കള്ളപ്രചാരകർ വിലസുമ്പോൾ

136
എൻ.കെ അജിത്ത് ആനാരി
കള്ളപ്രചാരകർ വിലസുമ്പോൾ എനിക്കു പറയാനുള്ളത്
………………………………………….
COVID – 19 ൻ്റെ പശ്ചാത്തലത്തിൽ ബ്രദർ സജിത്ത് കണ്ണൂർ, പാസ്റ്റർ KA എബ്രഹാം, ഫാ. നായ്ക്കൻ പറമ്പൻ തുടങ്ങി പിന്നെ മറ്റൊരു പാസ്റ്റർ എന്നിവരുടെ അത്യന്തം ആവേശം നിറഞ്ഞ നിരുത്തരവാദപരവും, ഉദരപൂരണപരവുമായ പ്രഘോഷണങ്ങൾ ട്രോളുകൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഈ സമയത്ത്, മഹാമാരികളെ പറ്റി ബൈബിൾ എന്താണ് പറയുന്നത് എന്നു നമുക്കൊന്നു നോക്കാം.
ബൈബിളിലെ പുതിയ നയമ ഭാഗത്ത് ലൂക്കോസിൻ്റെ സുവിശേഷം ഉണ്ട്. അതിൽ 21 – ആം അദ്ധ്യായത്തിലേക്ക് നമുക്കൊന്നു കടന്നു ചെല്ലാം .
അവിടെ ദേവാലയങ്ങൾ കല്ലിന്മേൽ കല്ല് ശേഷിക്കാതെ വണ്ണം തകർന്നു പോകുന്നതിൻ്റെ ചില ലക്ഷണങ്ങൾ ക്രിസ്തുവായ യേശുക്രിസ്തു പറയുന്ന വാക്യങ്ങൾ നമുക്ക് വായിക്കാം.
ലക്ഷണം നമ്പർ 1
വാക്യം: 8
അവിടെ പറയുന്നത് ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ , ഞാൻ (ക്രിസ്തു) ആകുന്നു എന്നു പറഞ്ഞും, സമയം അടുത്തിരിക്കുന്നു എന്നു പറഞ്ഞും അനേകർ എൻ്റെ പേരെടുത്തു വരും, അവരെ അനുഗമിക്കരുത് എന്നാണ്. അതായത് ഇവർ കാണിക്കുന്നതു പോലെ കള്ള പ്രവചനങ്ങളും, രോഗശാന്തി തക്കടികളുമായി വരുന്നവർ ക്രിസ്തു പറഞ്ഞ മേൽ വിവരിച്ച ടീമാണ് എന്നതാണ് സത്യം .
ലക്ഷണം നമ്പർ- 2
വാക്യം… 9
നിങ്ങൾ യുദ്ധങ്ങളെയും, കലഹങ്ങളേയും കുറിച്ച് കേൾക്കും. ഞെട്ടിപ്പോകരുത്. അത് ആദ്യം സംഭവിക്കേണ്ടതു തന്നെ. അവസ്സാനം ഉടനെ അല്ല എന്നു പറഞ്ഞു. ഇതൊക്കെ ആരാധനാ സ്ഥലങ്ങൾ നശിക്കുന്നതിൻ്റെ ലക്ഷണത്തുടക്കമായി ക്രിസ്തു അടയാളപ്പെടുത്തുമ്പോൾ ഒരു യഥാർത്ഥ ക്രിസ്ത്യാനി പരിഭ്രമിക്കേണ്ട ആവശ്യമില്ല , പ്രത്യുത അത് ദൈവ വചന നിവർത്തീകരണത്തിൻ്റെ ഭാഗമാണെന്നു ധരിക്കുക.
വാക്യം – 10
ജാതി ജാതിയോടും, രാജ്യം രാജ്യത്തോടും, എതിർക്കും. ഇതും ഇന്ന് സർവ്വസാധാരണമായിക്കഴിഞ്ഞു.
