മാജിക്ക് ഇഷ്ടമുള്ള വിശ്വാസികൾക്ക് ഈ കഥ ഇഷ്ടമാകില്ല

42
ൻ. ജ. എഴുതുന്നു
യേശുവിനെ കുറിച്ചുള്ള ഏറ്റവും ഇഷ്ടപ്പെട്ട കഥ അയാൾ അയ്യായിരങ്ങളെ ഊട്ടിയതിനെ പറ്റി ഉള്ളതാണ്. അയാളെ കാണാൻ വേണ്ടി ഒരു വലിയ ജനസഞ്ചയം വരുന്നു. അവരിൽ ഒരു വലിയ കൂട്ടം പാവങ്ങളാണ്. ഒട്ടിയ വയറുമായി ആശ്വാസം തേടി വന്നിട്ടുള്ളവർ ! അവരുടെ വിശപ്പിനെ യേശു കാണുന്നുണ്ട്. അവരുടെ വിശപ്പ് അയാളുടെ വിശപ്പായി തീരുന്നുണ്ട്. അയാൾ തന്റെ കൂട്ടത്തിൽപെട്ടതുങ്ങളെ വിളിച്ചിട്ട് പറയുന്നു: “ദോ ഇതുങ്ങൾക്ക് എല്ലാം ഭക്ഷണം കൊടുക്കണം”.
അവരൊന്നു വിരണ്ടു. നല്ല വലിയ ഒരു കൂട്ടമാണ്. എല്ലാ പ്രായക്കാരുമുണ്ട്. കഥ കേൾക്കാൻ വന്നവർ മുതൽ കുറ്റം പറയാൻ വേണ്ടി നിന്നവർ വരെ ഉണ്ട്. എന്ത് ചെയ്യും.
അവർക്ക് ഒരു ചെറുക്കനെ കിട്ടുന്നു….അവന്റെ കയ്യിൽ അഞ്ചു അപ്പവും രണ്ടു മീനും. ‘അമ്മ കൊടുത്തുവിട്ടതാണ്. അവന്റെ അമ്മയെക്കുറിച്ചു ഓർത്തുനോക്കുക! ഒരു വിപ്ലവകാരിയെ കേൾക്കാൻ കുഞ്ഞുപ്രായത്തിൽ ഉള്ള മകന് ഭക്ഷണപൊതി ഒക്കെ കൊടുത്തു പറഞ്ഞയക്കുന്ന ഒരമ്മ!
ആ പയ്യനെ യേശുവിന് അരികിലേക്ക് കൊണ്ടുവരുന്നു.ഭക്ഷണപൊതിയെ നോക്കിയിട്ടു യേശു അവനോട് ചോദിക്കുന്നുണ്ട്: “മക്കളെ… ഡാ…ഇത് നീ യേശുപ്പാപ്പിക്ക് തരുവോ…ഇത് നമുക്കു ഇവിടെ ഉള്ളവർക്ക് എല്ലാം കൊടുക്കാം.”
അവൻ കൂടുതൽ ഒന്നും ചിന്തിക്കുന്നില്ല. കൊടുക്കുകയാണ്.അവന്റെ ഭക്ഷണപൊതി ഉയർത്തികാട്ടി, അവനെ ചേർത്തു നിർത്തി യേശു സംസാരിച്ചു തുടങ്ങുന്നു.”കൂട്ടരേ നോക്കുക…. അഞ്ചു അപ്പവും രണ്ടു മീനും. ഇതാണ് നിങ്ങൾ ഇന്ന് ഭക്ഷിക്കാൻ പോകുന്നത്. നിങ്ങൾ എല്ലാവരും കഴിച്ചു വയറു നിറയാൻ വേണ്ടി ഇവനിത് തന്നിരിക്കുന്നു. ഒന്നും പാത്തു വെച്ചില്ല. മൊത്തമായും നിങ്ങൾക്ക് വേണ്ടി തന്നിരിക്കുന്നു. ഇനി ഇവൻ ഇന്ന് പട്ടിണി ആകാതെ ഇരിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തം ആണ്. കൊടുക്കുക, നിങ്ങളുടെ കൈവശം ഉള്ളത് മുഴുവൻ ഇവന് വേണ്ടി കൊടുക്കുക!”
ഒരു മാറ്റം അവിടെ സംഭവിക്കുന്നു. കൈയിൽ ഭക്ഷണം ഉണ്ടായിരുന്നവർ ഓരോരുത്തരായി വന്ന് തങ്ങളുടെ ഭക്ഷണപൊതികളെ പയ്യന്റെ മുന്നിൽ വെച്ചു തുടങ്ങുന്നു! ഓരോരുത്തര് വരുമ്പോഴും യേശു സന്തോഷം കൊണ്ട് ഉറക്കെ പാടുന്നു, നൃത്തം ചെയ്യുന്നു.കൊച്ചനെ തോളിൽ എടുത്ത് വെച്ചുകൊണ്ട് ആർപ്പ് വിളിക്കുന്നു….!
ശീമോനും പീലിയും യൂദായുമൊക്കെ ആളുകൾ കൊണ്ടു വന്ന് വെച്ചതെല്ലാം ഒരുമിച്ചു കൂട്ടി തരംതിരിക്കുന്നു. കൂടെയുള്ളവനെ പറ്റി കരുതല് തുടങ്ങുമ്പോൾ സംഭവിക്കുന്ന കൂട്ടായ്മ…. ഒരു കമ്യൂണിന്റെ സ്ഥാപനം!എല്ലാവർക്കും വേണ്ടി ഉള്ളത് തികഞ്ഞു എന്ന് ഉറപ്പാകുമ്പോൾ യേശു പറയുന്നു: “ഇനി നമുക്ക് കഴിക്കാം….!” അവർ എല്ലാവരും ഭക്ഷിച്ചു തൃപ്തരാകുന്നു. സന്തോഷമടയുന്നു! ബാക്കി ആവുന്നത് ഏതാണ്ട് പന്ത്രണ്ട് കുട്ട അപ്പം! എല്ലാവർക്കും വേണ്ടി ഉള്ളത് ചില ആളുകളുടെ കൈവശം മാത്രം ഇരുന്നാൽ ആണ് ദൗർലഭ്യം ഉണ്ടാവുക, പട്ടിണി ഉണ്ടാവുക എന്നൊക്കെ ഉള്ള ബോധ്യത്തിൽ നിന്നുള്ള ഒരു സിംപിൾ ഇക്കണോമിക്‌സ്! യേശുവിനൊന്നും വർദ്ധിപ്പിക്കേണ്ടി വരുന്നില്ല…. ഒരു ഇരട്ടിക്കൽമാജിക്കും ഇറകേണ്ടി വരുന്നില്ല. എല്ലാവർക്കും വേണ്ടത് അയാൾ അവിടെ അവരുടെ മുന്നിൽ നിന്ന് തന്നെ കണ്ടെത്തുന്നു. പങ്കുവെയ്പ്പിന്റെ അത്ഭുതം അയാൾ പ്രവർത്തിക്കുന്നു!