Narmam
ഞാനും ചിറ്റപ്പനും മോനും വിത് അയ്യപ്പനീശോ.
“ചിറ്റപ്പാ…അപ്പാ അപ്പാ ന്നു വിളിച്ചപ്പഴാ,മല കയറി തിരിച്ചിറങ്ങുമ്പോള്‍ എനിക്ക് അപ്പോം മൊട്ടറോസ്റ്റും മതി.ചിറ്റപ്പനോ?”…
126 total views, 2 views today

“സ്വാമിയേ ശരണമയ്യപ്പാ… സ്വാമി അപ്പാ അയ്യപ്പാ…
അപ്പാ..അപ്പാ..അയ്യപ്പാ”…
“ചിറ്റപ്പാ…അപ്പാ അപ്പാ ന്നു വിളിച്ചപ്പഴാ,മല കയറി തിരിച്ചിറങ്ങുമ്പോള്‍ എനിക്ക് അപ്പോം മൊട്ടറോസ്റ്റും മതി.ചിറ്റപ്പനോ?”…
“ടാ പന്ന…സ്വാമിയേ ശരണമയ്യപ്പോ.എന്റെ പൊന്നു മോനേ രാജേഷേ ഇരുമുടികെട്ട് തലയില്‍ വച്ചോണ്ടാന്നോടാ തന്തയി….സ്വാമിയേ ശരണമയ്യപ്പ.ഇവനെ തെറി വിളിക്കാനും വയ്യല്ലോ പൊന്ന് സ്വാമിയേ…”
ചിറ്റപനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.ഇരുമുടികെട്ടും തലയില്‍ വച്ച് കാറില്‍ നിന്നിറങ്ങി പമ്പയില്‍ കുളിക്കാനിറങ്ങുന്നതിനു മുന്‍പേ..അപ്പോം മുട്ട റോസ്റ്റും മതീന്ന് പറഞ്ഞെ എന്നെ ഞാന്‍ വരെ ചീത്ത വിളിച്ചുപോകും..ഐ കാന്‍ അണ്ടര്‍സ്റ്റാന്റ് സ്മാള്‍ ഫാതെര്‍(പുള്ളി സ്മാളിന്റെ ആളാ).ക്ഷമിക്കണേ അയ്യപ്പാ,ആര്‍ത്തി കൊണ്ടാ.
“അല്ല ചിറ്റപ്പാ..മല ഇറങ്ങി കഴിഞ്ഞിട്ടുള്ള കാര്യാ”..
“മിണ്ടാതെ കുളിക്കാനിറങ്ങിക്കോ..അവന്റെ അമ്മായിഅച്ഛന്റെ…സ്വാമിയേ…ശരണമയ്യപ്പോ”
ഹൊ,കാല് പമ്പാനദിയിലെ വെള്ളത്തില്‍ തൊട്ടതേയുള്ളൂ.ഉച്ചി വരെ തണുത്തു.സ്വാമിയേ നീ തന്നെശരണം.ഇറങ്ങികളയാം..
“സാമീ..കൊന്ചും തള്ളുങ്കോ”…
“ചിറ്റപ്പാ..ദേ,ഈ പാണ്ടിക്ക് കൊന്ചും കള്ളും വേണോന്ന്…എവിടെ കിട്ടും?”.
പമ്പയില്‍ ഒന്നു മുങ്ങി നിവര്‍ന്ന ചിറ്റപ്പന് ആന്റ് ചിറ്റപ്പന്‍സ് വണ്‍ ആന്റ് ഒണ്‍ളി സണ്‍ വിഗ്നേശ്വരന്(എല്‍ കെ ജി-സെക്കന്‍ഡ് റാങ്ക് & ഉടായിപ്പ്-ഫസ്റ്റ് റാങ്ക്) എന്നെ കണ്ണു തള്ളി നോക്കി.കണ്ണു തുറിച്ച് ആ പാണ്ടിയേയും..