ലക്ഷണം – 3
വാക്യം 11
വലിയ ഭൂകമ്പങ്ങളും, മഹാവ്യാധികളും അവിടവിടെ ഉണ്ടാകും, ( ഉദാഹരണം covid – 19 )
ആകാശത്തിൽ മഹാലക്ഷ്യങ്ങൾ ഉണ്ടാകും.
ഇതെഴുതപ്പെടുന്ന കാലത്ത് നമുക്കിത് അചിന്ത്യമായിരുന്നെങ്കിലും, ഇന്ന് ആകാശത്ത് സ്പെയ്സ് സ്റ്റേഷനുകൾ പ്രവർത്തിക്കുന്നതും, അതിലേക്ക് അസ്ട്രോനട്ടുകൾ പോയി വരുന്നതും സാധാരണയായിക്കഴിഞ്ഞിരിക്കുന്നു. മഹാമാരിയായി കോവിഡ് – 19 പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. ദൈവത്തെ ദൈവാരാധനകളെ മനുഷ്യൻ അവഹേളിച്ചുതുടങ്ങിയിരിക്കുന്നു. ഇത് തഥ്യയോ മിഥ്യയോ നിങ്ങൾ വായനക്കാർ ഉത്തരം കണ്ടെത്തുക.
ലക്ഷണം – 4
വാക്യം – 12
എല്ലാറ്റിനും മുമ്പേ എൻ്റെ നിമിത്തം (യേശുവിൻ്റെ നാമം നിമിത്തം) അവർ നിങ്ങളുടെമേൽ കൈവച്ച്
രാജാക്കന്മാരുടെയും നാടുവാഴികളുടെയും മുന്നിൽ കൊണ്ടുപോയി ഉപദ്രവിക്കുകയും പള്ളികളിലും തടവുകളിലും ഏല്പിക്കുകയും ചെയ്യും.
ഇവിടെ പ്രത്യേകം ശ്രദ്ധിക്കുക, യേശുവിൻ്റെ സുവിശേഷകർക്ക് നിന്ദ, അവഹേളനം, പീഡനം ഇവ ഉറപ്പാണ്. പള്ളിക്കാര് ഉപദ്രവിക്കും ഉറപ്പാണ്, രാജാക്കന്മാർ ശിരശ്ചേദംവരെ നടത്താം. ഈ വാക്യം അടിവരയിട്ട് പഠിക്കുക. ഭയപ്പെട്ടിട്ട് ഒരു കാര്യവുമില്ല.
എന്നാൽ ഇതൊക്കെ ക്രിസ്തുവിനെ സാക്ഷീകരിപ്പാൻ നിങ്ങൾക്ക് കാരണമായിത്തീരും എന്ന് വാക്യം 13 ൽ പറയുന്നു.
ലക്ഷണം 5
വാക്യം – 25
സൂര്യനിലും, ചന്ദ്രനിലും ,നക്ഷത്രങ്ങളിലും ലക്ഷ്യങ്ങൾ ഉണ്ടാകും.
ശ്രദ്ധിക്കുക, സൗരയാൻ, ചന്ദ്രയാൻ, മംഗല്യാൻ ഇതൊക്കെ മേല്പറഞ്ഞതിനെ സാധൂകരിക്കുന്ന ഉദാഹരണങ്ങളാണ്. ഈ വചനം എഴുതുന്ന കാലത്ത് ഇതൊക്കെ സംഭവ്യമാകുമെന്ന് ലോകത്തിന് അചിന്ത്യമായിരുന്ന സംഗതികളാണ് ഇതൊക്കെ.
ലക്ഷണം – 6
വാക്യം -26
ആകാശത്തിൻ്റെ ശക്തികൾ ഇളകിപ്പോകുന്നതിനാൽ ഭൂമിയിൽ എന്തു ഭവിപ്പാൻ പോകുന്നു എന്നു പേടിച്ചും, നോക്കിപ്പാർത്തും കൊണ്ടും മനുഷ്യർ നിർജ്ജീവന്മാരാകും.
