പ്രേക്ഷാഭിപ്രായങ്ങൾ

Firaz Abdul Samad

ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം എന്നീ ചിത്രങ്ങൾക്ക് ശേഷം രതീഷ് ബാലകൃഷ്ണ പൊതുവാൾ തിരക്കഥയെഴുതി സംവിധാനം ചെയ്ത്, കുഞ്ചാക്കോ ബോബൻ, ഗായത്രി ശങ്കർ തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായി തീയേറ്ററിൽ റിലീസ് ചെയ്ത ചിത്രമാണ് ‘ന്നാ താൻ കേസ് കൊട്’. കോമഡി-ഡ്രാമ വിഭാഗത്തിൽ വരുന്ന ചിത്രം പറയുന്നത് ഒരു കള്ളന്റെ നിയമ യുദ്ധത്തെ കുറിച്ചാണ്.

സംവിധായകന്റെ മുൻകാല ചിത്രങ്ങൾ നന്നായി ഇഷ്ടപ്പെട്ട ഒരു വ്യക്തി എന്ന നിലയിൽ തന്നെ വളരെയേറെ പ്രതീക്ഷകൾ വെച്ച ചിത്രമാണ് ‘ന്നാ താൻ കേസ് കൊട്’. ആ പ്രതീക്ഷകൾക്ക് ഒപ്പമോ, അതിന് മുകളിൽ നിൽക്കുന്നതോ ആയ ഒരു സിനിമാനുഭവം തന്നെയാണ് ചിത്രം. ഒരു ചെറിയ സംഭവത്തിൽ തുടങ്ങി, അവിടെ നിന്ന് വരി വരിയായി വരുന്ന സംഭവ വികാസങ്ങൾ ഒക്കെ അതിഗംഭീരമായ ഒരു തിരക്കഥയുടെ ബലത്തിൽ, വളരെ റിയലിസ്റ്റിക് ആയാണ് ചിത്രം പറഞ്ഞു പോകുന്നത്.

പൊതുവാളിന്റെ സംവിധാന മികവിനൊപ്പം തന്നെ പ്രശംസിക്കേണ്ടത് രാകേഷ് ഹരിദാസിന്റെ ഫ്രേയ്മുകളെയും, ഡോൺ വിൻസന്റിന്റെ പശ്ചാത്തല സംഗീതത്തെയും, മനോജ് കണ്ണോത്തിന്റെ എഡിറ്റിംഗിനെയുമാണ്. ടെക്നിക്കൽ സൈഡുകൾ എല്ലാം വളരെ മികവ് പുലർത്തുമ്പോൾ, ആർട്ട് ഡിപാർട്മെന്റ് എടുത്ത എഫോർട്ടിനെയും പരാമർശിച്ചേ മതിയാവൂ.കഥ പ്ലെയ്സ് ചെയ്തിരിക്കുന്ന ജോഗ്രഫി ചിത്രത്തിനെ വളരെയധികം സഹായിച്ചിട്ടുണ്ട്. ആദ്യാവസാനം പൊട്ടിച്ചിരിപ്പിക്കുന്ന തമാശകൾ ഉള്ള ചിത്രത്തിലെ പല സിറ്റുവേഷൻ ഹ്യൂമറും വർക്ക് ആകുന്നതിൽ അവിടുത്തെ സ്ലാങ്ങിന് വലിയ പങ്കുണ്ട്. തമാശ രൂപേണ പറഞ്ഞു പോകുന്ന ചിത്രം മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം പ്രസക്തമാണ്, പ്രത്യേകിച്ചും ഇന്നത്തെ ഈ നാടിന്റെ സാഹചര്യത്തിൽ.

കുഞ്ചാക്കോ ബോബൻ എന്ന നടന്റെ കരിയർ ബെസ്റ്റ് എന്ന് പറയാവുന്ന വേഷപ്പകർച്ചയ്ക്കും പ്രകടനത്തിനൊപ്പം തന്നെ എടുത്തു പറയേണ്ടത് ചിത്രത്തിൽ വന്ന് പോകുന്ന ഓരോ പുതുമുഖങ്ങളുടെയും പ്രകടനങ്ങളാണ്. പ്രത്യേകിച്ചും ജഡ്ജി, വക്കീലന്മാർ, പോലീസ് തുടങ്ങിയ റോളുകൾ ചെയ്ത കലാകാരന്മാർ ചിത്രത്തിന്റെ ഒരു നെടുംതൂണാണ്. അത് പോലെ തന്നെ ഗായത്രി, രാജേഷ് മാധവൻ, ബേസിൽ തുടങ്ങിയ പരിചിത മുഖങ്ങളുടെയും പ്രകടനങ്ങൾ മികച്ചു നിന്നു.

