മനുഷ്യരോട് ഇത്ര പ്രതിപത്തിയുള്ള ദൈവം പിന്നെന്തിന് ഇങ്ങനെ ഒരു വൈറസ് പടച്ചു വിട്ടു?

67

Nofial Ceyora

ഇപ്പോൾ കോവിഡ് 19 ആയി രൂപാന്തരം പ്രാപിച്ച കൊറോണ സൃഷ്ടിച്ചതാരാണ്? ഒരു വിശ്വാസിക്ക് സംശയമേതുമില്ല, ദൈവം..!! ശാസ്ത്രീയമായ എല്ലാ ജാഗ്രതയും പുലർത്തി ഒരു കോവിഡ് രോഗിയെ ചികിൽസിച്ചു ഭേദമാക്കിയാൽ? അവിടെയും ക്രെഡിറ്റ് ദൈവത്തിന് തന്നെ. “ദൈവം തന്നു, ദൈവം തന്നെ തിരിച്ചെടുക്കുകയും ചെയ്തു. ദൈവത്തിന് സ്തുതി…”

ഈ സമസ്യ മനസ്സിലാക്കാൻ പറ്റുന്നില്ല. ഇതേ ദൈവം മനുഷ്യരെയാണ് കാത്തിരിക്കുന്നത്. കോവിഡിന് ഫലപ്രദമായ ഒരു വാക്സിൻ, അല്ലെങ്കിൽ രോഗികളിൽ ഫലിക്കുന്ന പുതിയ തരം ആന്റിവൈറൽ ഡ്രഗ്, ഏതെങ്കിലും ഒന്ന് സാധ്യമായാൽ “ദൈവം രക്ഷിച്ചു…ദൈവത്തിന് സ്തുതി” എന്ന് ഉറക്കെ കേൾക്കാൻ..!!

ഊണും ഉറക്കവുമില്ലാതെ മനുഷ്യസ്നേഹം മാത്രം മുൻ നിർത്തി ഒരു ഫലപ്രദമായ വാക്സിന് വേണ്ടി ശ്രമിച്ചു കൊണ്ടിരിക്കുന്ന ശാസ്ത്രജ്ഞർ ഏറെ പങ്കും ദൈവവിശ്വാസികളാണെന്ന് ലിസ്റ്റ് നിരത്തി വാദിക്കാൻ വിശ്വാസികളുടെ കയ്യിൽ രേഖകളുണ്ട്. അതു കൊണ്ടവർ അഭിമാനത്തോടെ പറയുന്നു “വാക്സിൻ പുറത്തു വന്നാൽ അത് ദൈവത്തിന്റെ വകയാണ്. നിരീശ്വര യുക്തിവാദികളായ കയ്യിലെണ്ണാവുന്നവരേ ഇതിന് പിറകിൽ പ്രവർത്തിക്കുന്നുള്ളൂ, വാക്സിൻ സാധിച്ചെടുത്തത് ദൈവവിശ്വാസികളാണ്.. അഥവാ ദൈവമാണ്”

മനുഷ്യരോട് ഇത്ര പ്രതിപത്തിയുള്ള ദൈവം പിന്നെന്തിന് ഇങ്ങനെ ഒരു വൈറസ് പടച്ചു വിട്ടു? അദ്ദേഹത്തിന് അങ്ങനെ ചെയ്യാതിരിക്കാമായിരുന്നില്ലേ? അതിനും ഉത്തരമുണ്ട്. “പരീക്ഷണം” മനുഷ്യർ ദൈവത്തെ മറന്നു ഭൂമിയിൽ അർമാദിക്കുകയായിരുന്നില്ലേ..? ജീവനില്ലാത്ത ഒരു സൂക്ഷ്മ ജീവിക്ക് തികയാത്ത മനുഷ്യനെ ദൈവം ഒരു പാഠം പഠിപ്പിക്കുകയായിരുന്നു. ഒപ്പം എത്ര പേർ ക്ഷമിച്ചു കൊണ്ട് തന്നോടൊപ്പം നിൽക്കുന്നു എന്ന പരീക്ഷയും കൂടിയാണ് ദൈവം നടത്തുന്നത്.

