അമ്പലക്കമ്മിറ്റിക്കാരേ, ഉച്ചഭാഷിണികൾ അഴിച്ചു വെയ്ക്കൂ, പ്ലീസ്!

293

Ravindranath Tk

അമ്പലക്കമ്മിറ്റിക്കാരേ, ഉച്ചഭാഷിണികൾ അഴിച്ചു വെയ്ക്കൂ, പ്ലീസ്!

ധാരാളം അമ്പലങ്ങളും പള്ളികളും മറ്റ് ആരാധനാലയങ്ങളും നിറഞ്ഞു നിൽക്കുന്ന
നാടാണ് നമ്മുടേത്. വിഗ്രഹാരാധകർ ഉള്ളിടത്തോളം കാലം ഇതൊക്കെ നിലനിൽക്കുകയും ചെയ്യും. ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും ആചാരാനുഷ്ഠാനങ്ങൾ നിർവ്വഹിക്കാനും ഏതൊരു പൌരനും അവകാശമുണ്ടെന്ന് ഭരണഘടനയുടെ 25 ആം വകുപ്പ് ഉറപ്പ് നൽകുന്നു. എന്നാൽ കേവലമായ ഒരു അവകാശമാണോ അത്? അല്ല. ആർട്ടിക്കിൾ
25 (1) പറയുന്നതെന്താണെന്ന് നോക്കൂ.

“Subject to public order morality and health and to the other provisions of this Part; all persons are equally entitled to freedom of conscience and the right to profess practise and propagate religion.”

എല്ലാവർക്കും മതപരമായ അനുഷ്ഠാനങ്ങൾ ചെയ്യാം. പക്ഷെ അത് പൊതുജനങ്ങളുടെ സമാധാനപരമായ ജീവിതത്തെയും, ധാർമ്മികതയേയും, ആരോഗ്യത്തെയും ദോഷകരമായി ബാധിക്കാതെയാവണം.
എന്നാൽ ഇന്ന് മതവിശ്വാസികൾ തങ്ങളുടെ വിശ്വാസം അനുഷ്ഠിച്ചു വരുന്നത് ഇതിനൊക്കെ ഭംഗം വരുത്തിക്കൊണ്ടല്ലേ?

ഒരു ഉദാഹരണം കൊണ്ട് ഞാനിത് വ്യക്തമാക്കാം. താഴെ കൊടുത്തിരിക്കുന്ന
ഫോട്ടോയിൽ ഒരു ക്ഷേത്രത്തിന്റെ ബോഡ് കാണാം. അടുത്ത കാലത്തായി നിലവിൽ വന്ന ഒരു അയ്യപ്പക്ഷേത്രമാണത്. വൃശ്ചികം ഒന്നിന് മണ്ഡലകാലം തുടങ്ങിക്കഴിഞ്ഞാൽ ആ അമ്പലത്തിൽ നിന്ന് എന്നും വെളുപ്പാൻ കാലം മുതൽ മണിക്കൂറുകളോളം ഒരു നാലു വരി പ്രാർത്ഥന മൈക്കിലൂടെ ചൊല്ലുന്നത് കേൾക്കാം.