പ്രസക്തമായ ഒരു രാഷ്ട്രീയം പറയുന്ന, കാണുന്ന പ്രേക്ഷകനെ പൊട്ടിച്ചിരിപ്പിക്കുന്ന, ചിന്തിപ്പിക്കുന്ന, കയ്യടിക്കാൻ പ്രേരിപ്പിക്കുന്ന ഒരു ഗംഭീര സിനിമാനുഭവം തന്നെയായിരുന്നു ‘ന്നാ താൻ കേസ് കൊട്’. തീർച്ചയായും തീയേറ്ററിൽ തന്നെ കാണുക, ചിത്രം ഒരു കമ്മ്യൂണിറ്റി വാച്ച് ഡിമാൻഡ് ചെയ്യുന്നുണ്ട്.
മൂവി മാക് ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന് നൽകുന്ന റേറ്റിംഗ്- 9/10.സ്നേഹത്തോടെ, മാക്..

**********

Jittin Jacob Kalathra

ക്യാപ്ഷനെ ചൊലിയുള്ള വാക്ക് തർക്കവും ,വിവാദങ്ങളും , ബഹിഷ്കരണ ആഹ്വാനങ്ങളും അവിടെ നിൽക്കട്ടെ.വഴിയേ നടന്നു പോയ ഒരാളുടെ തലയിൽ ചക്ക വീണ്, ആശുപത്രി വാസത്തിന് ശേഷം അയാൾ നിയമ്മ പോരാട്ടത്തിനു ഒരുങ്ങി. പക്ഷെ പ്രശ്നം ആർക്ക് എതിരെ കേസ് കൊടുക്കും… ആ പ്ലാവ് നട്ട വീട്ടു കാരന്റെ ആ പ്ലാവ് നിൽക്കുന്ന നിലം റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി സർക്കാർ ഏറ്റെടുത്തതാണ്. അത് ഏറ്റടുത്തിട്ട് കാലം കുറെ ആയി… കേസ് പൊതുമരാമത്ത് മന്ത്രിക്കെതിരെ കൊടുത്താൽ എന്ത് സംഭവിക്കും. അല്ല സിനിമയുടെ കഥ ഇതല്ല പക്ഷെ ഇതിലുണ്ട് കഥ കൂടുതൽ ഒന്നും പറയുന്നില്ല…
സിറ്റുവേഷനൽ കോമഡികളുടെ മാല പടക്കമാണ് ഈ സിനിമ. കുറേ നാൾ കൂടിയാണ് ഒരു സിനിമയെ പറ്റി എഴുതുന്നത്.ഇടയിൽ പല പടങ്ങൾ കണ്ടെങ്കിലും , കാലം അതിൻ്റെ സർവ്വ ശക്തിയുമേടുത്ത് ജീവിതത്തെ ഉഴുത് മറിച്ച് കൊണ്ടിരിക്കുന്ന ഈ കാലത്ത്, എപ്പോഴും എന്ന പോലെ , ദാഹിചും, ചൂടെറ്റും വലഞ്ഞവന് തണലും ,തണുപ്പും ഏകിയത് സിനിമയാണ് ,എങ്കിലും എഴുതാൻ കാത്ത് വച്ച വാക്കുകളോക്കയും ആ തണലിൻ്റെ തണുപ്പിനപ്പുറം ചുട്ടുപൊള്ളുന്ന ചൂടിൽ വാടിയും കരിഞ്ഞും പോയിരുന്നു .