“ഇങ്ങോട്ടിറങ്ങടാ അവിടെ നിന്ന് താളം ചിവിട്ടാതെ..പെട്ടന്ന് മല കയറണം..അതാ”
ചിറ്റപന്‍ സ്വാമി വയലന്റായി.രാവിലെ അടിച്ച ജോക്ക് വേസ്റ്റ്.ഇനി നോക്കി നിന്നിട്ട് കാര്യമില്ല.ശ്രീഅയ്യപ്പനെ മനസില്‍ ദ്യാനിച്ച് ഞാന്‍ പമ്പയിലെ വെള്ളത്തിലേയ്ക്ക് ചാടി…(ഹൊ വൃശ്ചികമാസത്തിലെ തണുപ്പില്‍ പമ്പയിലെ വെള്ളത്തില്‍ രാവിലെ ഒരു നാല് നാലരയ്ക്ക് ഇറങ്ങി കുളിക്കുന്ന സുഖമൊന്ന് വേറെ തന്നെയാ.അതാലോചിക്കുമ്പോഴേ കുളിര് ഈസ് കോരിങ്ങ്..) ചിറ്റപനും സല്പുത്രന് വിഗ്നേശ്വരനും നില്ക്കുന്ന ഭാഗത്തേയ്ക്ക് ഞാന്‍ നീന്തി(ചുമ്മാതാ,നടന്നു.അതാശരി,നീന്തല്‍ ഞാന്‍ ഒരു ഒന്നര വയസായപ്പൊഴേക്കും നിര്‍ത്തി ബോറടിച്ചിട്ട്..അല്ലതെ അറിയാഞ്ഞിട്ടല്ല.,അയ്യെ..)
“നീ ഇതു വരെ നീന്തല്‍ പഠിച്ചില്ലേടാ”
വെളുപ്പാന്‍കാലത്ത് തണുത്തവെള്ളത്തില്‍ വിറച്ച് നിക്കുമ്പോഴാണോ ചിറ്റപ്പാ ശവത്തില്‍ കുത്തുന്ന വര്‍ത്തമാനം.ശബരിമലയില്‍ ലേഡീസ് ഇല്ലാത്തത് നന്നായി…അല്ലെങ്കില്‍ ഇന്സള്ട്ടായേനെ…
“നീന്തലറിയാം ചിറ്റപന്‍ സാമീ,പക്ഷേ എന്റെ പുറത്തുള്ള വെള്ളത്തില്‍ ഞാന്‍ നീന്താറില്ല.എന്റെ അകത്ത് വെള്ളമുള്ളപ്പോള്‍ വേറെ ഒരു വഴിയുമില്ലെങ്കില്‍ ചിലപ്പോഴൊക്കെ ഞാന്‍ നീന്താറുണ്ട്.”
എന്റെ മറുപടിയില്‍ സാറ്റിസ്ഫയ്ട് ആയതൊകൊണ്ടോ തെറി വിളിക്കാന്‍ കഴുത്തിലെ മാല അനുവദിക്കാത്തതുകൊണ്ടോ എന്റെ ചിറ്റപ്പനായി പിറന്നു പോയ നിമിഷത്തെ ശപിച്ച്,അയ്യപ്പ സ്വാമിയെ വിളിച്ച് ചിറ്റപ്പന് വീണ്ടും പമ്പയില്‍ മുങ്ങി…..
“മോനേ വിഗ്നേശ്വരാ നിനക്കു തണുക്കുന്നില്ലേടാ?”