പലയിനം ദൈവങ്ങൾക്ക് തരാതരം ഗ്രന്ഥങ്ങളുണ്ട്. അവയിലെ സൂത്രവാക്യങ്ങൾക്ക് നല്ല സമാനതയുമുണ്ട്. “ഞാൻ ദൈവമാകുന്നു, എന്നിൽ വിശ്വസിക്കുക, സ്വർഗ്ഗരാജ്യം നിങ്ങളുടേതാണ്” എന്നൊരു ദൈവിക വാക്യം. “ഞാൻ, ഞാൻ മാത്രമാണ് ദൈവം, വിശ്വസിക്കുക, ആരാധനകൾ അർപ്പിക്കുക, നിങ്ങൾക്ക് സ്വർഗ്ഗവും സ്വർഗീയ തരുണികളെയും ലഭിക്കും” എന്ന് സ്ഥലത്തെ പ്രമുഖ ദൈവം, ആരാധനകളും ആചാരങ്ങളും സംരക്ഷിച്ചു കൊണ്ട് എന്നെ രക്ഷിക്കുക, അതാണ്‌ മോക്ഷത്തിന്റെ മാർഗമെന്ന് വേറെയും ദൈവം” എല്ലാവരുടെയും ഒരേ സമവാക്യം തന്നെ.

ഇവയിലെ ഏതെങ്കിലും സൂത്രവാക്യം ഇപ്പോൾ നാം നേരിടുന്ന, നമ്മെ കുഴക്കുന്ന വൈറസിന് ഏതെങ്കിലും തരത്തിൽ പരിഹാരമാണോ? ലോകം അഭിമുഖീകരിച്ചതിൽ വെച്ച് ഏറ്റവും സാംക്രമണ ശേഷിയുള്ള കോവിഡ് വൈറസിനെ തുരത്താൻ ദൈവത്തിന്റെ ഏതെങ്കിലും സമവാക്യം സഹായകമാണോ? പിന്നെങ്ങനെയാണ് കോവിഡിന് മരുന്നെത്തുമ്പോൾ അതിന്റെ ക്രെഡിറ്റ് ദൈവത്തിന് ചാർത്താനാവുക?

സത്യത്തിൽ വൈറസിന്റെ സംക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ലോകം അംഗീകരിച്ച സാമൂഹ്യ അകലം പാലിക്കുന്നതിൽ ഒരു തരം ദൈവനിന്ദയാനുള്ളത്. ദൈവങ്ങൾ പൊങ്ങച്ചക്കാരാണെന്നും മനുഷ്യരെ കൂട്ടം കൂടി നിന്ന് തങ്ങളെ ആരാധിക്കുന്നതിലും സ്തുതിക്കുന്നതിലുമാണ് അവർ എപ്പോഴും പ്രോത്സാഹിപ്പിച്ചതെന്നും ആർക്കാണറിയാത്തത്? പക്ഷെ, സ്വന്തം ജീവൻ ഭയന്ന് സാമൂഹ്യ അകലം പാലിക്കുന്ന വിശ്വാസി തന്റെ സ്വകാര്യതയിൽ ദൈവത്തോട് ക്ഷമാപണം നടത്തുന്നു. “എനിക്ക് നിന്നെ പതിവ് പോലെ ആരാധിക്കാൻ കഴിയുന്നില്ല, അതിനുള്ള അവസരം നീ കനിഞ്ഞരുളണേ” എന്നാണ് പ്രാർത്ഥന. ആരോട്? പ്രാർത്ഥിക്കുന്നവന്റെ തന്നെ യുക്തിയിൽ അവന് ഈ അവസരം നിഷേധിച്ച ആളോട്..!?