ഇപ്പൊൾ,പക്ഷേ ഈ സിനിമയ്ക്ക് അപ്പുറം തണുപ്പ് അതേ പോലെ നിൽക്കുന്നുണ്ടെങ്കിൽ അത് സിനിമയുടെ വിജയമാണ്. അതാണ് എന്നേ എഴുതാൻ പ്രേരിപ്പിക്കുന്നതും .തുടക്കം മുതൽ ഒടുക്കം വരെ വച്ച് കെട്ടാത്ത, എക്സ്ട്രാ ഫിട്ടിങ് ചളി കോമഡികൾക്കപ്പുറം, ഒന്നിന് പിറകെ ഒന്നായി സാഹചര്യങ്ങൾ ചിരി പടർത്തി കൊണ്ടേയിരുന്നു … അഥവാ തിരക്കഥയാകുന്നു സിനിമയുടെ മെയിൻ ഹീറോ .മനസ്സ് മടുപ്പിച്ച് തുടങ്ങിയ ത്രിലർ പേമാരിക്കും , അവ മടുത്ത പ്രേക്ഷകനെ നോക്കി പടച്ച് വിടുന്ന പ്രേഷകനെ മണ്ടന്മാരാക്കുന്ന പടപ്പ് സിനിമകൾക്ക് ഇടയിൽ കിട്ടുന്ന ഇത്തരം ചില സ്വാഭാവിക സിനിമ തുരുത്തുകൾ ചെറുതല്ലാത്ത ആശ്വാസം തരുന്നുണ്ട്.

സാധാരണ കാരൻ്റെ , ഭരണകൂടത്തതോടുള്ള സമരങ്ങളുടെ കഥ പറഞ്ഞ ആദ്യ സിനിമ ഒന്നുമല്ല ഇത് എങ്കിലും ഈ സിനിമയ്ക്ക് എന്തോ പ്രത്യേകതയുണ്ട് .അത് സറ്റയർ , കോമഡി രീതിയിൽ എടുത്ത് എന്നതിൽ അപ്പുറം … സിനിമയിൽ മുഴച്ച് നിൽക്കുന്ന നിഷ്കളങ്കത്വമാണ് .അത് സിനിമ നടക്കുന്ന കാലഘട്ടത്തിൻ്റെ ,നാടിൻ്റെ , നാട്ടുകാരുടെ സർവോപരി പ്രമയത്തിൻ്റെ ഇന്നസെൻസ് ആകാം.തീ പൊരിയായതും , പൊരിയാവാത്തതുമായ പല കോടതി മുറികളിലൂടെ പോസ്റ്റ് ലോക് ഡൗണ് മലയാള സിനിമ പലപ്പോഴും കടന്ന് പോയെങ്കിലും … ഈ സിനിമയുടെ കോടതി മുറി അത് ഒരു സംഭവമാണ് …നമ്മൾ കാണാത്ത …കോടതി വ്യവഹാരങ്ങളുടെ ഉഷ്ണം ഇല്ലാത്ത , നിയമ്മത്തിൻ്റെ കടിച്ചാൽ പൊട്ടാത്ത വാക്കുകൾ ഇല്ലാത്ത ചിരിയുടെ ലാളിത്യം മാത്രം ഉള്ള ഒരു കോടതി മുറി …അതിലെ മജിസ്ട്രേറ്റ് അങ്ങേരു ഒരേ പൊളിയാണ് …പുള്ളി ഇനി മലയാള സിനിമയിൽ പലയിടത്തും കാണും ഉറപ്പു…പുള്ളി മാത്രമല്ല വന്നവരും നിന്നവരും ചുമ്മ ആറാടുകയാണ്…