“തട് ട് ട്ക്ക്ട്..ഈ അച്ച്ച്ഛന് വിട് ട് ട് ട്ന്ന് ല്ല്ല്ല്ല്ലാ”
“ചിറ്റപ്പാ,ദേ ചെറുക്കന്റെ പല്ല് എല്ലാം കൂടെ കൂടിയിടിച്ച് അച്ഛനെ അച്ഛാച്ഛാന്ന് വിളിക്കാന്‍ തുടങ്ങി.കുറച്ചും കൂടെ കഴിഞ്ഞാല്‍ നിങ്ങളവന്റെ അച്ഛനാണെന്നുള്ള കാര്യം ഒക്കെ അവന് മറക്കുവേ.രാവിലെ തന്നെ വെറുതേ അവന്റെ കയ്യീന്ന് വാങ്ങിച്ച് കെട്ടണ്ട. ആവനെ വിട് അവന് കരയ്ക്ക് കയറട്ടെന്ന്…”
ചിറ്റപ്പന്റെ പിടി വിട്ടതും അവന് ഓടി.കരയ്ക്ക് നിന്ന ഞങ്ങളുടെ ഡ്രൈവര്‍ അവനെ പിടിച്ച് ഡ്രൈ ക്ളീന്‍ ചെയ്തു. ഞാനും കുളിച്ച് കയറി.ചിറ്റപന്‍ ഇപ്പോഴും മുങ്ങി മതി ആയിട്ടില്ല.കുളിച്ച് തോര്‍ത്തി കരയ്ക്ക് നിക്കുമ്പോള്‍ എന്തെന്നില്ലാത്ത ഒരു സുഖം.പക്ഷേ ആ സുഖം വിഗ്നേശ്വരന് തോന്നാഞ്ഞിട്ടോ എന്തോ അവന് അവന്റപ്പനിട്ട് പണി കൊടുത്തു.സ്മൂത് കൊട്ടേഷന്‍…..
“അച്ഛന് സാമീ ദോ പാമ്പ്.കയറി വാ, കയറി വാ”
നീര്‍ക്കുതിര വരുന്ന പോലെ ചിറ്റപ്പന് ഞൊടിയിടയില്‍ കരയിലെത്തി.എന്നിട്ടൊരു ചോദ്യം..
“എവെട്രാ??പുല്ല്!..പേടിപ്പിച്ചല്ല്….സ്വാമിയേ ശരണമയ്യപ്പാ…ഈശോ”….
ങേ! ഈശോയോ?ഇനി അയ്യപ്പന്റെ ഫുള്‍ നേം,അയ്യപ്പന് ഈശോ എന്നോ മറ്റോ ആണോ?!
“അല്ല ചിറ്റപ്പോ,ആ ഈശോ എവിടുന്ന് വന്ന്?”
“അതുപിന്നെ,അള്ളാഹുവായാലും ഈശോയായാലും അയ്യപ്പനായാലും ദൈവമല്യോ.മ്മക്ക് എല്ലാരും ഒരുപോലാ..നീ വാ.കയറാം.സ്വാമിയേ ശരണമയ്യപ്പോ”…
അതു പോയിന്റ്.ഈ വിശാലമനസ്കത ലോകത്തെല്ലാ മനുഷ്യരിലും ഉണ്ടായിരുന്നെങ്കില്‍…യെവടെ….
സ്വാമിയെ…അയ്യപ്പോ.. അയ്യപ്പോ …സ്വാമിയേ… കെട്ടും കെട്ടി…ശബരിമലയ്ക്ക്..
ആരെകാണാന്‍….സ്വാമിയെ കാണാന്‍..
സ്വാമിയെ കണ്ടാല്‍…നടക്കാന്‍ വയ്യ..
തള്ളേ!! സ്വാമിയെ കണ്ടാല്‍ നടക്കാന്‍ പറ്റൂല്ലീ?!!ഇതു പുതിയറിവാണല്ല്..!
“എനിക് നടക്കാന്‍ വയ്യ…അച്ഛാ എട്..”
ഹൊ.അയ്യപ്പ സാമീ നീ കാത്ത്.നടക്കാന്‍ വയ്യെന്ന് പറഞ്ഞത് ചിറ്റപ്പന്റെ പുന്നാര മകന്… എന്റെ കുഞ്ഞനിയന്… രാജാധിരാജന്….. കയറ്റം കയറാന്‍ നേരത്ത് തനികൊണം കാണിച്ചവന്…വില്ലാളിവീരന്‍..വിഗ്നേശ്വര സ്വാമികളാ! ചിറ്റപ്പന് സ്വാമി ദയനീയമായി എന്നെ നോക്കി..യാതൊരു ദയനീയതയുമില്ലാതെ ഞാന്‍ തിരിച്ചും…എനിക്ക് പറ്റൂല്ല…
“യെട്…..അച്ഛാ…ങ്ഹ്ങ്ഹ്…യെട്ട്ട്ട്”….
