പൗരത്വ നിയമത്തില്‍ എന്തുകൊണ്ട് ക്രിസ്ത്യാനികള്‍ ഉള്‍പ്പെട്ടു

147

എന്‍ കെ ഭൂപേഷ്

ആര്‍എസ്എസിന് നാവ് വാടകയ്ക്ക് കൊടുക്കുമുമ്പ് സഭ ഓര്‍ക്കണം സംഘ്പരിവാര്‍ ക്രൈസ്തവരോട് ചെയ്തത്.

പൗരത്വ നിയമത്തില്‍ എന്തുകൊണ്ട് ക്രിസ്ത്യാനികള്‍ ഉള്‍പ്പെട്ടുവെന്നത് സംഘ്പരിവാര്‍ ചരിത്രം അറിയുന്നവരെ പോലും അത്ഭുതപ്പെടുത്തിയ സംഗതി തന്നെയാണ്. കാരണം ആര്എസ്എസ്സിന്റെ രണ്ടാമത്തെ പരമോന്നത നേതാവ് ഗോള്‍വള്‍ക്കര്‍ ക്രിസ്ത്യാനികളെ ആഭ്യന്തര ശത്രുവായി കണ്ടെത്തിയതാണ്. മുസ്ലീങ്ങള്‍ക്കും കമ്മ്യൂണിസ്റ്റുകള്‍ക്കുമിടയില്‍ തന്നെയാണ് ക്രിസ്ത്യാനികള്‍ക്കും സ്ഥാനം. സംഘ്പരിവാറിന് അങ്ങനെയാണെന്ന് കാര്യത്തില്‍ അവര്‍ക്ക് എന്തായാലും സംശയമില്ല. കാരണം വ്യ്ക്തമായി അതൊക്കെ പരമോന്നതന്‍ വ്യക്തമാക്കിയിട്ടുണ്ട്.