പിന്നേ സ്വാഭാവികമായും ചിരിക്ക് അപ്പുറം സിനിമ പറഞ്ഞു വയ്ക്കുന്ന പലതും ഉണ്ട്… അത് അതാത് പ്രേഷകന്റെ മനസ്സിന് വിട്ട് കൊടുക്കാം… കാരണം ആ പറഞ്ഞ കാര്യങ്ങൾ പലതും ഉള്ളിൽ എങ്കിലും കഷി രാഷ്ട്രിയങ്ങൾക്ക് അപ്പുറം നമ്മൾ പറഞ്ഞവയാണ്.ഒരു കള്ളൻ, മന്ത്രിക്കെതിരെ കൊടുക്കുന്ന കേസ്…കാര്യ കാരണങ്ങൾക്ക് അപ്പുറം കള്ളൻ എന്ന പേര് കിട്ടിയവൻ ഒരിക്കലും നന്നാവില്ല എന്നാ നമ്മുടെയൊക്കെ പ്രജുഡായിസ് തിരുത്താൻ ഒരു കള്ളൻ നടത്തുന്ന നിയമ്മ പോരാട്ടം എന്ന് വേണമെങ്കിൽ ചുരുക്കി പറയാം.ചാക്കൊച്ചൻ എന്നാ നടൻ വിസ്മയിപ്പിക്കാൻ തുടങ്ങിട്ടെയുള്ളൂ….സിനിമയ്ക്ക് ശേഷം പക്ഷേ രതീഷ് പൊതുവാൾ എന്ന എഴുത്ത് കാരനാണ് മനസ്സിൽ… അയാളിലേ സംവിധായകുനും പൊളിയാണ് എങ്കിലും.സിനിമ ഒരു വിനോദമാണ്. പ്രേഷകന്റെ ഇടത്താവളമാണ്… അവിടെ പ്രേഷകന് ഇരിപ്പ് ഉറയ്ക്കുന്നുണ്ടെങ്കിൽ അതാണ് സിനിമയുടെ വിജയം…. വിവാദങ്ങളും, പൊളിറ്റിക്സും, ഒരു സൈഡ് പിടിച്ച് മാറി നിൽക്കട്ടെ. സിനിമ നല്ലതാണ്.. അത്രേയൊള്ളൂ.

**

Josemon Vazhayil

രാജീവൻ്റെ കേസിന് വിധി പറയുമ്പോൾ…

അതേ… രാജീവിൻ്റെ കേസ് തന്നെയാണ് ഈ സിനിമ. രാജീവൻ്റെ മാത്രമല്ലാ. ഇന്നാട്ടിൽ ജീവിക്കുന്ന ഏതൊരാളുടേയും ജീവിതസാഹചര്യങ്ങളിൽ നിന്നുരിത്തിരിയാവുന്ന ഒരു നോർമൽ കേസിൽ നിന്ന് തുടങ്ങുകയും, തുടർന്ന് സ്ഥലത്തെ PWD മിനിസ്റ്റർ തന്നെ പ്രധാനപ്രതിയാവുകയും ചെയ്തുകൊണ്ട് മുന്നേറുന്ന ഒരു വലിയ കേസിൻ്റെ കഥയാണ് ‘ന്നാ താൻ കേസ് കൊട്‘.

ഹാസ്യത്തിൻ്റെ മേമ്പൊടി ചേർത്ത്, ഇന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളെകൂടി കഥാപാത്രമാക്കിക്കൊണ്ട് മികവുറ്റ രീതിയിൽ തയാറാക്കിയിട്ടുള്ള ഒരു പൊളിറ്റിക്കൽ കോർട്ട് റൂം ഡ്രാമയാണ് രജീഷ് പൊതുവാൾ അണിയിച്ചൊരുക്കിയിരിക്കുന്ന ഈ കേസ്. സീരിയസ് വിഷയങ്ങൾക്കിടയിലും സന്ദർഭോചിതമായി ചിരിക്കാനായി ഒരുപാട് കാര്യങ്ങൾ സിനിമ സമ്മാനിക്കുന്നുണ്ട്. മിക്കതിനും അപ്പോൾ തന്നെ ചിരി പൊട്ടും… ചിലത് മനസിലാക്കി ചിരിക്കണം…. അങ്ങനെ വൈകി ചിരിക്കുന്നവരെയും കണ്ടു തിയറ്ററിൽ.

കോർട്ട് റൂം ഡ്രാമ എന്ന് പറയുമ്പോൾ, സ്ഥിരമായി സിനിമയിലും സീരിയലിലും കാണിക്കുന്നത് പോലെ, നിയമവശങ്ങളുടെ ചട്ടക്കൂടുകളെ കാറ്റിൽ പറത്തിയല്ലാ ഈ കേസ് വിസ്തരിക്കുന്നത്. കോടതിയിൽ വിസ്തരിക്കുമ്പോൾ പാലിക്കേണ്ടതായ നിയമവശങ്ങളെ പരമാവധി ഉൾക്കൊള്ളിച്ചുകൊണ്ടാണ് ഈ കോർട്ട് റൂം ഡ്രാമ അരങ്ങേറുന്നത് എന്നത് സിനിമക്ക് കൂടുതൽ കെട്ടുറപ്പ് നൽകുന്നുണ്ട്.

