Connect with us

Featured

മീനില്ലാക്കാലം…

കുട്ടനാടന്‍ പാടശേഖരങ്ങളിലേക്കുള്ള ഉപ്പുവെള്ളത്തിന്റെ ഒഴുക്ക് തടയാന്‍ ലക്ഷ്യമിട്ട് നിര്‍മിച്ച തണ്ണീര്‍മുക്കം ബണ്ടും തോട്ടപ്പള്ളി സ്പില്‍വേയുമാണ് മല്‍സ്യസമ്പത്തിന്റെയും വേമ്പനാട്ടുകായലിന്റെയും അന്തകരായി മാറിയിരിക്കുന്നത്. ഡിസംബറില്‍ അടച്ചിടുന്ന ഷട്ടറുകള്‍ മെയിലാണു തുറക്കേണ്ടത്. എന്നാലിത് കൃത്യമായി പാലിക്കപ്പെടാറില്ല. തണ്ണീര്‍മുക്കം ബണ്ടും തോട്ടപ്പള്ളി സ്പില്‍വേയും കുട്ടനാടന്‍ കര്‍ഷകരുടെ സാമ്പത്തികസ്ഥിതി ഉയര്‍ത്തിയെങ്കിലും ഗുരുതരമായ പരിസ്ഥിതിപ്രശ്‌നങ്ങളാണ് ഇവ സൃഷ്ടിച്ചത്. ഓരുവെള്ളം യഥാസമയത്ത് കയറാതായതോടെ കായല്‍ശുദ്ധീകരണം നിലച്ചു.

 175 total views,  1 views today

Published

on

fishes

യു.എച്ച്. സിദ്ദീഖ്

”ഉറക്കമൊഴിച്ച് 12 മണിക്കൂറിലേറെ കറങ്ങിനടന്നിട്ടു കിട്ടിയത് ഈ പൊടിമീന്‍ മാത്രമാണ്. 10 കിലോ മീന്‍ തികച്ചു കണ്ടിട്ടു തന്നെ ഏറെ നാളായി. എന്തു ചെയ്യാനാ? അറിയാവുന്ന തൊഴില്‍ ഇതുമാത്രമാ. അതുകൊണ്ടാ കുടുംബം പോറ്റാനായി മീന്‍ പിടിക്കാന്‍ പോവുന്നത്” 50 വര്‍ഷത്തിലേറെയായി വേമ്പനാട്ടുകായലിന്റെ ഓളപ്പരപ്പില്‍ വലയെറിഞ്ഞു ജീവിതം കരുപ്പിടിപ്പിക്കുന്ന കുമരകം വട്ടക്കളം നാരായണന്‍ കഴിഞ്ഞകാലത്തെ ചാകരയെ ഓര്‍ത്തു നെടുവീര്‍പ്പിടുന്നു.

പതിനാറാമത്തെ വയസ്സില്‍ ഇറങ്ങിയതാണ് കൊതുമ്പുവള്ളവുമായി വേമ്പനാട്ടുകായലില്‍ വലയെറിയാന്‍. ഇപ്പോള്‍ വയസ്സ് 66. മകന്‍ സന്തോഷും ഇപ്പോള്‍ കൂട്ടിനുണ്ട്. ചില ദിവസങ്ങളില്‍ രണ്ടു കിലോ ഗ്രാം മീന്‍ പോലും ലഭിക്കാറില്ല. ഒരുകാലത്തു വേമ്പനാട്ടുകായലില്‍ വലയുമായി ഇറങ്ങിയാല്‍ വള്ളം നിറയെ കരിമീനും പള്ളത്തിയും ഉള്‍പ്പെടെ വ്യത്യസ്തമായ മീനുകളുമായിട്ടാണ് മടങ്ങിയിരുന്നതെന്നു നാരായണന്‍ ഓര്‍ത്തെടുക്കുന്നു. എന്നാലിപ്പോള്‍ കരിമീന്‍ മൂന്നാലെണ്ണം തികച്ചുകിട്ടിയാല്‍ത്തന്നെ ഭാഗ്യം. കരയ്ക്കിറക്കിവച്ച വലയില്‍ നിന്ന് എടുക്കുന്നതു കുഞ്ഞുപള്ളത്തി, ചില്ലാകൂരി, പരല്‍, തുടങ്ങിയ പരല്‍മീനുകള്‍ മാത്രം. മീന്‍പിടിത്തക്കാര്‍ എത്തിയതറിഞ്ഞ് പതിവുകാരായ ചില വീട്ടമ്മമാര്‍ വള്ളത്തിനടുത്തേക്കെത്തി. പാത്രത്തില്‍ പൊടിമീനുകളെ കണ്ടതോടെ മുഖത്തു നിരാശ പരന്നു. നല്ല മീന്‍ കിട്ടുന്നതു തന്നെ അപൂര്‍വമായെന്നു വീട്ടമ്മയായ ഓമന പറഞ്ഞു. വലിയ വില നല്‍കി വാങ്ങിയാല്‍ത്തന്നെ കരിമീനിനും പള്ളത്തിക്കും പഴയ രുചിയൊന്നുമില്ല. ചേറും മണ്ണെണ്ണയും കലര്‍ന്ന വല്ലാത്തൊരു രുചിയാണിന്നു മീനിന്.

