എന്നാലും എന്‍റെ ബ്രോക്കറെ അഥവാ ഒരു പെണ്ണ് കാണല്

809

ആന്ധ്രയിലെ ജോലിക്കിടയില്‍ ആദ്യത്തെ അവധിക്ക് നാട്ടില്‍ വന്നപ്പോള്‍ ആണ് ഉമ്മ എന്റെ കല്ല്യാണം നടത്തുന്നതിനെ കുറിച്ച് പറഞ്ഞത് .
അതിനും ഒരു കൊല്ലം മുമ്പ് എന്നെക്കാള്‍ രണ്ട് വയസ്സ് ഇളപ്പം ഉള്ള എന്റെ അയല്‍വാസി, ഹംസത്തലി യുടെ കല്ല്യാണം കൂടി, നല്ല ഒന്നാംതരം പോത്തിറച്ചി ബിരിയാണിയും തിന്നു, വീട്ടില്‍ ചെന്നു ഉമ്മാനോട്,

‘ഉമ്മാ ഹംസത്ത ലീം പെണ്ണ് കെട്ടി’ എന്ന് പറഞ്ഞപ്പോള്‍  അതിനിപ്പോ എന്താ എന്ന ഉമ്മാന്റെ മറു ചോദ്യത്തിന് , എന്നെ സ്‌കൂള്‍ ചേര്‍ത്തു മൂന്നാം ക്ലാസില്‍ എത്തിയിട്ടും സ്‌കൂളില്‍ ചേര്‍ക്കാത്ത ഓനാ ഇന്ന് പുതിയാപ്പിള ആയത് എന്ന് പറഞ്ഞപ്പോ  ‘ഉമ്മാന്റെ കുട്ടിക്ക് പെണ്ണ് കെ ട്ടാന് സമയം ആയിട്ടില്ല’ എന്ന് പറഞ്ഞ ഉമ്മ ആണ് ഇപ്പൊ മനസ്സിന് കുളിര് തോന്നുന്ന വാര്ത്ത പറഞ്ഞത് .

ഞാന്‍ എപ്പഴേ റെഡി എന്ന് മനസ്സില്‍ പറഞ്ഞെങ്കിലും , എനിക്ക് ഇപ്പൊ കല്ല്യാണം വേണ്ടാ എന്ന് ഒറ്റ അടിക്ക് ഞാന്‍ പറഞ്ഞു. എന്റെ മറുപടി കേട്ട് ഒന്നും മിണ്ടാതെ ഉമ്മ എന്റെ അടുത്ത് നിന്നും എണീച്ചു പോയി .

പടച്ചോനെ  ഉമ്മ സംഗതി സീരിയസ്സാക്കിയോ? ഞാന്‍ വെറുതെ പറഞ്ഞതല്ലേ ! നമ്മള്‍ പെണ്ണ് കെട്ടാന്‍ മുട്ടി ഇരിക്കുക ആണെന്ന് ഉമ്മക്ക് തോന്നെന്‍ണ്ടാ എന്ന് കരുതി പറഞ്ഞപ്പോ  ഈ ഉമ്മാന്റെ ഒരു കാര്യം !

ഇനി ഇപ്പൊ എങ്ങിനെയാ കല്ല്യാണ കാര്യം രണ്ടാമതൊന്നു ഉമ്മാനെ കൊണ്ട് പറയിപ്പിക്കുക എന്ന് ആലോചിച്ചു ആലോചിച്ചു സമയം പോയതറിഞ്ഞില്ല . അതിനിടയില്‍  ബാവാ ജ്ജു ചോറു തിന്നുന്നില്ലേ എന്ന ഉമ്മാന്റെ വിളി കേട്ട പ്പോള്‍ അടുക്കളയില്‍ ചെന്നു ഇരുന്നു. ഉമ്മ ഒരു കൈകൊണ്ട് ചോറു വിളംബുന്നും ഉണ്ട് , ഇടക്ക് ചട്ടിയില്‍ കിടന്നു പൊരിയുന്ന മീന്‍ മറിച്ചിടുന്നും ഉണ്ട്..
ഇത് തന്നെ പറ്റിയ സമയം എന്ന് കരുതി ഞാന്‍ പറഞ്ഞു

ഉമ്മാ  ഇങ്ങള്‍ക്ക് കയ്യിന് ഒരു ഒഴിവും ഇല്ലല്ലോ !