ഒരു തരി പോലും ഞാൻ കഥയിലേക്ക് കടക്കുന്നില്ലാ. പകരം അഭിനേതാക്കളെക്കുറിച്ച് പറയാം… പറയണം. രാജീവനായി അരങ്ങ് തകർത്തഭിനയിച്ച ചാക്കോച്ചനേക്കാൾ മേലേ ആയിരുന്നു ഒരു മജിസ്ട്രേറ്റായി ജീവിച്ചുകാണിച്ച പി പി കുഞ്ഞികൃഷ്ണൻ മാഷിൻ്റെ പെർഫോമൻസ്. ഒപ്പം, ഒരു രക്ഷയുമില്ലാത്ത ടൈമിംഗും. റിയൽ ലൈഫിലെ പഴയ ഹിന്ദി മാഷിൻ്റെ മജിസ്ട്രേറ്റ് പെർഫോമൻസ് തന്നെ ഉണ്ട് ആവോളം ആസ്വദിക്കാൻ.

രാജീവനായി ചാക്കോച്ചൻ തിളങ്ങി… അത് ചാക്കോച്ചൻ്റെ കീഴ്ത്താടി മുൻപിലേക്കുന്തിയുള്ള മെയ്ക്കോവർ മുതൽ, സംസാരശൈലി, ശരീരഭാഷ, അങ്ങനെ എല്ലാ രീതിയിലും ചാക്കോച്ചൻ അഴിഞ്ഞാടുക തന്നെ ചെയ്തു. അതിനൊപ്പത്തിനൊപ്പം നിന്ന ഗായത്രി ശങ്കറും.പിന്നെ എടുത്ത് പറയേണ്ടത് വക്കീലന്മാരെയാണ്… ഷുക്കൂർ വക്കീൽ, കൃഷ്ണൻ വക്കീൽ, ഗംഗാദരൻ വക്കീൽ, നിങ്ങളൊക്കെ ഇതുവരെ എവിടെയായിരുന്നു എൻ്റെ പൊന്നോ…?? എന്തൊരു നാച്വറാലിറ്റിയാണ്. പിന്നെ PWD മന്ത്രിയായി വന്ന TP കുഞ്ഞിക്കണ്ണൻ…!! തൻ്റേടിയായ ഒരു മന്ത്രിക്ക് വേണ്ടുന്ന എല്ലാ അഹങ്കാരങ്ങളും അഹംഭാവങ്ങളുമടക്കം ഓരോ മാനറിസങ്ങളിലും അദ്ദേഹം തകർത്തു. ചെറിയ വേഷങ്ങളിൽ വന്ന സിബി തോമസും, ബേസിൽ ജോസഫും അവരവരുടെ വേഷങ്ങൾ ഗംഭീരമാക്കി.

സിനിമ പറയുന്ന രാഷ്ട്രീയം, അത് ചിന്തിപ്പിക്കും, ചിരിപ്പിക്കും, ചിലരെയെങ്കിലും പ്രകോപിപ്പിക്കുകയും ചെയ്തേക്കാം. അത് എഴുതികാണിക്കുന്ന കാര്യങ്ങൾ മുതൽ കാണിച്ചു തരുന്ന കാര്യങ്ങൾ വരെ എല്ലാത്തിലും വ്യക്തമായതും കൃത്യമായതുമായ നിലപാടുകളുണ്ട്. അത് ചാക്കോച്ചനും ഗായത്രിയും തമ്മിലുള്ള ബന്ധം മുതൽ റോഡിലെ കുഴിയോ, കള്ളനെന്ന മായാത്ത പേരോ, ബലിയാകുന്ന മന്ത്രിയുടെ പിയെയോ, ആവട്ടെ… എല്ലാത്തിലുമുണ്ട് വ്യക്തമായ കാഴ്ച്ചപ്പാടുകൾ… ചിന്തിക്കേണ്ട കാഴ്ച്ചപ്പാടുകൾ…!!!