നിത്യേന ആയിരത്തിലേറെ മോട്ടോര്‍ ബോട്ടുകളും യന്ത്രവല്‍കൃത കെട്ടുവള്ളങ്ങളുമാണ് കായലിലൂടെ ഒഴുകിനടക്കുന്നത്. ഇവ പുറംതള്ളുന്ന എണ്ണപ്പാടകളും മനുഷ്യവിസര്‍ജ്യവും കൊണ്ടു കായലിലെ വെള്ളമെല്ലാം മലിനമാണ്. കായലില്‍ മല്‍സ്യങ്ങള്‍ കുറഞ്ഞതോടെ പരമ്പരാഗത മല്‍സ്യത്തൊഴിലാളികളില്‍ ഭൂരിപക്ഷവും മറ്റു ജോലികള്‍ തേടി പോയിക്കഴിഞ്ഞു. കുമരകത്തു മാത്രം നാല്‍പ്പതില്‍ താഴെ കുടുംബങ്ങള്‍ മാത്രമാണ് ഇപ്പോഴും മല്‍സ്യബന്ധനത്തെ ആശ്രയിച്ചു കഴിയുന്നത്. മല്‍സ്യബന്ധനം ഉപേക്ഷിച്ച് മറ്റു തൊഴിലുകളിലേക്കു തിരിഞ്ഞവരുടെ എണ്ണം മറ്റു പ്രദേശങ്ങളിലും വര്‍ധിച്ചു വരുന്നു.

മല്‍സ്യസമ്പത്തിനു വംശനാശം

രാജ്യത്തെ ഏറ്റവും വലിയ തണ്ണീര്‍ത്തടമായ വേമ്പനാട്ടുകായലില്‍ മല്‍സ്യസമ്പത്തു കുറയുന്നതായി അശോക ട്രസ്റ്റ് ഫോര്‍ റിസര്‍ച്ച് ഇന്‍ ഇക്കോളജി ആന്റ് എന്‍വയണ്‍മെന്റ് (ഏട്രീ) 2008 മുതല്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അനുദിനം വര്‍ധിക്കുന്ന മലിനീകരണം അശാസ്ത്രീയമായ മല്‍സ്യബന്ധനം, കണ്ടല്‍ക്കാടുകളുടെ നശീകരണം തുടങ്ങി മല്‍സ്യസമ്പത്തിന്റെ നാശത്തിനു വഴിയൊരുക്കുന്ന കാരണങ്ങള്‍ നിരവധിയാണ്.

2008 മുതല്‍ 2012 മെയ് 24 വരെ വിവിധഘട്ടങ്ങളിലായിട്ടാണ് സര്‍വേ നടന്നത്. 2009ല്‍ 61 മല്‍സ്യയിനങ്ങളുണ്ടായിരുന്നത് ഒരു വര്‍ഷം കൊണ്ട് 53 മല്‍സ്യയിനങ്ങളായും 2011ല്‍ 44 ഇനമായും കുറഞ്ഞു. എന്നാല്‍, കക്ക, കൊഞ്ച് ഇനങ്ങള്‍ മൂന്നുവര്‍ഷവും 14 തന്നെയായി തുടര്‍ന്നു.
കഴിഞ്ഞ മെയില്‍ നടന്ന സര്‍വേയില്‍ 60 ഇനം മല്‍സ്യങ്ങളെ കണ്ടെത്തിയപ്പോള്‍ ഇവയില്‍ ഏഴിനം പുതിയ മല്‍സ്യങ്ങളായിരുന്നു. വേമ്പനാട്ടുകായലിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന പരിസ്ഥിതിസ്‌നേഹികള്‍ക്കും കായലിന്റെ ഖനിയില്‍നിന്നു ജീവിതം കരുപ്പിടിപ്പിക്കുന്ന മല്‍സ്യത്തൊഴിലാളികള്‍ക്കും നേരിയ പ്രതീക്ഷ നല്‍കുന്നു. മാലിന്യത്തിനു പുറമെ കട്ടഌും ആഫ്രിക്കന്‍ മുഷിയും പോലുള്ള വിദേശിമല്‍സ്യങ്ങളുടെ സാന്നിധ്യം അവശേഷിക്കുന്ന മല്‍സ്യങ്ങളുടെ നിലനില്‍പ്പിനു ഭീഷണി തന്നെയാണ്.

