സഫീർ അഹമ്മദ്
സിനിമയിൽ നടീനടന്മാരുടെ അഭിനയിത്തിലെ ഒരു പ്രധാന പോരായ്മ ശ്രദ്ധിച്ചിട്ടുണ്ടോ ?? പേര് കേട്ട പല നടന്മാരുടെയും അഭിനയത്തിലെ പോരായ്മ വെളിവാകുന്നത് അവർ മദ്യപാന രംഗങ്ങളിൽ അല്ലെങ്കിൽ മദ്യപാനിയുടെ വേഷം കെട്ടിയാടുമ്പോഴാണ്..കണ്ണുകൾ പാതിയടഞ്ഞ്,ആടിയാടി നില്ക്കുന്ന,നടക്കുന്ന,കൈകൾ കൊണ്ട് പ്രത്യേക ചേഷ്ടകൾ കാണിച്ച് കുഴഞ്ഞ് കുഴഞ്ഞ് സംസാരിക്കുന്ന മദ്യപാനിയാണ് കാലാകാലങ്ങളായിട്ടുള്ള സിനിമയിലെ ടിപ്പിക്കൽ മദ്യപാനി,സിനിമയിലെ ക്ലീഷേകളിൽ ഒന്ന്..മഹാനടന്മാരെന്ന് പേര് കേട്ട പലരും പിൻതുടരുന്നതും മേല്പ്പറഞ്ഞ അസ്വാഭാവികത നിറഞ്ഞ് നിൽക്കുന്ന ഈ രീതി തന്നെയാണ്,പരാജയപ്പെടുന്നതും ഇത്തരം മദ്യപാന രംഗങ്ങളിലാണ്..അവിടെയാണ് മോഹൻലാൽ എന്ന നടന്റെ ആക്റ്റിങ്ങ് ബ്രില്യൻസ് നമുക്ക് ബോധ്യമാകുന്നത്..പരമ്പരാഗത രീതികളെ, ക്ലീഷേകളെ ഒക്കെ ഒഴിവാക്കി വശ്യമായിട്ടാണ്,അതിലേറെ വളരെ സ്വഭാവികമായിട്ടാണ് മോഹൻലാൽ കുടിയൻ കഥാപാത്രങ്ങളെ അവതരിപ്പിക്കാറുള്ളത്.. അത്തരം കഥാപാത്രങ്ങൾക്ക് മോഹൻലാൽ കൊടുക്കുന്ന ഗംഭീര വോയ്സ് മോഡുലേഷൻ എടുത്ത് പറയേണ്ടതാണ്..
ദശരഥത്തിലും No.20 മദ്രാസ് മെയിലിലും അയാൾ കഥയെഴുതുകയാണിലും നരനിലും ഒക്കെ മോഹൻലാലിൻ്റെ ഈ അനുപമായ ശൈലി പ്രേക്ഷകർക്ക് നവീനമായ കാഴ്ചാനുഭവം സമ്മാനിച്ചവയാണ്..ഇന്ത്യൻ സിനിമയിൽ തന്നെ മോഹൻലാലിനോളം മനോഹരമായി,സ്വഭാവികമായി ഇത്തരം റോളുകൾ ചെയ്ത് വിജയിപ്പിക്കുന്ന നടന്മാർ ഇല്ല എന്ന് തന്നെ പറയാം..മികച്ച നടനത്തിൻ്റെ അളവ് കോലുകളിലൊന്നും കമേഴ്സ്യൽ സിനിമകളിലെ ഗംഭീര പ്രകടനങ്ങളൊന്നും പലപ്പോഴും പരിഗണിക്കപ്പെടാറില്ല എന്നത് ഖേദകരമാണ്..നമ്മുടെ പല അവാർഡ് ജൂറിക്കും പ്രേക്ഷകർക്കും ഒരു മുൻവിധി ഉണ്ട്,ആർട്ട് സിനിമകളിലെ പ്രകടനം അല്ലെങ്കിൽ സീരിയസ് സിനിമകളിലെ സെന്റിമെന്റൽ രംഗങ്ങളിൽ നാടകീയത കുത്തിനിറച്ച് അഭിനയിക്കുന്നതുമാണ് മികച്ച അഭിനയമെന്നും ആ അഭിനേതാക്കളാണ് മികച്ചവർ എന്നും..
സത്യത്തിൽ അങ്ങേയറ്റം തെറ്റായ ഒരു ധാരണയാണത്..No.20 മദ്രാസ് മെയിലിലെ ടോണിയെ പോലെയുള്ള ഹ്യൂമറസായ ഒരു മദ്യപാനി കഥാപാത്രത്തെ വളരെ സ്വഭാവികമായി അവതരിപ്പിക്കുക അഥവാ അഭിനയിക്കുകയല്ല എന്ന് പ്രേക്ഷകർകക്ക് തോന്നിപ്പിക്കുക എന്നത് ഏതൊരു നടനെയും സംബന്ധിച്ച് ഒരു വെല്ലുവിളിയാണ്..അത്തരം വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങൾ ഒരു പൂ പറിക്കുന്ന ലാഘവത്തോടെ മോഹൻലാൽ കെട്ടിയാടാറുമുണ്ട്,അതിലൊന്നാണ് ടോണി കുരിശിങ്കൽ..എൻ്റെ അഭിപ്രായത്തിൽ No.20 മദ്രാസ് മെയിലിലെയും വരവേൽപ്പിലെയും ഒക്കെ പെർഫോമൻസുകളാണ് ശരിക്കും പറഞ്ഞാൽ അവാർഡ് സ്റ്റഫ്..പക്ഷെ മോഹൻലാലിൻ്റെ മികച്ച പ്രകടനങ്ങളുടെ കൂട്ടത്തിൽ ടോണി കുരിശിങ്കലിനെ ഒന്നും പരാമർശിച്ച് കാണാറില്ല,കാരണം നേരത്തെ സൂചിപ്പിച്ച അഭിനയത്തെ കുറിച്ചുള്ള മുൻവിധി തന്നെ..കിലുക്കം,അഭിമന്യു, സ്ഫടികം തുടങ്ങിയ കമേഴ്സ്യൽ സിനിമകളിലെ മനോഹര പെർഫോമൻസുകൾ അതർഹിക്കുന്ന പ്രാധാന്യത്തോടെ പരിഗണിച്ച് മികച്ച നടനുള്ള സംസ്ഥാന അവാർഡുകൾ കൊടുത്ത 1991ലെയും 1995ലെയും ജൂറി പാനലുകൾ മറ്റുള്ളവയിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്,ഒപ്പം പ്രശംസനീയമാണ്..ഈ അടുത്ത കാലത്തെ അവാർഡ് ജൂറികളിൽ ഇത്തരത്തിലുള്ള മാറ്റങ്ങൾ കണ്ട് തുടങ്ങിത് സന്തോഷകരമായ കാര്യമാണ്..No.20 മദ്രാസ് മെയിൽ എന്ന ജോഷി-മോഹൻലാൽ സിനിമ റിലീസായിട്ട് ഇന്നേക്ക് 33 വർഷങ്ങൾ!!