സമയമില്ലെങ്കില്‍ പിന്നെ എന്താണുള്ളത്?

173

സമയമില്ലെങ്കില്‍ പിന്നെ എന്താണുള്ളത്?സിബി പടിയറ

നമ്മള്‍ മലയാളികള്‍ ഇപ്പോള്‍ ഇങ്ങനെയൊക്കെയാണ്. ഒന്നിനും നേരമില്ല. എവിടെ നിന്നു വന്നു ഈ തിരക്കുകള്‍? സൗകര്യങ്ങളും സാങ്കേതികവിദ്യയും കൂടിയപ്പോള്‍ കാര്യങ്ങള്‍ എളുപ്പമാകുകയല്ലേ വേണ്ടത്? പക്ഷേ, നേരെ തിരിച്ചാണ് സംഭിവിക്കുന്നത്.
അലക്കാന്‍ അലക്കുയന്ത്രം വന്നതോടെ ആ സമയം മിച്ചം കിട്ടുന്ന ശാന്തത്ത ശീലിക്കാം വേണമെങ്കില്‍. അല്ലെങ്കില്‍, യന്ത്രം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ മറ്റൊന്നില്‍ കൂടി നമുക്ക് വ്യാപൃതരാകാം. മിക്കവാറും രണ്ടാമത്തേതാണു നടക്കുന്നത്. ഒരേ സമയം ഒന്നിലധികം കാര്യങ്ങള്‍ ചെയ്യുന്നവരുടെ ഭ്രമാത്മകമായ മനസ്. അപ്പോഴോ ഒന്നിലും ആത്മാര്‍ത്ഥമായി മനസുവയ്ക്കാന്‍ കഴിയാത്തതിന്റെ താളപ്പിഴ. വായിക്കുന്നില്ല, എഴുതുന്നില്ല, ഉറങ്ങുന്നില്ല, ചിന്തിക്കുന്നില്ല…

എവിടെ ഇതിനോക്കെ നേരം?
അപ്പോള്‍ ഉള്ള നേരം കൊണ്ട് നിങ്ങള്‍ എന്താണ് ചെയ്യുന്നത്? ഉത്തരവുമില്ല. ഈ ഇല്ലായ്മകളൊന്നും പണ്ടില്ലായിരുന്നു. ഇപ്പോഴാണ് ഇങ്ങനെ എന്ന രീതിയില്‍ പറഞ്ഞുകൊണ്ട് ഭൂതകാലത്തെ വാഴ്ത്തുന്ന വാര്‍ദ്ധക്യ ചിന്തയല്ല ഇത്. ജനറേഷന്‍ ഗ്യാപ്പിന്റെ പ്രശ്‌നവുമല്ല. പത്രപ്രവര്‍ത്തനം പഠിച്ചിട്ടും മള്‍ട്ടിമീഡിയ രംഗത്തു ജോലി ചെയ്യുന്ന ഒരാളാണു ഞാന്‍. മൂവിയും ആനിമേഷനും സൗണ്ട് റെക്കോര്‍ഡിംഗും ഈ മേഖലയിലെ പ്രധാനമായ ഒന്നാണ്. ജോലിചെയ്യുന്നവരില്‍ 95% യുവാക്കള്‍. പണ്ടുണ്ടായിരുന്ന എല്ലാ പ്രശ്‌നങ്ങളും ഇവര്‍ക്കുമുണ്ട്. പക്ഷേ, പരസ്പരം ആവിഷ്‌ക്കരണത്തിനിവര്‍ക്കൊരു മാധ്യമമില്ല. ഓര്‍ക്കൂട്ടും ഫേസ്ബുക്കും പോലുള്ള ഓണ്‍ലൈന്‍ സോഷ്യല്‍ നെറ്റ് വര്‍ക്ക് കമ്മ്യൂണിറ്റികളില്‍ എല്ലാവരും സജീവമാണ്. പക്ഷേ, മിക്കവര്‍ക്കും ഒന്നിലധികം പ്രോഫൈലുകള്‍ ഉണ്ടാവും.

ഓണ്‍ലൈനില്‍ ചങ്ങാത്തം കൂടുന്നവര്‍ ആണാണോ പെണ്ണാണോ യഥാര്‍ത്ഥ ആളുതന്നെയോ എന്നൊന്നും അറിയാതെയുള്ള പങ്കെടുപ്പും പങ്കുവയ്പ്പും. പണ്ടത്തെ തലമുറയുടെ ചായക്കടചര്‍ച്ചയ്ക്കും കോഫീഹൗസ് ചര്‍ച്ചകള്‍ക്കും വായനശാലയിലെ വെടിവെട്ടങ്ങള്‍ക്കും ഒരു മുഖമേ ഉണ്ടായിരുന്നുള്ളുവേങ്കില്‍ പലമുഖങ്ങളുള്ളവരാണ് ഇന്ന്. അതാണ് ഞാന്‍ ആദ്യം പറഞ്ഞത്. ഒരേ സമയം പല കാര്യം ചെയ്യുന്നതിന്റെ പ്രശ്‌നം എന്ന്.

