്നുണ്ട് ,ഗ്രൗണ്ടിലേക്ക് വരുവാൻ .എന്നാൽ കുറേയാളുകൾ റോഡ് സൈഡിലും മതിലിനോട് ചേർന്നും മറയാതെ മറഞ്ഞിരിക്കുകയാണ് .ഉൽഘാടനം ,( Dysp ),കഴിഞ്ഞ് ഇടക്ക് സാൻസുകളും ഇടക്ക് പ്രസംഗങ്ങളുമായി മുന്നോട്ടു പോകുന്നു .ഗ്രൗണ്ടിലെ ലൈറ്റണഞ്ഞപ്പോൾ കുറേ ആളുകൾ കൂടി കയറി വന്നു. അവരുടെ പ്രസിഡന്റ് ഇടക്ക് പറഞ്ഞു ,അവരെപ്പറ്റി എന്ത് സംശയമുണ്ടെങ്കിലും എഴുതി ചോദിക്കാമെന്ന്. ആരും ഒന്നും ചോദിക്കുന്നില്ല. ഞാൻ ,എന്തുകൊണ്ടാണ് നിങ്ങളിൽ മിക്കവരും sex work ചെയ്യുന്നതെന്ന് എഴുതി ചോദിച്ചു. ഒന്നര മണിക്കൂറിനുള്ളിൽ ചെന്ന ഒരോയൊരു ചോദ്യം! അവരുടെ ഉത്തരം നമ്മുടെയെല്ലാം തല താഴ്ന്നു പോകുന്ന തരത്തിലുള്ളതായിരുന്നു.’നിങ്ങൾ ആരെങ്കിലും ഞങ്ങൾക്ക് ജോലി തരുന്നുണ്ടോ?’അവരുടെ പ്രത്യേകതകൾ കൊണ്ട് വീട്ടുകാരും, സാധാരണ കൂട്ടുകാരും, നാട്ടുകാരും അവരെ അകറ്റിനിർത്തുമ്പോൾ ,വേലയും കൂലിയും നൽകാതിരിക്കുമ്പോൾ ഞങ്ങൾ ഇതല്ലാതെ വേറെയെന്താണ് ചെയ്യുക ,ഞങ്ങൾക്ക് ഭക്ഷിക്കേണ്ടേ? തല ചായ്ക്കേണ്ടേ? വസ്ത്രങ്ങൾ ധരിക്കേണ്ടേ? ഗതികേട് കൊണ്ടാണ് ഇങ്ങനെയാകുന്നത് .ജനങ്ങളുടെ ആട്ടും തുപ്പും ഏറ്റുവാങ്ങുന്നത്!ഞാൻ ,എരിയുന്ന നെഞ്ചുമായി ,തല കുനിച്ച് ഇറങ്ങിപ്പോന്നു ,വേറെ വഴിയില്ലായിരുന്നു!സത്യം പറയാമല്ലോ, അവരുടെ കലാപരിപാടികളെല്ലാം ഗംഭീരമായിരുന്നു ,അനുഗ്രഹീതരാണ് അവർ..