ഇല്ലെടാ  എനിക്ക് കയ്യിനും കാലിനും ഒരു ഒഴിവും ഇല്ല  ങ്ങള്‍ നാലഞ്ച് ആണുങ്ങളുടെ തുണിയും കുപ്പയോം തിരുമ്പ ലും, ങക്ക് എല്ലാര്‍ക്കും വെച്ച് വിളംബലും  അതിനാ അന്നോട് ഒരു പെണ്ണ് കെട്ടാന്‍ പറഞ്ഞത്  അപ്പോ അനക്ക് അതിന് സമ്മതോം ഇല്ല.

ന്നാ പിന്നെ ഞാന്‍ കെട്ടിക്കൊളാം … എന്ന് ഞാന്.
ഉമ്മാന്റെ മുഖത്ത് പുഞ്ചിരി  ഞമ്മളെ ഖല്‍ബില് പൂത്തിരി ..
അങ്ങിനെ ആണ് ഞാന്‍ ആദ്യമായി പെണ്ണ് കാണാന്‍ പോയത് …

ആദ്യത്തെ പെണ്ണ് കാണ ലിന് വേണ്ടി, പെരിന്തല്‍മണ്ണക്കടുത്തുള്ള ഒരു ഗ്രാമത്തിലെ വീട്ടിലെക്കാണ് പോയത് . അതും ഒരു ഞായറാഴ്ച രാവിലെ 8 മണിക്ക് . ഞാനും , ബ്രോക്കര്‍ കുഞ്ഞഹമ്മദ് കാക്കയും പിന്നെ എന്റെ സുഹൃത്തും . ഒരു ജീപ്പോക്കെ പിടിച്ചു വലിയ ഗമയില്‍. (കാലം 1989 ആണ്)  പെണ്‍ വീട്ടുകാരുടെ മുന്‍പില്‍ ജീപ്പ് നിറുത്തി വീട്ടിലേക്ക് ഞാനും ബ്രോക്കറും സുഹൃത്തും ചെന്നു. ഉമ്മറത്ത് കോലായില്‍ ഒരു ചാര് കസേരയില്‍ ഉണ്ട് , ഏക ദേശം 60 വയസ്സ് ഉള്ള ഒരു വല്ലി പ്പ ഇരിക്കുന്നു ..

അസ്സലാമു അലൈകും  ബ്രോക്കര്‍ സലാം ചൊല്ലി
വ അലൈകും അസ്സലാമു
അസ്സലാമു അലൈകും  ബ്രോക്കര്‍ ചൊല്ലി യതിനെക്കാള്‍ ഈണത്തില്‍ നീട്ടി വലിച്ചു ഒരു സലാം എന്റെ വകയും ഞാന്‍ ചൊല്ലി.( നമ്മള്‍ ഇതൊക്കെ അറിയുന്ന ആളാണെന്നും , ചെറുക്കനു , ഒരു ദീനി ( മത വിശ്വാസി) ആണെന്നും ഒക്കെ ഒരു തോന്നല്‍ മൂപ്പര്‍ക്ക് ഉണ്ടായിക്കോട്ടെ )

ആരാ !

ഞങ്ങള്‍ രാമപുരത്ത് നിന്നും ആണ്  ബ്ടത്തെ കുട്ടിനെ ഒന്ന് കാണാന്‍ വന്നതാ ..
ഹ ഹ  ന്ന ങലെല്ലാരും ഇരിക്കീന്‍ എന്ന് പറഞ്ഞു ..വല്ലി പ്പ  അകത്തേക്ക് നോക്കി ഒരു നീട്ടി വിളി.. ആയിഷൂ
ഹൌ  പെണ്ണിന്റെ പേര് ഇഷ്ടപ്പെട്ടു . ആയിഷ
എന്റെ പേര് അഷ്രഫ്  ആയിഷ അഷ്രഫ്  എന്തു ചേര്‍ച്ച..
പിന്നെ ഞങ്ങളോടായി, ഏതാപ്പോ ചെറുക്കന്‍ എന്ന് ചോദിച്ചു ..
ബ്രോക്കര്‍ എന്നെ കാണിച്ച് കൊടുത്തിട്ടു പറഞ്ഞു  ഇവനാ ..