ചിറ്റപ്പന് സ്വാമി മകന് സ്വാമിയെ പൊക്കി.എന്നിട്ട് അയ്യപ്പനെ അറിഞ്ഞു വിളിച്ചു..
“സ്വാമിയേയേയേ…….ശരണമയ്യപ്പോ”…..
സ്വാമി അപ്പാ അയ്യപ്പാ.. ശരണമപ്പാ അയ്യപ്പാ..
ദേവനേ..ദേവിയേ.. പഹവാനേ…പഹവതിയേ..
ഈശ്വരനേ…ഈശ്വരിയേ…
നെയ്യഭിഷേകം..സ്വാമിക്ക്..
സ്വാമിയേ…രാജേഷേ..
ങേ!സ്വാമിയേ അയ്യപ്പോന്നല്ലീ!!?ഇപ്പൊ രാജേഷേന്നാണോ?!ഇതാരെപ്പൊ മാറ്റി?
“രാജേഷേ…മോനേ..നീ ഇനി കുറച്ച് നേരം എട്രാ ഇവനെ..ഹൊ..ക്ഷീണീച്ച്..സ്വാമിയേ”
ഞങ്ങള്‍ കുറച്ച് നേരം ഇരുന്ന് ഓരോ നാരങ്ങാ വെള്ളം ഒക്കെ കുടിച്ച് വീണ്ടും മല കയറാന്‍ തുടങ്ങി..എന്റെ ഇരുമുടികെട്ട് ചിറ്റപ്പന്റെ കയ്യില്‍ കൊടുത്തു.ഞാന്‍ വിഗ്നേശ്വരനെ പൊക്കി.അവന് നല്ല ഉറക്കം.പാവം.കുഞ്ഞല്ലേ.കന്നി അയ്യപ്പനാ..ശരംകുത്തി വരെ ഞങ്ങള്‍ മാറി മാറി അവനെ എടുത്തു…
“ഹൊ,ഇനി ഇവനോട് നടക്കാന്‍ പറ ചിറ്റപ്പാ…അല്ലെങ്കില്‍ നിങ്ങളിനി എന്നെ എടുക്കേണ്ടി വരും”
അപ്പോഴേക്കും അവന് ഉണര്‍ന്നിരുന്നു..
“കയറ്റം ഒക്കെ തീര്‍ന്നോ അച്ഛന് സാമീ”?
ങേ! ടാ കള്ള തിരുമാലീ!അപ്പൊ അച്ഛന് സാമിയേയും അണ്ണന് സാമിയേയും നീ ..സ്വാമി ശരണം…ല്ല്ടാ????
“ടാ മോന് സ്വാമി,വിഗ്നേശ്വരാ നീ ഇനി മേലാല്‍ ദിവസം 2 മുട്ടയും 2 ഗ്ലാസ് പാലും കുടിക്കുന്നത് ഞാന്‍ കണ്ടാല്‍ നിനക്കും കിട്ടും നിന്റമ്മയ്ക്കും കിട്ടും.കേട്ടല്ല്..മക്കള്‍ ഓരോന്ന് വച്ച് കഴിച്ചാ മതി…”
“അതെന്താ ചിറ്റപ്പാ ആ കണക്ക് ഇപ്പൊ..?”
“എന്തോര്,ഭാരമാടാ ഇവന്.പുല്ല്..സ്വാമിയേ..”
“ചിറ്റപ്പനും ഫീല്‍ ചെയ്തല്ലേ???.ശരണമയ്യപ്പോ”.
“അച്ഛാ..പന്നീ…”
ദൈവമേ അവന് വിളിച്ച്!
ഈ പ്രായത്തിലേ കയറി അച്ഛനെ പന്നീന്ന് വിളിച്ച്!ചെറുക്കന് വീട്ടില്‍ ചെന്നിട്ട് പോരരുന്നോ? ആരേലും കേട്ടോ എന്തോ…നാണക്കേട്..
ചിറ്റപ്പന് അരവണ പായസത്തില്‍ എലിവാല് കണ്ടവനെ പോലെ ചുറ്റും കണ്ണോടിച്ച് കൊണ്ട് മകന് വിഗ്നുവിനെ നോക്കി.. അവന് വനത്തിലേയ്ക്ക് കൈ ചൂണ്ടി നിക്കുന്നു… യേസ്..അവിടെ അതാ യധാര്ത്ഥ പന്നി.വെറുതേ വിഗ്നേശ്വരന് സാമിയെ തെറ്റിദ്ധരിച്ച്….