സത്യമായും നമുക്ക് പൊതു പ്രശ്‌നങ്ങള്‍ ഉണ്ട്. പക്ഷേ, അതിന്റെ ആവിഷ്‌ക്കരണ മാധ്യമത്തില്‍ മാത്രം ചില പ്രശ്‌നങ്ങള്‍ ഉണ്ട്. വായനയും എഴുത്തും മാധ്യമപ്രവര്‍ത്തനത്തിന്റെ രണ്ടു വശങ്ങളാണ്. പക്ഷേ, ഞാനെന്തിനു എഴുതണം, വായിക്കണം എന്നാണു ചിലര്‍ ചോദിക്കുന്നത്. എല്ലാം റൈറ്റ് ക്ലിക്ക് ചെയ്ത് കോപ്പി / പേയ്സ്റ്റ് ചെയ്താല്‍ പോരെ. കഷ്ടം. നിങ്ങള്‍ കോപ്പി പേയ്സ്റ്റ് ചെയ്യുന്ന കണ്ടന്റ് മാറ്റര്‍ ഏതോ ഒരാള്‍ വായിച്ചതോ, വായിച്ചിട്ട് എഴുതിയതോ (ടൈപ്പ് ചെയ്തതോ) ആയിരിക്കാമെന്നോര്‍ക്കുക.കോപ്പി പേയ്സ്റ്റ് ചെയ്യുന്ന മാറ്ററിലെങ്കിലും നിങ്ങള്‍ വായനക്കാരനാവുന്നില്ലെങ്കില്‍ ഓര്‍ക്കുക ചിലപ്പോള്‍ ഏതോ അജ്ഞാതരുടെ പൂരിഷം നിങ്ങള്‍ തൊട്ടുതേയ്ക്കുകയാണ് ചെയ്യുന്നത്.

കഴിഞ്ഞ ദിവസം തീവണ്ടിയില്‍ പുസ്തകം വില്‍ക്കുന്ന ഒരു ചെറുപ്പക്കാരനെക്കണ്ടു. ഏതുതരം പുസ്തകങ്ങളാണ് പോകുക എന്ന് വെറുതെ ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു:
ചേട്ടാ 50 രൂപയില്‍ താഴെ വിലയുള്ള പുസ്തകങ്ങള്‍ വരുന്നേയില്ല. വില്‍പ്പനക്കാരന്റേയും ബില്ലടിക്കുന്നവന്റേയും മേന്‍പവര്‍ മുതലാക്കാന്‍ വലിയ പുസ്തകങ്ങള്‍ ഇറക്കുന്നതാ നല്ലതെന്ന് ഏതൊക്കെയോ പുസ്തകമുതലാളിമാര്‍ തീരുമാനിച്ചിരിക്കുന്നു.

ചിരപ്രതിഷ്ടരായ മലയാളകഥാകൃത്തുക്കളെയെങ്കിലും വായിക്കാന്‍ അവരുടെ അവരുടെ ചെറിയ പുസ്തകങ്ങള്‍ പോലും ഇന്നു കുറയുന്നു. വായനയും എഴുത്തും മരിക്കുകയാണോ അതോ നമ്മള്‍ അതിനെ കൊല്ലുകയാണോ. ഏതായാലും എന്റെ രണ്ടാമത്തെ കഥാസമാഹാരം ഞാന്‍ ന്യൂസ് പ്രന്റില്‍ അച്ചടിക്കും കാരണം കൂട്ടുകാരെ. നിങ്ങള്‍ വായനക്കാരില്ലെങ്കില്‍ എന്റെഎഴുത്തുകൊണ്ടെന്തു കഥ! അതിനാല്‍ ആ ഒരു കാര്യത്തിനായി ഞാന്‍ സമയം ഉള്ളയാളാവാന്‍ പോകുന്നു. സമയമില്ലെങ്കില്‍ പിന്നെ എന്താണുള്ളത്? പലതരം പാരവശ്യങ്ങളില്‍പ്പെട്ട് ഉള്ളിലെ നിശബ്ദത പോലും ശിഥിലമായവരുടെ ഭ്രമാത്മകമായ മനസോ?