Official poster of Kunchacko Boban-starrer ‘Nna Thaan Case Kodu’ released

അനാവശ്യമായി ഒരു ഗാനമോ BGMഓ ഇതിൽ അനുഭവപ്പെട്ടില്ല. ‘ദേവദൂതർ…‘ പോലെ മറ്റൊരു പഴയ ഗാനവും ഇതിൽ വളരെ രസകരമായി ഇഴകിചേർത്തിട്ടുണ്ട്. ആ പാട്ടിനെക്കുറിച്ചോർക്കുമ്പോൾ രാജേഷ് മാധവനെയോർത്ത് ചിരിക്കാതെയും വയ്യ.മറ്റൊന്ന് സിനിമയുടെ സെറ്റാണ്…! ജ്യോതിഷ് ശങ്കറിൻ്റെ മറ്റൊരു വിസ്മയം. അതിനെക്കുറിച്ച് വിശദീകരിക്കാൻ ഈ പോസ്റ്റ് മതിയാവില്ലാ. ഒരു കോടതിയെ അപ്പാടെ അതേ രൂപത്തിലും ഭാവത്തിലും വലിപ്പത്തിലും സെറ്റായി തയാറാക്കിയാണ് കോടതി സീനുകൾ ഷൂട്ട് ചെയ്തത് എന്നറിയുമ്പോൾ അത്ഭുതം തോന്നും. അത്രക്ക് ഗംഭീരമാണ് സെറ്റ്.

ഇനി കുറച്ച് നെഗറ്റീവ് പറയാം….

പലയിടങ്ങളിലും സംസാരം ക്ലിയറാവാതെയിരുന്നത് എനിക്ക് കാസർകോട് ശൈലി വശമില്ലാഞ്ഞിട്ടാണ് എന്ന് കരുതിയെങ്കിലും പിന്നീട് പലരും തിയറ്ററിൽ ഇക്കാര്യം പറയുന്നത് ശ്രദ്ധയിൽ പെട്ടു. ഇനി തിയറ്ററിൻ്റെ പ്രശ്നം ആണോ എന്നറിയില്ല.സിനിമയുടെ സ്ക്രീൻ സൈസ് 4:3 റേഷ്യോയിൽ ആയിരുന്നു എന്നത് തുടക്കത്തിൽ കുറച്ച് ബുദ്ധിമുട്ട് തോന്നിച്ചു. എന്നാൽ ചില തിയറ്ററുകളിൽ അത് സൂം ചെയ്ത് ഫുൾ സ്ക്രീനിൽ കാണിച്ചു എന്നറിഞ്ഞു… അത് ശുദ്ധ മണ്ടത്തരമാണ്.ഫൈനൽ ജഡ്‌ജ്മെൻ്റ്: അഞ്ചിൽ നാല് മാർക്ക് കൊടുത്ത്, ഈ സിനിമ കണ്ടാസ്വദിക്കാനുള്ളതുണ്ടെന്ന് സ്വന്തം ജാമ്യത്തിൽ ഉറപ്പ് നൽകുന്നു.

**

Sarath Kannan

സമകാലിക പ്രശ്നത്തോടൊപ്പം ഒരു സാധാരണക്കാരനും ഇവിടുത്തെ നിയമവ്യവസ്ഥയും തമ്മിലുളള പോരാട്ടമായിട്ടാണ് എന്നാ താൻ കേസ് കൊട് എന്ന ചിത്രം. പ്രതീക്ഷ അർപ്പിച്ച സംവിധായകനോടൊപ്പം വ്യത്യസ്ത വേഷങ്ങളിലേക് മാറുന്ന കുഞ്ചാക്കോ ബോബനും തെറ്റില്ലാത്ത ട്രെയിലറുമാണ് ഈ ചിത്രം കാണാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങളായി പരിഗണിച്ചത്. എന്നാൽ ചിത്രം തുടങ്ങിയപ്പോൾ തന്നെ Screen Ratio പോരായ്മ ആദ്യ വില്ലനായി അവതരിക്കുകയുണ്ടായി. ഒരുപരിധിവരെ OTT ഫോർമാറ്റിനോട് യോജിക്കും വിധമുളള ഈ സ്ക്രീൻ ഫോർമാറ്റ് വലിയൊരു കല്ലുകടിയായി എന്നുളളത് പറയാതിരിക്കാൻ കഴിയില്ല.
ചിത്രത്തിലേക്ക് കടക്കുമ്പോൾ നട്ടെല്ലായി നിലനിൽക്കുന്ന ഒരാളുണ്ട് ചാക്കോച്ചൻ ഇതുവരെ കണ്ടുപരിചിതമല്ലാത്ത വേഷപകർച്ചയിലൂടെ ആ നടൻ വ്യത്യസ്തനാവുന്നുണ്ട്. അതോടൊപ്പം പുതിവഴികളിലൂടെ തന്റേതായ ശൈലിയിലൂടെ മുന്നേറുന്ന സംവിധായകൻ രതീഷ് ബാലകൃഷ്ണനും ഈ ചിത്രത്തെ കൂടുതൽ ആസ്വാദകരമാക്കുന്നുണ്ട്. സമകാലിക പ്രശ്നത്തിലൂടെ സഞ്ചരിച്ച് വിത്യസ്തമായ making ലൂടെ ഒരു സാധാരണ കാരന്റെ നിയമ പോരാട്ടമാണ് എന്നാ താൻ കേസ് കൊട് എന്ന് ചിത്രം.