അവന് പട്ടീന്ന് വിളിച്ചാലും പന്നീന്ന് വിളിക്കില്ല എന്ന ഒരാത്മവിശ്വാസം എന്റെ ചിറ്റപ്പന് സ്വാമിയുടെ മുഖത്ത്…കീപ് ഇറ്റ് അപ് മാന്‍..
“അച്ഛാ അത് കടിക്കുവോ..കുത്തുവോ…കല്ലെടുത്തെറിയട്ടെ??”
“ടാ അടി.മോനേ നമ്മള് സ്വാമിമാരല്ലേ? ആരേയും ഉപദ്രവിക്കാന്‍ പാടില്ല.ദേ നോക്കിയേ ആരെങ്കിലും ആ പന്നിയെ എന്തെങ്കിലും ചെയ്യുന്നുണ്ടോന്ന്..ആ പന്നിയും ആരേയും ഒന്നും ചെയ്യില്ല”.
അത് കേട്ടിട്ടാണോ എന്തോ, പെട്ടന്ന് ഒരു തമിഴന് സാമി സ്പീടില്‍ വന്ന് ഒരു കൈ കൊണ്ട് തന്റെ ഇരുമുടികെട്ട് താങ്ങി സന്ചി ഒരു ഭാഗത്തെയ്ക്ക് വകഞ്ഞ് മാറ്റി കഷ്ടപ്പെട്ട് കുനിഞ്ഞ് വഴിയില്‍ കിടന്ന ഒരു ഉരുളന്‍കല്ലെടുത്ത് പന്നിയുടെ പള്ളയ്ക്കിട്ട് ഒരൊറ്റ ഏറ്!..എന്നിട്ട് സ്വാമിയേ ശരണമയ്യപ്പോ എന്ന് നീട്ടി ഒരു വിളിയും!..ഒന്നുമറിയാത്ത പോലെ ഒറ്റ നടത്തയും!
“ഗ്ഹ്ഗ്ഹ്ഹിഹിഹി”…വിഗ്നേശ്വരന്സ്വാമി അതു കണ്ട് ഹാപ്പി ആയി…
“ഹോ ഇവനാരെടാ?ആ പന്നി അവന്റെ ഭാര്യയോ മറ്റോ ആണോ ഇത്ര വിരോധം.ഇരുമുടികെട്ടിന് ഭാരമില്ലായിരുന്നെങ്കില്‍ അവന് ഒരു 4 കല്ലുംകൂടെ എടുത്ത് ആ പന്നിയെ ഓടിച്ചിട്ട് എറിഞ്ഞേനെ..”
“സത്യം ചിറ്റപ്പാ!..അവനെ ആ പന്നി എന്തോ ചെയ്തിട്ടാണോ?അവന്റെ ഏറ് കണ്ടാല്‍ അയ്യപ്പനെ കാണാന്‍ അവന് വരുന്ന വഴി ഒരു പന്നിയെ എറിഞ്ഞോളാമെന്ന് നേര്‍ച്ച ഉള്ളതു പോലെ….”
ഞങ്ങള്‍ വീണ്ടും നടത്തം തുടര്‍ന്നു…എങ്ങും ശരണം വിളികള്‍..ഭക്തിസാന്ദ്രമായ അന്തരീക്ഷം…
“സ്വാമിയേ ശരണമയ്യപ്പാ…ജോര്‍ജ് സ്വാമി,നാസര്‍ സ്വാമി,ഷിജു സ്വാമി എന്നിവര്‍ എത്രയും പെട്ടന്ന് പമ്പയിലെത്തിചേരേണ്ടതാണ്. അവിടെ സദാശിവന് സാമി കാത്തു നില്ക്കുന്നു.” മൈക്കിലൂടെ അനൌണ്‍സ്മെന്‍ കേള്‍ക്കുന്നു…. ജാതിക്കും മതത്തിനും വേണ്ടി തല്ലുണ്ടാക്കുന്നവന്മാരെ ഇവിടെ പിടിച്ച് നിര്‍ത്തി ഈ അനൌണ്സ്മെന്റ് കേള്‍പ്പിക്കണം.വെറുതേ..പ്രയോജനം ഒന്നും ഇല്ല, എങ്കിലും…
“സ്വാമി..അമ്മോ”….!
