നായക്കുട്ടിയും നാടുവിട്ടവരും

35

എൻ.കെ അജിത്ത് ആനാരി

ഒരിക്കൽ വീരാറിലെ MB Estate എന്ന സ്ഥലത്ത് ഞാൻ താമസിക്കുന്ന കാലം. അതിരാവിലെ പാലു വാങ്ങാൻ ഞാൻ ഇറങ്ങിയതാണ്. അതിവേഗത്തിൽ പാഞ്ഞുപോയ ഒരു ഓട്ടോറിക്ഷയുടെ അടിയിൽ ഒരു പട്ടിക്കുഞ്ഞ് പെട്ടു. പെട്ടന്ന് ദീനദീനം അലറിക്കരഞ്ഞുകൊണ്ട് ആ പട്ടിക്കുഞ്ഞ് പായുകയാണ്. വെളുപ്പിനെ അതിദാരുണമായ ഈ കാഴ്ച കണ്ട ഞാൻ വേഗം ആ പട്ടിക്കുഞ്ഞ് പോയ ഭാഗത്തേക്ക് നടന്നു. കുറെയേറെ നടന്നു ചെന്നപ്പോൾ ഞാൻ കണ്ടത് പെറ്റു കിടക്കുന്ന അമ്മപട്ടിയുടെ മുല കുടിക്കുന്ന മറ്റ് നായ്ക്കുക്കുട്ടിളുടെ ഇടയിലേക്ക് ആ പരുക്കേറ്റ നായ്ക്കുട്ടി ഇടിച്ചു കയറി പിടഞ്ഞു മരിച്ച കാഴ്ചയാണ്. എൻ്റെ ചങ്കുതകർന്നു പോയി ആ കാഴ്ച കണ്ട് .

മരിക്കാൻ പോകുമ്പോഴും ആ പട്ടിക്കുഞ്ഞിലെ ആത്മശക്തി സ്വന്തം അമ്മയുടെയും, കൂടപ്പിറപ്പിൻ്റെയും അടുത്തെത്തി മരിക്കാൻ അതിനെ പ്രേരിപ്പിച്ചെങ്കിൽ, മനുഷ്യരായ നമ്മുടെ കാര്യം പറയണോ പ്രത്യേകിച്ച്? കോവിഡ് എന്ന മഹാമാരിയുടെ നടുവിൽ നില്ക്കുന്ന ഓരോ പ്രവാസിക്കും മരണമേറ്റുവാങ്ങാൻ അമ്മയെത്തേടിപ്പായുന്ന ആ നായക്കുട്ടിയിൽ പ്രകടമായ വികാരമാണ് നിർഭരമായിട്ടുള്ളത്. അഥവാമരിക്കേണ്ടി വന്നാലും സ്വന്ത നാട്ടിൽ, സ്വന്തമണ്ണിൽ പോയി മരിക്കുക എന്ന മാനസിക വികാരം. ഇവിടെ കോവിഡ് എന്ന മഹാമാരി ഓട്ടോറിക്ഷാക്കാരനാണ്. ഇടിച്ചിട്ടു പാഞ്ഞു പോകുന്ന നിർദ്ദയൻ.

എന്നാൽ പട്ടിക്കുഞ്ഞിന് അതിൻ്റെ അമ്മയുടെ അടുത്തെത്താൻ പ്രതിബന്ധങ്ങൾ ഒന്നുമില്ലായിരുന്നു. അത് അവിടെത്തി ആത്മശാന്തിയോടെ ചത്തു. എന്നാൽ പ്രവാസിക്കോ?കടമ്പകൾ എത്രയാണ്? ആദ്യം രജിസ്ട്രേഷൻ, പിന്നെ വാഹനത്തിൽ കയറാനുള്ള അവസരം കാക്കൽ, നാട്ടിലെത്തിയാൽ ഏഴും, പതിനാലും ദിവസം ക്വാറൻ്റീൻ. അതും കഴിഞ്ഞിപ്പോൾ അതിൻ്റെ ചെലവും സ്വയം കണ്ടെത്തണം പോലും! സത്യത്തിൽ സ്വന്തനാടിനെ ഓർത്ത് ഒരുപാടഭിമാനിച്ചിരുന്നവനാണ് ഞാൻ. ഇന്ന് സ്വന്തജനത്തെ രക്ഷിക്കാൻ ഏറ്റവും അവസാനം പ്രവർത്തിക്കുന്ന സിസ്റ്റമുള്ള രാജ്യമാണ് എൻ്റെ രാജ്യം എന്നതോർത്ത് ആ അഭിമാനബോധം ഞാൻ വലിച്ചെറിഞ്ഞുകഴിഞ്ഞു. സ്വന്തമണ്ണിൽ ഇനിയൊരിക്കലും എത്തപ്പെടില്ല എന്ന ബോധം ഞാൻ ഉറപ്പിച്ചു കഴിഞ്ഞു.

മുംബൈയിൽ നിന്നുള്ളവരെ ഉൾക്കൊള്ളാനാവാതെ സംസ്ഥാന സർക്കാരും, അതിൻ്റെ പേരിൽ രാഷ്ട്രീയ പ്രസ്ഥാവന നടത്തി വോട്ടു ബാങ്ക് പൊളിറ്റിക്സ് കളിക്കാൻ നോക്കുന്ന കേന്ദ്ര സർക്കാരും, ഓട്ടോ ഇടിച്ചു പരിക്കുപറ്റിയ നായക്കുട്ടിയുടെ മനസ്സുമായി പിടയ്ക്കുന്ന ജീവിതങ്ങളെ തിരിച്ചറിയാത്തത്, ഒരു പക്ഷേ ഞങ്ങൾ പ്രവാസികൾ ശപിക്കപ്പെട്ട ജന്മങ്ങളായിപ്പോയതിനാലാവാം.
ചരിത്രത്തിൽ രേഖപ്പെടുത്താവുന്ന എത്ര നല്ല കാര്യങ്ങൾ നിങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും, ബഹുമാനപ്പെട്ട കേരളാ സർക്കാരും, കേരളീയരും ഞങ്ങളോട് കാണിക്കുന്ന ഈ അകറ്റി നിർത്തൽ മനോഭാവത്തിന് മറുപടി തരുന്നത് കാലമായിരിക്കും.

നായ്ക്കളെപ്പോലെ മുംബൈ മുനിസിപ്പാലിറ്റിയുടെ ചക്കാടാ വണ്ടിയിൽ കോരിയിട്ടു കൊണ്ടുപോയി, അന്ത്യകർമ്മങ്ങൾ ഇല്ലാതെ, ചുട്ടും ചുടാതെയും തീരാൻ വിധിക്കപ്പെട്ടവരായി ഒരു പറ്റം മുംബൈ മലയാളികൾ ഇവിടുണ്ട്. അവരുടെ വ്യഥ നിങ്ങൾക്ക് ശാപമായിത്തീരില്ല. കാരണം ഞങ്ങൾ അത്രയേറെ സ്വന്തം നാടിനെ സ്നേഹിക്കുന്നു. ആ മണ്ണിനെ ഓർത്ത് പ്രാർത്ഥിക്കുന്നു. നമുക്ക് എന്നും ഒന്നുമതായി തല ഉയർത്തി നില്ക്കണം. അതിന് ഞങ്ങൾ വിഘാതം സൃഷ്ടിക്കില്ല. കേരളം വിളങ്ങട്ടെ, നാൾക്കുനാളുയരട്ടെ…ജയ് ഹിന്ദ്, ജയ് മഹാരാഷ്ട്ര, ജയ് കേരള.