രക്ഷ രക്ഷ മഹാബാഹോ
ശാസ്തേ തുഭ്യം നമോ നമ:
ഭൂത നാഥ സദാനന്ദ
സർവ്വ ഭൂത ദയാപര

ഇതാണ് പ്രാർത്ഥന. പ്രാർത്ഥന ചൊല്ലുന്നതിന് ആർക്കും വിരോധമില്ല അത് ഓരോരുത്തരുടെയും വിശ്വാസത്തിന്റെ ഭാഗമാണല്ലോ. പക്ഷെ പ്രശ്നം അതല്ല. ഇവിടെ പ്രാർത്ഥന ചൊല്ലുന്നത് ഏതാനും പേർ മൈക്കിലൂടെ വളരെ ഉച്ചത്തിൽ ഹോൺ ടൈപ്പ് സ്പീക്കറിലൂടെ ഒരു കിലോമീറ്റർ അകലെ വരെ കേൾക്കും വിധത്തിലാണ്. ഇത് പരിസരവാസികൾക്ക് എത്ര മാത്രം ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്ന്
ഈ ക്ഷേത്രത്തിന്റെ നടത്തിപ്പുകാർ ആലോചിക്കേണ്ടതല്ലേ? ഒരു നാലു വരി പ്രാർത്ഥന ആയിരം തവണയെങ്കിലും ചൊല്ലുന്നുണ്ടാവും. സഹസ്രനാമാർച്ചന എന്നൊക്കെ പറയുമ്പോലെ. എത്ര മധുര മനോജ്ഞ ശബ്ദത്തിലാണെങ്കിലും സാധാരണ ഗതിയിൽ ഇത് ദുസ്സഹമായിരിക്കും. കടുത്ത വിശ്വാസികളാണെങ്കിൽ പോലും മനസ്സറിഞ്ഞ് ഇതിനെ സ്വീകരിക്കുമെന്ന് തോന്നുന്നില്ല. ഈ അമ്പലത്തിന്റെ സമീപത്ത് ധാരാളം മുസ്ലിം മത വിശ്വാസികൾ താമസിക്കുന്നുണ്ട്. അവർക്കിത് എത്രമാത്രം അസഹനീയമായിരിക്കും എന്ന് ആലോചിക്കാവുന്നതേയുള്ളു. വല്ലതും എതിരായി സൂചിപ്പിച്ചാൽ അനിഷ്ട സംഭവങ്ങളുണ്ടാവുമെന്ന ഭയത്താൽ അവർ സഹിക്കുകയായിരിക്കും. മാത്രവുമല്ല, അവരുടെ ഭാഗത്ത് നിന്നുമുണ്ടാവാറുണ്ടല്ലോ ഇത്തരം ശബ്ദമലിനീകരണങ്ങൾ; ഏതാനും സമയത്തേയ്ക്കാണെങ്കിൽ പോലും. സാധാരണ മതവിശ്വാസികൾ ഇക്കാര്യത്തിൽ നിരപരാധികളാണ്. ചടങ്ങുകളും പരിപാടികളും തീരുമാനിക്കുന്നതിൽ അവർക്കൊരു പങ്കുമില്ലല്ലോ. എന്നാൽ ദുരിതം അനുഭവിക്കേണ്ടി വരുന്നത് അവരാണ് താനും.

ഞാൻ ഇക്കാര്യം അമ്പലത്തിന്റെ പരിസരത്തുള്ള ചില സുഹൃത്തുക്കളുമായി സംസാരിച്ചു. നിങ്ങളിതെങ്ങിനെ സഹിക്കുന്നു എന്ന് ഞാൻ ചോദിച്ചപ്പോൾ അവർ പറഞ്ഞത് “എന്തു ചെയ്യാൻ? മതം അത്ര ശക്തമല്ലേ? സഹിക്കുക തന്നെ” എന്നാണ്.

എന്നാൽ അവർ കൈമലർത്തിയതു പോലെയല്ല കാര്യങ്ങൾ. നിയമപ്രകാരം അമ്പല ഭരണാധികാരികൾ ചെയ്യുന്നത് തെറ്റാണ്. ഇന്ത്യൻ ഭരണഘടനയിലെ 25 ആം വകുപ്പ് പറയുന്നതെന്താണെന്ന് നമ്മൾ മുകളിൽ വായിച്ചല്ലോ. പൊതു സമാധാനത്തേയും പൊതുജന ആരോഗ്യത്തേയും ബാധിക്കാതെ വേണം മതവിശ്വാസം വെച്ചു പുലർത്തേണ്ടത്. ഇവിടെ ഉച്ചഭാഷിണിയുടെ അമിത ശബ്ദപ്രയോഗം ഇവ രണ്ടിനേയും ബാധിക്കും. ഈ ഭജന നിർത്തലാക്കാൻ ഈ വകുപ്പ് തന്നെ മതി.