സ്വാമി അമ്മയോ?!എന്നുമുതല്‍?!..
നോക്കുമ്പോളതാ ഒരു സ്വാമി കുനിഞ്ഞിരുന്ന് കാല് തടവുന്നു.ഒരു തമിഴന് സ്വാമിയുടെ ഇരുമുടികെട്ട് കാലില്‍ വീണതാ.പാവം..
“യെതാവത് ആച്ചാ സാമീ..മന്നിച്ചിടുങ്കോ..”
ഹും.ഇരുമുടികെട്ട് ഇട്ടത് പോരാഞ്ഞിട്ട് ഇനി മന്നിച്ച് ഇടണം പോലും എന്താണാവോ ഈ മന്നിച്ച് എന്ന സാധനം?.
“ആച്ചല്ല സ്വാമീ..പോച്ച്…എന്റെ കാല് പോച്ച്.തമിഴ്നാട്ടിലുള്ള തേങ്ങയെല്ലാം എടുത്തോണ്ടിറങ്ങികോളും ഒരോ…സ്വാമിയേ..ശരണമയ്യപ്പ..എന്റെ കാലേ”
“അച്ഛാ..ല്ല പട്ടി എന്റെ കാലേ തുപ്പി.ങ്ഹ്ങ്ഹ്ങാ…”
അയ്യപ്പസ്വാമീ! പട്ടിയും തുപ്പാന്‍ തുടങ്ങിയോ?കലികാലം. അറബികള്‍ തുപ്പും എന്ന് കേട്ടിട്ടുണ്ട്…ഇതിപ്പൊ പട്ടി..യൂ മീന്‍ എ ഡോഗി”?? ഞങ്ങള്‍ നോക്കുമ്പോള്‍ റണ്ണിങ് റേസിന് നില്ക്കും പോലെ വിഗ്നേശ്വരന് സ്വാമി!
“ല്ല പട്ടി ന്നെ തുപ്പി..നോക്കിയേ…”
അവന് പറഞ്ഞത് ഫാക്ടാ.സംഭവം ഉള്ളതാ…
“മോനേ അത് സ്വാമിയാ.പട്ടീന്ന് മാത്രം വിളിക്കരുത്.ആ സ്വാമിക്ക് അറിയാതെ പറ്റിയതല്ലേ.നമുക്ക് കഴുകാം” അച്ഛന് സ്വാമി മകന് സ്വാമിയെ സമാധാനിപ്പിച്ചു…
“ല്ല പട്ടി സ്വാമി എന്നെ തുപ്പി”
ഇപ്പൊ ഞാന്‍ പറഞ്ഞത് കറക്ടല്ലേ?പട്ടീന്ന് മാത്രമല്ലല്ലോ സ്വാമി കൂടെ ചേര്‍ത്തില്ലേ,എന്ന ഒരു ഭാവം വിഗ്നേശ്വര സ്വാമികളുടെ മുഖത്ത്…നാലാമത്തെ വയസിലിതാണെങ്കില് നീ…
“ടാ മിണ്ടാതെ നിക്ക്,ഞാന്‍ കഴുകി തരാം”
“ഷ്കൂളിലാര്ന്നേ ഞാന്‍ മേഡത്തിനോട് പറഞ്ഞ് അടി വാങ്ങി കൊടുത്തേനെ,,ഇതിപ്പൊ ഞാന്‍ ആരോട് പറയും??”
അയ്യപ്പാ, നാല് വയസുള്ള ഒരുത്തന്റെ ആത്മഗതം ആണോ ഈ പുറത്ത് വന്നത്!
“മ്മക്ക് അയ്യപ്പനോട് പറയാടാ”അച്ഛന് സ്വാമി,എഗേന് സമാധാന ശ്രമം…
“അയ്യപ്പനോട് പറഞ്ഞാ”??