കോടതിമുറിയിലെ വാദപ്രതിവാദങ്ങളെ നർമ്മത്തിൽ ചാലിച്ച് അതോടൊപ്പം രാഷ്ട്രീയ പ്രശ്നങ്ങളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. ഒരു പക്ഷേ ഇടതുപക്ഷ അനുഭാവികൾക്കും സഹയാത്രികർക്കും ചിത്രത്തിന്റെ വിഷയം അലോസരപ്പെടുത്തുന്നുണ്ടെങ്കിൽ അത് ഇന്നത്തെ ജനതയുടെ വിളിച്ചു പറച്ചിൽ കൂടിയായി എന്ന് പലരും വരും നാളുകളിൽ അഭിപ്രായം ഉന്നയിച്ചേക്കാം എന്നാൽ അത് ഒരുപരിധിവരെ സത്യവുമാണ്. രാഷ്ട്രീയ മുതലെടുപ്പുകൾക്കു വേണ്ടി ഈ സിനിമയെ ചർച്ച ചെയ്യപ്പെട്ടാൽ തിയേറ്റർ വിജയമായിരിക്കും. അല്ലെങ്കിൽ OTT release ന് ശേഷം പ്രേക്ഷക നിരൂപണകളുടെ കുത്തൊഴുക്കിൽ മികച്ച ചിത്രമാവുന്ന മറ്റൊരു സിനിമ…

Leave a Reply
You May Also Like

വിക്രം നായകനായ, അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്ത ‘കോബ്ര’ ഒഫീഷ്യൽ ട്രെയിലർ

വിക്രം നായകനായ, അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്ത ‘കോബ്ര’ ഒഫീഷ്യൽ ട്രെയിലർ.  ആഗസ്ത് 31 റിലീസ്.…

മോഹൻലാൽ വീണ്ടും ശ്രീകുമാർ മേനോന് ഡേറ്റ് നൽകി

മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ. മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ തുടങ്ങിയ ആ അഭിനയ സപര്യ…

പൃഥ്വിരാജിന്റെ കരിയറിൽ സംഭവിച്ച കുതിച്ചുചാട്ടം, ‘പുതിയ മുഖം’ ക്ലിക്ക് ആവാനുള്ള കാരണങ്ങൾ

Akshay Js വർഷങ്ങൾക്കുശേഷം പുതിയ മുഖം സിനിമ ഒന്നുകൂടി കണ്ടു. 13 വർഷങ്ങൾക്ക് മുമ്പ് സിനിമ…

‘ദളപതി’ രജനി വിജയ്‌യുടെ രഞ്ജിതമേ ഗാനത്തിൽ ഡാൻസ് ചെയ്താൽ എങ്ങനെ ഇരിക്കും, അന്യായ എഡിറ്റിങ്

‘ദളപതി’ രജനി വിജയ്‌യുടെ രഞ്ജിതമേ ഗാനത്തിൽ ഡാൻസ് ചെയ്തു ! വിജയ്‌യുടെ രഞ്ജിതമേ എന്ന ചിത്രത്തിനായി…