പരിണാമശ്രേണിയിലെ ഏറ്റവും ദുർബ്ബലരായ, ഒട്ടും പെർഫെക്ട് അല്ലാത്ത മനുഷ്യർ മുമ്പും ഇപ്പോഴും തങ്ങളുടെ അപൂർണ്ണത കാരണം ഒരു പാട് വേണ്ടാതീനം കാണിച്ചു കൂട്ടിയിട്ടുണ്ട്. പക്ഷെ, എല്ലാം കൊണ്ടും സമ്പൂർണ്ണനായ ദൈവം എത്ര ഭീകരമായ മനുഷ്യഹത്യയാണ് നടത്തിയതും ഇപ്പോഴും തുടരുന്നതും? ദൈവം വാളും ബോംബുകളും നൽകിയെന്നോ വിശ്വാസികളെക്കൊണ്ട് ഒരു പാട് പേരെ കൊല്ലിച്ചു എന്നോ അല്ല ഉദ്ദേശിച്ചത്.(അത് മറ്റൊരു വിഷയം) പ്ളേഗ്, ഇൻഫ്ലുവന്സ, വസൂരി തുടങ്ങിയ മഹാമാരികൾക്ക് കാരണം ദൈവം സൃഷ്ടിച്ചു സംഹാരത്തിനയച്ച രോഗാണുക്കളാണല്ലോ. പെനിസിലിൻ കണ്ടു പിടിക്കാത്ത കാലത്ത് ബാക്ടീരിയകളെ വിട്ട് പ്ളേഗും സിഫിലിസും പടർത്തി ദൈവം കൊന്നൊടുക്കിയ മനുഷ്യരുടെ കണക്ക് മില്യണുകളിൽ ഒതുങ്ങുന്നവയല്ല. ഇന്നും വാക്സിനേഷൻ കണ്ടെത്താത്ത നിപ പോലുള്ള വൈറസുകൾ തന്റെ തന്നെ സൃഷ്ടികളായ കടവാതിലുകളിൽ ഡോർമെൻറ് ആയി സൂക്ഷിച്ചു വെച്ച് ദൈവം ന്യൂക്ലിയർ ബോംബുകളെക്കാളും ഗുരുതരമായ ഭീഷണി ഉയർത്തി വിടുന്നു. എച് ഐ വി വൈറസ് കൊണ്ട് എത്ര മാത്രം പേരെ കൊല്ലാക്കൊല ചെയ്യുകയാണ് അദ്ദേഹം?

ഇതൊന്നും പോരാഞ്ഞു പ്രകൃതിയെ സംഹാരതാണ്ഡവമാടാൻ വിട്ട് ദൈവം കൊന്നൊടുക്കിയ മനുഷ്യരുടെ എണ്ണവും മില്യണുകളിൽ ഒതുങ്ങുന്നില്ല. പ്രളയം, ഭൂകമ്പം, ചുഴലിക്കാറ്റുകൾ ഇവയിലെല്ലാം കൂടി എത്ര മാത്രം മനുഷ്യരും മറ്റു ജീവികളും മരിച്ചു മണ്ണടിയുന്നു. ഈ സംഖ്യകളെല്ലാം കണക്ക് കൂട്ടിയാൽ ദൈവത്തിന് സൃഷ്ടാവ് എന്ന പേര് അങ്ങനെ ചേരില്ല. സൃഷ്ടിച്ചതിൽ കൂടുതൽ അദ്ദേഹം സംഹരിച്ചു കൊണ്ടിരിക്കുന്നു. ജീവിതം ദുരന്തമാക്കി കൊല്ലാക്കൊല നടത്തുന്നു.

പറയപ്പെടുന്ന ദൈവം നേരിട്ട് പങ്കെടുക്കുന്ന സംഹാരത്തിൽ വിശ്വാസികളും അവിശ്വാസികളും നിസ്സഹായരാണ്. പക്ഷെ, വിശ്വാസികൾക്ക് ഈ കാര്യപരിപാടിയിൽ പങ്ക് ചേരാതിരിക്കാം. മതം പറഞ്ഞു തമ്മിൽ തല്ല് കൂടി ദൈവത്തിന്റെ തല തിരിഞ്ഞ പദ്ധതികളിൽ പങ്ക് ചേരരുത്. മതത്തെ യുക്തിവാദികൾ വിമർശിക്കുന്നത് ഇതിന്റെ പേരിലാണ്. അതിന് യുക്തിവാദിക്ക് മതങ്ങൾ സൃഷ്ടിച്ച ഒരു ദൈവത്തിന്റെയും കനിവ് വേണ്ട. കാരണം, ഇതു വരെയുള്ള പെർഫോമൻസിൽ നിന്ന് ഞങ്ങൾ ദൈവത്തിന്റെ കഥയില്ലായ്മ അറിഞ്ഞു കഴിഞ്ഞതാണ്. പക്ഷെ, ദൈവത്തെ നിങ്ങൾ ഇനിയും മനസ്സിലാക്കാത്തതാണ് കഷ്ടം…!!🔘