ആകാശത്തിൻ്റെ ശക്തികളായി വാണ അമേരിക്കയുടെ പ്രസിഡൻ്റ് അമേരിക്കയോട് ആഹ്വാനം ചെയ്തു കഴിഞ്ഞു, പ്രാർത്ഥിപ്പിൻ എന്ന്. അതെ, ആകാശത്തിലെ ശക്തികൾ ഇളകി വിരണ്ടു തുടങ്ങി. ഇതു കാണവേ യഥാർത്ഥ ക്രിസ്തുവിശ്വാസി വിരളരുത്, രോഗശാന്തിക്കരന്മാരായി ക്രിസ്തു നാമത്തെ അപഹാസ്യരാക്കുന്ന ഉദരപൂരണ കപടവേഷക്കാരെ അനുഗമിക്കരുത് എന്നാണ് വചനം പഠിപ്പിക്കുന്നത്.
ഇതൊക്കെക്കാണുമ്പോൾ ക്രിസ്ത്യാനി (യേശുവിൽ വിശ്വസിക്കുന്നവർ) ചെയ്യേണ്ടത് ഇതൊക്കെയാണ്.
ഒന്ന്
……
വാക്യം: 34
നിങ്ങളുടെ ഹൃദയം അതിഭക്ഷണത്താലും ,മദ്യപാനത്താലും, ഉപജീവനചിന്തകളാലും ഭാരപ്പെട്ട് ആ ദിവസം നിങ്ങൾക്കു പെട്ടന്നു കണിപോലെ വരാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ “
എന്നു വച്ചാൽ പ്രിയ ക്രിസ്ത്യാനി, പന്നീം, പോത്തും, കോഴിയും അമിതമായിക്കഴിച്ച് ഷുഗറും പ്രഷറും, കൊളസ്ട്രോളും കൂട്ടി, ടെൻഷനടിച്ച് ദൈവം വസിക്കുന്ന ആലയമായ ഹൃദയം ,ഹൃദയാഘാതം വന്നു തകർന്ന് ക്ഷിപ്രമായി തീർന്നു പോകാനിടവരാതെ, മിതഭക്ഷണം സ്വീകരിച്ച് ശുഭ ചിന്തയോടെ ഈ സംഭവിക്കുന്ന തൊക്കെക്കണ്ട് പരിഭ്രമിക്കാതെ ജീവിക്കാനാണ് വചനം പറഞ്ഞു തരുന്നത്. മനസിലായോ അച്ചായന്മാരേ, അച്ചായത്തികളേ?
രണ്ട്
……..
വാക്യം. 31
അവ്വണ്ണം തന്നെ ഇതൊക്കെ സംഭവിക്കുമ്പോൾ ദൈവരാജ്യം അടുത്തിരിക്കുന്നു എന്നു ഗ്രഹിക്കണം
മൂന്ന്
…….
വാക്യം 32
സകലവും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞു പോകുകയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
ക്രിസ്തു ഉറപ്പിച്ചു പറയുന്നു ഇതു സംഭവിക്കുന്നതു വരെ നിങ്ങളുടെ തലമുറ ഈ മണ്ണിൽ കാണും എന്ന്.. അതിനാൽ കോവിഡ് – 19 കണ്ട് വേവലാതിപ്പെട്ടിട്ട് ഒരു കാര്യവുമില്ല. മരുന്ന് കണ്ടെത്തുക തന്നെ ചെയ്യും ലോകം, അതുവരെ അതിജീവിക്കാൻ തക്കവണ്ണം .