അപ്പോഴേക്കും ഒരു 25 വയസ്സ് തോന്നിക്കുന്ന ഒരു സ്ത്രീ വാതിലിന് പകുതി മറഞ്ഞു വന്നു നിന്നു..
ഞാന്‍ ആകെ കണ്‍ഫ്യൂഷനില്‍ ആയി
ഇവര് മാളൂനെ കാണാന്‍ വന്നതാ …
ഇവനാ പുയ്യാപ്ല എന്റെ നേരെ വിരല്‍ ചൂണ്ടി വല്ലി പ്പ പറഞ്ഞു..
ആ സ്ത്രീ എന്നെ ഒന്ന് നോക്കി  അവരുടെ മുഖത്ത് നാണം .. പിന്നെ അവര്‍ അകത്തേക്ക് പോയി
അത് മാളൂന്റെ ഇമ്മയാ ..
ടീം.

അപ്പോ ഇനി മാളൂന്റെ പേര് എന്താണ് ആവോ ! എന്റെ പേരിന്റെ കൂടെ ചേര്‍ത്തുവെക്കാന്‍ പറ്റിയത് ആയി ഇരുന്നാല്‍ മതിയായിരുന്നു.
‘അല്ല മാളൂ…..’
ഓള് ഇവിടെ ഇല്ല  ‘ ഇപ്പൊ വരും’

ഇനി ഇപ്പൊ എന്താ പറയേണ്ടത് എന്നും ചെയ്യേണ്ടത് എന്നും ആലോചിച്ചിരിക്കുമ്പോള്‍ ബ്രോക്കറും, വല്ലി പ്പയും നാട്ട് വര്‍ത്തമാനങ്ങള്‍ തുടങ്ങിയിരുന്നു. ഏകദേശം ഒരു 10 മിനിറ്റ് കഴിഞ്ഞപ്പോള്‍. വേറൊരു വല്ലി പ്പ അങ്ങോട്ട് കയറി വന്നു. അയാളുടെ സലാം ചൊല്ലലിന് മടക്ക സലാം ചൊല്ലി.

ഇത് ഇവടുത്തെ മദ്രസ്സയിലെ മൊല്ലാക്കയാ.. എന്ന് ഞങ്ങളോടും
ഇവര് നമ്മളെ മാളൂനെ കാണാന്‍ വന്ന കൂട്ടരാ.. എന്ന് മൊല്ലാക്കാനോടും പറഞ്ഞു വല്ലി പ്പ.
ആ ഓളും കുട്ട്യാ ളും ഇന്റെ പുറകില്‍ വരുന്നുണ്ട് എന്ന് പറഞ്ഞു മോല്ലാക്ക ..

ഞാന്‍ ഉടന്‍ തന്നെ വഴിയിലേക്ക് നോക്കി  കുറച്ചു പ്പീക്കിരി കുട്ടികള്‍ …5 ഉം 4ഉം വയസ്സ് തോന്നിപ്പിക്കുന്ന രണ്ട് ചെറിയ ആങ്കുട്ടികള്‍ .. അവരിലും കുറച്ചും കൂടി മുതിര്‍ന്ന രണ്ട് പെങ്കുട്ടികള്‍ .. മുഖ മക്കന അണിഞ്ഞ് ഒരു 8ഉം,9ഉം വയസ്സ് തോന്നിപ്പിക്കുന്ന പെങ്കുട്ടികള്‍ .. ഞാന്‍ അവര്‍ക്ക് പിന്നിലേക്ക് നോക്കി ..