ഇതു കൂടാതെ ഹൈക്കോടതിയുടേയും സുപ്രീം കോടതിയുടെയും ഉച്ചഭാഷിണി ഉപയോഗത്തെ നിയന്ത്രിച്ചു കൊണ്ടുള്ള വിധിയും നിലവിലുണ്ട്. 1988 ലെ കേരള ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ
1993 ജനുവരി 7 ന് ആഭ്യന്തര വകുപ്പ് ഉച്ചഭാഷിണിയുടെ ഉപയോഗം സംബന്ധിച്ച് ഒരു സർക്കുലർ ഇറക്കിയിട്ടുണ്ട്. ഈ ഉത്തരവ് പ്രകാരം ക്ഷേത്രങ്ങൾ, ചർച്ചുകൾ, മോസ്ക്കുകൾ എന്നിവയിൽ കോളാമ്പി ടൈപ്പ് സ്പീക്കറുകൾ ഉപയോഗിക്കാൻ പാടില്ല. രണ്ടിൽ കൂടാത്ത സ്പീക്കറുകളുള്ള ബോക്സ് മാത്രമേ ഉപയോഗിക്കാൻ പാടുള്ളു. ഇതിൽ നിന്ന് വരുന്ന ശബ്ദം ആ കെട്ടിടത്തിന്റെ അതിരുകൾക്കുള്ളിൽ ഒതുങ്ങുന്ന വിധത്തിൽ ക്രമീകരിക്കണം. 2002 നവമ്പർ 11 ന് അന്നത്തെ ഡി.ജി.പി. കെ.ജെ.ജോസഫ് ഇറക്കിയ ഉത്തരവിലും ഇതേ കാര്യം ആവർത്തിക്കുന്നുണ്ട്. രാത്രി 10 മണി മുതൽ രാവിലെ 6 മണി വരെ ഓഡിറ്റോറിയങ്ങൾക്കകത്തല്ലാതെ ഉച്ചഭാഷിണി ഉപയോഗിക്കരുതെന്ന് 2000 ത്തിലെ Noise Pollution (Regulation and Control) Rules ൽ പറയുന്ന കാര്യവും ഈ നോട്ടിഫിക്കേഷനിൽ സൂചിപ്പിക്കുന്നുണ്ട്.

ഉച്ചഭാഷിണി ശല്യത്തിനെതിരെ കേരള യുക്തിവാദി സംഘം ഒട്ടേറെ നീക്കങ്ങൾ നടത്തിയിട്ടുണ്ട്. 2014 ഏപ്രിൽ മാസത്തിൽ കെ.വൈ.എസ്.സംസ്ഥാന സമിതി തീരുമാനപ്രകാരം അന്നത്തെ കോഴിക്കോട് ജില്ലാ സിക്രട്ടറി എന്ന നിലയിൽ ഈയുള്ളവനും സഹപ്രവർത്തകരും കോഴിക്കോട് ജില്ലാ കലക്ടർക്കും, ജില്ലാ പോലീസ് മേധാവിക്കും ഉച്ചഭാഷിണി ശല്യം നിരോധിക്കുന്ന നിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നിവേദനം നൽകിയിരുന്നു. തദവസരത്തിൽ എല്ലാ ജില്ലകളിലും ഈ പ്രവർത്തനം നടക്കുകയുണ്ടായി. എന്നാൽ നിയമം നടപ്പാക്കുന്ന കാര്യത്തിൽ സർക്കരോ അധികൃതരോ ഒരു താൽപ്പര്യവും ഇതുവരെ കാണിച്ചിട്ടില്ല. കാണിക്കുമെന്നും തോന്നുന്നില്ല. കാരണം മതം അത്ര അധികാരശക്തിയുള്ള സാമൂഹിക പ്രതിഭാസമാണ്. മതം വിചാരിച്ചാൽ എന്തും നടക്കും. സർക്കാറിനെ മുട്ടുകുത്തിക്കാൻ അവർക്ക് കഴിയും. ബിജെപി. സർവ്വ ശക്തിയോടും കൂടി ഭരിക്കുന്ന ഇക്കാലത്ത് പ്രത്യേകിച്ചും. മതത്തിന്റെ ഫാസിസമാണിവിടെ നടക്കുന്നത്. ഇങ്ങനെ എഴുതാൻ പോലും പേടിയാണ്. വിമർശനത്തെ തരിമ്പും സഹിക്കാൻ കഴിയാത്ത വിശ്വാസീ സമൂഹം ഇതെഴുതുന്നവനെ കൈകാര്യം ചെയ്താൽ അതിലത്ഭുതമില്ല. അത്രമാത്രം വികാരത്തിന്റെ അടിമകളാണ് വിശ്വാസികൾ.
സുപ്രിം കോടതി പോലും വിശ്വാസത്തിന് പ്രാധാന്യം കൊടുക്കുമ്പോൾ ഭരണഘടനയെ ഉദ്ധരിച്ച് നിയമം പറയുന്ന നമ്മൾക്ക് എന്ത് വിലയാണുള്ളത്?