Advertisement

കുട്ടനാട്, അപ്പര്‍ കുട്ടനാട് പ്രദേശങ്ങളിലെ കൈത്തോടുകളിലും നീരൊഴുക്കുള്ള ചാലുകളിലും വേമ്പനാട്ടുകായലിലേക്ക് ഒഴുകിയെത്തുന്ന നദികളിലും ഒരുകാലത്ത് ധാരാളമായി മല്‍സ്യങ്ങളുണ്ടായിരുന്നു. ഒന്നു വെറുതേ വലവീശിയാല്‍, ചൂണ്ടയിട്ടാല്‍ മീനുകള്‍ ധാരാളമായി ലഭിക്കുമായിരുന്നു. ഇന്നതെല്ലാം പോയെന്ന് അര നൂറ്റാണ്ടിലേറെയായി മല്‍സ്യബന്ധനം തൊഴിലാക്കിയ കുമരകം പൊയ്ക്കാട്ടുശ്ശേരിയില്‍ ശിവന്‍ പറയുന്നു. കായലിലും വരമ്പുകളിലും വയലിലും തോടുകളിലും മീന്‍പിടിച്ചു ജീവിതം കെട്ടിപ്പടുത്ത നല്ല കാലം ശിവന് ഇന്നു സ്വപ്നം മാത്രമാണ്. ”പരല്‍, പള്ളത്തി, ചില്ലാന്‍കൂരി, മഞ്ഞകൂരി, വരാല്‍, കരിമീന്‍, കല്ലട, വാള, ചെമ്മീന്‍, കൊഞ്ച്, കണമ്പ് തന്റെ കൈകൊണ്ട് വലയെറിഞ്ഞും ചൂണ്ടയിട്ടും വാരിയെടുത്ത മീനുകള്‍ക്കു കണക്കില്ല. ഇന്ന് ഒരു ദിവസം മുഴുവന്‍ അലഞ്ഞുനടന്നാലും ഒരുകിലോ മീന്‍ തികച്ചു കിട്ടുന്നില്ല” ശിവന്‍ പറയുന്നു.

വേമ്പനാട്ടുകായലില്‍ ആറ്റുകൊഞ്ചിന്റെ എണ്ണം ഭീമമായി കുറയുന്നതായി ഏട്രിയുടെ പഠനം തെളിയിക്കുന്നു. കക്കയടക്കമുള്ള ചിപ്പി മല്‍സ്യ (ഷെല്‍ ഫിഷ്) ഇനങ്ങളുടെ എണ്ണവും ഗണ്യമായി കുറഞ്ഞു. മുന്‍വര്‍ഷങ്ങളില്‍ 14 ഇനം ഷെല്‍ ഫിഷുകളെ കണ്ടെത്തിയിരുന്നു. എന്നാലിത്തവണത്തെ സര്‍വേയിലൂടെ പുറത്തുവന്ന വിവരം ഒട്ടും ആശാവഹമല്ല. ആറിനങ്ങള്‍ മാത്രമാണു കണ്ടെത്തിയത്. ആറ്റുകൊഞ്ചിന്റെ താവളമായിരുന്ന വേമ്പനാട്ടില്‍ ഇതിന്റെ എണ്ണത്തില്‍ വന്ന കുറവ് ആശങ്കയുയര്‍ത്തുന്നതു തന്നെയാണ്. ആറ്റുകൊഞ്ചിന് മുട്ടയിടാന്‍ വേണ്ടത്ര ഉപ്പുവെള്ളം ലഭിക്കാത്തതാണു ചിപ്പിമല്‍സ്യങ്ങളുടെ നാശത്തിനു വഴിയൊരുക്കുന്നത്.