മാളൂ  ഇപ്പൊ വരും .. അവള്‍ നടന്നു വരുന്നത് കാണാന്‍ ഞാന്‍ കോലായിയിലെ ചാരുപടിയില്‍ ഇരുന്നു രണ്ട് കണ്ണിന്‌ടെ ഇമ അനങ്ങാതെ നോക്കി ഇരുന്നു. എന്നാല്‍ കുറെ കഴിഞ്ഞിട്ടും ആരെയും കണ്ടില്ല ….
ഇനി അവള്‍ വേറെ വല്ല വഴിയില്‍ കൂടിയും വീട്ടിലേക്ക് കയറിയോ ആവോ …

അടക്കയുടെ വിലകുറവും, തെങ്ങുകള്‍ക്ക്  ആ ഇടക്ക് ബാധിച്ച ഏതോ  രോഗത്തിന്റെയും കുറിച്ചുള്ള മൊല്ലാക്കാ ന്‌ടെയും , വല്ലി പ്പാന്റെയും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്ന ബ്രോക്കറെ ഞാന്‍ തോണ്ടി ..
അല്ലാ കുട്ടീ നെ കണ്ടാല്‍ ഞങ്ങള്‍ക്ക് പോകായിരുന്നു..
ആയിഷൂ  വല്ലി പ്പ വീണ്ടും വിളിച്ചു …

അവര്‍ പിന്നെയും വന്നു വാതില്‍ പകുതി മറഞ്ഞു നിന്നു പറഞ്ഞു..
ഓള് വരുന്നില്ല ഞാന്‍ കുറെ പറഞ്ഞു..
ഓള് ബല്യ നാണക്കാരിയാ. ഓളെ ഞാന്‍ ബിളി ക്കാം എന്ന് അപ്പോള്‍ മോല്ലാക്ക ..
എന്നിട്ട് അകത്തേക്ക് നോക്കിയിട്ടു  മാളൂ  പെണ്ണെ  ജ്ജു ബ്‌ടെ വന്നാ .. മൊല്ലാ ക്കാക്ക് ആ വെറ്റില പാത്രം ഒന്ന് എടുത്തു തന്നാ …
എന്നിട്ടും മാളൂ വന്നില്ല .. എന്റെ ക്ഷമ നശിക്കാന്‍ തുടങ്ങിയിരുന്നു. ഞാന്‍ വീണ്ടും ബ്രോക്കറെ തോണ്ടി.
ഉടനെ ആ വല്ലി പ്പ ചാരുകസേരയില്‍ നിന്നും എണീട്ട് അകത്തേക്ക് പൊയീ. കുറച്ചു കഴിഞ്ഞതിന് ശേഷം , അറക്കാന്‍ കൊണ്ടുപോകുന്ന ആട്ടിങ്കുട്ടിയെ എന്ന പോലെ ഒരു പെങ്കുട്ടിയെ രണ്ട് കയ്യും കൂട്ടിപ്പിടിച്ച് വലിച്ചു കൊണ്ട് വരുന്നു ..
ഞാന്‍ ഒന്നേ നോക്കിയതുള്ളൂ  കണ്ണ് തള്ളി പ്പോയി ..
കുറച്ചു നേരത്തെ മുഖ മക്കന ഇട്ട് വീട്ടിലേക്ക് കയറിപ്പോയ പെങ്കുട്ടികളിലെ മൂത്ത കുട്ടി  പ്രായം 9 ഓ 10 ഓ ..
ഞാന്‍ എണീട്ട് ഒറ്റ നടത്തം .. എന്നിട്ട് ജീപ്പില്‍ പോയി കയറി ..
എന്റെ പിന്നാലെ എന്റെ സുഹൃത്തും വന്നു കയറി അതിന് പിറകില്‍ ഉണ്ട് ബ്രോക്കര്‍ വരുന്നു. ബ്രോക്കറെ കയറ്റാതെ ജീപ്പ് വിടാന്‍ നോക്കി . പക്ഷേ അയാള്‍ ചാടി കയറി ..
അനക്കെന്താ പെണ്ണിനെ പിടിചീലെ ?
ഞാന്‍ അയാളുടെ മുഖത്തേക്ക് കുറച്ചു നേരം നോക്കി
എന്നിട്ട് അയാളുടെ ചെവിയില്‍ ഞാന്‍ ഒരൂട്ടം പറഞ്ഞു ..
അത് അയാള്‍ ജീവിതത്തില്‍ മറന്നിട്ടുണ്ടാവില്ല തീര്‍ച്ച

Comments are closed.