നാല്
……
വാക്യം – 33
അല്പവിശ്വാസിയായ ക്രിസ്ത്യാനിയോടാണീ വചനം’
” ആകാശവും ഭൂമിയും ഒഴിഞ്ഞു പോകും, എൻ്റെ വചനങ്ങളോ ഒഴിഞ്ഞു പോകുകയില്ല.” സംഭവിക്കുന്ന നിമിത്തങ്ങൾ സത്യമാണെങ്കിൽ ഈ വചനവും നിങ്ങൾ ഉറപ്പായും വിശ്വസിക്കണം. അല്ലാതെ ബൈബിൾ വായിച്ചിട്ട് എന്തു പ്രയോജനം?
ഇനി ഒരു വാക്യം കൂടെ പറഞ്ഞ് ഞാൻ നിർത്താം.
പഴയ നിയമത്തിലെ
മലാഖി പ്രവചനം അധ്യായം 4, വാക്യം’ 1
“ചൂളപോലെ കത്തുന്ന ഒരു ദിവസം വരും, അപ്പോൾ അഹങ്കാരികളൊക്കെയും, സകല ദുഷ്പ്രവൃത്തിക്കാരും താളടിയാകും. “
ഇത് സത്യമാകും ‘ഉറപ്പാണ്. ലോകം’ അണുബോംബ് നിർമ്മിച്ച് കാത്തിരിക്കുകയാണ്. ഒരു ബട്ടൻ അമർന്നാൽ ലോകം ചൂളയാകും, ചുടലക്കുളമാകും’ അതിനാൽ അഹങ്കരിക്കാതെ, ദുഷ്പ്രവൃത്തിയിൽ ഭാഗഭാക്കാകാതെ ജീവിക്കുകയാണ് അഭികാമ്യം. ഇതിന് മത ഭേദമില്ല. ചുട്ടെരിക്കപ്പെടും, ഉറപ്പ്.
ആയതിനാൽ സമ്മറി ഒന്നു കൂടെ പറയട്ടെ
മഹാവ്യാധി, ഭൂകമ്പം, ക്ഷാമം, ജാതി മത സ്പർദ്ധ, കൊല, തുടങ്ങി ,ദേവാലയങ്ങൾ തകർക്കപ്പെടുക തുടങ്ങി സർവ്വവിധത്തിലുള്ള അനീതിയും പെരുകുമ്പോൾ, ക്രിസ്തുവിൻ്റെ പേരിൽ ഉപദ്രവിക്കപ്പെടുമ്പോൾ, നിങ്ങൾ വ്യാജ ഉപദേഷ്ടാക്കന്മാരെ തെരഞ്ഞു പോകുകയല്ല പ്രത്യുത ലൂക്കോസിൻ്റെ സുവിശേഷം 21 ആം അധ്യായം വാക്യം 14ഉം ’15 ഉം പറയുന്നവണ്ണം, ആകെയാൽ പ്രതിവാദിപ്പാൻ മുമ്പേക്കൂട്ടി വിചാരിക്കേണ്ടതിന് മനസ്സിൽ ഉറച്ചു കൊള്ളുകയും (അതായത് ദൈവവചനം ശരിക്കും വായിച്ച് പഠിക്കണമെന്നും) നിങ്ങളുടെ എതിരാളികൾക്ക് ആർക്കും എതിർക്കാനോ ചെറുപ്പാനോ കഴിയാത്ത വാക്കും, ജ്ഞാനവും നിങ്ങൾക്കേകും എന്ന് യേശുവിൻ്റെ ഉറപ്പുണ്ട്’ എന്ന് ഇതിനാൽ അറിയിച്ചു കൊള്ളുകയാണ്.
വെറുതേ ക്രിസ്തുവിനെ അപഹസിക്കാൻ പാത്രമാവാതിരിപ്പാൻ ശ്രദ്ധയുള്ള വിശ്വാസി ആയിരിക്കുക.
ആമേൻ
എൻ.കെ. അജിത് ആനാരി 17.03.2020
Advertisements