സംഘ് പരിവാറിന്റെ യുക്തിയില്‍ അതെങ്ങനെ തന്നെയാണ്. കാരണം ഇവിടെ ജനിച്ചാല്‍ മാത്രം പോര, ആര്‍എസ്എസ്സിന്റെ തലതിരിഞ്ഞ വര്‍ഗീയ യുക്തിയില്‍ ഒരാള്‍ ഈ നാട്ടിലെ പൗരനാകാന്‍. അതിന് അവന്റെ/അവളുടെ വിശ്വാസപരമായ പുണ്യഭൂമിയും ഇവിടെ ആവണം. അതുകൊണ്ട് ക്രിസ്ത്യാനികളും മുസ്ലീങ്ങളെ പോലെ, ഇന്നാട്ടിലെ ആര്‍എസ്എസുകാരുടെ കണ്ണില്‍ സ്വാഭാവിക പൗരന്മാരല്ല. കമ്മ്യൂണിസ്റ്റുകളെ സംബന്ധിച്ച് പുണ്യഭൂമിയുടെ പ്രശ്‌നമല്ല, മറിച്ച് രാഷ്ട്രീയകാരണങ്ങളാണ് ആഭ്യന്തര ശത്രുക്കളാക്കപ്പെട്ടത്. ഇങ്ങനെ ആര്‍എസ്എസ് നിലപാട് വ്യക്തമാക്കപ്പെട്ടിട്ടും, എന്തുകൊണ്ടാവും മോദിയും ഷായും ക്രിസ്ത്യാനികളെ പൗരത്വ ബില്ലില്‍ പെടുത്തിയിട്ടുണ്ടാവുക? പൗരത്വ ഭേദഗതിയെകുറിച്ചുള്ള ആദ്യകാല ഷാ പ്രസ്താവനകളില്‍ ക്രിസ്ത്യാനികള്‍ ഉണ്ടായിരുന്നില്ല. കഴിഞ്ഞ വര്‍ഷം നവംബര്‍ നാലിന് അമിത് ഷാ പറഞ്ഞത് ഹിന്ദു, ബുദ്ധ, സിഖ് ഒഴികെയുള്ള വിഭാഗത്തില്‍പ്പെട്ട എല്ലാ കുടിയേറ്റക്കാരെയും പുറത്താക്കുമെന്നാണ്. ഇത് ബിജെപി അന്ന് ഔദ്യോഗികമായി ട്വീറ്റ് ചെയ്തതാണ്. അതായത് ക്രിസ്ത്യാനികളെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത് പിന്നീടാണെന്ന് വ്യക്തം. എന്താവും ഇതിന് കാരണം. ക്രിസ്ത്യാനികളുടെ പുണ്യഭുമിയുടെ കാര്യത്തില് എന്തെങ്കിലും മാറ്റം ഉണ്ടാക്കിയതുകൊണ്ടോ അല്ലെങ്കില്‍ പുതുതായി ഹിന്ദു വര്‍ഗീയ വാദികള്‍ക്ക് എന്തെങ്കിലും അടുപ്പം ക്രൈസ്തവരോട് തോന്നിയിട്ടോ അല്ല ഇങ്ങനെ സംഭവിച്ചത്. അതിന് ചില അന്താരാഷ്ട്ര കാരണങ്ങള്‍ ഉണ്ടെന്നാണ് ചില രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. ക്രിസത്യാനികളെ ഒഴിവാക്കിയാല്‍ അന്താരാഷ്ട്ര പ്രതികരണം ഇപ്പോഴുള്ളതിനെക്കാള്‍ കൂടുതല്‍ രൂക്ഷമായിരിക്കും. മോദിയുടെ അടുത്ത സുഹൃത്തും ലക്ഷണമൊത്ത വലതുപക്ഷക്കാരനുമായ ട്രംപും അമേരിക്കയും പിണങ്ങും. അന്താരാഷ്ട്ര മൂലധന ശക്തികള്‍ അസ്വസ്ഥരായേക്കും. അത് വലിയ പുകിലാകും. ഇതാണത്രെ യഥാര്‍ത്ഥത്തില്‍ ആഭ്യന്തര ശത്രുവായ ക്രിസ്ത്യാനികളെ തല്‍ക്കാലം ഒഴിവാക്കാന്‍ കാരണം. സംഗതി എന്തായാലും ഇത് കേരളത്തിലെ കത്തോലിക്ക സഭ നേതൃത്വത്തെ വല്ലാതെ പുളകിതരാക്കി. അല്ലേലും നല്ല ക്രിസ്ത്യാനി പണ്ട് പണ്ട് വളരെ പണ്ട് സെന്റ് തോമസ് നേരിട്ട് വന്നു മതം മാറ്റിയ ബ്രാഹ്മണരുടെ പിന്‍മുറക്കാരാണെന്ന് പറയുന്നതില്‍ അഭിമാനം കൊള്ളുന്ന കൂട്ടര്‍ കൂടിയാണ് ഇവരില്‍ ചിലരെങ്കിലും. അതുകൊണ്ട് സാധ്യമായപ്പോഴെല്ലാം നേരത്തെയും ആര്‍എസ്എസ്സിനോട് ചേര്‍ന്ന് നില്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ട് സഭ നേതൃത്വത്തിലെ ഒരു വിഭാഗം. ഇപ്പോഴാണെങ്കില്‍ പ്രത്യേക പരിഗണന നല്‍കി ക്രിസ്ത്യാനികളോട് കരുണ കാട്ടിയിരിക്കുന്നു മോദിയും ഷായും. അതുകൊണ്ട് ഭരണഘടന വിരുദ്ധമെന്ന് വലിയൊരു വിഭാഗം കരുതുന്ന നിയമത്തിന്റെ പ്രചാരകരാകുന്നു സഭയുടെ ആത്മീയ ആചാര്യന്മാര്‍. അഴിമതി ആരോപണങ്ങള്‍ നേരിട്ട മാര്‍ ആലഞ്ചേരി പൗരത്വ നിയമത്തിന്റെ പ്രചാരകരായി എത്തിയ ബിജെപി സംഘത്തോടൊപ്പം