അയ്യപ്പനോട് പറഞ്ഞാ…ചിറ്റപ്പന് എന്നെ നോക്കി.. അയ്യപ്പനോട് പറഞ്ഞാ…ഞാന്‍ ചിറ്റപ്പനെ നോക്കി…ഈ ചെറുക്കന് സ്വാമീടെ കാര്യം. കുഴപ്പിക്കുന്ന ചോദ്യം ചോയിച്ച്കളഞ്ഞ്…
“അയ്യപ്പന് ശിക്ഷിക്കും മോനേ”
“എങ്ങനെ ശിക്ഷിക്കും”??
എങ്ങനെ ശിക്ഷിക്കും എന്ന് പറഞ്ഞ് ഞാനും ചിറ്റപ്പനും പരസ്പരം നോക്കിയില്ല.അതിന്റെ ആവശ്യമുണ്ടായിരുന്നില്ലാ…
“ബെന്ചിന്റെ മോളീ കയറ്റി നിര്‍ത്തുവോ”?
“നിര്‍ത്തും”..മകന്റെ ഉരുള പോലുള്ള ചോദ്യത്തിന് അച്ഛന്റെ ഉപ്പേരി പോലുള്ള മറുപടി.
“അയ്യപ്പനേത് ഷ്കൂളിലെ ടീച്ചറാ”?
“മിണ്ടാതെ നിന്ന് ശരണം വിളിയെടാ…ക്യൂ എത്തി..ഇനി സ്പീടില്‍ നടക്കണം വാ വാ..ഓട്..”. തിക്കി തിരക്കി ഞങ്ങള്‍ ക്യൂവില്‍ കയറി..എവിടേയും ശരണം വിളികള്‍ മാത്രം..
“ഇവരോടൊക്കെ പോവാന്‍ പറ.എനിക്കിത്രേം ആള് കാണണ്ടാ.ഇവിടാര്,രെ കല്യാണാ അച്ഛാ??.”
തിരക്ക് കണ്ട് വിഗ്നേശ്വര സ്വാമി വയലന്റായി.ക്യൂ കണ്ട് പാവം വിചാരിച്ചിരിക്കുന്നത് കല്യാണം കഴിഞ്ഞിട്ട് ഉണ്ണാന്‍ ക്യൂ നിക്കുവാന്നാ….
“വിഗ്നേശ്വരാ മിണ്ടാതെ നിന്നോണം.അവര്‍ നിന്നെ കാണാന്‍ വന്നതല്ല.”
“സ്വാമിയെ അയ്യപ്പോ അയ്യപ്പോ സ്വാമിയേ”..ശരണം വിളികളുമായി പതിനെട്ടാം പടിയുടെ അടുത്തെത്തി.വലിയ തിരക്ക്.പടി കയറി തുടങ്ങിയപ്പോഴാണ് പെടലിക്ക് ഒരു കൈ വന്ന് വീണത്.കേരളാ പോലിസാ!..പിന്നവിടെ നടന്നത് ഒന്നാന്തരം പിടലിക്ക് പിടി മാമാങ്കമായിരുന്നു.ഇവനൊക്കെ എന്ന് നന്നാവുമോ എന്റെ അയ്യപ്പാ..സ്വാമിമാരെ ആദ്യത്തെ പടി ചവിട്ടുമ്പോഴേക്ക് കുത്തിന് പിടിച്ച് പൊക്കി എടുത്ത് മുകളിലേയ്ക്കൊരേറാ ഈ പറഞ്ഞ…സ്വാമിയേ ശരണമയ്യപ്പോ…പതിനെട്ടാം പടിയും പോലീസ് സ്റ്റേഷനാന്നാ ഇവന്റെ ഒക്കെ വിചാരം..
പടി കയറി മുകളിലെത്തിയപ്പൊഴാണ് ഞാന്‍ ആ സംഭവം കണ്ടത്… എന്റെ ചിറ്റപ്പന് സ്വാമി വയലന്റായി പോലീസിന് നേരെ പാഞ്ഞടുക്കുന്നു!…. സ്വാമീ….നിക്കൂ…..