വില്ലനായി തണ്ണീര്‍മുക്കം ബണ്ട്

തണ്ണീര്‍മുക്കം ബണ്ട്

കുട്ടനാടന്‍ പാടശേഖരങ്ങളിലേക്കുള്ള ഉപ്പുവെള്ളത്തിന്റെ ഒഴുക്ക് തടയാന്‍ ലക്ഷ്യമിട്ട് നിര്‍മിച്ച തണ്ണീര്‍മുക്കം ബണ്ടും തോട്ടപ്പള്ളി സ്പില്‍വേയുമാണ് മല്‍സ്യസമ്പത്തിന്റെയും വേമ്പനാട്ടുകായലിന്റെയും അന്തകരായി മാറിയിരിക്കുന്നത്. ഡിസംബറില്‍ അടച്ചിടുന്ന ഷട്ടറുകള്‍ മെയിലാണു തുറക്കേണ്ടത്. എന്നാലിത് കൃത്യമായി പാലിക്കപ്പെടാറില്ല. തണ്ണീര്‍മുക്കം ബണ്ടും തോട്ടപ്പള്ളി സ്പില്‍വേയും കുട്ടനാടന്‍ കര്‍ഷകരുടെ സാമ്പത്തികസ്ഥിതി ഉയര്‍ത്തിയെങ്കിലും ഗുരുതരമായ പരിസ്ഥിതിപ്രശ്‌നങ്ങളാണ് ഇവ സൃഷ്ടിച്ചത്. ഓരുവെള്ളം യഥാസമയത്ത് കയറാതായതോടെ കായല്‍ശുദ്ധീകരണം നിലച്ചു.

ബണ്ട് നിര്‍മാണത്തിനു മുമ്പ് കുട്ടനാട്ടിലെ കായലുകളില്‍ ധാരാളം മല്‍സ്യസമ്പത്തുണ്ടായിരുന്നു. ഈ മല്‍സ്യങ്ങളുടെ പ്രജനനത്തിന് ഉപ്പുവെള്ളം ആവശ്യമായിരുന്നു. ബണ്ട് നിര്‍മാണത്തോടെ കായലിലെ മല്‍സ്യങ്ങളുടെ എണ്ണം കാര്യമായി കുറഞ്ഞു. കായലും കടലുമായുള്ള ഒന്നുചേരല്‍ ബണ്ട് തടയുന്നതു മൂലമാണ് കായലുകളില്‍ ആഫ്രിക്കന്‍ പായല്‍ വ്യാപകമായത്. മുമ്പ് കടല്‍വെള്ളത്തില്‍ നിന്നുള്ള ഉപ്പ് കായലിനെ ശുദ്ധീകരിച്ചിരുന്നു. ഇന്ന് കായലുകളും കായലോരവും പായല്‍ കൊണ്ട് മൂടിയിരിക്കുന്നു. കൂടാതെ, ഒഴുക്കു തടഞ്ഞതിനെ തുടര്‍ന്നു കായലില്‍ മാലിന്യങ്ങള്‍ കെട്ടിക്കിടന്നു മലിനപ്പെടാനും തുടങ്ങി. മനുഷ്യര്‍ കായലിലേക്കു തള്ളുന്ന ജൈവപ്ലാസ്റ്റിക് മാലിന്യങ്ങളും മലിനീകരണത്തിന്റെ തോത് വര്‍ധിപ്പിക്കുകയാണ്. ഇതിനു പുറമെ കുട്ടനാടന്‍ പാടശേഖരങ്ങളില്‍ നെല്‍കൃഷിക്കായി ഉപയോഗിക്കുന്ന രാസവളങ്ങളും കീടനാശിനികളും കായലില്‍ കലരുന്നതും ബണ്ടു മൂലം ഇവ കായലില്‍ത്തന്നെ നിലനില്‍ക്കുന്നതും മറ്റൊരു പ്രശ്‌നമാണ്. ഇത് കായലുകളിലെ സസ്യങ്ങളുടെയും ജലജീവികളുടെയും ജനിതകഘടനയില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനു കാരണമായിട്ടുണ്ട്. കായലുകളില്‍ ഒഴുകിനടക്കുന്ന ധാരാളം ഹൗസ്‌ബോട്ടുകളുടെ ശബ്ദം മൂലം കായല്‍മല്‍സ്യങ്ങള്‍ കൂട്ടത്തോടെ ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്ക് പലായനം ചെയ്യുന്നതായും പഠനങ്ങളില്‍നിന്നു വ്യക്തമാവുന്നു.