ചിരിച്ച് ഫോട്ടോയ്ക്ക് പോസു ചെയ്യുന്നു. അങ്ങനെ സഭ ശരിക്കും സന്തോഷിച്ചിരിക്കുകയാണ്. തങ്ങളോട് ഇത്രയും കരുണ കാട്ടുന്നവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യേണ്ടെ എന്ന് കരുതിയാവും സീറോ മലബാര്‍ സഭ ലവ് ജീഹാദ് എന്ന ആരോപണം വീണ്ടും പുറത്തെടുത്തത്. വര്‍ഗീയതയും വിഡ്ഢിത്തവും പറയാനല്ലാതെ വാ തുറക്കാത്ത മുന്‍ പൊലീസ് മേധാവി സെന്‍കുമാറും അയാളുടെ സംഘക്കാരും മാത്രമാണ് ഇപ്പോള്‍ ഇതേക്കുറിച്ച് പറയാറുള്ളത്. അതുകൊണ്ട് തന്നെ സഭയുടെ പ്രസ്താവന അത്ഭുതകരമായിരുന്നു. ആര്‍എസ്എസ്സിന് എല്ലാ കാലത്തേക്കുമുള്ള സ്ഥിരനിക്ഷേപമാണ് ഈ ലവ് ജിഹാദ് ആരോപണം. എത്ര കോടതികള്‍ പറഞ്ഞാലും, എത്ര എത്ര അന്വേഷണങ്ങള്‍ നടത്തി തെറ്റെന്ന് തെളിയിച്ചാലും ആവശ്യമുള്ളപ്പോള്‍ എടുക്കാന്‍ പാകത്തിലുള്ള വെറുപ്പിന്റെ ശേഖരമാണ് ഈ ലവ് ജിഹാദ് ആരോപണം. ഇപ്പോള്‍ സഭ ഈ ആരോപണം ആവര്‍ത്തിച്ചതോടെ സംഘ് പരിവാര്‍ ഹാപ്പിയാകും. ഏതെങ്കിലും ചാനലുകാരന്‍ രാത്രി ഒരു ചര്‍ച്ചയും സംഘടിപ്പിച്ചാല്‍ സംഗതി ഇരമ്പും. പിന്നെ വാര്യര്‍ക്കം ശോഭയ്ക്കും, രാധകൃഷ്ണനും എല്ലാം തങ്ങളുടെ അംസംബന്ധങ്ങള്‍ എഴുന്നളളിച്ച് അവരുടെ രാഷ്ട്രീയത്തിന്റെ സങ്കുചിതത്വം ഒന്നൂകൂടി ബോധ്യപ്പെടുത്താന്‍ അവസരം ഒരുങ്ങും. നാടിന്റെ അന്തരീക്ഷം കൂടുതല്‍ മലിനമാക്കാം. അല്ലെങ്കിലും സംഘികള്‍ക്ക് ഇനി അത് പറയാന്‍ പാടുണ്ടാവില്ല.
ഇങ്ങനെ സ്വന്തം നാവ് സംഘ്പരിവാറിന് പാട്ടത്തിന് കൊടുത്ത നേതൃത്വം എന്തു കണ്ടുകൊണ്ടാണ്, എന്ത് ചരിത്രം പഠിച്ചാണ് ഈ ഒറ്റുകൊടുക്കലിന് തയ്യാറായിരിക്കുന്നത് എന്നുമാത്രമാണ് അറിയാത്തത്. സിറോ മലബാര്‍ സഭയുടെ മുതലാളിമാര്‍ക്ക് മറവി രോഗം കൂട്ടത്തോടെ പിടികൂടിയിരിക്കാനൊന്നും സാധ്യതയില്ല. ഇനി അഥാവ അങ്ങനെയെന്തെങ്കിലും വ്യാധിയുണ്ടെങ്കില്‍ ചരിത്രം ഒന്ന് നോക്കിയാല്‍ മതി. അത്രയധികം പിന്നാക്കമൊന്നും പോകെണ്ട. അവിടെ ആര്‍എസ്എസ്സിന്റെ കൈകളില്‍ പുരണ്ട ക്രൈസ്തവരുടെ രക്തം കാണാം. ഒഡീസയിലെ കാണ്ഡമഹലില്‍ സംഘ്പരിവാരം ക്രൈസതവ ദേവലായങ്ങള്‍ നശിപ്പിക്കുകയും ക്രൈസ്തവരുടെ വീടുകള്‍ തീവെച്ചു നശിപ്പിക്കുകയും, നൂറുകണക്കിന് ആളുകള്‍ക്ക് പലായനം ചെയ്യേണ്ടിവരികയും ചെയ്തതിന്റെ 11 വര്‍ഷം കഴിഞ്ഞ മാസങ്ങളിലാണ് ആചരിച്ചത്. അങ്ങനെ എത്രയെത്ര കലാപങ്ങളിലുടെയാണ് ക്രൈസ്തവരെ സംഘ്പരിവാരം നേരിട്ടത്. ഡല്‍ഹി മൂതല്‍ കന്യാകുമാരിവരെയുള്ള ദേശങ്ങള്‍ക്ക് ഓരോ കാലത്തും നടന്ന ക്രൈസ്തവര്‍ക്കെതിരായ ആക്രമണത്തിന്റെ ചരിത്രംപറയാനുണ്ടാകും. 2014 ല്‍ മോദി അധികാരത്തിലെത്തിയതിന് ശേഷം ഈ ആക്രമണങ്ങള്‍ വലിയ തോതില്‍ വര്‍ധിക്കുകയാണ് ചെയ്തത്. കേരളത്തിലുമുണ്ട് ക്രിസ്തുമത പ്രചാരകരെ സംഘ്പരിവാരുകാര്‍ ആക്രമിച്ച എത്രയോ കഥകള്‍. ആ ചരിത്രവും വര്‍ത്തമാനവും മറന്നാണ് മുസ്ലീം വേട്ടയ്ക്ക് ഉപകരിക്കാവുന്ന മറ്റൊരു വ്യാജ കഥയുടെ അടിയില്‍ സഭ തുല്യം ചാര്‍ത്തുന്നത്. ഫാസിസ്റ്റുകളെ അനുനയിപ്പിച്ച് വശത്താക്കാന്‍ കഴിയുമെന്ന ബോധ്യത്തിലാണ് ഈ ഐക്യദാര്‍ഡ്യ പ്രകടനമെങ്കില്‍, ഹാ! കഷ്ടം എന്നേ പറയാനുള്ളൂ!