“ടാ ഉവേ.ഇങ്ങനെ തള്ളാന്‍ ഞാനെന്താ ഉന്തുവണ്ടിയോ”??
“പോ..സാമി..പോ സാമീ…തിരക്കാ സ്വാമി”..
“എങ്ങോട്ട് പോവാന്‍.നിന്റമ്മേടെ…..അയ്യപ്പ സന്നിധിയായി പോയി.അല്ലെങ്കില്‍ യൂണിഫോമിലാ നീ എന്നൊന്നും ഞാന്‍ നോക്കില്ല.ചെവിക്കല്ല് അടിച്ച് ഞാന്‍ പൊട്ടിച്ചേനെ കേട്ട്രാ..നിനക്കറിയില്ലെന്നെ..”
“ചിറ്റപ്പാ വിട്.പോകാം”.
“അല്ലടാ ഇവന്…ഇങ്ങനാണോ തിരക്കുണ്ടെന്നും പറഞ്ഞ് തള്ളുന്നെ?”
പെട്ടന്നതാ ഒരു സ്വാമി മൂന്ന് കരണം മറിഞ്ഞ് ഞങ്ങളുടെ മുന്നില്‍ വന്ന് വീണു.ഇനി വല്ല സര്‍ക്കസ് അഭ്യാസിയോ മറ്റോ ആണോ?? കയ്യിലെ ഇരുമുടി കെട്ടൊക്കെ നേരെ ആക്കി പുള്ളി ഞങ്ങളെ ദയനീയമായി ഒന്ന് നോക്കി..എന്നിട്ട് ആ പോലീസിന് നേരെ തിരിഞ്ഞ്,
“എന്തോന്നാടേ ഇത്???കയ്യിലിരിക്കുന്ന കാശും കൊടുത്ത് അയ്യപ്പനെ കാണാന്‍ വന്ന എന്നെ നീയൊക്കെ തേങ്ങ എറിയുന്ന പോലെ എടുത്ത് എറിഞ്ഞ് കളഞ്ഞല്ലോടാ?.പന്ത്രണ്ട് പടി വരെ ഞാന്‍ എണ്ണി പിന്നെ ഞാന്‍ കാണുന്നത് പതിനെട്ടാമത്തെ പടിയാ.ഇടയ്ക്കുള്ള പടിയൊക്കെ യെവടപോയോ എന്തോ?.ഇതിന് നിന്നോടൊക്കെ അയ്യപ്പസ്വാമി ചോദിച്ചോളും…”
“രാജേഷേ…വാ..നമ്മളോടൊക്കെ ആ പോലീസ്കാര്,വളരെ ഡീസന്റായ പെരുമാറിയേ…പോയേക്കാം..”
സ്വാമിയേ…ശരണമയ്യപ്പോ…. അയ്യപ്പനെ കണ്ട് മനസ് നിറഞ്ഞ് തൊഴുത് തിരിച്ച് മല ഇറങ്ങി കാറില്‍ ഞങ്ങള്‍ വീട്ടിലേക്ക് പോകുമ്പോള്‍ ഞാന്‍ വെറുതേ വിഗ്നേശ്വരനോട് ചോദിച്ചു..
“ടാ മോനേ,നീയെന്താ പ്രാര്‍ത്ഥിച്ചെ?…”
“രായേഷണ്ണാ,അച്ഛനെ തള്ളിയ ആ പോലീസ്മാമനെ നമുക്ക് ഇനി വരുമ്പൊ ഇടിക്കണം കേട്ടോ…അച്ഛാ,അച്ഛനും ഇടിക്കണം കേട്ടോ…”
!!!!!!!!!
“ചിറ്റപ്പോ,ഉറങ്ങിയോ”?
“ഇല്ലടാ..എന്താ?”
“അല്ലാ,ഈ ലോകം ഇത്രയും പുരോഗമിച്ചിട്ടും മത്തന്‍ കുത്തിയാല്‍ ഇപ്പോഴും കുമ്പളം മുളയ്ക്കാറില്ല ല്ലേ?”
“അതെനിക്കും ഇപ്പൊ ഉറപ്പായടാ..സ്വാമി ശരണം”
rajesh…
127 total views, 3 views today