ഉച്ചഭാഷിണി ശല്യത്തിനെതിരെ ഏതൊരാൾക്കും നിയമപരമായി നീങ്ങാവുന്നതാണ്. ശല്യമുള്ള പ്രദേശത്തെ പൊലീസ് എസ്.ഐ.ക്ക് ഒരു പരാതി നൽകണം. നിയമം നടപ്പാക്കാൻ അയാൾ ബാധ്യസ്ഥനാണ്. അയാൾ നടപടിയെടുക്കുന്നില്ലെങ്കിൽ അതിനു മുകളിലുള്ള പോലീസുദ്യോഗസ്ഥനെ സമീപിക്കണം. ഇങ്ങനെ ഡി.ജി.പി.തലം വരെ പരാതിയുമായി പോകാവുന്നതാണ്. മുഖ്യമന്ത്രിയുടെ ശ്രദ്ധയിലും കൊണ്ടു വരാം.
നിയമം നടപ്പാക്കാൻ ബാധ്യസ്ഥനായ ഉദ്യോഗസ്ഥൻ അനങ്ങാതിരിക്കു കയാണെങ്കിൽ അയാൾക്കെതിരെ കോടതിയെ സമീപിക്കാവുന്നതുമാണ്. പക്ഷെ ഇതിലുള്ള പ്രശ്നമെന്താണെന്ന് വെച്ചാൽ ഇതിനൊന്നും ആരും മിനക്കെടുകയില്ല എന്നതാണ്. ഒരു കാരണം വിശ്വാസീ സമൂഹത്തിൽ നിന്ന് ജീവന് തന്നെ ഭീഷണിയുണ്ടാവുമെന്നതാണ് . മറ്റൊന്ന് ഇതിനു വേണ്ടി ചിലവഴിക്കേണ്ടി വരുന്ന സമയം, പണം, മാനസിക സമ്മർദ്ദം എന്നിവയാണ്. കെ.വൈ.എസ് നേതാവായ പി.പി. സുമനൻ ഈ വിഷയത്തിൽ കൈക്കൊണ്ട നടപടികൾ ശ്ലാഘനീയമാണ് എന്ന് എടുത്തു പറയട്ടെ. കോടതിയുത്തരവിന് കാരണമായത് അദ്ദേഹത്തിന്റെ നിതാന്ത പരിശ്രമമാണത്രെ! എന്നാൽ കെ.വൈ.എസ്.പോലുള്ള സംഘടനകൾക്കാണ് ഈ നിയമം നടപ്പാക്കുന്നതിനു വേണ്ടി മുൻകയ്യെടുക്കുവാൻ കഴിയുക.

ഈ ഉച്ചഭാഷിണി ശല്യം വലിയൊരു സാമൂഹിക വിപത്താണെന്ന തിരിച്ചറിവാണ് ആദ്യം വേണ്ടത്. പല ക്ഷേത്രങ്ങളും ഈ യാഥാർത്ഥ്യം ഉൾക്കൊണ്ട് ഉച്ചഭാഷിണി ഉപയോഗം നിർത്തിയിട്ടുണ്ട്‌. സാമൂഹിക-ഉദ്യോഗസ്ഥ ഇടപെടലാണ് അതിന് കാരണം. ഇതൊരു ആത്മാഭിമാനപ്രശ്നമായി ക്ഷേത്ര ഭാരവാഹികൾ വിചാരിക്കരുത്. ഉച്ചഭാഷിണി കണ്ടു പിടിക്കാത്ത കാലത്തും വിശ്വാസികൾ പ്രാർത്ഥിച്ചിരുന്നല്ലോ. അന്ന് കിട്ടിയിരുന്ന ദൈവാനുഗ്രഹം വളരെ കുറവായിരുന്നു എന്ന് ഒരു വിശ്വാസിയും പറയുമെന്ന് തോന്നുന്നില്ല. അതു കൊണ്ട് വിശ്വാസീ സമൂഹം മനുഷ്യനന്മയെ കരുതി തങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഒരു സഹായം – ഉച്ചഭാഷിണി ശല്യം ഒഴിവാക്കുക എന്നത് -ചെയ്യുവാൻ സന്മനസ്സുകാണിക്കുകയാണ് വേണ്ടത്. നിങ്ങൾ ചെയ്യുന്നത് ഒരു നിയമ ലംഘനമാണെന്ന് നിങ്ങൾ മനസ്സിലാക്കണം. സൗമ്യമായ സാമൂഹിക ഇടപെടൽ കൊണ്ട് നമുക്ക് ഈ ദുഷിപ്പിനെ ദൂരീകരിക്കാൻ കഴിയണം. നിയമത്തിന്റെ വഴിക്ക് പോയി അലോസരങ്ങളുണ്ടാകാനുള്ള ഇടയുണ്ടാവരുത്. എല്ലാവരും ഒരുമയോടെ ജീവിക്കുന്ന ഒരു സമൂഹമല്ലേ നമുക്ക് വേണ്ടത്?