നാറുന്ന കായല്‍

കുമരകം, പുന്നമടക്കായല്‍, തണ്ണീര്‍മുക്കം പ്രദേശങ്ങളിലെ കായല്‍ജലത്തില്‍നിന്നുയരുന്നത് വല്ലാത്തൊരു രൂക്ഷഗന്ധമാണ്. വെള്ളം വീണ ഭാഗത്ത് ചൊറിച്ചില്‍ വരുമെന്ന് ഉറപ്പാണ്. പച്ച നിറമുള്ള കൊഴുത്ത വെള്ളമാണു പലയിടത്തും. പായല്‍ പോലെയുള്ള ജൈവ സൂക്ഷ്മസസ്യങ്ങള്‍ പെരുകിയിരിക്കുന്നു. രാസമൂലകങ്ങള്‍ ക്രമാതീതമായി കൂടി, വെള്ളത്തിന്റെ സുതാര്യത കുറഞ്ഞു, നദികളിലൂടെ നഗരമാലിന്യങ്ങളുടെ കുത്തൊഴുക്കാണ് കായലിലേക്ക്. വലകളില്‍ പുഴുക്കള്‍ കുടുങ്ങുന്നതു പതിവുകാഴ്ചയാണിന്ന്. ഹൗസ്‌ബോട്ട് മാലിന്യങ്ങള്‍ തള്ളുന്നതില്‍ ഒരു നിയന്ത്രണവുമില്ല. കുട്ടനാടന്‍ പാടശേഖരങ്ങളില്‍ ഒന്നാം കൃഷിക്ക് ഉപയോഗിക്കുന്ന 10,000 ടണ്ണിലേറെ രാസവളം ഒടുവില്‍ അടിഞ്ഞുകൂടുന്നത് വേമ്പനാട്ടുകായലിലാണ്. ഇതു വേമ്പനാട്ടുകായലിലെ വെള്ളം കൊഴുക്കാനും മല്‍സ്യങ്ങളുടെ വംശനാശത്തിനും കാരണമാവുന്നു.

തെക്കന്‍ കേരളത്തിലെ തീന്‍മേശകളെ സമ്പന്നമാക്കാറുള്ള കരിമീനിനാണ് പ്രധാനമായും പ്രശ്‌നം സൃഷ്ടിക്കുന്നത്. തെളിഞ്ഞ വെള്ളം ഇവയുടെ നിലനില്‍പ്പിന് അത്യാവശ്യമാണ്. മാലിന്യം സൃഷ്ടിച്ച പ്രത്യാഘാതത്തില്‍ വേമ്പനാട്ടുകായലില്‍ നിന്നും കോല, പൂമീന്‍, തിരുത, കണമ്പ് പോലുള്ള മല്‍സ്യങ്ങള്‍ അപ്രത്യക്ഷമായിക്കഴിഞ്ഞു. മാലിന്യത്തിന്റെ രൂക്ഷത കുറയ്ക്കാന്‍ ഒന്നുമാത്രമേ ഇന്നു പരിഹാരമുള്ളൂ. യഥാസമയം തണ്ണീര്‍മുക്കം ബണ്ട് തുറന്ന് ഓരുവെള്ളം കയറ്റുക. പക്ഷേ, ആരു കേള്‍ക്കാന്‍ വേമ്പനാടിന്റെ വിലാപം?

Advertisement

പുതിയ അതിഥികള്‍

പ്രമുഖ പരിസ്ഥിതിപ്രവര്‍ത്തകന്‍ കെ.വി. ദയാലിന്റെ നേതൃത്വത്തില്‍ മൂന്നു സംഘമായി തിരിഞ്ഞാണ് വേമ്പനാട് ഫിഷ് കൗണ്ടിന് പുലര്‍ച്ചെ ആറിനു കായലിന്റെ വശ്യതയിലേക്ക് ഇറങ്ങിയത്. കുമരകം, ആര്യാട്, ആലപ്പുഴ, മുഹമ്മ തുടങ്ങിയ കായല്‍പ്രദേശങ്ങളില്‍നിന്നു മല്‍സ്യങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ച് വിശകലനം ചെയ്തപ്പോള്‍ ഏഴിനം പുതിയ മല്‍സ്യങ്ങള്‍ പഠനത്തില്‍ കണ്ടെത്തി. കായല്‍ ചളിയില്‍ പുതഞ്ഞു ജീവിക്കുന്ന ബംഗാള്‍ മലഞ്ഞില്‍ (ഓഫിസ്റ്റര്‍ നോണ്‍ ബംഗാളന്‍സ്) ഇന്ത്യയിലെ ഏറ്റവും ചെറിയ മല്‍സ്യങ്ങളില്‍ ഒന്നായ ഹൊറഡാണ്ടിയ ആറ്റുകൊറളി കോട്ടയം ജില്ലയിലെ മണിമലയാറ്റില്‍ നിന്നും ഏട്രീ ഗവേഷകര്‍ അടുത്തിടെ കണ്ടെത്തിയ പുതിയ ജാതി മല്‍സ്യമായ പുന്‍ഡിയസ് മധുസൂദനി, അപൂര്‍വമായി മാത്രം കാണപ്പെടുന്ന സന്ധ്യമയങ്ങി (ഇലിയോട്രിസ് ഫസ്‌ക്ക) തുടങ്ങിയ വേനല്‍മഴയിലൂടെ സൃഷ്ടിക്കപ്പെട്ട ശക്തമായ നീരൊഴുക്കാണ് ഇതിനു വഴിതെളിച്ചതെന്ന് കോ ഓഡിനേറ്റര്‍ ടി.ഡി. ജോജോ പറഞ്ഞു. ഭക്ഷണമായും അലങ്കാരമല്‍സ്യമായും ഉപയോഗിക്കുന്ന പൂവാലിപരലിനെയും നന്ദന്‍, വയമ്പ് എന്നീ മല്‍സ്യങ്ങളെയും ധാരാളമായി കണ്ടെത്തിയിട്ടുണ്ട്. വേമ്പനാട് ഫിഷ്‌കൗണ്ട് നല്‍കുന്ന പ്രത്യാശ ഈ കണ്ടെത്തല്‍ മാത്രമാണ്.

തെക്കന്‍ മലയാളിയുടെ തീന്‍മേശകളെ പ്രൗഢമാക്കുന്ന വിലപിടിച്ച കരിമീന്‍ താമസിയാതെ ഓര്‍മ മാത്രമാവുമോ? സ്വാദിഷ്ടമായ തിരുതയും ആറ്റുകൊഞ്ചും കണമ്പും പൂമീനുമൊക്കെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. മല്‍സ്യസമ്പത്തു തന്നെ ഇല്ലാതായിക്കൊണ്ടിരിക്കുമ്പോള്‍ അതിന്റെ വൈവിധ്യമില്ലായ്മയെക്കുറിച്ച് വിലപിച്ചിട്ടെന്തു കാര്യം !

 176 total views,  2 views today

Continue Reading
Advertisement

Advertisement
cinema14 hours ago

അന്ന് ഗുഡ് ഫ്രൈഡേ (എന്റെ ആൽബം- 15)

Entertainment14 hours ago

നിങ്ങൾക്ക് രസിക്കാനുള്ള ചിലത് ബ്രോ ഡാഡിയിലുണ്ട്

cinema2 days ago

ജെയിംസിന്റെ മരണം (എന്റെ ആൽബം- 14)

Entertainment2 days ago

യാഥാസ്ഥിതികതയുടെ കണ്ണാടികളെ തച്ചുടയ്ക്കുന്ന ഛായാമുഖി

cinema3 days ago

മീണ്ടും ഒരു കാതൽ കതൈ (എന്റെ ആൽബം- 13)

cinema4 days ago

ബ്യുട്ടിപാലസ് ഷൂട്ടിംഗിനിടെ രസകരമായ ഒരു സംഭവം (എന്റെ ആൽബം- 12)

cinema5 days ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment5 days ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema6 days ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Uncategorized7 days ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

cinema1 week ago

രാധികാ തിലക് (എന്റെ ആൽബം – 8 )

cinema1 week ago

മൗനദാഹം (എന്റെ ആൽബം- 7)

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment4 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment1 month ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Boolokam2 months ago

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

Entertainment1 month ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam1 month ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment4 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment2 months ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment4 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment4 weeks ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Entertainment2 months ago

നിങ്ങൾ ഏതെങ്കിലും നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ ഈ ഷോർട്ട് മൂവി കാണണം

Entertainment2 months ago

ഹരിച്ചാലും ഗുണിച്ചാലും ഒന്നുതന്നെയെങ്കിൽ മരിക്കേണ്ട ആവശ്യമുണ്ടോ ?

Advertisement